മലയാളം ഇ മാഗസിൻ.കോം

സിപിഎം ആ നിബന്ധന കർശനമാക്കിയാൽ 5 മന്ത്രിമാർ ഉൾപ്പടെ 22 എംഎൽഎമാർ പുറത്താകും?

കേരളം വീണ്ടുമൊരു ആവേശകരമായ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ ഒരുങ്ങുകയാണ്‌. എല്ലാത്തവണത്തെയും പോലെയല്ല ഇത്തവണ. ഇടതുപക്ഷം തുടർഭരണം ലക്ഷ്യമിടുന്നു യു.ഡി.എഫ്‌. ഏത്‌ വിധേനയും അധികാരം പിടിക്കാൻ ശ്രമിക്കുന്നു ഒപ്പം ബിജെപി നിലമെച്ചപ്പെടുത്താൻ കച്ചകെട്ടിയിറങ്ങുന്നു. ഒന്നും പ്രവചിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്‌ കേരളത്തിൽ ഇപ്പോൾ കാര്യങ്ങൾ. മൂന്നു മുന്നണികളും ശക്തമായ നീക്കങ്ങളുമായി തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ ഏവരും ഉറ്റു നോക്ക്കുന്നത്‌ സിപിഎമ്മിന്റെ ആ തെരഞ്ഞെടുപ്പ്‌ നിബന്ധനകളിൽ ഇത്തവണ ആർക്കൊക്കെ ഇളവ്‌ അനുവദിക്കുമെന്നാണ്‌.

കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം നിയമസഭയിലേക്ക് തുടർച്ചയായി രണ്ട് തവണ മത്സരിച്ച് ജയിച്ചവരെ മാറ്റിനിർത്തിയാകും സിപിഎം സ്ഥാനാർഥി നിർണയത്തിനൊരുങ്ങുന്നത്‌. ഇതോടെ മന്ത്രിമാർ ഉൾപ്പെടെ പലരും ഇത്തവണ തെരഞ്ഞെടുപ്പിനുണ്ടാകില്ലേയെന്ന ചർച്ചകളും ആരംഭിച്ചു. രണ്ട് ടേം നിബന്ധന പാർട്ടി കർശനമായി നടപ്പിലാക്കുകയാണെങ്കിൽ 5 മന്ത്രിമാർ ഉൾപ്പെടെ 22 എംഎൽഎമാർ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ലെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ചില നേതാക്കൾക്ക് പാർട്ടി നേതൃത്വം ഇളവ് അനുവദിക്കുമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ഇക്കുറി പിണറായി വിജയൻ നയിക്കുന്ന ഇടതുമുന്നണി മന്ത്രിസഭയിലെ 11 സിപിഎം മന്ത്രിമാരിൽ അഞ്ച് പേരാണ് രണ്ടോ അതിലധികമോ തവണ തുടർച്ചയായി മത്സരിച്ച് ജയിച്ചവർ. തോമസ് ഐസക്, എകെ ബാലൻ, ജി സുധാകരൻ, സി രവീന്ദ്രനാഥ്, ഇപി ജയരാജൻ എന്നിവരാണ് ഈ മന്ത്രിമാർ. തോമസ് ഐസക്, എകെ ബാലൻ എന്നിവർ നാല് തവണയും ജി സുധാകരൻ സി രവീന്ദ്രനാഥ് എന്നിവർ മൂന്ന് തവണയും മത്സരിച്ച് ജയിച്ചവരാണ്. ഐസക് രണ്ട് തവണ ആലപ്പുഴ നിയോജക മണ്ഡലത്തിൽ നിന്നും അതിനു മുമ്പ് മാരാരിക്കുളത്ത് നിന്നുമാണ് സഭയിലെത്തിയത്.

എകെ ബാലൻ കുഴൽമന്ദം, തരൂർ എന്നിവിടങ്ങളിൽ നിന്നും. രവീന്ദ്രനാഥ് പുതുക്കാട്, കൊടകര മണ്ഡലങ്ങളെയും പ്രതിനിധീകരിച്ചു. ജി സുധാകരൻ തുടർച്ചയായി മൂന്ന് തവണയും അമ്പലപ്പുഴയിൽ നിന്നാണ് സഭയിലെത്തിയത്. ഇപി ജയരാജൻ കഴിഞ്ഞ രണ്ട് തവണയും മട്ടന്നൂരിൽ നിന്നാണ് മത്സരിച്ച് ജയിച്ചത്. എന്നാൽ ഇവരെല്ലാവരും മത്സരരംഗത്ത് നിന്ന് മാറി നിൽക്കാൻ സാധ്യത വളരെക്കുറവാണ്. മുന്നണിക്ക് അധികാരം ലഭിക്കുകയാണെങ്കിൽ നേതൃപരമായ ഇടപെടലുകൾ നടത്താൻ ചിലരെയെങ്കിലും വീണ്ടും മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചേക്കും എന്നാണ്‌ സൂചന.

സിപിഎമ്മിൽ നിന്നും തുടർച്ചയായി രണ്ടും മൂന്നും തവണ പൂർത്തിയാക്കിയവരിൽ 17 എംഎൽഎമാരാണുള്ളത്. കെ കുഞ്ഞിരാമന്‍ – ഉദുമ, സി കൃഷ്ണന്‍ – പയ്യന്നൂര്‍, ജയിംസ് മാത്യു – തളിപ്പറമ്പ്, ടിവി രാജേഷ് – കല്യാശ്ശേരി, പുരുഷന്‍ കടലുണ്ടി – ബാലുശ്ശേരി, കെ ദാസന്‍ – കൊയിലാണ്ടി, എ പ്രദീപ്കുമാര്‍ – കോഴിക്കോട് നോര്‍ത്ത് (മൂന്നു തവണ), പി ശ്രീരാമകൃഷ്ണന്‍- പൊന്നാനി, കെവി അബ്ദുള്‍ഖാദര്‍ – ഗുരുവായൂര്‍ (മൂന്നു തവണ), ബിഡി ദേവസ്സി – ചാലക്കുടി (മൂന്നു തവണ), എസ് ശര്‍മ്മ – വൈപ്പിന്‍ (മൂന്നു തവണ), സുരേഷ് കുറുപ്പ് – ഏറ്റുമാനൂര്‍.

രാജു ഏബ്രഹാം – റാന്നി (തുടര്‍ച്ചയായി നാല് തവണ റാന്നിയില്‍ നിന്ന് വിജയിച്ചയാളാണ് രാജു ഏബ്രഹാം) അയിഷ പോറ്റി- കൊട്ടാരക്കര (മൂന്നു തവണ), ആര്‍ രാജേഷ്- മാവേലിക്കര, എസ് രാജേന്ദ്രന്‍ – ദേവികുളം (മൂന്നു തവണ), ബി സത്യന്‍- ആറ്റിങ്ങല്‍ എന്നിവർ. ഇവരിൽ ആർക്കൊക്കെ വീണ്ടും അവസരം ലഭിക്കുമെന്നത് സംസ്ഥാന നേതൃത്വത്തിന് പുറമെ പ്രാദേശിക താൽപ്പര്യം കൂടി പരിഗണിച്ചാകും തീരുമാനിക്കുക.

തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ രണ്ട് ടേം പൂർത്തിയായവർക്ക് വീണ്ടും അവസരമുണ്ടാകില്ലെ എന്ന നിലപാട് സ്വീകരിച്ചാലും നേതൃനിരയിൽ നിൽക്കുന്നവർക്ക് വീണ്ടും അവസരം ലഭിക്കാൻ സാധ്യതയുണ്ട്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിന് ഇറങ്ങുന്നു എന്നതുകൊണ്ട് സീറ്റുകൾ നിലനിർത്താൻ ആരെയൊക്കെ കളത്തിലിറക്കണമെന്നത് പരിഗണിച്ചാകും നേതൃത്വം അന്തിമ തീരുമാനമെടുക്കുക.

തോമസ് ഐസക്കിനെപ്പോലൊരു നേതാവിന് സിപിഎം വീണ്ടും അവസരം നൽകാൻ സാധ്യത ഏറെയാണെന്ന് പറയുമ്പോഴും അദ്ദേഹം മത്സരരംഗത്തുണ്ടാകില്ലെന്ന സൂചനയും ഇതിനോടകം വന്നു കഴിഞ്ഞു. ജി സുധാകരനും മത്സര രംഗത്ത് ഉണ്ടായേക്കാം. അതേസമയം ഇപി ജയരാജൻ മാറി നിൽക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സംഘടനാ നേതൃത്വ ചുമതല ലഭിക്കുകയാണെങ്കിൽ ഇപി ജയരാജൻ ഇക്കുറി അങ്കത്തിനിറങ്ങാൻ സാധ്യതയില്ല.

Avatar

Staff Reporter