ചൈനയിലും അമേരിക്കയിലും കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ഇന്ത്യയും ജാഗ്രതയിലാണ്. ഒമിക്രോൺ വകഭേദമായ BF-7 ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. ചൈനയിൽ വ്യാപിക്കുന്ന വകഭേദമാണിത്. ഗുജറാത്തിൽ രണ്ട് പേർക്കും ഒഡീഷയിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. അതിവേഗ വ്യാപനശേഷിയുള്ള വകഭേദമാണിത്. ഗുജറാത്തിൽ 61കാരിയിലാണ് ഈ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. അമേരിക്കയിൽനിന്ന് അടുത്തിടെയാണ് ഇവർ മടങ്ങിയെത്തിയത്. ഇന്ത്യയിൽ ബിഎഫ് 7 സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.
ചൈനയിലെ കോവിഡ് വ്യാപനത്തിൽ അമേരിക്കയും ആശങ്ക രേഖപ്പെടുത്തി. ചൈനയിൽ കോവിഡ് മരണങ്ങളും കോവിഡ് ബാധയും സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ്. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞുകഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. സ്ഥിതിഗതികൾ അത്ര സുഖരമല്ലെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യോമഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷം തന്നെ ആവശ്യപ്പെടുന്നുണ്ട്. ഇതോടെ വീണ്ടുമൊരു ലോക് ഡൗണിലേക്കാണോ രാജ്യം പോകുന്നതെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
രാജ്യത്തെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന പുനരാരംഭിക്കും. രാജ്യാന്തര യാത്രക്കാരുടെ സ്രവമാണ് ശേഖരിക്കുക. പനിയും ചുമയും പ്രധാന രോഗ ലക്ഷണം. മറ്റ് രോഗമുളളവരും പ്രായമായവരും ശ്രദ്ധിക്കണം. വിദേശത്ത് നിന്ന് എത്തുന്നവരുടെ റാൻഡം സാമ്പിൾ പരിശോധിക്കും.
രണ്ടു വർഷത്തിലേറെ നീണ്ട കോവിഡ് നിയന്ത്രണങ്ങളിൽ നിന്നും രാജ്യം പൂർണമായും മുക്തമായി വരുന്നതിനിടെയാണ് ചൈനയിലെ കോവിഡ് വ്യാപനം വീണ്ടും ഭീഷണി ഉയർത്തുന്നത്. കോവിഡിനൊപ്പം ജീവിക്കുക എന്ന നയം ലോകമാകെ കൈക്കൊണ്ടപ്പോഴും ലോക്ഡൗൺ തുടർന്ന രാജ്യമാണ് ചൈന. ജനകീയ പ്രക്ഷോഭങ്ങളെ തുടർന്നാണ് ചൈനയിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. ഇതിന് പിന്നാലെയാണ് കോവിഡ് വ്യാപനം രൂക്ഷമായത്. പൂർണമായും വാക്സിനേഷൻ നടത്തിയെങ്കിലും കോവിഡ് വകഭേദങ്ങളെ ചെറുക്കാൻ വാക്സിന് കഴിയുമോ എന്ന കാര്യത്തിൽ സർക്കാരിനും ഗവേഷകർക്കും ആരോഗ്യ പ്രവർത്തകർക്കും ഉറപ്പൊന്നുമില്ല.
ലോക്ഡൗൺ നടപ്പിലാക്കുക എന്നത് ഇന്ന് വലിയ റിസ്ക്കുള്ള കാര്യമല്ലെന്ന് കേന്ദ്ര സർക്കാരിനും ബോധ്യമുണ്ട്. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നടന്നടുക്കുമ്പോൾ ലോക് ഡൗൺ എങ്ങനെ ബാധിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും തീരുമാനം. വിദ്യാഭ്യാസവും തൊഴിലും ഓൺലൈനായി മാറ്റാൻ ഇന്ന് വലിയ പ്രയാസമില്ല. കൂലിപ്പണിക്കാരായ ആളുകളെ സർക്കാരുകൾക്ക് സംരക്ഷിക്കാൻ കഴിഞ്ഞാൽ വരാനിരിക്കുന്ന കോവിഡ് സൂപ്പർ തരംഗത്തെ ലോക് ഡൗൺ കൊണ്ട് പ്രതിരോധിക്കാനാകും.
അതേസമയം, രാജ്യത്ത് രാഷ്ട്രീയ അന്തരീക്ഷത്തിൽ ചില മാറ്റങ്ങൾ വരുന്നതും കോവിഡിന്റെ മറവിൽ ലോക് ഡൗൺ പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചേക്കും. ഹിമാചൽ പ്രദേശിലെ കോൺഗ്രസ് വിജയം കോൺഗ്രസിന് പുതുജീവൻ നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും കോൺഗ്രസിന് ഗുണം ചെയ്യുന്നു എന്ന തിരിച്ചറിവ് ബിജെപിക്കുണ്ട്. ജോഡോ യാത്രയെ ആദ്യ കാലങ്ങളിൽ പരിഹസിച്ച് ആവശ്യമില്ലാത്ത പ്രചാരണം ബിജെപി നേതാക്കൾ തന്നെ നൽകിയെന്ന വിമർശനവും ബിജെപിക്കുള്ളിലുണ്ട്. 2023ൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ ഒമ്പത് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
ഛത്തീസ്ഗഡ്, കർണാടക, മധ്യപ്രദേശ്, മേഘാലയ, മിസോറാം, നാഗാലാൻഡ്, രാജസ്ഥാൻ, ത്രിപുര, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പും സർക്കാർ അടുത്ത വർഷം നടത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യങ്ങളും കൂടി കണക്കിലെടുത്താകും കേന്ദ്ര സർക്കാർ ലോക് ഡൗൺ എന്ന വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുക.
YOU MAY ALSO LIKE THIS VIDEO,റിട്ടയർമെന്റിനു ശേഷം ചെടികളെ സ്നേഹിച്ചു, അവർ തിരികെ സ്നേഹിച്ചു തുടങ്ങിയപ്പോൾ ഷാഹിദാബീവി എന്ന വീട്ടമ്മയ്ക്ക് കിട്ടുന്നത് ലക്ഷത്തിലധികം വാർഷിക വരുമാനം, ഓർക്കിഡും ഹോയയും താമരയും ആമ്പലുമാണ് ഇവിടെ സൂപ്പർ താരങ്ങൾ | Housewife Gardening in Kollam Sasthamcotta