പട്ടാളക്കാര്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നത് കാണുന്നില്ലെ പിന്നെ എന്താണ് നിങ്ങള്‍ക്ക് രാജ്യത്തിനു വേണ്ടി അല്പം ത്യാഗം സഹിച്ചാല്‍? നോട്ട് റദ്ദാക്കലിനെ തുടര്‍ന്ന് നെട്ടോട്ടം ഓടുന്ന പൊതുജനങ്ങള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചാല്‍ ഉടന്‍ പട്ടാളക്കാരന്റെ കഷ്ടപ്പാടിന്റേയും ത്യാഗത്തിന്റേയും കഥകളുമായി സംഘപരിവാര്‍ അനുഭാവികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുകയാണ്. സര്‍ക്കാരിന്റെ നടപടിയിലെ പാളിച്ചകളെ വിമര്‍ശിക്കുന്നവരെ തെറിവിളിക്കുന്നതിലും “രാജ്യസ്നേഹികള്‍” മുന്നിലാണ്. കയ്യില്‍ പണം ഉണ്ടായിട്ടും നോട്ട് പിന്‍വലിക്കല്‍ പ്രതിസന്ധിയെ തുടര്‍ന്ന് അച്ഛനു വിദഗ്ദ ചികിത്സ നല്‍കുവാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മരണപ്പെട്ട സംഭവം ശ്രീജിത്ത് എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയം എന്ന നിലക്കാണ് അദ്ദേഹ് അത് പൊതുശ്രദ്ധയില്‍ കൊണ്ടുവന്നത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തിനു സംഘികളുടെ പൊങ്കാലക്ക് വിധേയനാകേണ്ടി വന്നു കേട്ടാല്‍ അറക്കുന്ന തെറികളാണ് അദ്ദേഹത്തിനു മെസ്സേജുകളായി ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് മറ്റൊരു പോസ്റ്റില്‍ സ്ക്രീന്‍ ഷോട്ട് സഹിതം വ്യക്തമാക്കുന്നു.
ഹൌവ്വ എന്ന കൊച്ചു പെണ്‍കുട്ടി നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്ന് ആശുപത്രിയില്‍ ദുരിതം അനുഭവിക്കുന്നവരെ പറ്റി പറഞ്ഞ വീഡിയോ ഫേസ്ബുക്ക് ഉള്‍പ്പെടെ ഉള്ള മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഉടനെ ആ പിഞ്ചു കുഞ്ഞിനെയും പിതാവിനേയും കേട്ടാല്‍ അറക്കുന്ന തെറികളുമായിട്ടാണ് സംഘികള്‍ എതിരിട്ടത്. കള്ളപ്പണക്കാരന്റെ മകളാണ് ഹൌവ്വയെന്ന് ഒരു വിഭാഗം പ്രചാരണം അഴിച്ചുവിട്ടു. ഇതിനിടയില്‍ കുട്ടിയുടെ മതത്തെ ചൂണ്ടിക്കാട്ടിയും അവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഹൌവ്വയുടെ പിതാവ് ഷൌക്കത്ത് അലി നാദാപുരത്തെ അറിയപ്പെടുന്ന പരിസ്ഥിതി- സാമൂഹ്യ പ്രവര്‍ത്തകനാണ്. ആം ആദ്മി പ്രവര്‍ത്തകനായ അദ്ദേഹം കേജ്രിവാളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയുമാണ്.
രാജ്യത്തിനകത്തുള്ള കള്ളപ്പണക്കാരെയും കള്ളനോട്ടുകാരെയും ഒതുക്കുക എന്ന ഉദ്ദേശ്യത്തിലാണ് ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ പിന്‍വലിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ പകരം അഞ്ഞൂറിന്റേയോ, ആയിരത്തിന്റേയോ നോട്ടുകള്‍ ഇറക്കിയില്ലെന്ന് മാത്രമല്ല പരിമിതമായ തോതില്‍ രണ്ടായിരത്തിന്റെ നോട്ടുകളാണ് പുറത്തിറക്കിയത്. കടുത്ത ചില്ലറക്ഷാമവും ഒപ്പം പണലഭ്യതയില്‍ വരുത്തിയ നിയന്ത്രണവും മൂലം രാജ്യമെമ്പാടും ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. എ.ടി.എം മെഷീനുകളില്‍ ഭൂരിപക്ഷവും പണം ഇല്ലാതെ പ്രവര്‍ത്തന രഹിതമാണ്. ആറുമാസം മുമ്പേ നോട്ടു പിന്‍വലിക്കലിനുള്ള ആസൂത്രണങ്ങള്‍ നടത്തിയെന്നും അച്ചടി തുടങ്ങിയെന്നുമാണ് അവകാശപ്പെടുന്നത്. അങ്ങിനെയെങ്കില്‍ രഘുറാം രാജന്റെ ഒപ്പാണ് പുതുതായി ഇറങ്ങിയ രണ്ടായിരത്തിന്റെ നോട്ടില്‍ വരേണ്ടിയിരുന്നത്. എന്നാല്‍ 2000 ന്റെ നോട്ടില്‍ അടുത്തിടെ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറായി ചുമതലയേറ്റ ഊര്‍ജിത് പട്ടേലിന്റെ ഒപ്പാണ് ഉള്ളത്. ജോലി ലഭിക്കും മുമ്പേ ഊര്‍ജിത് പട്ടേല്‍ എങ്ങിനെ നോട്ടില്‍ ഒപ്പ് വെക്കും എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. അതിനിടെ പുതുതായി ഇറങ്ങിയ നോട്ട് വേണ്ടത്ര ഗുണനിലവാരം ഇല്ലാത്ത പേപ്പറിലാണ് അച്ചടിച്ചതെന്ന് ആരോപണവും ഉയരുന്നുണ്ട്.
വേണ്ടത്ര വീണ്ടു വിചാരമോ മുന്നൊരുക്കമോ ഇല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിനടത്തിയ എടുത്തു ചാട്ടമാണെന്നാണ് നോട്ടു പിന്‍വലിക്കലിനെ പറ്റി അനുഭവസ്ഥരുടെ വിലയിരുത്തല്‍. എന്നാല്‍ മോദിഭക്തര്‍ ഇത് അംഗീകരിച്ചു കൊടുക്കുവാന്‍ തയ്യാറല്ല. വിമര്‍ശകരെ വളരെ മോശം ഭാഷയുപയൊഗിച്ചും പ്രായോഗികമല്ലാത്ത ഉപായങ്ങള്‍ പറഞ്ഞുമാണ് അവര്‍ നേരിടുന്നത്. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശക്തമായ വിമര്‍ശനങ്ങളും രോഷപ്രകടനങ്ങളുമായി ജനം മുന്നോട്ട് വന്നു കൊണ്ടിരിക്കുകയാണ്.