നിയമ മേഖലകളിൽ സമ്പൂർണ്ണ സ്വദേശിവൽക്കരണത്തിന് ഒരുങ്ങി ഒമാൻ.ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമ മേഖലകളിലും സമ്പൂർണ്ണ സ്വദേശിവൽക്കരണം ഏർപ്പെടുത്തിയത്. ഈ നിയമത്തെ ലംഘിക്കുന്നവർക്ക് കഠിനതടവും പിഴയും ഏർപ്പെടുത്തുകയും ചെയ്യും.വിദേശികളുമായി പങ്കാളിത്തത്തില്‍ നടത്തുന്ന നിയമ സ്ഥാപനങ്ങള്‍ മൂന്ന് വര്‍ഷത്തിനുള്ളിലും വിദേശികള്‍ മാത്രം നടത്തുന്ന നിയമ സ്ഥാപനങ്ങള്‍, ലീഗല്‍ കണ്‍സള്‍ട്ടന്‍സി എന്നിവ ഒരു വര്‍ഷത്തിനുള്ളിലും സ്വദേശിവത്കരിക്കണം എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.അതേസമയം ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന നിലവിലുള്ള വിദേശികൾക്ക് ഒരു വർഷം വരെ തുടരാൻ സാധിക്കും. എന്നാൽ ഈ സ്ഥാപനങ്ങളുടെ ഷെയറുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.വക്കീല്‍ ആയോ നിയമ ഉപദേഷ്ടാവായോ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഇനി ആ മേഖലകളിൽ തന്നെ തുടരുവാൻ സാധിക്കുന്നതല്ല.
മന്ത്രിമാര്‍, സ്റ്റേറ്റ് കൗണ്‍സില്‍, മജ്ലിസ് ശൂറ, പബ്ലിക് പ്രൊസിക്യൂഷന്, സ്റ്റേറ്റ് ഭരണ മേഖല, സ്വകാര്യ മേഖല തുടങ്ങിയവയിൽ ഉള്ള വിദേശികൾക്കാണ് ഈ മേഖലയിൽ തുടരുവാൻ സാധിക്കാത്തത്. എന്നാൽ വിദേശി വക്കീലന്മാര്ക്ക് കണ്‍സള്‍ട്ടിങ് ഓഫീസുകള്‍ തുടങ്ങാവുന്നതാണ്.ഇത് വിദേശികൾക്ക് സ്വന്തമായോ അതല്ലെങ്കിൽ ഒമാനികളുടെ പങ്കാളിത്തം വഴിയോ നടത്താവുന്നതാണ്.നിയമത്തെ ലംഘിക്കുന്നവർക്ക് ശിക്ഷയും നൽകും.
ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും കൂടാതെ 300 റിയാല്‍ മുതല്‍ 1000 റിയാല്‍ വരെ പിഴയുമാണ് നിയമം ലംഘിക്കുന്നവർക്ക് ശിക്ഷയായി പറയുന്നത്. അതേസമയം ലൈസൻസില്ലാതെ ഇത്തരത്തിലുള്ള ജോലികൾ ചെയ്യുന്നവർക്ക് ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും 1000 റിയാല്‍ മുതല്‍ 5000 റിയാല്‍ വരെ പിഴയും ലഭിക്കുന്നതാണ്.