ചരിത്രത്തിൽ ഇന്നോളമില്ലാത്ത വിധം കനത്ത പരാജയം ഏറ്റു വാങ്ങിയിരിക്കുകയാണ് കേരളത്തിൽ സിപിഎം. അതോടൊപ്പം ദേശീയ പാർട്ടി പദവി പോലും നഷ്ടമായിരിക്കുന്നു. പരാജയത്തിന്റെ ആഘാതം വർദ്ധിപ്പിച്ചുകൊണ്ട് ലക്ഷത്തിനു മുകളിലോ അതിനോടടുത്ത വോട്ടുകൾക്കോ ആണ് പലയിടത്തും കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ച് കയറിയത്. സംസ്ഥാന ഭരണവും മാധ്യമ പിന്തുണയും ഉണ്ടായിട്ടും പാർട്ടിയിലെ കരുത്തരായ പി.ജയരാജനും, എം.ബി.രാജേഷും സമ്പത്തും ശ്രീമതി ടീച്ചറും പി.കെ. ബിജുവും ഉൾപ്പെടെ വൻ മരങ്ങളാണ് കടപുഴകി വീണത്. ഇതോടെ പാർട്ടി എന്തു കൊണ്ട് തോറ്റു എന്ന് എന്ന ചോദ്യം സ്വഭാവികമായും ഉയർന്നു കഴിഞ്ഞു. മോദിഭീതിയിൽ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നു എന്നാണ് പലരും പറയുന്നത്, വിശ്വാസികളെ വലതു പക്ഷം തെറ്റിദ്ധരിപ്പിച്ചു എന്ന് പി.ജയരാജൻ പറയുകയുണ്ടായി. എന്നാൽ ആരും ശാബരിമല യുവതീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിയും സ്വീകരിച്ച നിലപാടിന്റെ വീഴ്ചയാണ് എന്ന് പറയുന്നില്ല.

ശബരിമല വിഷയത്തിൽ പിണറായി വിജയൻ പിടിവാശിക്ക് പകരം അല്പം അവധാനത കാണിച്ചിരുന്നു എങ്കിൽ ഇത്രയും വലിയ ഒരു പരാജയം ഏറ്റുവാങ്ങേണ്ടിവരില്ലായിരുന്നു. ദേവസ്വം ബോർഡും സർക്കാരും യുവതീ പ്രവേശനത്തെ പിന്തുണച്ചുകൊണ്ട് സുപ്രീം കോടതിയിൽ നിലപാടെടുക്കുകയും അതനുസരിച്ചുള്ള കോടതി വിധി ലഭിക്കുകയും ചെയ്തപ്പോൾ മറ്റൊന്നും ചിന്തിക്കാതെ നടത്തിയ എടുത്തു ചാട്ടം വലിയ പ്രത്യാഘാതം വരുത്തും എന്ന് ചൂണ്ടിക്കാണിക്കുവാൻ പി.ബി അംഗങ്ങൾ ഉൾപ്പെടെ ആർക്കും ധൈര്യം ഇല്ലായിരുന്നു. പിണറായിയുടെ ദാർഷ്ട്യവും ഉഗ്രകോപവും അറിയാവുന്നതിനാൽ സ്വന്തം സ്ഥാനമാനങ്ങൾ നഷ്ടപ്പെടാതിരിക്കുവാൻ പലരും മൗനം പാലിച്ചു. അതേ മൗനം തന്നെയാണ് ഇപ്പോൾ വലിയ പരാജയം നേരിട്ടപ്പോഴും കേന്ദ്ര നേതാക്കൾ മുതൽ സംസ്ഥാന കമ്മറ്റിയിലെ ഉൾപ്പെടെ ഉള്ള നേതാക്കൾ തുടരുന്നത്.
പാർട്ടി രൂപീകരിക്കപ്പെട്ട കാലം മുതൽ പ്രത്യേക പ്രീണനം ഒന്നുമില്ലാതെ അടിത്തറ ശക്തമാക്കിയത് ഹിന്ദു വിഭാഗത്തിൽ നിന്നുള്ള അണികളും നേതാക്കളും നടത്തിയ ആത്മാർഥമായ പ്രവർത്തനം കൊണ്ടായിരുന്നു. അനേകം പേർ രക്ത്സാക്ഷികളുമായി. തുറന്ന ചർച്ചകൾക്ക് വേദിയായിരുന്ന പാർട്ടി കമ്മറ്റികൾ പിണറായി വിജയൻ സെക്രട്ടറിയായതോടെ വലിയ മാറ്റങ്ങൾക്ക് വിധേയമാക്കപ്പെട്ടു. ഇടക്കാലത്ത് വിഭാഗീയത പാർട്ടിയെ പിടികൂടിയപ്പോൾ പാർട്ടി സെക്രട്ടിയായ പിണറായി വിജയൻ തന്റെ കരുത്ത് ഉപയോഗിച്ച് അതിനെ ഒതുക്കി. അതിൽ വി.എസ് എന്ന അതികായനൊപ്പം നിന്ന പലരും നിഷ്കരുണം ഒതുക്കപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്തു. നിലനില്പിനായി പലരും പിണറായി പക്ഷത്തേക്ക് മാറി.

കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്ത് എത്തിയപ്പോഴും അവസാനവാക്ക് പിണറായി വിജയൻ തന്നെയായി നിലനിൽക്കുന്നു എന്നു വേണം കരുതുവാൻ. അതിനാൽ തന്നെ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്ന കോടതി വിധിക്കെതിരെ സാവകാശ ഹർജി ഉൾപ്പെടെ ഉള്ള കാര്യങ്ങൾ ചെയ്യാതെ തന്റെ നിലപാട് ഏതു നിലക്കും നടപ്പിലാക്കുവാൻ പിണറായി വിജയൻ തീരുമാനിച്ചപ്പോൾ മറ്റുള്ള നേതാക്കൾക്ക് നിശ്ശബ്ദരാകേണ്ടിവന്നു. നാമജപ യഞ്ജവുമായി സ്തീകൾ തെരുവിൽ ഇറങ്ങിയപ്പോഴും അപകടം തിരിച്ചറിയുവാൻ പിണറായി തയ്യാറായില്ല. അത് പിന്നീട് സംഘപരിവാർ ഏറ്റെടുക്കുക കൂടെ ചെയ്തതോടെ വാശി കൂടി. രഹനഫാത്തിമയെന്ന ബിക്കിനി മോഡലിനെ പോലീസ് വേഷം കെട്ടിച്ച് മലചവിട്ടുവാൻ ശ്രമിച്ചതോടെ കാര്യങ്ങൾ വഷളായി. പലയിടത്തും അക്രമങ്ങൾ നടന്നു. ആ അവസരത്തിലും പിണറായിക്കെതിരെ പറഞ്ഞാൽ പദവികൾ നഷ്ടപ്പെടുമോ എന്ന ആശങ്കയായി പലർക്കും. ദേവസ്വം മന്ത്രി കടകമ്പിള്ളിക്കും ദേവസ്വംബോർഡ് പ്രസിഡണ്ടിനും ഭക്തർക്കൊപ്പമാണെന്നും കോടതിവിധി നടപ്പിലാക്കേണ്ടതുണ്ടെന്നുമെല്ലം പലതരത്തിൽ പറയേണ്ടതായും വന്നു.
സംഘപരിവാറിന്റേയും വിശ്വാസികളുടേയും ശക്തമായ ചെറുത്തു നില്പിനെ മറികടന്ന് ജനുവരി 2ന് വിശ്വാസികളല്ലാത്ത ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണിയേയും കനക ദുർഗ്ഗയേയും അർദ്ധരാത്രിയിൽ ആംബുലൻസിൽ കയറ്റി ശബരിമലയിൽ എത്തിച്ച് പിണറായി വിജയൻ തന്റെ വിജയം ആഘോഷിച്ചു. എന്നാൽ അതിനു വലിയ വില നൽകേണ്ടിവരുമെന്ന് പാർട്ടി അനുഭാവികളായ പലരും അന്നേ സൂചിപ്പിച്ചിരുന്നു. സംഘപരിവാർ ശബരിമല വിഷയം ഉയർത്തി ഹൈന്ദവ വോട്ടുകൾ ഭിന്നിപ്പിക്കുമെന്നും മോദിയെ ചെറുക്കുവാൻ ഇടതു പക്ഷത്തിനേ ആകൂ എന്ന് പറഞ്ഞ് ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താമെന്നും ആയിരുന്നു കണക്കു കൂട്ടൽ.
എന്നാൽ ആ കണക്കു കൂട്ടലുകൾ തെറ്റിയത് രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കുവാൻ എത്തിയതോടു കൂടെയാണ്. മോദിയെ ചെറുക്കുവാൻ സിപിഎം അല്ല കോൺഗ്രസ്സാണ് കേന്ദ്രത്തിൽ വരേണ്ടതെന്ന് ന്യൂനപ്ക്ഷങ്ങൾ വിശ്വസിച്ചു. ഒപ്പം ശബരിമല വിഷയത്തിൽ സിപിഎമ്മിനോടുള്ള പ്രതിഷേധം ഹൈന്ദവർ കോൺഗ്രസിനു വോട്ടു ചെയ്തു കൊണ്ട് പ്രകടിപ്പിക്കുകയുംചെയ്തു. ബിജെപിക്ക് വിജയിക്കുവാൻ ആയില്ലെങ്കിലും 4.6 % വോട്ടുകൾ വർദ്ധിപ്പിക്കുവാൻ ആയി.

പരാജയത്തിന്റെ ഉത്തരവാദിത്വം പിണറായി വിജയനാണെന്ന് പൊതു സമൂഹം കരുതുമ്പോഴും പാർട്ടിക്കകത്ത് അത് ഉന്നയിക്കുവാൻ ആരും തയ്യാറാകില്ല. അതേ സമയം ബിജെപിയിലും സിപിഐയിലും നേതൃത്വത്തിനെതിരെ ശക്തമായ വിമർശനം ഉയരുകയും ചെയ്യും. ബിജെപി പ്രസിഡണ്ട് ശ്രീധരൻ പിള്ളയെ തൽസ്ഥാനത്തു നിഞ്ഞും മാറ്റുവാൻ ഗ്രൂപ്പ് ഭേദമില്ലാതെ ഒറ്റക്കെട്ടായി ആവശ്യം ഉയരുവാൻ ഇടയുണ്ട്. ഇതിനോടകം തന്നെ പലരും പരസ്യമായി രംഗത്തെത്തുകയും ചെയ്തു. വൻ വിജയം കൈവരിച്ചതിനാൽ കോൺഗ്രസിൽ തൽക്കാലം പ്രസിഡണ്ടിനു നേരെ വിമർശനം ഉയരില്ല. ആലപ്പുഴയിലെ ഷാനിമോൾ ഉസ്മാന്റെ പരാജയത്തെ സംബന്ധിച്ച് ചെന്നിത്തലക്ക് എതിരെ വിമർശനം ഉയർന്നേക്കാം. ജനാധിപത്യപരമായ വിമർശനത്തിനും പരാജയ കാരണം വിലയിരുത്തി ആവശ്യമായ നേതൃ മാറ്റങ്ങൾക്കും ബിജെപിയിലും കോൺഗ്രസിലും ഇന്നും സാധ്യത ഉണ്ട് എന്നാൽ സിപിഎമ്മിൽ അതില്ല എന്നാണ് വ്യക്തമാകുന്നത്.
അതേ സമയം പരാജയനാന്തരം ബിജെപിയിൽ അടിമുടി അഴിച്ചു പണിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. സംസ്ഥാന അധ്യക്ഷൻ അഡ്വ.ശ്രീധരൻ പിള്ള ഉൾപ്പെടെ പല നേതാക്കളേയും സ്ഥാനങ്ങളിൽ നിന്നു മാറ്റി പുതിയവരെ ഉൾപ്പെടുത്തുവാൻ ഉള്ള ആലോചനയിലാണ് കേന്ദ്ര നേതൃത്വം. മോദി മന്ത്രിസഭ അധികാരത്തിൽ ഏറ്റ ഉടനെ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും എന്നാണ് സൂചന. ജില്ലാ താലൂക്ക് തലങ്ങളിൽ തന്നെ മാറ്റം അനിവാര്യമാണെന്നാണ് ഒരു വിഭാഗം പ്രവർത്തകരും നേതാക്കളും ആവശ്യപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവും അധികം ആർ.എസ്.എസ് ശാഖകൾ ഉള്ളത് കേരളത്തിലാണ്. ബിജെപിയിലേക്ക് ആളുകൾ ധാരളമായി വന്നുകൊണ്ടിരിക്കുന്നുമുണ്ട്. എന്നാൽ വോട്ട് വർദ്ധിക്കുമ്പോഴും വിജയം വരിക്കാനാകാത്തത് സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തിന്റെ പോരായ്മയാണെന്ന് പലതവണ വ്യക്തമായി.

പ്രധാനമായും ആരോപണം ഉയരുന്നത് സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളക്കെതിരെ ആണ്. അടിക്കടി പ്രസ്ഥാവനകൾ മാറ്റി പറയുന്നതിലൂടെ ശബരിമല ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ ശ്രീധരൻ പിള്ള അണികളിലും പൊതു സമൂഹത്തിലും തെറ്റിദ്ധാരണ ഉണ്ടാക്കി എന്നതാണ് ഒരു പരാതി. ഏകോപനത്തിലും അദ്ദെഹത്തിനു വീഴ്ചവന്നു. ജനപിന്തുണയോ പാർട്ടി അണികളുടെ പിന്തുണയോ ഉള്ള നേതാവല്ല ശ്രീധരൻ പിള്ളയെന്ന് തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം നേടിയ വോട്ടുകൾ മുതൽ ഫേസ്ബുക്ക് പെജിലെ ‘സംഘി‘കളുടെ കമന്റുകൾ വരെ വ്യക്തമാക്കുന്നു.
തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിലേക്ക് തന്റെ പേരു ഉയർത്തിക്കൊണ്ടുവരുവാൻ ശ്രമിച്ചതായ വാർത്തകൾ വന്നപ്പോഴും തൃശ്ശൂരിൽ സ്ഥാനാർഥി നിർണ്ണയം വൈകിച്ച സമയത്തും അദ്ദെഹത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. അമിത്ഷായുടെ ഫേസ്ബുക്ക് പേജിൽ മലയാളികൾ കമന്റുകൾ കൊണ്ട് നിറച്ചക്കുകയും ചെയ്തു. മികച്ച ഒരു സംസ്ഥാന നേതൃത്വം ഇല്ലാതെ ബിജെപിക്ക് മുന്നോട്ട് പോകാനാകില്ലെന്ന് കേന്ദ്ര നേതൃത്വവും തിരിച്ചറിയുന്നുണ്ട്. ഒരു സീറ്റിൽ എങ്കിലും വിജയിക്കുവാൻ ആകുക എന്ന ലക്ഷ്യം കാണാതെ പോയതിന്റെ കാരണം എന്തെന്ന അമിത്ഷായുടെ ചോദ്യത്തിനു മറുപടി പറയുവാൻ സംസ്ഥാന നേതൃത്വം ഏറെ വിയർക്കേണ്ടിവരും.