വസ്തു രജിസ്ട്രേഷൻ ഉൾപ്പെടെയുള്ളവക്ക് മുന്നാധാരം തേടി ഓഫീസുകൾ കയറി ഇറങ്ങിയവരായിരിക്കും നമ്മളിൽ പലരും, എന്നാൽ ഇനി മുന്നാധാരത്തിനു വേണ്ടി അലഞ്ഞു തിരിയേണ്ടി വരില്ല. ഒക്ടോബർ 30 ഓടെ എല്ലാ ആധാരവും ഡിജിറ്റൽ ആക്കാൻ പോകുകയാണെന്നാണ് രജിസ്ട്രേഷൻ വകുപ്പ് അറിയിക്കുന്നത്. രജിസ്ട്രേഷൻ വകുപ്പിനെ ജന സൗഹൃദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം എന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
2018 ലാണ് ആധാരങ്ങൾ ഡിജിറ്റലാക്കി പ്രസിദ്ധീകരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. 2020 ല്‍ പത്തനംതിട്ടയില്‍ പൈലറ്റ് പ്രോജക്ട് നടപ്പിലാക്കുകയും ജില്ലയിലെ എല്ലാ സബ് റജിസ്ട്രാർ ഓഫീസുകളിലെ 100% ആധാരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു. എന്നാൽ ബാക്കിയുള്ളവ പ്രകൃതി ദുരന്തവും മറ്റും കാരണം നീണ്ടു പോകുകയായിരുന്നു. അതിനിടെയാണ് നാടിനെ നടുക്കി വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. അതോടെ എത്രയും വേഗം പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
നിലവിൽ തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 1968 മുതലുള്ള ആധാരങ്ങള്‍ രജിസ്ട്രേഷൻ വകുപ്പിന്റെ കയ്യിലുണ്ട്. ഇവ അടുത്തഘട്ടത്തില്‍ പൂർണ്ണമായും ഡിജിറ്റല്‍ ആക്കും. തുടർന്ന് മറ്റു ജില്ലകളിലുള്ളവരുടെ മുന്നാധാരങ്ങള്‍ ശേഖരിച്ച് ഡിജിറ്റല്‍ ആക്കാനുള്ള പണികളും തുടങ്ങും. സംസ്ഥാനത്തെ 11 ജില്ലകളിലെ 20 വർഷത്തെ ആധാരങ്ങളുടെ ഡിജിറ്റലൈസേഷൻ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. ഈ പദ്ധതി തികച്ചും സംസ്ഥാന സർക്കാറിന്റെ വ്യവസായ സൗഹൃദ നഗരങ്ങള്‍ക്ക് വളരെ ഉപകാരപ്രദമാകും എന്നത് ഉറപ്പാണ്.