ചിക്കമംഗ്ലൂരിലേയ്ക്ക് ഒരു യാത്ര
വിരസമായ അവധി ദിനങ്ങൾ ഓർക്കുമ്പോൾ തന്നെ അതിൽ മടുപ്പാണ്, അതും ചെന്നൈയിലെ ചൂടിൽ ആകുമ്പോൾ പറയുകയും വേണ്ട. അങ്ങനെയിരിക്കുമ്പോൾ ഗൂഗിളിൽ ഒന്ന് പരതി. ചിക്കമംഗ്ലൂർ ഈ സ്ഥലപ്പേർ എവിടെയോ കേട്ടിട്ടുമുണ്ട്. കർണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മുല്ലാനഗിരി ചിക്കമംഗ്ലൂർ ആണ് എന്ന് അറിഞ്ഞപ്പോൾ പിന്നൊന്നും ആലോചിച്ചും ഇല്ല. നേരെ ബാംഗ്ലൂരേയ്ക്ക് വച്ച് പിടിച്ചു. അവിടെ നിന്ന് ഏകദേശം 6 മണിക്കൂർ യാത്രകൂടിയുണ്ട് \’കോഫി ലാന്റ് ഓഫ് കർണ്ണാടക\’ എന്നറിയപ്പെടുന്ന വശ്യസുന്ദരമായ ഭൂമികയിലേക്ക്.
മുല്ലനഗിരി
പെന്മുടിയിലേയ്ക്കും, വാഗമണ്ണിലേയ്ക്കും, മൂന്നാറിലേയ്ക്കും ഉള്ള യാത്രപോലെ ഇതും മനോഹരമായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. മുല്ലനഗിരി എന്ന് പറയുന്ന ഈ കൊടുമുടി ഹിമാലയത്തിനും നീലഗിരിയ്ക്കും ഇടയിൽ ഉള്ള ഏറ്റവും ഉയരം കൂടിയ കൊടുമുടി ആണ് എന്നറിഞ്ഞപ്പോൾ വളരെ സന്തോഷവും തോന്നി. ചിക്കമംഗ്ലൂരിൽ എത്തിയ ശേഷം അടുത്ത ദിവസം രാവിലെ തന്നെ മുല്ലനഗിരി കയറുവാൻ ഞങ്ങൾ തീരുമാനിച്ചു. ചിക്കമംഗ്ലൂരിൽ നിന്ന് ഏകദേശം 16 കിലോമീറ്റർ ഉണ്ട് മുല്ലനഗിരിയുടെ താഴ്വരയിലേയ്ക്ക്. അവിടെ നിന്നും 2.5 കിലോമീറ്റർ നടന്ന് വേണം ഈ കൊടുമുടി കയറാൻ. സൂചിമുന പോലെ ശരീരത്തിൽ തണുപ്പ് എങ്ങനെയാണ് കുത്തിക്കയറുന്നത് എന്ന് ഞങ്ങൾ അറിഞ്ഞു. കൊടുമുടിക്കുമുകളിൽ ഉള്ള ശിവക്ഷേത്രവും ഒരു മുനി തപസ്സ് ചെയ്ത ഗുഹയും, ഇതാണ് ഈ കൊടുമുടിയുടെ പ്രധാന ആകർഷണം. മുല്ലനഗിരിയിലേയ്ക്കുള്ള യാത്രാ വീഡിയോ ഇവിടെ കാണാം.
ബാബ ബുദ്ധൻ ഗിരി
ബാബ ബുദ്ധൻ ഗിരി മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കും ഒരുപോലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രം ആണ് എന്ന് അറിഞ്ഞത് ഞങ്ങൾ ഇവിടെ എത്തിയപ്പോൾ ആണ്. മലപ്പുറത്ത് നിന്നും കണ്ണൂൂർ ഭാഗങ്ങളിൽ നിന്നും ധാരാളം ഹിന്ദുക്കളും മുസ്ലീങ്ങളും ഇവിടെ എത്താറുണ്ടെന്ന് ഗുഹാ കാവൽക്കാരൻ ആയ മലയാളി ഞങ്ങളോട് പറഞ്ഞു. ഈ ഗുഹയിലും മറ്റ് പ്രദേശങ്ങളിലും ഫോട്ടോഗ്രഫി ശക്തമായി തന്നെ നിരോധിച്ചിരിക്കുന്നത് കൊണ്ട് ഈ ഭാഗത്തിന്റെ ചിത്രങ്ങൾ എടുക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല.
ബാബ ബുദ്ധൻ ഗിരിയിലേയ്ക്കുള്ള യാത്രയിൽ ഞങ്ങളുടെ ഡ്രൈവർ അടുത്തൊരു വെള്ളാച്ചാട്ടം ഉണ്ട് എന്നും അത് ഒരു കോഫി എസ്റ്റേറ്റിനു നടുവിൽ ആണെന്നും അറിയിച്ചു. അവിടേയ്ക്കുള്ള യാത്ര ജീപ്പിൽ മാത്രമേ പോകാൻ പറ്റുകയുള്ളു എന്നും പറഞ്ഞു. വെള്ളച്ചാട്ടം കാണണമെങ്കിൽ 800 രൂപ നൽകണം, കാരണം അത് ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. ആ വെള്ളച്ചാട്ടം ഇവിടെ Zahin water falls എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. എന്തായാലും ആ വെള്ളച്ചാട്ടം കാണാൻ ഞങ്ങൾ തീരുമാനിച്ചു. തുടർന്നുള്ള യാത്ര വീഡിയോയിൽ കാണാം.
ബാബാബുദ്ധൻ ആണ് ഇന്ത്യയിലേയ്ക്ക് കാപ്പിക്കുരു കൊണ്ടുവന്നത് എന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം. ബാബ ബുദ്ധന്റെ ശിഷ്യന്മാരെ അടക്കം ചെയ്തത് ദത്താവീത്ത എന്ന ഈ ഗുഹയിൽ ആണ്. അത് നിങ്ങൾക്ക് ഇവിടെ വന്നാൽ കാണാവുന്നതാണ്. ഈ ഭാഗങ്ങൾ ഒന്നും തന്നെ ഞങ്ങൾക്ക് ക്യാമറയിൽ പകർത്താൻ കഴിഞ്ഞില്ല. എന്നാൽ ഇവിടേയ്ക്കുള്ള യാത്രയിൽ ഉള്ള മനോഹരമായ കാഴ്ചകൾ ഞങ്ങൾ പകർത്തി. ആ വീഡിയോ കാണാം.
സീതാലയഗിരി
ചിക്കമംഗ്ലൂർ എത്തിയാൽ ഒരുപാട് ആളുകൾ ആദ്യം സന്ദർശിക്കുന്ന ഒരു ക്ഷേത്രം ആണ് ഇത്. വളരെ വലിയ ഐതീഹ്യമാണ് ഈ ക്ഷേത്രത്തെ കുറിച്ച് ഉള്ളത്. വനവാസ കാലത്ത് സീതയും രാമനും ഇവിടെ എത്തി എന്നും, ദാഹത്താൽ അവശയായ സീതാദേവി ശിവനെ വിളിച്ച് പ്രാർത്ഥിച്ചു എന്നും, തുടർന്ന് ഇവിടെയുള്ള ശിവലംഗത്തിൽ നിന്നും ജലം വന്നു എന്നും ആണ് വിശ്വാസം. അതുകൊണ്ടാണ് ഈ ശിവക്ഷേത്രത്തിന് സീതാലയ ഗിരി എന്ന പേർ വന്നത്. ക്ഷേത്രവും പരിസരവും വീഡിയോയിൽ കാണാം.
മറ്റൊരു യാത്രയുടെ വിവരണവും വീഡിയോയുമായി വീണ്ടും കാണാം. നന്ദി…
കിരൺ ദീപു & നിമിഷ കിരൺ