മലയാളം ഇ മാഗസിൻ.കോം

കോവിഡ്: അടുത്ത 40 ദിവസം നിർണായകം, കേസുകൾ കുതിച്ചുയരും

കോവിഡ് മഹാമാരിയുടെ പ്രതിരോധത്തിൽ അടുത്ത 40 ദിവസങ്ങൾ ഇന്ത്യക്ക് നിർണായകമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ. കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഔദ്യോ​ഗിക വൃത്തങ്ങൾ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്.

കിഴക്കൻ ഏഷ്യയിൽ വൈറസ് വ്യാപനം ശക്തമായി ഏകദേശം 30-35 ദിവസങ്ങൾക്ക് ശേഷം കോവിഡ് -19 ന്റെ പുതിയ തരംഗം ഇന്ത്യയിൽ എത്തുന്നതായിരുന്നു മുൻ രീതിയെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇത്തവണയും അതേപ്രവണത തുടരാനാണ് സാധ്യതയെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. 

ഒമിക്രോൺ സബ് വേരിയന്റ് BF.7 ആണ് ഇപ്പോൾ കോവിഡ് കേസുകളുടെ ക്രമാതീതമായ വർധനവിന് കാരണമാകുന്നത്.  BF.7 സബ് വേരിയന്റിന്റെ വ്യാപനശേഷി വളരെ ഉയർന്നതാണെന്നും രോഗബാധിതനായ ഒരാളിൽ നിന്നും 16 പേർക്ക് കൂടി രോഗം ബാധിക്കാമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതുകൊണ്ട് തന്നെ നാലാം തരം​ഗത്തിൽ കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലായിരിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ നൽകുന്ന മുന്നറിയിപ്പ്. 

അതേസമയം, കോവിഡിന്റെ നാലാം തരം​ഗം ഉണ്ടായാലും അണുബാധയുടെ തീവ്രത കുറവായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. നാലാം തരം​ഗത്തിൽ മരണവും ആശുപത്രിവാസവും വളരെ കുറവായിരിക്കുമെന്നും അവർ പറഞ്ഞു.

ചൈനയും ദക്ഷിണ കൊറിയയും ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയും സ്ഥിതി​ഗതികൾ നിരീക്ഷിച്ച് വരികയാണ്. കേന്ദ്ര സർക്കാർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ഏത് സാഹചര്യത്തിനും തയ്യാറെടുക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

YOU MAY ALSO LIKE THIS VIDEO, 4 എണ്ണത്തിൽ തുടങ്ങി, ഇപ്പോൾ 50ൽ അധികം: Love Birds, Budgies വളർത്തലിൽ നല്ല വരുമാനം കണ്ടെത്തി വീട്ടമ്മ

Avatar

Staff Reporter