ഒന്നര വർഷമായി ഇടവിട്ട് തുടരുന്ന ലോക്ഡോൺ മുതിർന്നവരെ മാത്രമല്ല കുട്ടികളെയും അവരുടെ സ്വഭാവത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. കുട്ടിത്തവും കുസൃതിയുമെല്ലാം കുറഞ്ഞു അവർ അമിതമായ ഗൗരവത്തോടെ പെരുമാറുകയും ദേഷ്യപ്പെടുകയും ചെയ്യുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുമുണ്ടാകും. രാത്രിയിൽ വളരെ ലേറ്റായി കിടന്നുറങ്ങി രാവിലെ താമസിച്ചെഴുന്നേറ്റ് പകൽ മുഴുവൻ ടിവിയിലും മൊബൈൽ ഫോണിലും ചിലവഴിക്കുന്ന കുട്ടികൾക്ക് എന്തുകൊണ്ട് ഈ സ്വഭാവ വ്യതിയാനം സംഭവിക്കുന്നുവെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?

കുട്ടികൾ അവരുടെ പഠനവും സ്വഭാവ രൂപീകരണവും നടത്തുന്നത് പുസ്തകങ്ങളിൽ നിന്നും സ്കൂളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിന്നെ സമൂഹത്തിൽ നിന്നുമാണ്. തന്റെ സമപ്രായക്കാരോട് കൂടുതൽ ഇടപെടുന്നത് അവരിൽ മാനസിക ഉല്ലാസത്തോടൊപ്പം പല ജീവിത പാഠങ്ങളും അറിയാൻ സഹായിക്കുന്നു. കൂടാതെ അധ്യാപകരിൽ നിന്നും കിട്ടുന്ന അറിവുകൾ, നുറുങ്ങുകൾ, ക്ളാസിൽ അധ്യാപകരും സുഹൃത്തുക്കളുമായും നടത്തുന്ന ആശയ വിനിമയിൽ നിന്നും ലഭിക്കുന്ന പഠനേതര അറിവുകൾ തുടങ്ങി ജീവിതത്തിലെ ചെറിയ ചെറിയ പങ്കുവയ്പുകൾ പോലും അവർ പഠിക്കുന്നത് വീടിന് പുറത്ത് നിന്നുമാണ്.
ഈ കോവിഡ് കാലത്തു കഴിഞ്ഞ ഒന്നര വർഷമായി നടന്നുവരുന്ന നീണ്ട അവധിക്കാലത്ത് അവർക്ക് നേരെ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നതും ഈ അവസരങ്ങളാണ്. വീടിനുള്ളിൽ അച്ഛനും അമ്മയും മാത്രമാണ് അവരുടെ ലോകം. ആകപ്പാടെ പുറം ലോകം കാണാനുള്ള കിളിവാതിൽ മൊബൈൽ ഫോൺ മാത്രമായി മാറുകയും ചെയ്യുന്നു.

ഈ സാഹചര്യത്തിൽ അവർ ഓൺലൈൻ പഠനം മാത്രമല്ല ഏകദേശം അവരുടെ മുഴുവൻ സമയവും മൊബൈലിൽ ചിലവഴിക്കുന്നു. ഈ ജീവിതരീതി കുട്ടികൾക്കും പ്രത്യേകിച്ച് അവരുടെ മസ്തിഷകത്തിന് അമിതമായ സ്ട്രെസ് ഉണ്ടാക്കുകയും അവർ ഗൗരവ പ്രകൃതിക്കാരായി മാറുകയും ചെയ്യുന്നു.
കുട്ടികളെ പഴയപോലെ ഊർജ്ജ സ്വലരാക്കാൻ മാർഗ്ഗങ്ങളുണ്ട്. കോവിഡ് കാലം സൃഷ്ടിച്ച നീണ്ട അവധിക്കാലത്തിന്റെ ഗൗരവം അവരെ പറഞ്ഞു മനസ്സിലാക്കുക. ഓൺലൈൻ പഠന സമയം കൂടാതെ പരമാവധി അര മണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ മാത്രം കുട്ടികൾക്ക് സെൽഫോൺ, ടീവി, കമ്പ്യൂട്ടർ ഉപയോഗിക്കാൻ നൽകുക. വീട്ടിലിരുന്നു സാധിക്കുന്ന ലഘു വിനോദങ്ങളിൽ കുട്ടികളോടൊപ്പം അച്ഛനമ്മമാരും പങ്കാളികളാവുക. രാവിലെ ഏഴു മണിക്ക് അപ്പുറം അവരെ ഉറങ്ങാൻ അനുവദിക്കരുത്. രാവിലെ ഒരു മണിക്കൂർ അവരെ മുറ്റത്തോ തൊടിയിലോ കളിക്കാൻ അനുവദിക്കുക. രാവിലത്തെ ഇളം വെയിൽ കൊള്ളുന്നത് കുട്ടികളെ കൂടുതൽ ഫ്രഷ് ആക്കും. മുതിർന്നവരും കുട്ടികളോടൊപ്പം കളിക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുന്നത് അവരെ ഉന്മേഷ ഭരിതരാക്കും. ഓൺലൈൻ ക്ളാസ് കഴിഞ്ഞാൽ അവരോട് കൂടുതൽ സംസാരിക്കാൻ ശ്രമിക്കുക,. ഓരോ ദിവസവും ക്ളാസിൽ പഠിപ്പിച്ചത് കുട്ടികളോട് നിങ്ങൾ ചർച്ച ചെയ്യാൻ ശ്രമിക്കുക.

വീട്ടിലെ ഉത്തരവാദിത്തമുള്ള ചെറിയ ജോലികൾ കുട്ടികളെ കൂടി ഏൽപ്പിക്കുക. പൂന്തോട്ടം നനയ്ക്കുക, വളർത്തു മൃഗങ്ങളെ പരിപാലിക്കുക, അവയുടെ കൂട് വൃത്തിയാക്കുക, ഭക്ഷണം നൽകുക, വീട് വൃത്തിയാക്കുക, കറികൾക്ക് പച്ചക്കറികൾ കഴുകാനും നുറുക്കാനും സഹായിക്കുക, വസ്ത്രങ്ങൾ സ്വയം കഴുകുക, തുടങ്ങിയ കാര്യങ്ങൾ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കാൻ ശ്രമിക്കുക. എല്ലാ ദിവസവും രാത്രി കൃത്യസമയത്ത് ഉറങ്ങാൻ അവരെ നിർബന്ധിക്കുക. ദിവസവും നമുക്ക് ചുറ്റുമുള്ള വാർത്തകൾ കുട്ടികളുമായി പങ്കുവയ്ക്കുക. ഇത് കുട്ടികളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കും. ഇത്തരത്തിൽ കുട്ടികളുടെ സമയം ഫലപ്രദമായി വിനിയോഗിക്കപ്പെട്ടാൽ ഈ കോവിഡ് കാലത്തും അവർ ശാരീരിക മാനസിക ആരോഗ്യത്തോടെ വളരും.
Dr. Rajesh Kumar
Homoeopathic Physician, Nutritionist, Influencer from Trivandrum
Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 17 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Weight Loss Diet Counseling and Liver Disease Treatment etc.