19
November, 2017
Sunday
08:17 PM
banner
banner
banner

എങ്കിലും ദിലീപ്‌ നിങ്ങൾ ഇത്‌ ചെയ്തല്ലോ? വെട്ടിലായത് ‘അമ്മയും’ സിനിമാക്കാരായ ജനപ്രതിനിധികളും

സഹപ്രവർത്തകയും സുഹൃത്തുമായിരുന്ന പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കുവാൻ ഗൂഡാലോചന നടത്തിയ കേസിൽ നടൻ ദിലീപും സംവിധായകനും ബിസിനസ്സ് പാർട്ണറുമായ നാദിർഷയും പിടിയിലായതൊടെ സ്ത്രീകൾ അടക്കം ഉള്ള ആരാധക സമൂഹം ഞെട്ടലിലാണ്‌. “എങ്കിലും എന്റെ ഗോപാലകൃഷ്ണനാ നീ ഇത് ചെയ്തല്ലൊ?” എന്ന ദിലീപിന്റെ തന്നെ ഒരു ചിത്രമായ മിസ്റ്റർ ബട്ളറിലെ ഒരു ഡയലോഗാണ്‌ ഇപ്പോൾ ഉയരുന്നത്.

ഒരു മിമിക്രി ആർട്ടിസ്റ്റിൽ നിന്നും സൂപ്പർ താരത്തിലേക്ക്‌ ഉയർന്നു വരികയും മലയാളത്തിലെ പ്രിയപ്പെട്ട നടി മഞ്ജുവാര്യരെ ജീവിത സഖി ആക്കുകയും ഒടുവിൽ മഞ്ജു-ദിലീപ് ദാമ്പത്യം തകരുകയും കാവ്യയാണ്‌ അതിനു കാരണക്കാരി എന്നും വാർത്തകൾ വരികയും ചെയ്തു. ഇരുവരും ബന്ധം വേർപെടുത്തിയതോടെ കാവ്യയോടും ദിലീപിനോടും മലയാളിക്കുണ്ടായിരുന്ന പ്രിയം കുറഞ്ഞു. ഇരുവരും വിവാഹിതരാകുകയും ചെയ്തതോടെ മഞ്ജുവിനു പിന്തുണ കൂടുകയും ചെയ്തു. ദിലീപിന്റെ രണ്ടു ചിത്രങ്ങൾ ബോക്സോഫീസിൽ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ഏറ്റവും ഒടുവിൽ ദിലീപ് നായകനായ രാമലീല എന്ന ചിത്രത്തിന്റെ റിലീസിംഗ് അനിശ്ചിതമായി നീണ്ടു പോകുകയാണ്‌. പൊതുസമൂഹത്തിന്റെ പ്രതിഷേധം ചിത്രത്തിനെതിരെ ഉയരും എന്ന ഭീതിയാണ്‌ ഇതിനു കാരണം എന്ന് കരുതപ്പെടുന്നു. മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പർ ഹിറ്റ് ചിത്രമായ പുലിമുരുകന്റെ നിർമ്മാതാവായ മുളകുപാടം ഫിലിംസാണ്‌ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

തന്റെ പല ചിത്രങ്ങളിലും അതിമനോഹരമായി അവതരിപ്പിച്ച കുബുദ്ധിക്കാരനും തന്ത്രങ്ങളിലൂടെ കാര്യവിജയം നേടുന്നവനുമായ ദിലീപ് ഇപ്പോൾ ജീവിതത്തിൽ നടത്തിയതെന്ന് ആരോപിക്കപ്പെടുന്ന അങ്ങേയറ്റം നീചമായ കുതന്ത്രത്തിൽ കാലിടറി നിയമകുരുക്കിൽ വീണു പോയി എന്നു വേണം സംശയിക്കുവാൻ.

വെട്ടിലായത് “അമ്മയും” സിനിമാക്കാരായ ജനപ്രതിനിധികളും
ഇരയാക്കപ്പെട്ടവളും കുറ്റാരോപിതനും ഒരു പോലെ പരിഗണന അർഹിക്കുന്നു എന്ന നിലപാട് വ്യക്തമാക്കിക്കൊണ്ട് രണ്ടുമക്കളും ഒരുപോലെ എന്ന് പറഞ്ഞ “അമ്മ” ഭാരവാഹികൾ ഇപ്പോൾ അക്ഷരാർഥത്തിൽ വെട്ടിലായിരിക്കുകയാണ്‌. സംഭവത്തിൽ സംശയത്തിന്റെ നിഴലിൽ നിന്നിരുന്ന ദിലീപിനെ സംഘടനയുടെ ചുമതലകളിൽ നിന്നും മാറ്റി നിർത്തുവാൻ അവർ തയ്യാറായിരുന്നില്ല. അദ്ദേഹം ജനറൽ ബോഡിയിൽ സജീമായി തന്നെ പങ്കെറ്റുത്തു. തുടർന്ന് നടന്ന പത്രസമ്മേളനത്തിൽ ദിലീപിനെ പിന്തുണക്കുന്ന നിലപാടാണ്‌ സംഘടനയിലെ പ്രമുഖർ എടുത്തത്. ദിലീപിനെ കുറിച്ചും തന്റെ മുൻ ഡ്രൈവർ കൂടെയായ പൾസർ സുനിയെ കുറിച്ചും മാധ്യമപ്രവർത്തകർക്കിടയിൽ നിന്നും ചോദ്യങ്ങൾ ഉയർന്നപ്പോൾ നടനും സി.പി.എം എം.എൽ.എയുമായ മുകേഷ് അവരോട് തട്ടിക്കയറുകയായിരുന്നു.

ഇതോടെ സംഘടനയിലെ ഒരു വിഭാഗം ദിലീപിനെ സംരക്ഷിക്കുവാനും ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുവാനും ശ്രമിക്കുന്നു എന്ന ആരോപണം ഉയർന്നു. എന്നാൽ പോലീസിന്റെ ഭാഗത്തുനിന്നും കാര്യങ്ങൾ വലിയ വീഴ്ചകൾ ഇല്ലാതെ പോയതുകൊണ്ടാണ്‌ ഇപ്പോഴത്തെ അറസ്റ്റ് ഉൾപ്പെടെ ഉള്ള കാര്യങ്ങലിലേക്ക് എത്തിയത്. പൾസർ സുനിയിലും സംഘത്തിലും മാത്രം ഒതുങ്ങുമായിരുന്ന കേസ് ഇപ്പോൾ ഗൂഢാലോചനയിലേക്ക് എത്തുകയും അറസ്റ്റിൽ കലാശിക്കുകയും ചെയ്തത്. ഇനിയെങ്കിലും “അമ്മ” എന്ന സംഘടന “മകൾ” എന്ന് പറഞ്ഞ ഇരക്കൊപ്പം നില്ക്കുമോ അതോ കുറ്റവാളിയെന്ന് കരുതപ്പെടുന്ന “മകൻ” ദിലീപിനും ഭാര്യയും നടിയുമായ കാവ്യക്കും സംഘത്തിനും ഒപ്പം നില്ക്കുമോ എന്നാണ്‌ പൊതു സമൂഹം ഉന്നയിക്കുന്ന ചോദ്യം.

തുടക്കം മുതലേ താരസംഘടനയിലെ പ്രമുഖർക്കെതിരെ പൊതുസമൂഹം സംശയത്തോടെ വീക്ഷിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെ നിസ്സാരവല്ക്കരിക്കുന്ന വിധത്തിലായിരുന്നു താരസംഘടനയായ “അമ്മ” യുടെ നിലപാടെന്നാണ്‌ എം.എൽ.എയും നടനുമായ ഗണേശ് കുമാർ എഴുതിയതെന്ന് പറയപ്പെടുന്ന കത്തിലെ പരാമർശങ്ങൾ പുറത്ത് വന്നതോടെ അത് കൂടുതൽ ബലപ്പെട്ടു. അതീവ ഗുരുതരമായ ആരോപണങ്ങൾ അദ്ദേഹം കത്തിൽ ഉന്നയിക്കുന്നു. സംഘടനയുടെ പ്രസിഡണ്ട് കൂടിയാണ്‌ ചാലക്കുടിയിൽ നിന്നുള്ള സി.പി.എം എം.പിയുമായ ഇന്നസെന്റ് എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. നടൻ എന്ന നിലയിൽ മാത്രമല്ല ജനപ്രതിനിധി എന്ന നിലയിലും അദ്ദേഹത്ത്നു തന്റെ സഹപ്രവർത്തകയ്ക്കുണ്ടായ ദുരനുഭവത്തിൽ പലതും ചെയ്യാൻ ഉണ്ടായിരുന്നു. എന്നാൽ അത് അദ്ദെഹം നിർവ്വഹിച്ചില്ല എന്നാണ്‌ പുറത്തുവന്ന കത്തിലെ വാചകങ്ങൾ വ്യക്തമാക്കുന്നത്. മാത്രമല്ല നടിക്കെതിരെ ഇരയെന്ന വാക്ക് വച്ചു നടത്തിയ പ്രസ്ഥാവനയ്ക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. നടന്മാരായ അജു വർഗ്ഗീസ്, സലിം കുമാർ തുടങ്ങിയവർ ഫേസ്ബുക്കിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ വനിതാ രാഷ്ട്രീയ നേതാക്കന്മാർ പരാതി നല്കുകയും ചെയ്തിട്ടുണ്ട്. “അമ്മ” എന്ന സംഘടന ഏതാനും പുരുഷ താരങ്ങളുടെ താലപര്യ സംരക്ഷകരായി മാത്രം ചുരുങ്ങി എന്ന് പൊതു സമൂഹത്തിൽ വളരെ മോശപ്പെട്ട പ്രതിച്ഛായയിലെക്ക് കൂപ്പുകുത്തിയിരിക്കുന്നു.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments