മലയാളം ഇ മാഗസിൻ.കോം

കോവിഡ്‌ വകഭേദങ്ങൾക്ക്‌ കോവാക്‌സിനും കോവിഷീൽഡും ഫലപ്രദമാണോ? രണ്ടും മിക്സ്‌ ചെയ്ത്‌ എടുത്താൽ ഗുണം കൂടുമോ? റിപ്പോർട്ട്‌ പുറത്ത്‌

കോവിഡ് വൈറസിന്റെ ഏറ്റവും അപകടകരമായ വകഭേദമായ ഡെല്‍റ്റയ്ക്കെതിരെ വാക്‌സിന്റെ ഫലപ്രാപ്തി ചര്‍ച്ചയായിരിക്കുകയാണ്. കോവിഡ് രോഗബാധയുടെ എണ്ണം വീണ്ടും വര്‍ധിക്കാന്‍ ഡെല്‍റ്റ വകഭേദങ്ങള്‍ കാരണമായ സാഹചര്യത്തിലാണ് ഇത്. വിവിധ വാക്‌സിനുകള്‍ ഡെല്‍റ്റ, ഡെല്‍റ്റ പ്രസ് വകഭേദങ്ങള്‍ക്കെതിരെ എത്രമാത്രം ഫലപ്രദമാണ് എന്ന് അന്വേഷിച്ച്‌ നിരവധി പഠനങ്ങള്‍ നടന്നുകഴിഞ്ഞു.

ഐസിഎംആര്‍ പുതിയ വാക്സിന്‍ പഠനവുമായി എത്തിയിരിക്കുകയാണ്. ഡെല്‍റ്റക്കെതിരെ കോവിഷീല്‍ഡിന്റെയും കോവാക്‌സിന്റെയും ഫലപ്രാപ്തിയാണ് ഐസിഎംആര്‍ അന്വേഷിച്ചത്. ഒരു ഡോസ് വാക്‌സിനെടുത്തവരിലും രണ്ട് ഡോസ് വാക്‌സിനെടുത്തവരിലുമാണ് പഠനം നടത്തിയത്.

ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ പ്രതിരോധ കുത്തിവെപ്പെടുത്ത വ്യക്തികളില്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരായ പ്രതിരോധം ഫലപ്രദമാണെന്ന് ഐസിഎംആര്‍ കണ്ടെത്തല്‍. എന്നാല്‍ കോവിഷീല്‍ഡ് വാക്‌സിനെടുത്തവരില്‍ ഐസിഎംആര്‍ നടത്തിയ സമാന പഠനത്തില്‍, രണ്ട് ഡോസ് സ്വീകരിച്ച വ്യക്തികളില്‍ ഡെല്‍റ്റ വകഭേദത്തിനെതിരെ ഉയര്‍ന്ന പ്രതിരോധശേഷി ഉണ്ടെന്ന് തെളിഞ്ഞു.

ഡെല്‍റ്റ പ്ലസ് വകഭേദം ഏപ്രിലില്‍ ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തുകയും ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

കോവാക്‌സിന്‍— കോവിഷീല്‍ഡ് വാക്‌സിനുകളുടെ മിശ്രിത പരീക്ഷണം മികച്ച ഫലമാണ് കാഴ്ചവെച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഉത്തര്‍പ്രദേശില്‍ അബദ്ധത്തില്‍ രണ്ടുവാക്‌സിനുകള്‍ ലഭിച്ച 18 വ്യക്തികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അഡിനോവൈറസ് വെക്ടര്‍ വാക്‌സിന്റെയും ഹോള്‍ വിറിയണ്‍ ഇനാക്ടിവേറ്റഡ് കൊറോണ വൈറസ് വാക്‌സിന്റെയും സംയുക്തം നല്‍കുന്നത് സുരക്ഷിതമാണെന്ന് മാത്രമല്ല പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും പഠനത്തില്‍ പറയുന്നു.

ഒരേ വാക്‌സിന്റെ തന്നെ രണ്ടുഡോസുകള്‍ നല്‍കുന്ന ഹോമോലോഗസ് സമീപനമാണ് ഇന്ത്യ പിന്തുടര്‍ന്നത്. എന്നാല്‍ വാക്‌സിന്‍ യജ്ഞത്തിനിടെ ഉത്തർപ്രദേശിൽ 18 പേര്‍ക്ക് അബദ്ധത്തില്‍ രണ്ടു വാക്‌സിനുകളുടെയും ഡോസുകള്‍ നല്‍കി. അതായത് ആദ്യ ഡോസ് കോവിഷീല്‍ഡ് കുത്തിവെച്ചവര്‍ക്ക് രണ്ടാമത്തെ തവണ കോവാക്‌സിനാണ് നല്‍കിയത്. ഇതേത്തുടർന്നാണ് പഠനം നടത്തിയത്.

ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരേ രണ്ടു വ്യത്യസ്ത വാക്‌സിനുകളുടെ ഡോസുകള്‍ ലഭിച്ചവര്‍ക്ക് പ്രതിരോധ ശക്തി കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. ഇത് കോവിഡ് പ്രതിരോധം കുറേക്കൂടി ശക്തമാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ചില വാക്‌സിനുകള്‍ നേരിടുന്ന ക്ഷാമം പരിഹരിക്കാനും ഇത് സഹായിക്കും. തന്നെയുമല്ല വാക്‌സിന്‍ സംബന്ധിച്ച് ജനങ്ങളുടെ മനസ്സില്‍ നിലനില്‍ക്കുന്ന ആശങ്ക ദുരീകരിക്കാനും സാധിക്കും., പഠനത്തില്‍ പറയുന്നു.

അതേസമയം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക നിര്‍ദേശം നല്‍കുന്നത് വരെ സ്വയമേവ രണ്ടുവാക്‌സിനുകളുടെ ഡോസുകള്‍ സ്വീകരിക്കരുതെന്നും നിര്‍ദേശമുണ്ട്.

Avatar

Kallus

Video Content Creator