19
November, 2017
Sunday
08:19 PM
banner
banner
banner

മഴമാനത്തു കണ്ടാൽ തലപൊക്കാൻ കാത്തിരിക്കുന്ന സാത്താൻ: ഡെങ്കിപ്പനി വരാതെ സൂക്ഷിക്കാൻ അറിഞ്ഞിരിക്കേണ്ടതെല്ലാം

എതിരാളിയെ ആക്രമിച്ചു കീഴ്പ്പെടുത്തുകയാണ്‌ ശത്രുക്കളുടെ ഉന്നം. അതിന്‌ അവൻ അവസരം പാത്ത്‌ കാത്തിരിക്കും. ഒരു അവസരം കിട്ടിയാലുടൻ സർവ്വ ശക്തിയുമുപയോഗിച്ച്‌ ആക്രമിച്ച്‌ കീഴ്പ്പെടുത്തും. എന്നാൽ ബുദ്ധിയുള്ള എതിരാളിയാണെങ്കിലോ? ആക്രമിക്കാനെത്തുന്നവന്‌ അവസരമുണ്ടാക്കാതെ പഴുതുകൾ അടക്കും, ഇനിയെങ്ങാനും അവസരം ഉണ്ടായാലും സ്വയരക്ഷയ്ക്കുള്ള എല്ലാ അടവുകളും അവൻ സ്വായത്തമാക്കും. ഇതൊക്കെ പറയുന്നത്‌ യുദ്ധത്തിനൊരുങ്ങാനൊന്നുമല്ല കേട്ടോ.. എതിരാളിയെപ്പോലെ മനുഷ്യ ശരീരത്തെ കീഴ്പ്പെടുത്താൻ നിലകൊള്ളുന്ന അനേകം രോഗങ്ങളുണ്ട്‌. അവയും അവസരം കാത്ത്‌ പമ്മി പതുങ്ങി നടക്കുകയാണ്‌. ഒരു പഴുതുകിട്ടിയാൽ മതി അവൻ തുരന്നു കയറി നമ്മെ കാർന്നു തിന്നും. അത്തരത്തിലൊരു വില്ലനാണ്‌ ഡെങ്കിപ്പനി.

മഴമാനത്തു കണ്ടാൽ തലപൊക്കാൻ കാത്തിരിക്കുന്ന സാത്താനാണത്‌. ഡെങ്കിപ്പനി മൂലമുള്ള മരണങ്ങളിൽ കേരളം ദേശീയതലത്തിൽ തന്നെ ഒന്നാമതായി നിൽക്കുന്ന കാഴ്ച്ചയാണ്‌. ഡെങ്കിപ്പനി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ പതിനഞ്ചു നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സംഘടിപ്പിച്ച പ്രത്യേക പനി ക്ലിനിക്കുകളിലാണ്‌ ഡെങ്കിപ്പനി ബാധിതരെ കണ്ടെത്തിയത്‌. അതിനാൽ ഡെങ്കിപ്പനി ബാധിച്ചവരും അല്ലാത്തവരും ഒരുപോലെ മുൻകരുതലുകളെടുക്കേണ്ടതുണ്ട്‌. ഒരു തവണ രോഗം ബാധിച്ചവർക്ക്‌ വീണ്ടും രോഗം വന്നാൽ ഗുരുതരമായ അവസ്ഥയിലേക്കെത്തുമെന്നതിനാലാണ്‌ മരണം ഇത്രയേറെ കൂടാനുള്ള പ്രധാന കാരണം. എന്നാൽ ശ്രദ്ധിച്ചാൽ നിയന്ത്രണത്തിലാക്കാൻ പറ്റുന്ന രോഗമാണിത്‌. അതിനായി ആദ്യം ഡെങ്കിപ്പനി എന്തെന്ന്‌ വ്യക്തമായി അറിയേണ്ടതുണ്ട്‌.

എന്താണ്‌ ഡെങ്കിപ്പനി?
ഈഡിസ്‌ ഈജിപ്റ്റി കൊതുകുകൾ പരത്തുന്ന ഡെങ്കൂ വൈറസ്‌ മൂലമുണ്ടാകുന്ന രോഗമാണ്‌ ഡെങ്കിപ്പനി. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന വരയൻ കൊതുകുകൾ അഥവാ പുലിക്കൊതുകുകളാണിവ. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ്‌ ഇത്തരം കൊതുകുകൾ മുട്ടയിട്ടു വളരുന്നത്‌. പകൽ സമയത്ത്‌ മാത്രം മനുഷ്യരെ കടിക്കുന്ന സ്വഭാവക്കാരാണ്‌ ഇവ. ഇടവിട്ടുള്ള പനി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ഏത്‌ പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ സ്വയം ചികിത്സിക്കാതെ തുടക്കത്തിൽ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്‌.

ഡെങ്കിപ്പനി പകരുന്നതെങ്ങനെ?
കാലാവസ്ഥാ വ്യതിയാനമാണ്‌ കൊതുകുജന്യരോഗമായ ഡെങ്കിപ്പനി ഇപ്പോഴും വിട്ടുമാറാത്തതിന്റെ പ്രധാന കാരണം. രോഗമുള്ള ഒരാളെ കടിക്കുമ്പോൾ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിലെത്തുകയും പിന്നീട്‌ ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോൾ ഉമിനീർവഴി രക്തത്തിൽ കലർന്ന്‌ രോഗമുണ്ടാക്കുകയും ചെയ്യുന്നു. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക്‌ പകരുകയുള്ളൂ. നാല്‌ തരത്തിലുള്ള വൈറസുകൾ ഉള്ളതുകാരണമാണ്‌ ഒരിക്കൽ രോഗം വന്നിട്ടുള്ളവർക്ക്‌ വീണ്ടും ഈ രോഗം വരുന്നത്‌.

രോഗലക്ഷണങ്ങൾ
മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ്‌ ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ സാധാരണ വൈറൽപ്പനിയിൽ നിന്ന്‌ വ്യത്യസ്തമല്ലാത്തതിനാൽ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാൻ വൈകുന്നു. പെട്ടെന്നുള്ള കനത്ത പനിയാണ്‌ തുടക്കം. ആരംഭത്തിൽ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങൾ എല്ലാം തന്നെ സാധാരണ പനിയോട്‌ സാമ്യമുള്ളവയാണ്‌. അതിശക്തമായ നടുവേദന, കണ്ണിനു പുറകിൽ വേദന എന്നിവ ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്‌. നാലഞ്ചു ദിവസത്തിനുള്ളിൽ ദേഹത്തങ്ങിങ്ങായി ചുവന്നു തിണിർത്ത പാടുകൾ കാണാൻ സാധ്യതയുണ്ട്‌.

RELATED ARTICLES  അമിത വ്യായാമവും വേണ്ട പട്ടിണിയും കിടക്കണ്ട: കുടവയർ ഇല്ലാതാക്കാൻ ഇതാ കിടിലൻ വെളുത്തുള്ളി ടെക്നിക്ക്‌

കൗണ്ട്‌ കുറയുന്നത്‌ പ്രധാന കാരണം
രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ്‌ പെട്ടന്ന്‌ കുറഞ്ഞ്‌ മരണത്തിലേക്ക്‌ നീങ്ങും എന്നതാണ്‌ ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ പ്രത്യേകത. അതിനാൽ ആരംഭത്തിൽ തന്നെ ഡെങ്കിപ്പനിയാണെന്ന്‌ കണ്ടുപിടിച്ച്‌ അടിയന്തര വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്‌. കടുത്ത രോഗമുള്ളവരിൽ (ഡെങ്കുഷോക്‌ സിൻഡ്രോം) രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണത്തിൽ വരുന്ന കുറവുമൂലം മൂക്ക്‌, മലദ്വാരം തുടങ്ങിയവയിൽ നിന്ന്‌ രക്തസ്രാവമുണ്ടാകുകയോ, ത്വക്കിനടിയിലും കണ്ണിനുള്ളിലും രക്തം കിനിഞ്ഞ്‌ കട്ട പിടിക്കുകയോ ചെയ്യാം (ഡെങ്കു ഹെമറാജിക്‌ ഫീവർ). ഈ രണ്ട്‌ പ്രത്യാഘാതങ്ങളും രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുകയോ, മരണത്തിലേക്ക്‌ നയിക്കുകയോ ചെയ്യും.

വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുക
ക്യത്യമായ ചികിത്സയില്ലാത്ത ഒരു രോഗമാണ്‌ ഡെങ്കിപ്പനി. അതിനാൽ തന്നെ പ്രതിരോധ നടപടികൾക്ക്‌ വളരെ പ്രാധാന്യമുണ്ട്‌. രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുകയാണ്‌ ഏറ്റവും പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മാലിന്യങ്ങൾ നീക്കം ചെയ്ത്‌ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ പൂർണമായും ഒഴിവാക്കണം. വീടിനു ചുറ്റുമുള്ള ചിരട്ട, ടിൻ തുടങ്ങിയ സാധനങ്ങളിൽ വെള്ളം കെട്ടിക്കിടക്കാതെ കമഴ്ത്തിയിടണം. വെള്ളം സൂക്ഷിക്കുന്ന സംഭരണികൾ എല്ലാം തന്നെ അടച്ചുവയ്ക്കണം. കിണറുകൾ ക്ലോറിനേറ്റു ചെയ്യണം. ഇതുമൂലം ഈഡിസ്‌ കൊതുകിന്റെ പ്രജനനം പൂർണമായും ഒഴിവാക്കുവാൻ കഴിയും.

കൊതുകിനെ തുരത്താം ജീവൻ രക്ഷിക്കാം
കൊതുകിൽ നിന്നും സംരക്ഷണം നേടുക എന്നതാണ്‌ ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാർഗം. ഇക്കാര്യത്തിൽ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, കൂട്ടിരുപ്പുകാർ, ബന്ധുക്കൾ തുടങ്ങിയ എല്ലാവരും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്‌. ഡെങ്കിപ്പനി ബാധിച്ചയാളെ കൊതുകുവലയ്ക്കുള്ളിൽ മാത്രം കിടത്തുവാൻ ശ്രദ്ധിക്കുക. ഇതിലൂടെ ആ രോഗിയെ കടിക്കുന്ന കൊതുക്‌ മറ്റുള്ളവരിലേക്ക്‌ രോഗം വ്യാപിപ്പിക്കുന്നത്‌ പൂർണമായും തടയാനാകും. കുട്ടികളെ നിർബന്ധമായും കൊതുകുവലയ്ക്കുള്ളിൽ തന്നെ കിടത്തണം.

കൊതുകു കടിയിൽ നിന്നും രക്ഷനേടാൻ
കൊതുകുവല ഉപയോഗിക്കുക. വീടിനുപുറത്തു കിടന്നുറങ്ങാതിരിക്കുക. കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക. കൊതുകുതിരികൾ, തൊലിപ്പുറത്ത്‌ പുരട്ടുന്ന ലേപനങ്ങൾ, ഈതൈൽ ടൊളുവാമൈഡ്‌ കലർന്ന ക്രീമുകൾ എന്നിവയെല്ലാം കൊതുകു കടിയിൽ നിന്നും ഒരു പരിധിവരെ സംരക്ഷണം നൽകും.

ധാരാളം വെള്ളം കുടിക്കുക
ചെറിയ പനി വന്നാൽ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാൽ ധാരാളം പാനീയങ്ങൾ കുടിക്കാൻ കൊടുക്കുക. പനി കുറയുന്നതിനുള്ള മരുന്ന്‌ കൊടുത്തതിനു ശേഷം എത്രയും പെട്ടെന്ന്‌ ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടുക.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments