മലയാളം ഇ മാഗസിൻ.കോം

എത്ര പേർക്കറിയാം അടിയന്തരാവസ്ഥ കാലത്തെ ഈ പെൺപോരാട്ടങ്ങൾ!

ഒരു സ്ത്രീയുടെ അധികാരത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ ഉത്പന്നമായിരുന്നു ഇന്ത്യൻ ജനാധിപത്യത്തെ ഇരുട്ടറയിൽ അടച്ച അടിയന്തരാവസ്ഥ. എന്നാൽ, അതേ അടിയന്തരാവസ്ഥ രാജ്യത്തിന് സമ്മാനിച്ചത്, സമാനതകളില്ലാത്ത സമരമുഖങ്ങൾ തുറന്ന് പ്രതിഷേധിച്ച നൂറുകണക്കിന് സ്ത്രീകളുടെ സമര പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ്.

ഫാസിസത്തിനെതിരെയും സ്വേച്ഛാധിപത്യത്തിനെതിരെയും ശബ്ദമുയർത്തി സമൂഹത്തിന്റെ പരിച്ഛേദമായി മാറിയ പല സ്ത്രീകളും പൊതുരംഗത്ത് ശക്തമായ സാന്നിദ്ധ്യമായി വളർന്നുവെങ്കിലും, മുന്നിൽ നിന്നും പൊരുതി നിഴലുകളായി പിൻവാങ്ങിയ പെണ്ണുങ്ങളുടെ ചരിത്രം കൂടി പറയുമ്പോഴേ കേരളത്തിന്റെ അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടങ്ങളുടെ നാൾവഴികൾ പൂർണ്ണമാകുകയുള്ളൂ.

സി പി ഐയും കോൺഗ്രസ്സും മുസ്‌ലിംലീഗും അടിയന്തരാവസ്ഥയുടെ സ്തുതിപാഠകരും പ്രയോജകരുമായി അധികാരം ആസ്വദിച്ചപ്പോൾ, കേരളത്തിലെ മറ്റ് രാഷ്ട്രീയ പാർട്ടികളും, വിദ്യാർത്ഥി സംഘടനകളും, തൊഴിലാളികളും സ്ത്രീകളും ഉൾപ്പടെയുള്ളവർ കേരളം അതുവരെ കാണാത്ത സമര പോരാട്ടങ്ങളിലൂടെ അടിയന്തരാവസ്ഥയെ പ്രതിരോധിക്കുകയായിരുന്നു.

വിദ്യാർത്ഥി പ്രതിഷേധങ്ങളിലൂടെയാണ് കേരളത്തിൽ അടിയന്തരാവസ്ഥയ്ക്ക് എതിരെയുള്ള പോരാട്ടങ്ങൾ ശക്തി പ്രാപിച്ചതും പടർന്ന് പിടിച്ചതും. നിരന്തരം പ്രതിഷേധങ്ങളും മർദ്ദനങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്നതിനിടയിൽ, 1976 ജൂലായ് 10 ന് പയ്യന്നൂർ കോളേജിൽ നടന്ന ഉപരോധ സമരത്തിൽ പങ്കെടുത്ത എസ് എഫ് ഐ പ്രവർത്തകരായ 16 വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു പോലീസ് വണ്ടിയിലിട്ട് ക്രൂരമായി മർദ്ദിക്കുകയും ബയണറ്റ് കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.

\"\"

കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളുമായി ക്യാമ്പസ് വിടാനൊരുങ്ങിയ പോലീസ് വാഹനത്തെ സി പി ലക്ഷ്മിക്കുട്ടി, ആലീസ് കുര്യൻ, യശോദ എന്നീ പെൺകുട്ടികൾ ചേർന്ന് തടഞ്ഞു. വാഹനത്തിന് മുന്നിൽ നിന്ന് മാറിയില്ലെങ്കിൽ പെൺകുട്ടികളെ അറസ്റ്റ് ചെയ്യുമെന്നും, പത്ത് മാസം കഴിഞ്ഞു പ്രസവിച്ചിട്ടേ വിടുകയുള്ളുവെന്നും പോലീസ് ഭീഷണി മുഴക്കിയിട്ടും പിന്മാറാത്ത പെൺകുട്ടികളെ അറസ്റ്റിലായ വിദ്യാർത്ഥികളാണ് ഒടുവിൽ പിന്തിരിപ്പിച്ചത്, പയ്യന്നൂർ കോളേജിലെ മർദ്ദനവും പ്രതിഷേധങ്ങളും ഏ കെ ജി പാർലമെന്റിലും ഉന്നയിച്ചിട്ടുണ്ട്‌.

1976 ഫെബ്രുവരി 26 ന് കേരള നിയമസഭയിലെ സന്ദർശക ഗാലറിയിൽ കയറി മുദ്രാവാക്യം മുഴക്കിയ 6 സ്ത്രീകളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്, കൊട്ടാരക്കര കുളക്കട ഇന്ദിരാഭവനിൽ ഇന്ദിരയെന്ന 18 വയസ്സുകാരിയുടെ നേതൃത്വത്തിൽ ഇരവിപുരം കൈയ്യാലക്കൽ ലക്ഷം വീട്ടിലെ പ്രഭാവതി, കരിക്കാട് രാജമ്മ, കുണ്ടറ ഭാർഗ്ഗവി, ഷെരീഫ, കല്ലമ്പലം കൊച്ചിക്ക എന്നിവരാണ് നിയമസഭയിൽ പ്രതിഷേധ കൊടുങ്കാറ്റുയർത്തിയ ധീര വനിതകൾ. ചൂരൽ പിണച്ചുകെട്ടി മുതുകിൽ അടിച്ച പൊലീസിന് മുൻപിൽ ശക്തമായി പിടിച്ചു നിന്ന ആറ് സ്ത്രീകളെയും ഒരാഴ്ച പൂജപ്പുര ജയിലിലിട്ടിട്ട് വിട്ടയച്ചുവെങ്കിലും, ഇന്ദിരയടക്കമുള്ളവർ കൊല്ലം കൊട്ടാരക്കര ജയിലുകളിലായി വീണ്ടും 90 ദിവസം തടവ് അനുഭവിക്കേണ്ടി വന്നു.

അടിയന്തരാവസ്ഥയിൽ തടവിലാക്കപ്പെട്ട നേതാക്കളുടെ മോചനം ആവശ്യപ്പെട്ട് കളക്ട്രേറ്റിൽ കടന്ന് കയറി പ്രതിഷേധിച്ച കൊല്ലത്തെ കശുവണ്ടി തൊഴിലാളി സ്ത്രീകളുടെ സമരവും ഐതിഹാസികമായിരുന്നു, ബോംബെയിൽ കൊണ്ട് പോയി വേശ്യകളാക്കുമെന്ന് പോലീസ് പറഞ്ഞിട്ടും പിന്മാറാതെ ജയിലിൽ പോലും സമരം ചെയ്തവരിൽ ആരെയെങ്കിലും ഇന്നത്തെ തലമുറയ്ക്ക് ഓർമ്മയുണ്ടോയെന്ന് പോലും അറിയില്ല.

ജയപ്രകാശ് നാരായണന്റെ അടിയന്തരാവസ്ഥ വിരുദ്ധ മുന്നണിയിൽ ഒപ്പം ചേർന്ന് പോരാടിയിരുന്ന ജനസംഘത്തിന്റെ വനിതാ നേതാക്കളും പോലീസ് മർദ്ദനങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയായിട്ടുണ്ട്. എറണാകുളത്ത് നടന്ന സത്യാഗ്രഹത്തിനിടയിൽ പോലീസ് നടത്തിയ അക്രമത്തിൽ പരിക്കേറ്റ ടി പി വിനോദിനിയമ്മ അടിയന്തരാവസ്ഥയുടെ അവസാന നാളുകൾ വരെ പോരാടിയ സ്ത്രീയാണ്. 1977 മാർച്ച് 16 ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പുന്നയൂർക്കുളത്ത് എത്തിയ വിനോദിനിയമ്മയെയും രാധാ ബാലകൃഷ്ണനെയും വളഞ്ഞിട്ട് മർദ്ദിച്ചാണ് യൂത്ത് കോൺഗ്രസ്സുകാർ അവരോടുള്ള പ്രതികാരം വീട്ടിയതെന്നതാണ് ശ്രദ്ധേയം.

\"\"

കേരളത്തിൽ നിന്നും ആദ്യമായി പ്രധാന അദ്ധ്യാപികയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ എടപ്പാൾ സ്വദേശിയായ ദേവകിയമ്മയെ സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്ത് തടവിലിട്ടത് പതിമൂന്നിൽപ്പരം മാസങ്ങളാണ്, അതിലുപരി രാഷ്ട്രീയ തടവുകാരിയെന്ന പരിഗണന പോലും നൽകാതെ ക്രിമിനൽ കുറ്റവാളികൾക്കൊപ്പമാണ് താമസിപ്പിച്ചത്.

അടിയന്തരാവസ്ഥയുടെ പോരാട്ട ചരിത്രത്തിലെ സുവർണ്ണ ഏടുകളിലെ രക്ത നക്ഷത്രങ്ങളാണ് മന്ദാകിനി നാരായണനും മകൾ അജിതയും, നിരാഹാരമിരുന്ന മന്ദാകിനിയെ ഭക്ഷണം കഴിപ്പിക്കാനായി പുരുഷ പോലീസുകാർ നടത്തിയ ശ്രമങ്ങളും അതിനെതിരെ മന്ദാകിനിക്കൊപ്പം നിന്ന് പ്രതിഷേധിച്ച് കൊടിയ മർദ്ദനത്തിന് ഇരയായ സി ആർ സുലോചനയും ഒക്കെ എന്നും ഓർക്കപ്പെടേണ്ട പോരാളികളാണ്.

സത്യഗ്രഹ സമരത്തിനിടയിൽ പോലീസിന്റെ അടിയേറ്റ് ഒടിഞ്ഞു തൂങ്ങിയ കൈയുമായി നടുറോഡിൽ പ്രതിഷേധിച്ച പി കെ പാറുകുട്ടിയമ്മയടക്കം പേരറിയാത്ത, നാടറിയാത്ത ഒരുപാട് പേർ അടിയന്തരാവസ്ഥ സമരചരിത്രങ്ങളുടെ പിന്നാമ്പുറങ്ങളിലുണ്ട്, അവരൊക്കെ ഓർക്കപ്പെടുമ്പോഴാണ് അംഗീകരിക്കപ്പെടുമ്പോഴാണ് സമരചരിത്രത്തിന് കൂടുതൽ മിഴിവുണ്ടാകുന്നത്.

സുശീല ഗോപാലനേയും എം കമലത്തേയും കെ ആർ ഗൗരിയമ്മയേയും പെണ്ണമ്മ ജേക്കബിനേയും പോലുള്ളവർ നടത്തിയ ഐതിഹാസിക പോരാട്ടങ്ങൾക്കൊപ്പം നടന്ന അനവധി പെണ്ണുങ്ങളുടെ കൂടി ചരിത്രമാണ് കേരളം. വാഴ്ത്തപ്പെട്ടവർ മാത്രമല്ല നിഴലായിപ്പോയവരും പോരാളികളാണെന്നും, അവരുയർത്തിയതും പ്രതിരോധങ്ങളും പ്രതിഷേധങ്ങളുമാണെന്നും തിരിച്ചറിയണം !.

ദിലിപ്രസാദ്‌ സുരേന്ദ്രൻ
വിവരങ്ങൾക്ക് കടപ്പാട് വിവിധ മാധ്യങ്ങളിൽ വന്ന ലേഖനങ്ങൾ

Staff Reporter