വമ്പൻ ബ്രാന്റുകൾ വീഴുമ്പോൾ അതുമായി ബന്ധപ്പെട്ട ഒരുപാട് പേർക്കും തിരിച്ചടികൾ ഉണ്ടാകും. അവർ വെപ്രാളപ്പെടുകയും ചെയ്യും, സ്വാഭാവികമായും അവർ അരയും തലയും മുറുക്കി ബ്രാന്റിനെ സംരക്ഷിക്കുവാൻ രംഗത്തിറങ്ങും. അതൊരു ആഗോള പ്രതിഭാസമാണ്. കേരളത്തെ സംബന്ധിച്ച് ഇന്ന് കണ്ടു കൊണ്ടിരിക്കുന്നതും അത്തരം ഒന്നാണ്. രാജ്യതലസ്ഥാനത്ത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട ശേഷം കൊല്ലപ്പെട്ടപ്പോൾ നിർഭയക്ക് നീതി ലഭിക്കുവാൻ വേണ്ടി രാജ്യമെങ്ങും ആവശ്യം ഉണർന്നു. സൗമ്യയെന്ന പെൺകുട്ടി കേരളത്തിലെ ഓടുന്ന ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞു ബലാത്സംഗത്തിനിരയാക്കി അതി ദാരുണമായി കോലപ്പെടുത്തിയ ഗോവിന്ദച്ചാമിയെന്ന ക്രിമിനലിനെ തൂക്കിക്കൊല്ലുവാനും ആവേശം കൊണ്ടവരാണ് മലയാളികൾ.
ഓരോ പീഡന വാർത്തകൾ വരുമ്പോളും പ്രതികൾക്ക് കനത്ത ശിക്ഷ തന്നെ വേണമെന്ന് വീറോടെ വാദിച്ചവരാണ് നമ്മൾ മലയാളികൾ. പ്രതിഷേധങ്ങൾ വർദ്ധിച്ചിട്ടും പ്രതികൾ പിടിക്കപ്പെട്ടിട്ടും പീഡനങ്ങൾ കുറഞ്ഞില്ല, ഇതിന്റെ തുടർച്ച പ്രശസ്ത നടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമത്തിനു വിധേയമാക്കുകയും അത് ചിത്രീകരിക്കുകയും ചെയ്തപ്പോളും അതി ശക്തമായി തന്നെ പ്രതിഷേധവും ഉയർന്നു. എന്നാൽ പ്രതിസ്ഥാനത്തേക്ക് നടൻ ദിലീപിന്റെ പേരു വന്നതോടെ, അദ്ദേഹത്തെ അറസ്റ്റ് ചെയ്തതൊടെ മലയാളിയുടെ ഇടയിൽ കാണാറുള്ള സ്വതസിദ്ധമായ ഇരട്ടതാപ്പും തലപൊക്കി എന്നു വേണം കരുതാൻ. പ്രതി തങ്ങൾക്ക് താല്പര്യം ഉള്ളവനാകുമ്പോൾ ഇരയോടൊപ്പം നിന്നുകൊണ്ടു തന്നെ പ്രതിയെ ന്യായീകരിക്കുന്ന തന്ത്രം മറനീക്കി പുറത്ത് വന്നു.
ദിലീപിനെ ചോദ്യം ചെയ്തപ്പോഴേക്കും സിദ്ദിഖ് എന്ന നടൻ പോലീസ് ക്ലബ്ബിനു മുന്നിലെത്തിയതും തുടർന്ന് പ്രസ്ഥാവനകളും ശ്രാദ്ധേയമാണ്. പൾസർ സുനി എന്ന ക്രിമിനൽ അറസ്റ്റിലായി ഇനി അയാളെ വിചാരണ ചെയ്തു ശിക്ഷിച്ചാൽ മാത്രം മതി എന്തിനാണ് ദിലീപിനെ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളുടെ പൊരുൾ. സിദ്ദിഖിന്റെ വാക്കുകളെ ഒളിഞ്ഞും തെളിഞ്ഞും പലരും ആവർത്തിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. ഒരു പരിചയവും ഇല്ലത്ത \”ഐഡികളിൽ\” നിന്നും ദിലീപ് എന്ന വ്യക്തിയെ ചുറ്റിപറ്റിയുള്ള അപദാനങ്ങൾ ഓൺലൈനിൽ നിറയുന്നു. ഓൺലൈനിൽ സജീവമായി നില്ക്കുന്നവർ പോലും പെട്ടെന്ന് കടന്നുവന്ന കമന്റുകാരെ കണ്ട് ആരാണിവരൊക്കെ എന്ന് അല്ഭുതം കൂറുന്നു. എന്നാൽ അവയൊക്കെയും പി. ആർ. വർക്കുകളുടെ ഭാഗമാണെന്ന് തിരുത്താനും മാധ്യമങ്ങൾക്കായി.
സൂപ്പർ സ്റ്റാർ എന്നതിനപ്പുറം ദിലീപ് എന്നത് കേരളത്തിലെ വലിയ ഒരു ബ്രാന്റ് നെയിം കൂടെയാണ്. മലയാളത്തിലെ മെഗാസ്റ്റാറുകൾക്ക് പോലും ദിലീപിന്റെ അത്രയും വിപുലമായ ബ്രാന്റ് വാല്യു ഉണ്ടോ എന്നത് സംശയമാണ്. നടൻ, നിർമ്മാതാവ്, വിതരണക്കാരൻ, തീയേറ്റർ ഉടമ, ഹോട്ടൽ-റിയൽ എസ്റ്റേറ്റ് ബിസിനസ്സ് തുടങ്ങി വിവിധ മേഖലകളിൽ ആ ബ്രാന്റ് വളർന്നു പന്തലിച്ചു നില്ക്കുന്നു.
ദിലീപിന്റെ ഭൂരിപക്ഷം സിനിമകളും ശ്രദ്ധിച്ചാൽ കാണാനാകുന്ന ഒരു പൊതു ശൈലിയുണ്ട്. തന്ത്രങ്ങളും സൂത്രങ്ങളാണ് ദിലീപിന്റെ നായക കഥാപാത്രങ്ങളുടെ മുഖമുദ്ര. സിനിമയിലെ വളർച്ചക്ക് പിന്നിലെന്നപോലെ ദിലീപിനെ വാണിജ്യവിജയങ്ങളിലും ഇത്തരം സൂത്രങ്ങൾ വലിയ ഘടകമാണെന്ന് കാണാം. പുട്ട് എന്ന മലയാളികൾക്ക് ഏറെ പരിചിതമായ ഒരു പലഹാരത്തെ ബ്രാന്റ് ചെയ്ത് വൻ വിജയമാക്കിയത് മാത്രം മതി അദ്ദേഹത്തിന്റെ കൗശലം. മറ്റൊരു സൂപ്പർ താരം അച്ചാറു വില്പനക്കിറങ്ങി കൈപൊള്ളി പിന്തിരിഞ്ഞതും നാം ചേർത്തു വായിക്കണം.
ദിലീപിനെ ചുറ്റിപറ്റി വിവിധ രംഗങ്ങളിലായി കോടികളുടെ ബിസിനസ്സാണ് നടക്കുന്നത്. എന്നാൽ ദിലീപെന്ന ബ്രാന്റ് തകർന്നാൽ തങ്ങളുടെ അടിത്തറ ഇളകും എന്ന് അവർക്ക് നന്നായറിയാം. അതിനാൽ തന്നെ അവർ പല തന്ത്രങ്ങളും പയറ്റിക്കൊണ്ടിരിക്കും. ദിലീപില്ലെങ്കിലും മലയാള സിനിമ മറ്റു നടന്മാരെ വച്ച് അഡ്ജസ്റ്റു ചെയ്തുകൊള്ളും. മമ്മൂട്ടിയും മോഹൻ ലാലും ഉൾപ്പെടുന്ന മഹാരഥന്മാർ മുതൽ നിവിൻ പോളിയും, പ്രിഥ്വിരാജും, ഫഹദും, ദുല്ഖറും, ആസ്ഫിലിയും എല്ലാം ചേർന്ന യുവ നിരയും ഒപ്പം പുതുതായി കടന്നു വരാനിരിക്കുന്നവരുമായവരുടെ കൈകളിൽ മലയാള സിനിമ ഭദ്രമാണ്. സാമ്പത്തികമോ വ്യക്തിപരമോ ആയ താല്പര്യങ്ങൾ മുൻ നിർത്തിയുള്ള അവരുടെ വെപ്രാളങ്ങളെയും അനുകൂല – പ്രതികൂല പ്രചാരണങ്ങളേയും ചെവിക്കൊള്ളേണ്ട ബാധ്യത മലയാളിക്കില്ല.
YOU MAY ALSO LIKE: