മലയാളം ഇ മാഗസിൻ.കോം

മാധ്യമ രാഷ്ട്രീയവും സൈബർ ആക്രമണവും: ഷാനിക്കായി വാദിക്കുന്ന മാധ്യമ-രാഷ്ടീയ പ്രവർത്തകർക്ക് സ്മരണ വേണം!

ഒരു സ്ത്രീയും പുരുഷനും അല്ലെങ്കിൽ ഒന്നിലധികം പേരും ഒരുമിച്ച് യാത്ര ചെയ്യുകയോ ഒരിടത്തു തങ്ങുകയോ ചെയ്യുന്നത് ഇന്ത്യൻ ഭരണഘടനയനുസരിച്ച് കുറ്റകരമല്ല. അതിനവർക്ക് സ്വാതന്ത്യവും അവകാശവുമുണ്ട് എന്നാൽ പലപ്പോഴും അത് പോലീസ് അധികാരികൾ പോലും അംഗീകരിക്കാതെ അവർക്കെതിരെ നടപടിയെടുക്കും എന്ന ദുരവസ്ഥ നിലവിലുണ്ട്. അത് സമൂഹത്തിൽ നിലനിൽക്കുന്ന കപടസദാചാര ബോധത്തിന്റെ പ്രശ്നമാണ്. ആരുടെ സ്വാതന്ത്യത്തിലും സ്വകാര്യതയിലും കടന്നു കയറി ഇടപെടുന്ന തികച്ചും പ്രാകൃതമായ ഒരു സമീപനം അഭ്യസ്ഥ വിദ്യരെന്നും ലോകം കണ്ടവരെന്നും അവകാശപ്പെടുന്ന മലയാളികൾ ഇന്നും പുലർത്തിപോരുന്നു.

\"\"

ആണും പെണ്ണും ഒറ്റക്കിരിക്കുകയൊ യാത്രചെയ്യുകയോ ഒരുമിച്ച് താമസിക്കുകയോ ചെയ്താൽ ഉടനെ അപവാദം പ്രചരിപ്പിക്കുന്നതിനും സാധ്യമെങ്കിൽ കൈകാര്യം ചെയ്യുന്നതിനും മലയാളികൾ കാണിക്കുന്ന ഉൽസാഹത്തിനു ഉദാഹരണങ്ങൾ അനവധിയുണ്ട്. ഇക്കാര്യത്തിൽ സാധാരണക്കാരെന്നോ സൈബർ മലയാളിയെന്നോ മാധ്യമങ്ങളെന്നോ രാഷ്ടീയക്കാരെന്നോ വ്യത്യാസമൊന്നുമില്ല. ഇത്തരം വേട്ടയാടലിന്റെ ഇരയാക്കപ്പെടുന്നവരിൽ അവസാന പേരുകാരാണ് മലയാള മനോരമ ചാനലിലെ മുൻ നിര മാധ്യമ പ്രവർത്തകയായ ഷാനി പ്രഭാകറും സി.പി.എം എം.എൽ.എയായ എം.സ്വരാജും എന്നതിനപ്പുറം വലിയ പ്രത്യേകത ഒന്നും ഇല്ല.

ഒരു ലിഫിറ്റിൽ നിൽക്കുന്ന ചിത്രങ്ങൾ വച്ച് ദു:സ്സൂചനകളോടെയാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. ഷാനിയെന്നല്ല ഏത് സ്ത്രീയുടെയും പുരുഷന്റേയും സൗഹൃദം സ്വകാര്യത ഇതിൽ ഇടപെടുന്നതിന് ഉള്ള അമിതാവേശത്തിന്റെ വിഷയമാണ്. ഷാനിയുടെ കാര്യത്തിൽ അവർ ഉൾപ്പെടുന്ന മാധ്യമ സമൂഹം നേരത്തെ നടത്തിയ വേട്ടയാടലിന്റെ തിരിച്ചടിയും ഒപ്പം രാഷ്ട്രീയ ചൊരുക്കും കേറി വന്നു എന്ന് മാത്രം. തീർത്തും അപലപനീയമായ പ്രവർത്തിയാണ് നടക്കുന്നത്.

\"\"

ഷാനിക്കായി വാദിക്കുന്ന മാധ്യമ-രാഷ്ടീയ പ്രവർത്തകർക്ക് സ്മരണ വേണം 
ഷാനി പ്രഭാകർ എന്ന സഹപ്രവർത്തകക്ക് നേരെ നടക്കുന്ന അപവാദപ്രചാരണത്തിൽ മാധ്യമ രംഗത്തെ സഹപ്രവർത്തകരും ഇടതുപക്ഷവും സ്വതന്ത്ര നിലപാടുള്ളവരും വളരെ ശക്തമായി തന്നെ പ്രതിരോധം തീർക്കുന്നുണ്ട്. അത്തരം അപവാദപ്രചാരണം തെറ്റാണെന്നതിൽ തർക്കവുമില്ല. എന്നാൽ ധാർമ്മികമായി എത്ര മാധ്യമപ്രവർത്തകർക്കും ഇടതുപക്ഷക്കാർക്കും ഈ പ്രചാരണത്തെ അപലപിക്കുവാൻ അർഹതയുണ്ട് എന്ന ചോദ്യം ഏറെ പ്രസക്തമാണ്.

ദിലീപ് , കാവ്യ മാധവൻ, പൃഥ്‌വിരാജ്, മീരാജാസ്മിൻ, നവ്യ നായർ തുടങ്ങി സിനിമാ രംഗത്തെ എത്രയോ പേരുടെ സ്വകാര്യതയിലേക്ക് കടന്നു കയറി മാധ്യമങ്ങൾ വാർത്തകൾ നൽകിയിരിക്കുന്നു. ദിലീപും കാവ്യയും ഒരു ബാത്രൂമിൽ ഒരുമിച്ചു കയറി എന്നത് വരെ ഇവിടത്തെ മാധ്യമങ്ങൾ വാർത്തയാക്കിയിട്ടുണ്ട്. അവരുടെ സ്വകാര്യതയെ പരിഗണിക്കുന്നതിനോ വ്യക്തിസ്വാതന്ത്ര്യത്തെയോ മാനിക്കുന്നതിനോ ഇ. സനീഷും, ഷാനി പ്രഭാകറും എല്ലാം അടങ്ങുന്ന മാധ്യമ പ്രവർത്തകരുടെ സമൂഹം തയ്യാറായിരുന്നു എങ്കിൽ അത്തരം വാർത്തകൾ വരുമായിരുന്നോ?

ഗോസിപ്പുകൾ കൊണ്ട് മാത്രം നിലനിൽക്കുന്ന മാധ്യമങ്ങളിലും പ്രവർത്തിക്കുന്നത് മാധ്യമ പ്രവർത്തകരെന്ന ലേബൽ ഉള്ളവരാണ് എന്നതും ഓർക്കണം. തങ്ങളുടെ സഹപ്രവർത്തകക്ക് നേരെ ഉണ്ടാകുന്ന വിമർശനങ്ങളെയും അപവാദപ്രചരണങ്ങളേയും നേരിടുവാൻ ഒരുങ്ങുമ്പോൾ തങ്ങളുടെ വിഭാഗത്തിൽ പെടുന്നവർ സമൂഹത്തിലേക്ക് കടത്തിവിട്ട വാർത്തകളെ പറ്റിയും അവർ ഓർക്കേണ്ടതുണ്ട്.

ഇനി രാഷ്ടീയ എതിരാളികളെ അപമാനിക്കുവാൻ എന്തു ഹീനമാർഗ്ഗവും സ്വീകരിക്കുമെന്നതിനെ ഉദാഹരണമായി എ.പി.അബ്ദുള്ളക്കുട്ടിയുടെ അനുഭവം മുമ്പിലുണ്ട്. ഒരു ഹർത്താൽ ദിനം ഒരു സുഹൃത്തും ഫാമിലിയും ഒരു കാറിലും മറ്റൊരു കാറിൽ അബുദുള്ളക്കുട്ടിയും സഞ്ചരിച്ചപ്പോൾ അവരെ തടയുകയും കയ്യേറ്റം ചെയ്യ്കയും ചെയ്തു. പോലീസ് ഇടപെടേണ്ട സാഹചര്യം ഉണ്ടായി. അതിനെ പറ്റി മോശം പരാമർശം നിയമസഭയിൽ വരെ ഉന്നയിച്ച് അബ്ദുള്ളക്കുട്ടിയേയും സുഹൃത്തിന്റെ കുടുമ്പത്തെയും അപമാനിച്ചു. ഈ സംഭവം മാധ്യമങ്ങളും വലിയ വാർത്തയാക്കുകയുണ്ടായി.

കോൺഗ്രസ് നേതാവ് രാജ് മോഹൻ ഉണ്ണിത്താനും ഒരു സ്ത്രീയും മഞ്ചേരിയിൽ ഒരുവീട്ടിൽ ഒരുമിച്ച് കണ്ടു എന്നതിന്റെ പേരിൽ ആളുകൾ വീടുവളഞ്ഞ് സദാചാര ഗുണ്ടായിസം നടത്തുകയും അവരെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുകയുമുണ്ടായി. വലിയ ആഘോഷത്തോടെയായിരുന്നു മനോരമ ഉൾപ്പെടെ ഉള്ള മാധ്യമങ്ങൾ ആ രംഗങ്ങൾ ലൈവായി വാർത്തകളിലൂടെ നാട്ടുകാരെ കാണിച്ചത്. ഇവിടെയും ഈ പറഞ്ഞ കൂട്ടർ അദ്ദേഹത്തിനും ആ സ്ത്രീക്കും എതിരെ മോശം പരാമർശങ്ങൾ നിറഞ്ഞ പ്രചാരണവും നൽകിയിരുന്നു.

അബ്ദുള്ളക്കുട്ടിയുടേയും രാജ്മോഹൻ ഉണ്ണിത്താന്റെയും കാര്യത്തിൽ ഈ പറഞ്ഞ ആണിനും പെണ്ണിനും ഒറ്റക്ക് സഞ്ചരിച്ചാൽ എന്താ എന്ന ന്യായം വാർത്ത നൽകിയവരോ ഇടതു പക്ഷമോ പരിഗണിച്ചില്ല എന്നത് ഓർക്കണം.

കോൺഗ്രസ് നേതാവായിരുന്ന പി ടി ചാക്കോയുടെ കാർ യാത്രയാണ് കേരള രാഷ്ടീയത്തിൽ ഇത്തരം സദാചാര ഗുണ്ടായിസത്തിനു തുടക്കമിട്ടതിൽ ഏറെ കുപ്രശസ്തമായത്. 63 വർഷം മുമ്പ് ഒരു കെ.പി.സി.സി മെമ്പറോടൊപ്പം തൃശ്ശൂരിൽ യാത്ര ചെയ്തതിറ്റ്നെ പേരിലാണ് തേജോവധം ചെയ്തത്. മന്ത്രിസ്ഥാനം മാത്രമല്ല രാഷ്ടീയം തന്നെ അദ്ദേഹം ഉപേക്ഷിച്ചു. പീച്ചി സംഭവമെന്ന് പേരിട്ട് വിളിച്ച ആ യാത്രയും വിവാദവും ഒടുവിൽ ഹൃദയം പൊട്ടിയുള്ള അദ്ദേഹത്തിന്റെ മരണത്തിലേക്ക് എത്തിച്ചു. ആ സദാചാര ഗുണ്ടായിസത്തിൽ രാഷ്ടീയക്കാർ മാത്രമല്ല മാധ്യമങ്ങളും തങ്ങളുടെ പങ്ക് വളരെ കൃത്യമായി തന്നെ നിർവ്വഹിച്ചിരുന്നു. അത്തരം സംഭവങ്ങളുടെ സ്മരണയ്ക്ക് മുമ്പിൽ നിന്നു വേണം ഷാനിക്കായി പടയ്ക്കിറങ്ങുന്നത്.

ഷാനിയെ അപമാനിക്കുവാനായി പ്രചരിപ്പിക്കപ്പെടുന്ന ലിഫ്റ്റിൽ നിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടുന്ന ഒരു ചിത്രത്തിൽ എഴുതിചേർത്ത വാചകങ്ങളിൽ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. എം.സ്വരാജ് എം.എൽ.എയുടെ സ്ഥാനത്ത് ലിഫ്റ്റിൽ വി.ടി.ബലറാമിനെ പോലെ ഒരു വലതു പക്ഷ എം.എൽ.എയോ നേതാവോ ആയിരുന്നെങ്കിൽ നിങ്ങൾ എന്തെല്ലാം നുണകൾ ചേർത്ത് പ്രചരിപ്പിക്കുമായിരുന്നു എന്ന്. ഇന്ന് ഷാനിക്കായി പറയുന്ന മാധ്യമ പ്രവർത്തകർ നാളെ വലത് പക്ഷ നേതാവ് ഒരു മാധ്യമ പ്രവർത്തകക്കൊ സിനിമാ നടിക്കോ സാധാരണ സ്ത്രീക്കൊ ഒപ്പം ഒറ്റക്ക് സഞ്ചരിക്കുന്ന ദൃശ്യം കിട്ടിയാൽ വാർത്ത പെടച്ച് റേറ്റിംഗ് കൂട്ടാതിരിക്കുമോ? എന്ന്. എ.പി.അബ്ദുള്ളക്കുട്ടിയുടെയും രാജ്മോഹൻ ഉണ്ണിത്താന്റെയും അനുഭവം മുൻ നിർത്തി ആ ചോദ്യത്തിനു ഏറെ പ്രസക്തിയുമുണ്ട്. ഇന്ന് ഷാനിക്കായി ബഹളം കൂട്ടുന്നവരിൽ നല്ലൊരു പങ്ക് അവരെ അപമാനിക്കുന്നതിന്റെ പ്രചാരകരായി രംഗത്തുണ്ടാകും എന്നതിൽ സംശയം വേണ്ട. ഷാനിക്കായി വാദിക്കുന്നവരുടെ കൂട്ടത്തിൽ സഹപ്രവർത്തകയായ ദളിത് വിഭാഗത്തിൽ പെടുന്ന യുവതിയെ തൊഴിലിടത്തിൽ വച്ച് മാനസികമായി പീഡിപ്പിച്ച് ആത്മഹത്യാ മുനമ്പിൽ എത്തിച്ചു എന്ന് ആരോപണം ഉയർന്ന വ്യക്തിയും ഉണ്ട് എന്നതാണ് വിരോധാഭാസം.

\"\"

മാധ്യമ പ്രവർത്തകരുടെ രാഷ്ടീയവും ഷാനിക്ക് നേരെ ഉള്ള സൈബർ ആക്രമണവും
മാധ്യമ പ്രവർത്തകരുടെ രാഷ്ടീയം എന്നത് ഏതാണ്ട് അതിന്റെ ആരംഭകാലം മുതൽ തന്നെ ഉണ്ടെന്ന് പറയാം. രാഷ്ട്രീയ പാർട്ടികളുടേയോ മതങ്ങളുടേയോ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർ ഒഴികെ പൊതുവെ മുഖ്യധാരാ മാധ്യമപ്രവർത്തകർ തങ്ങളുടെ രാഷ്ടീയം വാർത്താ അവതരണത്തിൽ കലർത്താതെ ഇരിക്കുക എന്ന ഒരു ഔചിത്യം ഉണ്ടാകേണ്ടത് ഉണ്ട്. എന്നാൽ കേരളത്തിലെ മാധ്യമ പ്രവർത്തകരിൽ പലരും അത് ഒഴിവാക്കി പച്ചയായ രാഷ്ടീയ പ്രവർത്തനം ഒളിച്ചു കടത്തുകയാണ് എന്ന പ്രതീതി പൊതു സമൂഹത്തിൽ
രൂഢമൂലമായിക്കൊണ്ടിരിക്കുന്നു.

എം.വി.നികേഷ് കുമാർ എന്ന മാധ്യമ പ്രവർത്തകൻ മലയാള ദൃശ്യമാധ്യമ രംഗത്ത് ഏറെ പ്രസിദ്ധിയും ജനപ്രീതിയും നേടിയ ഒരാൾ ആയിരുന്നു. ഒടുവിൽ അദ്ദെഹം രാഷ്ടീയത്തിൽ ഇറങ്ങിയതും പരാജയപ്പെട്ടതും നമ്മുടെ മുമ്പിലുണ്ട് . സിനിമാ രംഗത്ത് നിന്നും കടന്നുവന്ന ഇന്നസെന്റ്, മുകേഷ് തുടങ്ങിയവർ കഴിഞ്ഞ തവണ എം.പിയും എം.എൽ.എയുമൊക്കെയായി. നികേഷിനു പുറകെ ഇനിയും പലരും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റിനായി കണ്ണുനട്ടിരിക്കുന്നു എന്ന് കേൾക്കുന്നുണ്ട്.

മാധ്യമങ്ങളിലെ വാർത്താ അവതരണത്തിലൂടെ തങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയും പിന്തുണയും രാഷ്ടീയത്തിൽ പ്രയോജനപ്പെടുത്തുവാൻ ശ്രമിക്കുമ്പോൾ അവിടെ തകരുന്നത് മാധ്യമ പ്രവർത്തകർ എന്ന നിലയിൽ പൊതുസമൂഹം പ്രതീക്ഷിക്കുന്ന വിശ്വാസ്യതയും വാർത്തകളോടുള്ള നിഷ്പക്ഷതയുമാണ്. സ്വാഭാവികമായും മാധ്യമ പ്രവർത്തകന്റെ രാഷ്ടീയത്തിന്റെ എതിർ ചേരിക്കാർ അവസരം ലഭിക്കുമ്പോൾ അവർക്കെതിരെ നിലനിവിൽ പ്രയോഗിക്കുന്ന ഹീനമായ പ്രചാരണം നടത്തുന്നതിൽ അൽഭുതപ്പെടേണ്ടതില്ല.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഷാനി ഇടതു പക്ഷത്തു നിന്നും സ്ഥാനാർഥിയാകും എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. അവർ അത് നിഷേധിക്കുകയും ചെയ്തു. എന്നാൽ ഷാനിയുടെ രാഷ്ടീയം സുവ്യക്തമാണെന്നാണ് ഒരു വിഭാഗം പറയുന്നത്. സ്വാഭാവികമായും അവസരം കിട്ടിയപ്പോൾ പ്രതികരിച്ചു എന്നാണ് സാധാരണക്കാരില പലരുടേയും പ്രതികരണം . മലയാള മാധ്യമ രംഗത്ത് പിടിമുറുക്കിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ചേരിപൊതുസമൂഹത്തിനു മുമ്പിൽ തങ്ങൾ അനുകൂലിക്കുന്ന പ്രസ്ഥാനത്തെ വെള്ളപൂശുന്നതിനായി കിണഞ്ഞ് ശ്രമിക്കുകയും വടക്കേ ഇന്ത്യൻ വാർത്തകൾ ഇറക്കുമതി ചെയ്തു ഇവിടത്തെ രാ‍ാഷ്ടീയത്തിനു അനുകൂലമായ
അന്തരീക്ഷത്തിനു ശ്രമിക്കുകയും ചെയ്യുന്നതിനു അനവധി ഉദാഹരണങ്ങൾ ഉണ്ട്‌.

ഒരു പരിധികഴിയുന്നതോടെ പൊതുജനം ഇത്തരം ആളുകൾ വായിക്കുന്ന വാർത്തകളേയും നയിക്കുന്ന ചർച്ചകളേയും അവഗണിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തും. അതോടെ വിശ്വാസ്യത നഷ്ടപ്പെട്ട് പാർട്ടി മാധ്യമങ്ങൾ/ മഞ്ഞപത്രങ്ങൾ എന്ന് അപമാനിക്കുന്നവയുടെ അവസ്ഥയിലേക്ക് പ്രസ്തുത ആളുകൾ പ്രവർത്തിക്കുന്ന മാധ്യമങ്ങളും എത്തും. കടുത്ത മൽസരം നിലനിൽക്കുന്ന വാർത്താ മാധ്യമരംഗത്ത് റേറ്റിംഗ് പരിഗണിച്ച് രാഷ്ടീയം കളിക്കുന്ന വാർത്താ അവതാരങ്ങളെ പിണക്കുവാൻ മാനേജുമെന്റുകൾ തയ്യാറാകുന്നില്ല എന്നതിനെ ചൂഷണം ചെയ്ത് അധിക കാലം മുന്നോട്ട് പോകുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല. സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തിന്റെ ഇക്കാലത്ത് ജനങ്ങൽക്ക് മുമ്പിൽ അനവധി ബദലുകൾ കടന്നുവരും. സ്വയം വിലയിരുത്തലിനും ആവശ്യമായ തിരുത്തലിനും മാധ്യമ പ്രവർത്തകരാണ് തയ്യാറാകേണ്ടത്.

Avatar

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor