മലയാളം ഇ മാഗസിൻ.കോം

സെലിബ്രറ്റി ഫുട്ബോളിൽ ധോണി മാൻ ഓഫ്‌ ദി മാച്ച്‌ ആയത്‌ എങ്ങനെ?

മുംബൈ ഫുട്ബോൾ അറീനയിൽ സെലിബ്രിറ്റി ക്ലാസിക്കോയുടെ സമ്മാനദാനച്ചടങ്ങ് നടക്കുകയാണ്. ക്രിക്കറ്റർമാരെയും സിനിമാതാരങ്ങളെയും പോലുള്ള സെലിബ്രിറ്റികൾ രണ്ടു ടീമുകളായി പിരിഞ്ഞ് ചാരിറ്റിയ്ക്കു വേണ്ടി നടത്തിയ പ്രദർശനമത്സരം ! വിരാട് കോഹ്ലിയുടെ \’ഒാൾ ഹാർട്ട് എഫ്.സി\’ രൺബീർ കപൂറിൻ്റെ \’ഒാൾ സ്റ്റാർസ് എഫ്.സി\’യെ മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരി­ക്കുന്നു. ജതിൻ സാപ്രു കളിയിലെ കേമനെ പ്രഖ്യാപിച്ചു-

\’\’ഇന്നത്തെ മാൻ ഒാഫ് ദ മാച്ച് ഒരു ഏഴാം നമ്പറുകാരനാണ്.ധോനി ! മഹേന്ദ്ര ബാഹുബലി ധോനി എന്നും നമ്മൾ അദ്ദേഹത്തെ വിളിക്കാറുണ്ട്….\’\’

ഒരു ചെറു ചിരിയോടെ ധോനി മുന്നോട്ടു വന്നു.രണ്ടു കിടിലൻ ലോങ്ങ് റേഞ്ചർ ഗോളുകൾ ധോനിയെ ആ പുരസ്കാരത്തിന് അർഹനാക്കിയിരിക്കുന്നു ! ട്രോഫി സമ്മാനിച്ചത് സഹീർ ഖാനാണ്.ട്രോഫി സ്വീകരിച്ചതിനു ശേഷം ധോനി അഭിമാനത്തോടെ അത് ഉയർത്തിക്കാട്ടി.ധോനി­യും ട്രോഫികളും ! ഒരുകാലത്തും അവസാനിക്കാത്ത അതീവസുന്ദരമായ പ്രണയകഥ…ക്രിക്കറ്റായാലും ഫുട്ബോളായാലും കഥയ്ക്ക് മാറ്റമില്ല…

തുടർന്ന് അഭിഷേക് ബച്ചനാണ് സംസാരിച്ചത്.10 ഗോളുകൾ കണ്ട മത്സരത്തിൽ താങ്കൾക്ക് പ്രിയപ്പെട്ടത് ഏത് എന്ന ചോദ്യത്തിന് ശ്രദ്ധേയമായ മറുപടിയാണ് അഭിഷേക് നൽകിയത്-

\’\’ഷഹീറിൻ്റെ ഗോൾ നല്ലതായിരുന്നു.രൺബീറിൻ്റെ ഷോട്ടും മികച്ചതായിരുന്നു.പക്ഷേ എം.സ് ധോനി എം.എസ് ധോനിയാണ്….! \’\’

ഒരു കൗതുകം എന്നതിൽക്കവിഞ്ഞ് ഒരുവിധ പ്രാധാന്യവും ഈ സെലിബ്രിറ്റി ക്ലാസിക്കോയ്ക്ക് നൽകേണ്ടതില്ല.ധോനിയുടെ പ്രകടനത്തെ അമിതമായ വാഴ്ത്തുമൊഴികൾ കൊണ്ട് മൂടേണ്ട ആവശ്യവുമില്ല.പക്ഷേ ആ വ്യക്തി ഉണ്ടാക്കുന്ന ഇംപാക്ടിനെ കണ്ടില്ലെന്ന് നടിക്കാൻ വയ്യ….

മത്സരം ആരംഭിക്കുന്നതിന് മുമ്പ് മുംബൈയിൽ മഴ തകർത്തുപെയ്തിരുന്നു.­കാണികൾ മത്സരം കാണാതെ മടങ്ങിപ്പോകുമോ എന്ന സംശയവും ഭയവും വിരാട് കോഹ്ലിയ്ക്കുണ്ടായിരു­ന്നു.പക്ഷേ ഒരാളും അറീന വിട്ടുപോയില്ല.വിണ്ണി­ൽ നിന്ന് മണ്ണിലിറങ്ങി കളിക്കാൻ പോകുന്ന ഒരു പിടി താരങ്ങളെ കാണാൻ അവർ കൊതിയോടെ കാത്തുനിന്നു.ആ ജനക്കൂട്ടം ഏറ്റവും കൂടുതൽ വിസിലടിച്ചതും കൈയ്യടിച്ചതും ഒരു റാഞ്ചിക്കാരനു വേണ്ടിയാണ്.അതെ,ധോനി !

ഒാൾ സ്റ്റാർസ് എഫ്.സിയുടെ കപ്പിത്താൻ രൺബീർ, മുംബൈയ്ക്ക് അപരിചിതനല്ല.ബോളിവുഡി­ലെ സൂപ്പർതാരം.ഉഗ്രപ്രതാ­പമുള്ള കപൂർ കുടുംബത്തിലെ അംഗം.രൺബീറിൻ്റെ മുതുമുത്തച്ഛൻ പൃഥ്വിരാജ്, മുംബൈയിലെ ജൂഹുവിൽ നടത്തിയ നാടകങ്ങളെക്കുറിച്ചുള്ള നാടോടിക്കഥകൾ ഇന്നും അന്നാട്ടിൽ പ്രചരിക്കുന്നുണ്ടാവും­.രൺബീറിൻ്റെ മുത്തച്ഛൻ രാജ് കപൂർ \’ദ ഗ്രേറ്റസ്റ്റ് ഷോമാൻ\’ എന്നാണ് അറിയപ്പെട്ടിരുന്നത്.ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച മഹാപ്രതിഭ.രൺബീറിന് ജന്മം നൽകിയ റിഷി കപൂറും വൻതാരം തന്നെ ! അങ്ങനെയുള്ള രൺബീർ ഒരു വശത്ത്…

മറുവശത്ത് ഒാൾ ഹാർട്ട് എഫ്.സിയുടെ നായകൻ വിരാട് കോഹ്ലി ! ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരം.സച്ചിൻ്റെ­ പിൻഗാമി എന്ന് വിഖ്യാതനായവൻ.ചെറുപ്പം മുതൽക്കെ മികച്ച ക്രിക്കറ്റ് കോച്ചിംഗ് ലഭിച്ചവൻ.ഇന്ത്യൻ ക്രിക്കറ്റിൻ്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലൊന്നാ­യ ഡെൽഹിയുടെ ഉത്പന്നം…

പിന്നെയും എത്രയോ പ്രശസ്തർ.അഭിഷേക് ബച്ചൻ എന്ന നടനെ ആർക്കും വലിയ മതിപ്പൊന്നുമില്ലെങ്കിലും അയാൾ സാക്ഷാൽ അമിതാഭ് ബച്ചൻ്റെ സന്താനമാണ്.പാരമ്പര്യ­ത്തിൻ്റെ കരുത്ത് അയാൾക്ക് പിന്നിലുമുണ്ട്.

ഇവർക്കെല്ലാം ഇടയിൽ എം.എസ് ധോനി ! ഒരു സാധാരണ ഫാക്ടറി തൊഴിലാളിയുടെ മകൻ.സ്വദേശം റാഞ്ചി.13 വർഷങ്ങൾക്കു മുമ്പ് ഭൂരിഭാഗം പേർക്കും കേട്ടുകേൾവി പോലുമില്ലാതിരുന്ന ഒരു പ്രദേശം.ഇങ്ങനെയൊരു സാഹചര്യത്തിൽ നിന്ന് ഉദയം ചെയ്ത ധോനി രൺബീറിനേക്കാളും വിരാടിനേക്കാളും അഭിഷേകിനേക്കാളും കൈയ്യടി വാങ്ങുന്നു ! അവർ ധോനിയെ പുകഴ്ത്തുന്നു.അതും ഒരു ഫുട്ബോൾ മാച്ചിൽ ! സുനിൽ ഛേത്രിയെപ്പോലൊരു ഇതിഹാസത്തെ സാക്ഷിനിർത്തിക്കൊണ്ട് ! ഇതല്ലേ ഹീറോയിസം!?

സാധാരണക്കാരന് സ്വപ്നം കാണാനുള്ള പ്രചോദനമാണ് ധോനി.വിവിധ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും പൊരുതി ജയിക്കാനും അയാൾക്കുള്ള കഴിവ് അസാധാരണമാണ്…

കളിയുടെ ആറാം മിനുട്ടിലാണ് ധോനി ആദ്യ ഗോൾ നേടുന്നത്.പിന്നീട് അയാൾ നിറഞ്ഞുനിൽക്കുകയായിരുന്നു.ഒരു ക്രിക്കറ്ററാവുന്നതിന്­ മുമ്പ് ധോനി ഫുട്ബോളും ബാഡ്മിൻ്റണുമെല്ലാം ധാരാളം കളിച്ചിട്ടുണ്ട്.ഒരുപാട് ഫുട്ബോൾ മാച്ചുകൾ കണ്ടിട്ടുണ്ട്.ആ പരിചയസമ്പത്തെല്ലാം കൃത്യമായി ഉപയോഗിക്കപ്പെടുകയായിരുന്നു.ധോനിയുടെ ഒരു കോർണർ കഷ്ടിച്ചാണ് ഗോളായി മാറാതിരുന്നത്.ധോനിയു­ടെ കരുത്ത് പരീക്ഷിച്ച എതിർടീമിലെ രണ്ടു താരങ്ങൾ നിലംപതിക്കുന്നതും കണ്ടു.ധോനി ജിമ്മിനെ ഒരുപാടൊന്നും പ്രണയിക്കുന്ന വ്യക്തിയല്ല.പക്ഷേ അയാൾ അതിശക്തനാണ്!

കളിയുടെ മുപ്പത്തിയൊമ്പതാം മിനുട്ട്.ഒാൾ ഹാർട്ട് എഫ്.സിയ്ക്ക് ഫ്രീകിക്ക് ലഭിക്കുന്നു.കിക്ക് എടുക്കാൻ വരുന്നത് ധോനി.ഗാലറികളിൽ നിന്ന് \’\’ധോനീ…\’\’ ആരവങ്ങൾ മുഴങ്ങി.ധോനിയുടെ വലംകാലിൽ നിന്ന് പുറപ്പെട്ട ഷോട്ട് പോസ്റ്റിൻ്റെ മൂലയിലേക്ക് ! ഗോൾ ! ധോനി ഒരു കള്ളച്ചിരി ചിരിച്ചു.വിരാട് ഒാടിവന്ന് ധോനിയെ പുണർന്നു.ഒരു കൊമേഴ്സ്യൽ ബോളിവുഡ് ചിത്രത്തിൻ്റെ രംഗമാണോ ഇതെന്ന് രൺബീർ സംശയിച്ചിരിക്കാം ! അതുപോലുള്ള മാസ് സീൻ…. !

അനിരുദ്ധ ശ്രീകാന്ത് ഗോൾ നേടിയപ്പോൾ അമിതാഹ്ലാദം പ്രകടിപ്പിച്ചു.അയാളു­ടെ പ്രധാന മേൽവിലാസം ഇന്ത്യയുടെ മുൻ ഒാപ്പണർ കെ.ശ്രീകാന്തിൻ്റെ മകൻ എന്നതാണ്.അതിനാൽ ഇത്തരം നിമിഷങ്ങൾ അയാൾക്ക് വളരെ വലുതാണ്.കളിയുടെ അവസാന നിമിഷങ്ങളിൽ സ്കോർ ചെയ്തതിനു ശേഷം വിരാട് നൃത്തം ചെയ്തു.സ്വന്തം വീട്ടുമുറ്റത്ത് കളിച്ചാലും ആ അഗ്രഷൻ വിരാടിനോടൊപ്പമുണ്ടാവും.പക്ഷേ ധോനി ധോനിയാണ് ! തൻ്റെ രണ്ടു ഗോളുകളുടെ ആഘോഷം അയാൾ ഒരു ചെറുപുഞ്ചിരിയിൽ ഒതുക്കി.ഇതിലും വലിയ നേട്ടങ്ങൾ പോലും അയാൾ അങ്ങനെയാണ് ആഘോഷിച്ചിട്ടുള്ളത്.ലോകകപ്പ് വിജയം പോലും !

സുനിൽ ഛേത്രി തന്ത്രങ്ങൾ ആവിഷ്കരിച്ചത് ധോനിയോടാണെന്ന് കമൻ്റേറ്ററുടെ വേഷത്തിലെത്തിയ ആശിഷ് നെഹ്റ വെളിപ്പെടുത്തി.കളി തീരുന്നതിന് തൊട്ടുമുമ്പ് ക്രിക്കറ്റർമാരുടെ ടീമിന് പെനൽറ്റി കിട്ടിയപ്പോഴും കാണികൾ ധോനിയെയാണ് പ്രതീക്ഷിച്ചത്.കിക്ക്­ എടുക്കാൻ ശിഖർ ധവാൻ വന്നതു കണ്ടപ്പോൾ അവർ നിരാശരായി.

മത്സരശേഷം വിരാട് പറഞ്ഞു-\’\’ധോനിയുമായുള്ള ആശയവിനിമയം വളരെ മികച്ചതാണ്….\’\’ ആ മികച്ച കമ്മ്യൂണിക്കേഷൻ ഇന്ത്യൻ ക്രിക്കറ്റിന് ആവശ്യമാണ്.ചുരുങ്ങിയത്­ 2019 ലോകകപ്പ് വരെയെങ്കിലും !

സന്ദീപ്‌ ദാസ്‌, സ്പോർട്ട്സ്‌ നിരീക്ഷകൻ

Staff Reporter