മലയാളം ഇ മാഗസിൻ.കോം

അറിയാമോ, സന്തുഷ്ടമായ ദാമ്പത്യത്തിന് വശ്യപ്പൊരുത്തം മാത്രം മതി, നിങ്ങൾക്കുണ്ടോ എന്ന് നോക്കൂ

ദാമ്പത്യജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നതിനു മുന്‍പ് ഒരുവിധം ആളുകള്‍ എല്ലാം ഏതെങ്കിലും ഒരു ജ്യോത്സ്യനെ കണ്ടു കാണും. ജാതകങ്ങള്‍ തമ്മില്‍ ചേര്ച്ചയുണ്ടോ എന്നറിയുവാന്‍. പുതു തലമുറ ഇതില്‍ എത്രത്തോളം വിശ്വസിക്കുന്നു എന്നറിയില്ല.

എങ്കിലും പഴയ തലമുറ ജ്യോതിഷത്തില്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നുണ്ട്. വിവാഹ ജീവിതത്തില്‍ പല പൊരുത്തങ്ങള്‍ ഉണ്ട്. ഇതെല്ലാം ശരാശരി എങ്കിലും വന്നെങ്കില്‍ മാത്രമേ സന്തുഷ്ടകരമായ ദാമ്പത്യ ജീവിതം നയിക്കുവാന്‍ കഴിയൂ.

നക്ഷത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള പൊരുത്തങ്ങള്‍ അനേകമുണ്ടെങ്കിലും പ്രധാനമായും പത്തെണ്ണമാണ് ഇന്നു സാധാരണയായി പരിശോധിക്കുന്നത്. പത്തില്‍ എട്ടെണ്ണം പൊരുത്തങ്ങളും രണ്ടെണ്ണം പൊരുത്ത ദോഷങ്ങളുമാണ്. ഇവയില്‍ ഏറ്റവും പ്രധാനമായതാണ് വശ്യപ്പൊരുത്തം.

ജനനസമയത്ത് ചന്ദ്രന്‍ നില്‍ക്കുന്ന രാശിയെ കൂറ് എന്ന് വിളിക്കുന്നു. നമ്മള്‍ ജനിച്ച കൂറുകളെ അടിസ്ഥാനമാക്കിയുള്ള നക്ഷത്രപ്പൊരുത്ത നിര്‍ണ്ണയത്തില്‍ വശ്യപ്പൊരുത്തത്തിന് പ്രാധാന്യം ഉണ്ട്. ഓരോ രാശിക്കും നൈസര്‍ഗ്ഗികമായി ചില ഗുണങ്ങളും സവിശേഷതകളുമുണ്ട്.

മേടം രാശിക്ക് ചിങ്ങവും വൃശ്ചികവും വശ്യരാശികളാണ്. ഇടവത്തിന് കര്‍ക്കടകം, തുലാം എന്നിവയും മിഥുനത്തിന് കന്നിയും, കര്‍ക്കടകത്തിന് ധനു, വൃശ്ചികം എന്നിവയും, ചിങ്ങത്തിന് തുലാം, കന്നിക്ക് മിഥുനം, മീനം എന്നിവയും, തുലാത്തിന് കന്നി, മകരം എന്നിവയും, വൃശ്ചികത്തിന് കര്‍ക്കടകവും, ധനുവിന് മീനവും മകരത്തിന് കുംഭം, മേടം എന്നിവയും, കുംഭത്തിന് മേടവും, മീനത്തിന് മകരവും വശ്യരാശികളാണ്.

ഒരു രാശിക്ക് മറ്റൊരു രാശി വശ്യരാശിയായിരിക്കുമ്പോഴും തിരിച്ച് വശ്യമാകണമെന്നില്ല. ഉദാഹരണമായി ധനുവിന് മീനമാണ് വശ്യരാശി. എന്നാല്‍ മീനത്തിന് ധനു വശ്യരാശിയല്ല, മകരമാണ്. കന്നി മിഥുനം എന്നീ രാശികള്‍ക്കും കര്‍ക്കടകം, വൃശ്ചികം എന്നീ രാശികള്‍ക്കും മാത്രമേ പരസ്പര വശ്യതയുളളൂ. സ്ത്രീ ജനിച്ച കൂറിന്റെ വശ്യരാശിയില്‍ പുരുഷന്‍ ജനിച്ചാല്‍ വശ്യപ്പൊരുത്തമായി.

പുരുഷന്റെ വശ്യരാശിയിൽ സ്ത്രീ ജനിച്ചാലും വശ്യപ്പൊരുത്തം പറയാമെന്ന്‌ അഭിപ്രായമുണ്ട്‌. ദൃഢമായ അനുരാഗത്തോടുകൂടിയതും സന്തോഷപ്രദവുമായ ദാമ്പത്യമാണ്‌ ഇതിന്റെ ഫലം. ‘വശ്യമന്യോന്യവശകം’ എന്നാണ്‌ പറയുന്നത്‌. വശ്യപ്പൊരുത്തം ദാമ്പത്യത്തെ വശ്യമാക്കുന്നു. എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളോ, വിരോധങ്ങളോ ഉണ്ടായാലും അവ താത്ക്കാലികമായിരിക്കുമെന്നല്ലാതെ സ്ഥിരമായ അനൈക്യമോ, കലഹമോ, അകൽച്ചയോ, വേർപിരിയലോ ഉണ്ടാകുകയില്ലെന്നതാണ്‌ ഇതിന്റെ പ്രത്യേകത.

ഒരു രാശിയുടെ സ്വതസിദ്ധമായ സ്വഭാവത്താല്‍ ആകര്‍ഷിക്കപ്പെടുന്ന മറ്റുചില രാശികള്‍ പ്രസ്തുത രാശിയാല്‍ വശീകരിക്കപ്പെടുന്നു. ഒരു രാശിയാല്‍ വശീകരിക്കപ്പെടുന്ന രാശികളെ അതിന്റെ വശ്യരാശികള്‍ എന്നു പറയുന്നു. ഇക്കാരണത്താല്‍ വശ്യരാശികളില്‍ ജനിച്ച സ്ത്രീപുരുഷന്മാര്‍ തമ്മിലും പരസ്പര വശ്യതയുണ്ടാകും. ഇതാണ് വശ്യപ്പൊരുത്തത്തിന്റെ അടിസ്ഥാനം. സ്ത്രീ പുരുഷന്മാര്‍ വശ്യരാശികളില്‍ ജനിച്ചവരാണെങ്കില്‍ അതിന്റേതായ ഒരു ആകര്‍ഷകത്വവും മാനസിക ഐക്യവും അവരിലുണ്ടാകുമെന്നതിനാല്‍ മറ്റുപല പൊരുത്തമില്ലായ്മകൊണ്ടുള്ള ദോഷങ്ങളും ഇതിനാല്‍ പരിഹരിക്കപ്പെടും

സ്ത്രീപുരുഷ ദാമ്പത്യ ഐക്യത്തെ സൂചിപ്പിക്കുന്ന മറ്റു പൊരുത്തങ്ങള്‍ ഇല്ലാതിരിക്കുമ്പോഴും വശ്യപ്പൊരുത്തമുണ്ടെങ്കില്‍ അവ സ്വീകരിക്കാമെന്നാണ് പണ്ഡിതമതം. എന്നാല്‍ മദ്ധ്യമരജ്ജു വേധദോഷങ്ങള്‍ക്കും മറ്റു മരണരോഗാദികളായ ദോഷങ്ങള്‍ക്കും വശ്യപ്പൊരുത്തം പരിഹാരമല്ലെന്നും അറിയേണ്ടതാണ്.

ഈ പറയുന്ന പൊരുത്തങ്ങള്‍ പത്തില്‍ പത്ത് വന്നാലും മനപ്പൊരുത്തം എന്നൊന്ന് ഇല്ലെങ്കില്‍ ജാതകം എത്ര കൂട്ടിക്കിഴിചാലും ദാമ്പത്യം മുന്നോട്ടു നീങ്ങില്ല എന്ന് ഇത് വായിക്കുന്നവര്‍ മനസ്സില്‍ വയ്ക്കുക.

Also Watch this Video

Avatar

Astrologer JK