ആശങ്ക വർദ്ധിപ്പിച്ചുകൊണ്ട് ലോകത്ത് വീണ്ടും കോവിഡ് കേസുകൾ കുതിച്ചുയരുന്നു. വ്യാപന ശേഷി കൂടിയ ഒമിക്രോൺ വകഭേദമായ ബി.എ.2 ആണ് ഇപ്പോഴത്തെ രോഗവ്യാപനത്തിനു പിന്നിലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്റ്റൈല്‍ത്ത് ഒമിക്രോണ്‍ എന്നറിയപ്പെടുന്ന ഒമിക്രോണ്‍ ബിഎ.2 ഉപവകഭേദം മുന്‍ വകഭേദങ്ങളേക്കാള്‍ വ്യാപനശേഷി കൂടിയതാണെന്ന് ലോകാരോഗ്യ സംഘടനയും സ്ഥിരീകരിച്ചിരുന്നു.
ചൈന, ഹോങ്കോങ്, യൂറോപ്പ് എന്നിവിടങ്ങളിലെ കോവിഡ് വ്യാപനത്തിന് പിന്നിലും ഈ വകഭേദമാണെന്ന് കരുതപ്പെടുന്നു. എന്നാല്‍ ഈ ഉപവകഭേദം മൂലമുള്ള രോഗതീവ്രത കുറവാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഒമിക്രോണ്‍ ബാധയെ തുടര്‍ന്ന് ശരീരത്തിലുണ്ടാകുന്ന ആന്‍റിബോഡികള്‍ക്കും ബിഎ2 വില്‍ നിന്ന് ശരീരത്തെ രക്ഷിക്കാന്‍ സാധിച്ചേക്കും. ലോകാരോഗ്യ സംഘനയില്‍ ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 17 വരെ റിപ്പോര്‍ട്ട് ചെയ്ത ആഗോള കോവിഡ് കേസുകളില്‍ 86 ശതമാനത്തിനും കാരണം ഒമിക്രോണ്‍ ബിഎ.2 ഉപവകഭേദമാണ്.
ഇതിന്‍റെ ഉത്ഭവത്തെ പറ്റി ഇനിയും വ്യക്തതയില്ലെങ്കിലും ബിഎ 2 ലോകത്തിലെ ഏറ്റവും പ്രബലമായ കോവിഡ് വകഭേദമായി മാറിക്കഴിഞ്ഞു. B.1.1.529 എന്നറിയപ്പെടുന്ന കോവിഡിന്‍റെ ഒമിക്രോണ്‍ വകഭേദത്തിന് ബിഎ.1, ബിഎ.2, ബിഎ.3 എന്നിങ്ങനെ മൂന്ന് ഉള്‍പ്പിരിവുകളാണുള്ളത്. ബിഎ 1 ഉപവകഭേദം 2021 നവംബറില്‍ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം കണ്ടെത്തിയത്.
2021 അവസാനത്തോടെ ഭൂമിയുടെ വടക്കന്‍ അര്‍ധഗോളത്തില്‍ സംഭവിച്ച കോവിഡ് വ്യാപനത്തിന് പിന്നില്‍ ബിഎ.1 ആയിരുന്നു. ബിഎ 2 ഉപവകഭേദത്തിനുണ്ടായ ജനിതക വ്യതിയാനങ്ങള്‍ ഇവയെ ഡെല്‍റ്റയില്‍ നിന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇവ മൂലമുണ്ടാകുന്ന രോഗബാധ അത്ര തീവ്രമല്ല. ബിഎ.1 ന് സമാനമായ ആശുപത്രിവാസ സാധ്യതകളാണ് ബിഎ.2 മൂലവും ഉള്ളതെന്ന് ഡെന്‍മാര്‍ക്കില്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
വാക്സീനുകള്‍ ആദ്യം കണ്ടെത്തിയ സമയത്തെ അപേക്ഷിച്ച് കൊറോണ വൈറസിന് നിരവധി ജനിതകമാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും വാക്സീനുകള്‍ ഇപ്പോഴും ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ടെക്നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ഖോവ് ചൂണ്ടിക്കാട്ടുന്നു. അമേരിക്കയില്‍ ശരാശരി 28,600 പ്രതിദിന കോവിഡ് കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
YOU MAY ALSO LIKE THIS VIDEO | സിനിമയ്ക്കായി Bikini ധരിക്കാൻ തയ്യാർ! പക്ഷെ ആൾക്കാരുടെ ആവശ്യങ്ങൾ വേറെയാണ്, Janaki Sudheer Bigg Boss