ഈ രാത്രിയിൽ എന്റെ ഗ്രാമമായ ഏങ്ങണ്ടിയൂരിലേക്ക് ഒഴുകി എത്തുന്നത് ആയിരക്കണക്കിന് പേരാണ്. തങ്ങൾ കേട്ടതും കണ്ടതുമായ വാർത്ത സത്യമാകല്ലേ എന്ന് അറിയാവുന്ന ദൈവങ്ങളെ വിളിച്ച് പ്രാർത്ഥിച്ചുകൊണ്ട് ഉള്ള വരവ്. എന്നാൽ തങ്ങൾ കേട്ട ആ വാർത്ത സത്യമാണ് എന്ന് അറിയുന്ന നിമിഷത്തിൽ പലരും തളർന്ന് പോകുന്നു.
ആന എന്ന രണ്ടക്ഷരത്തെ ഹൃദയ താളമാക്കി കൊണ്ടു നടക്കുന്നവരുടെ ചങ്കു തകരുന്ന കാഴ്ചയാണ് ഏത്തായിലെ ചുള്ളിപ്പറമ്പിൽ തറവാട്ടുകാരുടെ ആനപ്പറമ്പിൽ ഇപ്പോൾ ഉള്ളത്.
ആ കാഴ്ച കാണുവാൻ ത്രാണിയില്ലാതെ റോഡിൽ നിന്ന് പൊട്ടിക്കരയുന്ന നിരവധി പേർ. ജീവനറ്റ് കിടക്കുന്നത് അവരുടെ ചങ്കിലെ “ചുള്ളി ” ആയതു കൊണ്ടാണ്.
ഇത് എന്തൊരു ആന പ്രാന്ത് എന്ന് പറഞ്ഞ് പരിഹസിക്കുന്ന പലർക്കും തിരിച്ചറിയാൻ കഴിയാത്ത / അംഗീകരിയ്ക്കുവാൻ കഴിയാത്ത ഒന്നാണ് അത്. വ്യാഖ്യാനിയ്ക്കുവാനോ വിശദീകരിയ്ക്കുവാനോ കഴിയാത്ത വല്ലാത്ത ഒരു വൈകാരിക ബന്ധമാണ് ഇട്ടപ്പെട്ട ആനയോട് ഒരു ആന പ്രാന്തന് ഉണ്ടാകുക. ഒരു കൂടപ്പിറപ്പിനോട് സുഹൃത്തിനോട് ഒക്കെ തോന്നുന്ന ഒരടുപ്പം. അവിചാരിതമായി ആന വിട പറയുമ്പോൾ പ്രിയപ്പെട്ട ഒരു മനുഷ്യൻ മരിച്ച അതേ വികാരമാവും അവർക്ക് ഉണ്ടാവുക. വികാരം അടക്കുവാൻ ആകാതെ പലരും ഉറക്കെ കരഞ്ഞു പോകും. ചിലർ തളർന്ന് വീണെന്നിരിക്കും. തിരുവമ്പാടി ശിവസുന്ദറും കർണ്ണനും എല്ലാം വിട പറഞ്ഞപ്പോൾ കണ്ട ആ കാഴ്ചയാണ് ഈ രാത്രിയിൽ ഏത്തായിലും. പരസ്പരം ആശ്വസിപ്പിക്കുവാനാകാതെ നിൽക്കുന്നു പലരും. ചിലർ രോഷാകുലരാകുന്നു. ആനയും മനുഷ്യരും തമ്മിലുള്ള ആത്മബന്ധത്തിന്റെ വൈകാരികത വാക്കുകൾ കൊണ്ട് വിവരിയ്ക്കുവാൻ സാധിക്കില്ല പലപ്പോഴും.

കഴിഞ്ഞ ഒരു വ്യാഴവട്ടം ഏങ്ങണ്ടിയൂർ എന്ന ഗ്രാമത്തിനെ പ്രശസ്തമാക്കിയത് അയൽക്കാരായ രണ്ടു പേരാണ്. ഗാനങ്ങൾ കൊണ്ട് ചന്ദ്രശേഖരനും തലയെടുപ്പ് കൊണ്ട് വിഷ്ണു ശങ്കർ എന്ന കൊമ്പനും.
ഉത്തരേന്ത്യൻ മണ്ണിന്റെ വീര്യവുമായി വാളയാർ കടന്ന് എത്തുമ്പോൾ കൗമാരം കഴിഞ്ഞ് മൊടപ്രായം. കൊല്ലം ഷാജി എന്ന ആനയുടമയുടെ പിതാവിൽ നിന്നും ചുള്ളിപ്പറമ്പിൽ ശശിയുടെ തറവാട്ടിലേക്ക് എത്തുമ്പോൾ അവൻ കേരളമാകെ അറിയപ്പെടുന്ന ഒരാനയായി മാറും എന്ന് ഏങ്ങണ്ടിയൂരുകാർ കരുതിയില്ല. എങ്കിലും കൂട്ടു കൊമ്പുള്ള ആ കൊച്ചു കുറുമ്പൻ അവർക്ക് വളരെ പെട്ടെന് പ്രിയപ്പെട്ടവനായി മാറി.
പോകപ്പോകെ ആ ഗജകുമാരന്റെ എടുപ്പിലും നടപ്പിലും മാറ്റങ്ങൾ വന്നു.
തിളച്ചു മറിയുന്ന യൗവ്വനത്തിന്റെ കരുത്തും കാന്തിയും ഉള്ള ഒരു ആനയായി മാറി വിഷ്ണു .ഉത്സവ കേരളത്തിലെ എണ്ണം പറഞ്ഞ കൊമ്പന്മാരിൽ മുൻ നിരക്കാരൻ ആയി മാറിയതോടെ ആന പ്രന്ത്ര മാർക്കിടയിൽ ചുള്ളിപ്പറമ്പിൽ വിഷ്ണു ശങ്കർ ചുരുങ്ങി “ചുള്ളി “യായി.
ഉയരക്കേമന്മാർ പലരും ഉണ്ടെങ്കിലും മത്സര പൂരങ്ങളിൽ വിഷ്ണുവിന്റെ നിലവിന് മുമ്പിൽ അടിയറവ് പറയാത്തവർ കുറവ്. ചക്കുമരശ്ശേരിയിലെ തലപൊക്ക മത്സരത്തിൽ ആദ്യ ഊഴത്തിൽ പരാജയപ്പെട്ടെങ്കിലും തൊട്ടടുത്ത വർഷം കർണ്ണൻ എന്ന അതികായനെ മുട്ട് കുത്തിച്ച് തിടമ്പേറ്റി ആനക്കമ്പക്കാരുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചവൻ.
കേരളത്തിലെ തന്നെ എണ്ണം പറഞ്ഞ ഉത്സവങ്ങളിൽ ഒന്നാണ് ഏങ്ങണ്ടിയൂരിലെ ആയിരം കണ്ണി ക്ഷേത്രത്തിലേത്. നാൽപ്പതിൽ അധികം ആനകൾ നിരക്കുന്ന ഉത്സവം. ഒരു കാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ ആന ആയിരുന്ന കണ്ടമ്പുള്ളി ബാലനാരായണൻ സ്ഥിരമായി തിടമ്പേറ്റിയിരുന്ന ഇടം. പിന്നീട് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനും ചിറയ്ക്കൽ കാളിദാസനും കർണ്ണനും പാർത്ഥനും അനന്തനും ഉൾപ്പെടെ ഉള്ളവർ പരസ്പരം തീ പാറുന്ന തല പൊക്ക മത്സരം നടന്ന മണപ്പുറത്തെ മണ്ണ്. തലയെടുപ്പിന്റെ ഏത് തമ്പുരാൻ വന്നാലും സ്വന്തം തട്ടകത്തിൽ തന്റെ കരുത്ത് കാട്ടി കാണികളെ ആവേശം കൊള്ളിച്ചു വിഷ്ണു ശങ്കർ.
പാലക്കാടിന്റെ മണ്ണിലും തെക്കൻ കേരളത്തിലും ഏങ്ങണ്ടിയൂർ എന്ന കടലോര ഗ്രാമത്തിന്റെ അഭിമാനമായി മാറിയവൻ.
അവനിന്ന് നിശ്ചലനായി കിടക്കുമ്പോൾ കണ്ണു നിറയാത്തവർ ചുരുക്കം.
അവനെ വഴി നടത്തിയവരിൽ പ്രമുഖർ പലരും ഉണ്ട്. എങ്കിലും സന്തോഷ്,കാവടി നാരായണൻ തുടങ്ങിയ പാപ്പാന്മാരും അവനും തമ്മിൽ ഉണ്ടായിരുന്ന ബന്ധം ഇന്നും പലരുടേയും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മയാണ്. അൽപ്പം കാര്യമായി തന്നെ വഴക്കിട്ട് ആർക്കും വഴങ്ങാതെ നിൽക്കുമ്പോഴും നാരായണേട്ടൻ ചെന്ന് വിളിച്ചാൽ കൂടെ പോരുന്ന കാഴ്ച പലർക്കും ഒരൽഭുതമായിരുന്നു.
അമരത്തിലെ പരിക്കുകൾ പൊറുക്കാതെ അവനെ വല്ലാതെ അലട്ടിയിരുന്നു. ചികിത്സകൾ നടന്നിരുന്നു എങ്കിലും ഇന്ന് രാവിലെ തളർന്ന് വീഴുകയായിരുന്നു.
ഏങ്ങണ്ടിയൂരിന്റെ ഗ്രാമ വഴികളിൽ ഇനി അവന്റെ ചങ്ങല കിലുക്കം ഇല്ലാ..സ്ക്കൂൾ കുട്ടികൾക്ക് കൗതുകത്തോടെ നോക്കി നിൽക്കുവാനും ഉത്സവ കേരളത്തിന്റെ തിളച്ചുമറിയുന്ന ആവേശമാകുവാനും അവൻ ഇല്ലാ. ഏതാണ്ട് രണ്ടു പതിറ്റാണ്ടു കാലം ഞങ്ങളുടെ ഗ്രാമത്തിന്റെ ഭാഗമായി അഭിമാനമായി ജീവിച്ച പ്രിയപ്പെട്ട “ചുള്ളിക്ക് ” വിട.
YOU MAY ALSO LIKE THIS VIDEO, ഗുരുവായൂർ നന്ദൻ, ഇന്ദ്രസേനൻ, സുരേഷ്ഗോപിയുടെയും ജയലളിതയുടെയും ആനകൾ, മുറിവാലൻ മുകുന്ദൻ, ഇന്ദ്രസേനൻ… അങ്ങനെ അങ്ങനെ ഗുരുവായൂരപ്പന്റെ ഗജസമ്പത്ത്, എണ്ണം പറഞ്ഞ, തലയെടുപ്പുള്ള ആ ആനകളെ കാണം, പുന്നത്തൂർ ആനക്കോട്ട