മലയാളം ഇ മാഗസിൻ.കോം

മന്ത്രിമാർക്കും സിനിമാ താരങ്ങൾക്കും ഉദ്യോഗസ്ഥർക്കും എല്ലാം കോവിഡ്‌, കേരളം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്‌

സംസ്ഥാനത്ത് വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് സൂചന. ചൊവ്വാഴ്ച ടിപിആര്‍ 35 കഴിഞ്ഞിരിക്കുന്നു. തിരുവനന്തപുരത്ത് രണ്ടില്‍ ഒരാള്‍ക്ക് എന്നതോതിലാണ് കോവിഡ് വ്യാപനം.

മിക്ക ജില്ലകളിലും തിരുവനന്തപുരത്തിന് സമാനമായി കാര്യങ്ങള്‍ കുതിക്കുകയാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചു. മന്ത്രിമാരില്‍ വി ശിവന്‍കുട്ടിക്കും കോവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞു. സെക്രട്ടറിയേറ്റ് കോവിഡ് ക്ലസ്റ്ററായി മാറുന്നു എന്ന സൂചനയും ലഭിക്കുന്നുണ്ട്. ഇങ്ങനെ വന്നാല്‍ ഭരണസിരാകേന്ദ്രം പൂര്‍ണമായും അടച്ചിടേണ്ടി വരും. ഉന്നത ഉദ്യോഗസ്ഥരില്‍ പലരും ലക്ഷണങ്ങള്‍ കണ്ട് സ്വയം നിരീക്ഷണത്തിലേക്ക് കടന്നിരിക്കുകയാണ്.

കെഎസ്ആര്‍ടിസിയില്‍ വന്‍ തോതില്‍ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വന്ന് കഴിഞ്ഞു. എന്നാല്‍ അവധിക്ക് വേണ്ടി ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രചാരണമാണ് ഇതെന്നാണ് വകുപ്പ് മന്ത്രിയുടെയും മേധാവിയുടെയും വാദം. കാര്യങ്ങള്‍ അങ്ങനെ ആണെങ്കില്‍ പോലും ഇത്തരം ഒരു സാഹചര്യമുണ്ടായാല്‍ പൊതുഗതാഗത സംവിധാനത്തെ അത് കാര്യമായി ബാധിക്കും. അതോടെ ഒരു അപ്രഖ്യാപിത ലോക്ഡൗണിലേക്കാകും സംസ്ഥാനം ചെന്നെത്തുക.

ഇതിന് പുറമെ സംസ്ഥാനത്തെ ചില കോളജുകള്‍ കോവിഡ് ക്ലസ്റ്ററായി മാറിക്കഴിഞ്ഞു. അനുമതി ഇല്ലാതിരുന്നിട്ട് പോലും ചില കോളജ് അധികൃതര്‍ പഠന യാത്ര എന്ന പേരില്‍ നടത്തിയ ഉല്ലാസയാത്രകള്‍ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും ഒമിക്രോണ്‍ തന്നെ സമ്മാനിച്ചു എന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ യാത്രയിലുള്‍പ്പെട്ടിരുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പിടിഎ പ്രതിനിധികള്‍ക്കും രോഗലക്ഷണങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതോടെ പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടലിലേക്ക് നീങ്ങിയിരിക്കുകയാണ്.

മമ്മൂട്ടിക്ക് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇദ്ദേഹം അഭിനയിച്ച് കൊണ്ടിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. ഗുരുതരമല്ലെങ്കില്‍ പോലും ലക്ഷണങ്ങള്‍ പ്രകടമായതോടെ പല താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടി വന്നിരിക്കുന്നു. ഇത് സംസ്ഥാനത്തെ ചലച്ചിത്ര ലോകത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ചില പ്രധാന ക്ഷേത്രങ്ങളില്‍ അടക്കം നടന്ന തൈപ്പൂയ മഹോത്സവവും രോഗ വ്യപനത്തോത് കൂട്ടിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പലയിടത്തും കാറ്റില്‍ പറത്തുന്ന കാഴ്ചയാണ് കാണാനായത്. ഭാരവാഹികള്‍ കിണഞ്ഞ് ശ്രമിച്ചിട്ടും ഭക്തരെ തടയാന്‍ സാധിച്ചില്ല. പൊലീസുകാരും നിസ്സഹായരായി നില്‍ക്കുന്ന കാഴ്ചയാണ് പലയിടത്തും ഉണ്ടായത്.

രോഗം സ്ഥിരീകരിച്ചിട്ടുള്ള മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും താരങ്ങളോടുമൊക്കെ സമ്പര്‍ക്കത്തില്‍ വന്ന പല മാധ്യമപ്രവര്‍ത്തകരും ഇതിനകം തന്നെ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു കഴിഞ്ഞു. സംസ്ഥാനം ഇങ്ങനെയൊക്കെ വീണ്ടും ഒരു ലോക്ഡൗണിന് സമാനമായ സാഹചര്യത്തിലേക്ക് പോയിക്കഴിഞ്ഞിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കാര്യങ്ങള്‍ കുറച്ച് കൂടി മോശമാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന.

നിയന്ത്രണങ്ങള്‍ കടുപ്പിച്ചാല്‍ മാത്രമേ വലിയൊരു രോഗഭീഷണിയെ നേരിടാനാകൂ. എല്ലാവരും സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന ആരോഗ്യമന്ത്രിയുടെ വാക്കുകള്‍ക്ക് പുല്ലുവിലയാണ് പൊതുസമൂഹം നല്‍കുന്നത്. അത് കൊണ്ട് തന്നെ വരും ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് അധികൃതരുടെയും നീക്കം.

ALSO, WATCH THIS VIDEO

Avatar

Staff Reporter