മലയാളം ഇ മാഗസിൻ.കോം

അറിയാമോ കരിമ്പന വെറുമൊരു യക്ഷിമരം മാത്രമല്ല!

കരിമ്പന അത്ര നിസ്സാരനായ മരമൊന്നുമല്ല, ഒരുകാലത്ത് സകലമാന യക്ഷികളും അവരുടെ വരവറിയിക്കുന്ന കറുത്ത പൂച്ചകളും ചുറ്റിത്തിരിഞ്ഞിരുന്നത് ഈ മുട്ടൻ മരത്തിന് ചുറ്റുമായിരുന്നു.

കരിമ്പന കൊണ്ട് യക്ഷികൾക്കല്ലാതെ മനുഷ്യനെന്തെങ്കിലും ഗുണമുണ്ടോയെന്ന ന്യായമായ സംശയത്തിന്റെ കൈയും പിടിച്ച് കുറെ നാൾ നടന്നിട്ടുണ്ട്, അങ്ങനെയിരിക്കെ ഒരു ഉത്സവകാലത്താണ് കരിമ്പനകളുടെ ജനകീയത ആദ്യമായി അനുഭവിച്ചറിഞ്ഞത്. പനകളിൽ നിന്നും വെട്ടിയിറക്കിയ പനമ്പട്ടകളും നൊങ്കുകളും വാരിക്കൂട്ടിയവരുടെ ഒപ്പം ചേർന്നതിന് പകരമായി കിട്ടിയ‌ മുട്ടൻ പനമ്പട്ടയും കുറച്ച് നൊങ്കുകളുമായിരുന്നു ശരിക്കും പറഞ്ഞാൽ കരിമ്പന പ്രണയത്തിന് തുടക്കം കുറിച്ചു തന്നത്.

\"\"

തല ചെത്തിയെടുത്ത നൊങ്കിലെ മൂന്ന് കണ്ണുകളിലുമായി നിറഞ്ഞിരിക്കുന്ന വെളുത്ത് തുടുത്ത മാംസള ഭാഗങ്ങളിൽ വിരൽ ആഴ്ത്തിയപ്പോൾ കണ്ണിലേക്കും മുഖത്തേക്കും തെറിച്ച വെള്ളത്തിന്റെ രുചി ശരിക്കങ്ങോട്ട് ബോധിച്ചതോടെ, നൊങ്കിനുള്ളിലോട്ട് മൊത്തം അദ്ധ്വാനവും കേന്ദ്രീകരിക്കുകയും കൈവിരലുകൾ അതിവിദഗ്ധമായി വശങ്ങളിലൂടെ നെടുകേയും കുറുകെയും ചലിപ്പിച്ച് ചറപറാ നൊങ്കിന്റെ മാംസളത മുഴുവൻ കവർന്നെടുത്ത് അകത്താക്കി കരിമ്പനയോട് കടമപ്പെടുകയും ചെയ്തു.

പക്ഷേ ആ പനമ്പട്ട മുട്ടൻ പണിയാണ് തരാൻ പോകുന്നതെന്ന് അന്നറിഞ്ഞില്ല കേട്ടാ സത്യം. പനമ്പട്ട ചെത്തി മിനുക്കി കപ്പയും ചക്കയും ഇളക്കാനായുള്ള തുടുപ്പായി രൂപാന്തരപ്പെടുത്തിയ അമ്മ, കുരുത്തക്കേടിനുള്ള ശിക്ഷണ നടപടികളുടെ ഭാഗമായി അതേ തുടുപ്പെടുത്തത് മർദ്ദിക്കാൻ തുടങ്ങിയതോടെയാണ് പനമ്പട്ടയൊരു മർദ്ദനോപകരണം കൂടിയായണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞത്.

\"\"

പ്ലാമൂട്ടുക്കടയിലെ അമ്മാവന്റെ വീട്ടിൽ നിന്നാണ് കരിമ്പനയുടെ രണ്ടാംഘട്ടം ആരംഭിച്ചത്, സ്റ്റീൽ പാത്രത്തിൽ നിന്നും കണ്ണാടി ഗ്ലാസ്സിലോട്ട് തെളിച്ചു പകർന്നു തന്ന നിറമില്ലാത്ത പാനീയത്തിന്റെ മദിപ്പിക്കുന്ന മധുരം നാവിലങ്ങോട്ട് ഒട്ടിപ്പിടിച്ചു. പാത്രത്തിനുള്ളിലെ പാനീയം കരിമ്പന ചെത്തിയെടുക്കുന്ന അക്കാനിയാണെന്നും അത് കാച്ചിയെടുത്താണ് കരിപ്പട്ടി ഉണ്ടാക്കുന്നതെന്നും അറിഞ്ഞതോടെ കരിമ്പനയോടുള്ള ആരാധന ഒറ്റയടിക്കങ്ങോട്ട് കൂടുകയായിരുന്നു.

സ്റ്റീൽ പാത്രത്തിലെ അക്കാനിയിൽ വീണുകിടക്കുന്ന തേനീച്ചകളും വണ്ടുകളും രക്ഷപ്പെടാൻ ശ്രമിക്കാതിരുന്നതിൽ അത്ഭുതമൊന്നുമില്ല, ആ രുചിയുടെ പിടിയിൽ നിന്നിറങ്ങിപ്പോകാൻ കഴിയാത്ത പാവം ജീവികളെ തോണ്ടിയെടുത്ത് വെളിയിലിട്ടതും, വീണ്ടും അതിലേക്ക് തെന്നി വീഴാതിരിക്കാൻ പാത്രം കാലിയാക്കിയതും സഹജീവികളോടുള്ള സഹാനുഭൂതി കൊണ്ട് മാത്രമാണെന്ന് എത്ര പേർക്കറിയാം.

\"\"

കരിമ്പനകളുമായുള്ള മൂന്നാം അങ്കത്തിലാണ് ലഹരിയിറങ്ങി അർമാദിച്ചത്, വിളപ്പിൽശാലയിലെ കൂട്ടുകാരന്റെ കൂടെ ആ നാട്ടിലെ ഒരു വിരമിച്ചയൊരു ചട്ടമ്പിയുടെ വീട്ടിലെത്തിയാണ് പനങ്കള്ള് പുളിച്ചാൽ ലഹരിയാകുമെന്ന് തിരിച്ചറിഞ്ഞത്. അക്കാനിയിൽ നിന്നും വ്യത്യസ്തമായി കഞ്ഞിവെള്ളത്തിന്റെ രൂപത്തിലും ഭാവത്തിലുമാണ് ലഹരിയുള്ള പനങ്കള്ള് അവതരിച്ചത്, മധുരവും ചെറിയ പുളിയും ഒക്കെയുണ്ടെങ്കിലും ചെറിയൊരു വാടയുള്ളത് കൊണ്ട് ശ്രമപ്പെട്ടാണ് ആദ്യമായി സേവിച്ചതും ആസ്വദിച്ചതുമെന്ന് പറയുന്നത് കള്ളമല്ലെന്ന് വിശ്വസിക്കണം.

ഇതിനിടയിൽ ഒന്ന് പറയാൻ മറന്നു, പനനൊങ്ക് പഴുത്ത് പാകമായാൽ അതിന്റെ തൊണ്ട് പറിച്ചു കളഞ്ഞു വായിലേക്ക് ചേർത്ത് വെച്ച് കടിച്ചു ഈമ്പിയെടുക്കണം, ആ മാസ്മരിക രുചിയും മണവും അറിയണമെങ്കിൽ ഒന്നും നോക്കണ്ട ഇപ്പ തന്നെ കരിമ്പനയുടെ ചുവട്ടിലേക്ക് വിട്ടോ, ചിലതൊക്കെ അനുഭവിക്കാൻ മാത്രമുള്ളതാണ് പറയാനുള്ളതല്ല !

ദിലിപ്രസാദ്‌ സുരേന്ദ്രൻ

Staff Reporter