മലയാളം ഇ മാഗസിൻ.കോം

സൈബർ ലോകത്ത് നിറയുന്നത് മലയാളിയുടെ മാനസിക രോഗം: പുതിയ \’ഇര\’ വന്നു ചാടിയപ്പോൾ \’ഫെമിനിച്ചികൾക്ക്‌\’ ഇച്ചിരി ആശ്വാസം

സൈബർ മലയാളികളുടെ മാനസിക രോഗത്തിന്റെ ലക്ഷണങ്ങൾ അതിന്റെ എല്ലാ ലക്ഷണങ്ങളും വ്യക്തമാക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. ചെറിയ സംഗതികൾ ലഭിച്ചാൽ പോലും അതിന്റെ പേരിൽ ആരെയെങ്കിലും അപമാനിക്കുകയൊ അസഭ്യം പറയുകയോ ചെയ്യുക എന്നത് വ്യക്തമാക്കുന്നത് ഒരുതരം മാനസിക രോഗത്തിന്റെ ലക്ഷണമാണ്. ഇന്റർനെറ്റിനു അഡിക്ടായ മലയാളി സമൂഹം പ്രധാന ആക്ടിവിക്ടിയായി കണ്ടെത്തുന്നത് സെക്സുമായി ബന്ധപ്പെട്ട വിഷയങ്ങളോ അന്യരെ ചീത്തവിളിക്കലോ ആയിരിക്കുന്നു.

\"\"

വ്യക്തിഹത്യകൾ ഉൾപ്പെടെ ഉള്ള ഐ.ടി സംബന്ധിയായ കുറ്റകൃത്യങ്ങൾക്ക് ശക്തമായ നിയമം ഉണ്ടെങ്കിലും സാമൂഹ്യമാധ്യമങ്ങളിലെ മലയാളി ഗുണ്ടകൾ യാതൊരു നിയന്ത്രണവുമില്ലാതെ അഴിഞ്ഞാടുകയാണ്. സദാചാരപോലീസ്, ഫാൻസ്, അണികൾ, വിശ്വാസികൾ തുടങ്ങി പല ഐഡന്റികളിലാണ് ഇവർ അറിയപ്പെടുന്നതെങ്കിലും എല്ലാവരും ചെയ്യുന്നത് വ്യക്തിഹത്യയും അസഭ്യം പറച്ചിലുമാണ്. നടിമാർ മുതൽ രാഷ്ടീയക്കാരും വ്യക്തികളുമെല്ലാം ഇവരുടെ ഇരകളാക്കപ്പെടുകയാണ്.

വ്യത്യസ്ഥ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടിമാരായ റീമകല്ലിംഗൽ, ഷം‌ന കാസിം, അൻസിബ, അന്ന രേഷ്മ രാജൻ തുടങ്ങി ഒടുവിൽ നടി പാർവ്വതിയിൽ എത്തി നിൽക്കുന്നു. നിനക്ക് മരിക്കേണ്ടെ പെണ്ണേ എന്നാണ് അൻസിബ തട്ടമിടാത്ത ഫോട്ടോ ഫേസ്ബുക്കിലിട്ടാൽ ഒരു പ്രത്യേക വിഭാഗത്തിൽ പെടുന്ന സംഘത്തിന്റെ ചോദ്യങ്ങൾ. പിന്നെ ഉപദേശങ്ങളും അസഭ്യങ്ങളും അൻസിബയുടെ പൊസ്റ്റിനു കീഴിലെ കമന്റിൽ നിറയുകയായി.
മമ്മൂട്ടിയുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്കാണ് അന്ന രേഷ്മ രാജനും പാർവ്വതിയും സൈബർ ഗുണ്ടായിസത്തിനു വിധേയരാകേണ്ടിവന്നത്. അസഭ്യ വർഷവും അപമാനിക്കലും സഹിക്കവയ്യാതെ ഒടുവിൽ രേഷ്മ രാജൻ കരഞ്ഞു മാപ്പു പറഞ്ഞു. എന്നാൽ “ഫെമിനിച്ചി“ എന്ന് മുദ്രയടിക്കപ്പെട്ട നടി പാർവ്വതി ഇവരുടെ ഗുണ്ടായിസത്തിനു വഴങ്ങി മാപ്പു പറയുവാൻ തയ്യാറായില്ല. ചങ്കൂറ്റത്തോടെ അവർ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്തു. പരാതി നൽകിയതിനെ തുടർന്ന് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

രണ്ടാഴ്ചയോളം നടി പാർവ്വതിയെ അസഭ്യം പറഞ്ഞ് മടുത്തുതുടങ്ങിയ സൈബർ ഗുണ്ടകൾക്ക് അടുത്ത ഇരയെ തേടേണ്ടിവന്നു. അധികം വൈകാതെ വി.ടി.ബൽരാം എന്ന യുവ എം.എൽ.എയിൽ ഒരു ഇരയെ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് അവർ. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ വി.ടി.ബലറാമിന്റെ പോസ്റ്റുകൾക്ക് കീഴെ സരിതയുടെ മൊഴികളുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് നേതാക്കളെ അപമാനിക്കുന്ന കമന്റുകൾ പതിവായി വരാൻ തുടങ്ങി. ഒടുവിൽ സഹികെട്ട് അദ്ദേഹം എ.കെ.ജിയെയും ഭാര്യ സുശീല ഗോപാലന്റെയും വിവാഹം പ്രണയം എന്നിവയെ കുറിച്ച് ഒരു പോസ്റ്റിട്ടു. ഇവർ തമ്മിലുള്ള പ്രായവ്യത്യാസമായിരുന്നു വിഷയം. ഉപോൽബലകമായി എ.കെ.ജിയുടെ ആത്മകഥയിൽ നിന്നും ചില ഭാഗങ്ങളും ചേർത്തു. നിമിഷങ്ങൾക്കകം സൈബർ ലോകത്തെ ഒരു പ്രബല വിഭാഗം ബലറാമിനെതിരെ അസഭ്യവർഷവുമായി രംഗത്തെത്തി. ബലറാമിനെതിരെ ഉള്ള സൈബർ ആക്രമണത്തിന്റെ ബഹളത്തിനിടയിൽ “ഫെമിനിച്ചികൾ“ തൽക്കാലത്തേക്ക് രക്ഷപ്പെട്ടു.

\"\"

രാഷ്ടീയത്തിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ച പോസ്റ്റിന്റെ ഭാഗമായി ബലറാമിനെതിരെ സി.പി.എം നേതാക്കൾ കടുത്ത വാക്കുകൾ കോണ്ടാണ് മറുപടി നൽകിയത്. കോൺഗ്രസ് നേതാക്കളും ബലറാമിന്റെ പോസ്റ്റ് അനുചിതമായി എന്ന് അഭിപ്രായപ്പെട്ടു. അതേ സമയം മുൻ നക്സലൈറ്റും എഴുത്തുകാരനുമായ സിവിക് ചന്ദ്രൻ ബലറാമിനെ അനുകൂലിച്ച് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ടു. സഖാക്കളുടെ ഒളിവു ജീവിതം അത്ര വിശുദ്ധമൊന്നുമല്ലെന്നായിരുന്നു സിവിക്കിന്റെ പോസ്റ്റ്. ലൈംഗിക അരാജകത്വം / അവിഹിതം /പ്രകൃതിവിരുദ്ധം എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ടിരുന ബന്ധങ്ങൾ ഏറെ ഉണ്ടെന്നും അദ്ദേഹം തുറന്നെഴുതി. വൈകാതെ അദ്ദെഹത്തിന്റെ ഫേസ്ബുക്ക് പേജ് സൈബർ ഗുണ്ടകൾ റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചു.

അഭിപ്രായ സ്വാതന്ത്യത്തെ കുറിച്ച് ഘോരം ഘോരം പ്രസംഗിക്കുന്നവരാണ് ഇപ്പോൾ വി.ടി.ബലറാമിനേയും, സിവിക് ചന്ദ്രനേയും അസഭ്യവർഷം കൊണ്ട് മൂടുന്നത്. നേരത്തെ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ പ്രമുഖ എഴുത്തുകാരൻ സക്കറിയയെയും, പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠനേയും കായികമായി ആക്രമിച്ചിട്ടുള്ള ബന്ധപ്പെട്ട രാഷ്ടീയപാർട്ടിയുടെ അനുഭാവികൾ ഇപ്പോൾ സൈബർ ആക്രമണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

എന്തായാലും സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്തുവാനുള്ള പൗരാവകാശങ്ങൾ ഇത്തരം സൈബർ ഗുണ്ടകളുടെ കാലത്ത് ഹനിക്കപ്പെടും എന്നത് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു. മലയാളി സമൂഹത്തിൽ അതിവേഗം പടരുന്ന മാനസിക വൈകൃതത്തെ അതീവ ഗൗരവത്തോടെ കാണുകതന്നെ വേണം. സമൂഹത്തിന്റെനിലനില്പിന്നു തന്നെ ഭീഷണിയാകുന്ന സൈബർ ഗുണ്ടായിസത്തിനു തടയിടുവാൻ എത്രയും വേഗം പരിഹാര നടപടികൾ ആരംഭിക്കേണ്ടിയിരിക്കുന്നു.

Avatar

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor