മലയാളം ഇ മാഗസിൻ.കോം

സ്ഥിരമായി സാനിട്ടൈസർ ഉപയോഗിക്കുന്നവരും മാസ്ക്‌ ധരിക്കുന്നവരും ചർമ്മത്തിന്‌ സംഭവിക്കുന്ന ഈ മാറ്റങ്ങളെക്കുറിച്ച്‌ വല്ലതും അറിയുന്നുണ്ടോ?

കോവിഡ്‌ കാലത്തെ ചർമ്മ സംരക്ഷണം
കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി നമ്മൾ ഇടയ്ക്കിടെ കൈ കഴുകുകയോ ഹാന്റ്‌ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യാറുണ്ട്‌. കൂടാതെ പുറത്ത്‌ പോകുമ്പോഴും ജോലി ചെയ്യുമ്പോഴും മാസ്‌കും ധരിക്കുന്നുണ്ടല്ലോ. അതുകൊണ്ടുതന്നെ അവ മൂലമുണ്ടാകുന്ന ചർമ്മ പ്രശ്നങ്ങളും അവയ്ക്കുള്ള പ്രതിവിധികളും നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്‌.

ചർമ്മം വരണ്ടുകീറുക
തുടർച്ചയായി കൈ കഴുകുക, സോപ്പ്‌/സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്താൽ ത്വലിയുടെ സ്വാഭാവിക മൃദുത്വം നഷ്ടപ്പെടുകയും തൊലി വിണ്ടുകീറാനും സാധ്യതയുണ്ട്‌.

Contact Dermatitis
നമ്മൾ ഉപയോഗിക്കുന്ന സോപ്പ്‌, സാനിറ്റൈസർ എന്നിവയിൽ അടങ്ങിയിരിക്കുന്ന വസ്തുക്കളോട്‌ ശരീരം പ്രതികരിക്കുമ്പോൾ തൊലിയിൽ ചൊറിച്ചിലും മൊരിച്ചിലും ചുവപ്പ്‌ നിറത്തോടു കൂടിയ റാഷസും ഉണ്ടായെന്ന്‌ വരാം. പണ്ട്‌ മുതലെ ഉപയോഗിച്ച്‌ കൊണ്ടിരിക്കുന്ന വസ്തുക്കൾക്കു വരെ പെട്ടെന്ന്‌ അലർജിക്‌ റിയാക്ഷൻ ഉണ്ടാവാറുണ്ട്‌. മാത്രമല്ല കൈകൾ നനയുന്നത്‌ കാരണം സ്വാഭാവിക പ്രതിരോധം നഷ്ടപ്പെടുകയും റിയാക്ഷൻ ഉണ്ടാവാനുള്ള സാധ്യതയേറുകയും ചെയ്യുന്നു. സോപ്പ്‌/സാനിറ്റൈസർ ഇവയിൽ അടങ്ങിയ ചെറിയ തോതിലുള്ള അലർജൻസും തുടർച്ചയായുള്ള ഉപയോഗം കൊണ്ട്‌ പ്രശ്നങ്ങൾ സൃഷ്ടിക്കാം. ഗ്ലൗസിനോടും അലർജി ഉണ്ടാകാറുണ്ട്‌.

ഫങ്കൽ ഇൻഫെക്ഷൻ (പൂപ്പൽ ബാധ)
ഈർപ്പം നിലനിൽക്കുന്ന ഭാഗങ്ങളിൽ, പ്രത്യേകിച്ച്‌ വിരലിടകളിലും മാസ്ക്‌ ഇറുകിയിരിക്കുന്ന ഭാഗങ്ങളിലും വിയർപ്പ്‌ തങ്ങിനിൽക്കുന്നത്‌ മൂലം പൂപ്പൽ ബാധയുണ്ടാക്കുന്നു.

Acne exacerbation (മുഖക്കുരുക്കൾ വരുക)
പരുപരുത്ത സോപ്പിന്റെ ഉപയോഗവും മാസ്ക്‌ ധരിക്കുന്നത്‌ കൊണ്ടുള്ള പ്രഷറും വിയർപ്പ്‌ തങ്ങിനിൽക്കുന്നതും മുഖത്ത്‌ കുരുക്കൾ വർദ്ധിപ്പിക്കുന്നു.

പ്രതിവിധികൾ – ഇവയെ എങ്ങനെ ചെറുക്കാം
അധികം ചൂടുള്ള വെള്ളം ഉപയോഗിക്കരുത്‌; കൈയും മുഖവും കഴുകാൻ ഇളം ചൂടുള്ള വെള്ളം അല്ലെങ്കിൽ തണുത്ത വെള്ളം ഉപയോഗിക്കുക.

മൃദുവായ സോപ്പ്‌ ഉപയോഗിക്കുക; ഉപയോഗിക്കുമ്പോൾ തൊലി വരണ്ട്‌ വരുന്ന സോപ്പ്‌ ഉപയോഗിക്കരുത്‌.

ഹാൻഡ്‌ സാനിറ്റൈസറിന്റെ ഉപയോഗം കുറയ്ക്കുക; കൈ കഴുകാൻ സൗകര്യം ഇല്ലെങ്കിൽ മാത്രം സാനിറ്റൈസർ ഉപയോഗിക്കുക. അതിനുശേഷം മോസ്ചറൈസർ ഉപയോഗിക്കാൻ മറക്കരുത്‌.

മോസ്ചറൈസർ ഉപയോഗിക്കുക; എപ്പോൾ കൈ കഴുകിയാലും/ഹാൻഡ്‌ സാനിറ്റൈസർ ഉപയോഗിച്ചാലും നിറവും മണവും അധികമില്ലാത്ത മോസ്ചറൈസിംഗ്‌ ക്രീം ഉപയോഗിക്കുക.

നനഞ്ഞ മാസ്ക്‌ ധരിക്കരുത്‌; നനഞ്ഞാലും വിയർത്താലും മാസ്ക്‌ മാറ്റുവാൻ ശ്രദ്ധിക്കുക.

മേക്‌ൿഅപ്പ്‌ ഒഴിവാക്കുക; ഫൗണ്ടേഷൻ, കോംപാക്റ്റ്‌ എന്നിവ ഒഴിവാക്കുക. പക്ഷേ മോസ്ചറൈസർ, ലിപ്പ്‌ ബാം എന്നിവ ഉപയോഗിക്കണം. ഇത്‌ മുഖവും ചുണ്ടുകളും ഉണങ്ങി വരളാതിരിക്കാൻ സഹായക്കും.

ഗ്ലൗസ്‌ ഇടുമ്പോൾ; കൈകൾ കഴുകി മൃദുവായി ഒപ്പി മോസ്ചറൈസർ ഇട്ട്‌, അത്‌ തൊലിയിൽ തേയ്ച്ച്‌ പിടിപ്പിച്ചതിനു ശേഷം മാത്രം ഗ്ലൗസ്‌ ഇടുക. വിരലുകളുടെ ഇടയിൽ ഈർപ്പം തങ്ങി നിൽക്കരുത്‌.

മുഖക്കുരു ഉള്ളവർ നോൺ കമെഡോജെനിക്‌ ആയിട്ടുള്ള മോസ്ച്ചറൈസർ വേണം മുഖത്ത്‌ ഉപയോഗിക്കേണ്ടത്‌. മാസ്ക്കിന്റെ ഉപയോഗം മൂലം ചർമ്മത്തിൽ വിയർപ്പ്‌ നിലനിൽക്കുന്നതിനാൽ ഇപ്പോൾ ഉപയോഗിക്കുന്ന മരുന്നുകളിൽ വ്യത്യാസം വരുത്തേണ്ടതായി വരാം. അതുപോലെ മരുന്നുകൾ അളവ്‌ കുറച്ച്‌ ഉപയോഗിക്കേണ്ടതായും വരാം. കുരുക്കളെ ചൊറിയുകയോ അമർത്തുകയോ ചെയ്യുന്നത്‌ പാടുകൾ ഉണ്ടാക്കും.

തൊലിയിൽ ചൊറിച്ചിലോ മൊരിച്ചിലോ ചുവപ്പ്‌ നിറമോ ഉണ്ടെങ്കിൽ ചികിത്സ തേടുക.

Dr. SALINI V. R. Associate consultant, Dermatology, SUT Hospital, Pattom

Avatar

Staff Reporter