മലയാളം ഇ മാഗസിൻ.കോം

നിയന്ത്രണങ്ങൾ നീക്കിയതോടെ പോയ അതേ വേഗത്തിൽ കോവിഡ്‌ തിരികെയെത്തി: ഒറ്റ ദിവസം കൊണ്ട്‌ 90% വർധനവ്‌

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ 90% ന്റെ വർധന. 24 മണിക്കൂറിനിടെ 2183 പേർ കോവിഡ് ബാധിതരായി. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോൾ രോഗികളുടെ എണ്ണം ഇരട്ടിയായി. ഞായറാഴ്ച 1,150 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയും ഇതിനൊപ്പം ഉയർന്നിട്ടുണ്ട്. 214 മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ കേരളത്തിൽ മുമ്പ് സ്ഥിരീകരിക്കാതിരുന്ന 62 മരണവും ഉൾപ്പെടും. ഞായറാഴ്ച നാല് പേർ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഡൽഹിയിൽ 12% വർധിച്ച് പ്രതിദിന കേസുകൾ 517 ആയി. 98.76 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്.

രാജ്യം കോവിഡ് നാലാം തരംഗത്തിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന സൂചന നൽകുന്നതാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിലെ കണക്കുകൾ. ഒറ്റ ദിവസം കൊണ്ട് 90% വർധനവ്. 2183 കേസുകൾ രോഗമുക്തർ 1985. ആകെ ചികിത്സയിൽ ഉള്ളവർ 11,542 . പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.83% ആയി ഉയർന്നു. 214 മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനങ്ങൾ കണക്കുകൾ പുതുക്കിയതിനെ തുടർന്നാണ് മരണ സംഖ്യ ഉയർന്നത്. 11 ആഴ്ചകൾക്ക് ശേഷം രോഗബാധിതർ ഉയരുന്നു. ഡൽഹിയിൽ 517 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 12% വർധന. പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ് 4.21 % ആയി

അടുത്തിടെ, ഡൽഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ നിരവധി സ്‌കൂളുകളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം സ്‌കൂളുകൾ തുറന്നപ്പോൾ കോവിഡ് റിപ്പോർട്ട് ചെയ്തത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.

അവധി ദിവസങ്ങളിലെ കേസുകളുൾപ്പെടെ ഇന്നലെ ഒരുമിച്ചു റിപ്പോർട്ട് ചെയ്തതാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാൽ, ഒരാഴ്ചത്തെ കണക്കെടുത്താൽ കേസുകളിൽ 35% വർധനയുണ്ട്. ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും 10,000 കവിഞ്ഞു. കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഡൽഹി, യുപി, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. മാസ്കിൽ ഇളവു നൽകിയിരുന്ന വിവിധ സ്ഥലങ്ങളിൽ മാസ്ക് വീണ്ടും കർശനമാക്കി.

യാത്രക്കാർ കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് ഹോങ്കോങ് ഈ മാസം 24 വരെ വിലക്കേർപ്പെടുത്തി. കഴിഞ്ഞ ദിവസം എത്തിയ 3 യാത്രക്കാർ കോവി‍ഡ് പോസിറ്റീവ് ആണെന്നു പരിശോധനയിൽ കണ്ടെത്തിയിരുന്നു.

പ്രതിദിന കോവിഡ് റിപ്പോർട്ടിങ്ങിൽ കേരളം ഗുരുതര വീഴ്ച വരുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരിനു കത്തെഴുതി. കഴിഞ്ഞ 5 ദിവസമായി കേരളം കോവിഡ് കണക്കുകൾ നൽകിയിട്ടില്ല. ഈ സമീപനം പ്രതിരോധത്തെ ബാധിക്കുമെന്നും പ്രതിദിന റിപ്പോർട്ടിങ്ങിൽ മുടക്കം പാടില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം പറയുന്നത്.

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter