മലയാളം ഇ മാഗസിൻ.കോം

പങ്കാളി അറിയാതെ അവരുടെ ഫോൺ പരിശോധിക്കാറുള്ളവരോ പരിശോധിക്കാൻ താൽപര്യമുള്ളവരോ ആണോ? എങ്കിൽ നിങ്ങൾ അറിയണം ഇക്കാര്യങ്ങൾ

കാലം മാറിയപ്പോൾ മനുഷ്യന്റെ ശീലങ്ങളും മാറി. പണ്ടൊക്കെ ബന്ധങ്ങൾ ശക്തവും ദൃഢവുമായിരുന്നു. അതിനു കാരണം പരസ്പരം മനസു തുറന്നുള്ള സംഭാഷണങ്ങളും ഒത്തു ചേരലുകളും ഒക്കെയായിരുന്നു. എന്നാൽ പുതിയ കാലത്തെ മനുഷ്യൻ അവനവനിലേക്ക്‌ ചുരുങ്ങി. അതിനു പ്രധാന കാരണം സ്മാർട്ട്ഫോണുകളും സോഷ്യൽ ആപ്ലിക്കേഷനുകളും ഒക്കെയാണെന്നത്‌ തിരിച്ചറിയപ്പെട്ട സത്യവുമാണ്‌. ദമ്പതികൾക്കിടയിൽ പോലും പരസ്പരമുള്ള സംസാരം കുറച്ച്‌ അങ്ങകലെയെങ്ങോ ഉള്ള ‘സൗഹൃദത്തിന്‌ വേണ്ടി’ കൂടുതൽ സമയം ചെലവഴിക്കുന്ന കാഴ്ചയാണ്‌ ഇന്ന് കാണാൻ കഴിയുന്നത്‌. അതുകൊണ്ട്‌ തന്നെ ദമ്പതികൾക്കിടയിൽ സംശയവും ആശങ്കകളുമൊക്കെ വർദ്ധിച്ചു തുടങ്ങിയെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ബന്ധത്തിന്റെ ദൃഢതയെപ്പോലും ഇത്തരം ആശങ്കങ്ങൾ ബാധിച്ചു തുടങ്ങിക്കഴിഞ്ഞു.

ഫോൺ തന്നെയാണ്‌ പ്രധാന വില്ലൻ. വിരൽത്തുമ്പിലേക്ക്‌ ലോകം ചുരുങ്ങിയപ്പോൾ അതിൽ കിട്ടാത്തതായി ഒന്നുമില്ലെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞു. എന്നാൽ പങ്കാളിയുടെ ഫോൺ പരിശോധിക്കുന്നത് ബന്ധത്തിന്റെ സുരക്ഷയ്ക്ക് സഹായിക്കും എന്ന ചിന്ത വച്ചു പുലർത്തുന്നവരുണ്ട്. ഇത്തരം സംശയങ്ങളും ആശങ്കകളും കൂടിയപ്പോൾ പങ്കാളി കാണാതെ അവരുടെ ഫോണും സോഷ്യല്‍ മീഡിയയും പരിശോധിക്കുന്നതാണ് രീതി. അവർ ആരെയെല്ലാം വിളിച്ചു, സന്ദേശം അയച്ചു, എന്തെല്ലാം തിരഞ്ഞു എന്നിങ്ങനെ പങ്കാളിയുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കും.

പങ്കാളി ആയതുകൊണ്ട് ഇതൊരു തെറ്റല്ലെന്നും ഇക്കൂട്ടർ കരുതും. അമിതമായ സ്നേഹം, കരുതൽ എന്നിങ്ങനെ പലതും ഇതിനു കാരണമായി ഭാവിക്കും. എന്നാൽ എന്തൊക്കെ പറഞ്ഞാലും സംശയം എന്നതാണ് ഈ സ്വഭാവത്തിനു കാരണം. ഇതു തെറ്റും ഗുരുതരമായ പ്രവണതയുമാണ്. ആണായാലും പെണ്ണായാലും സ്വകാര്യത സ്വകാര്യത തന്നെയാണെന്ന് തിരിച്ചറിയണം. പരസ്പര ബഹുമാനവും വച്ചു പുലർത്തണം.

അതേ സമയം പരസ്പരം ഫോണുകൾ കൈമാറി ഉപയോഗിക്കാൻ സ്വാതന്ത്ര്യമുള്ള പങ്കാളികൾക്കിടയിൽ ബന്ധം കൂടുതൽ ശക്തമായിരിക്കും എന്ന് ബ്രിട്ടീഷ് കൊളംബിയ, ലിസ്ബന്‍ സർവകലാശാലകൾ സംയുക്തമായി നടത്തിയ പഠനം പറയുന്നുണ്ട്. എന്നാൽ ഇതുകൊണ്ട് പങ്കാളി അറിയാതെയുള്ള പരിശോധനെയല്ല ഉദ്ദേശിക്കുന്നത്. പകരം പങ്കാളിയുടെ ഫോൺ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമാണ്.

എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ തുറന്നു ചോദിക്കുക. എല്ലാവർക്കും സ്വകാര്യതയുണ്ടെന്നും സംശയങ്ങള്‍ നിലനിർത്തികൊണ്ട് ഒരു ബന്ധവും മുന്നോട്ടു പോകില്ലെന്നും മനസ്സിലാക്കണം. ഇത്തരം പരിശോധനകൾ മാനസികമായ പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പങ്കാളിയുടെ ഫോൺ പരിശോധിക്കുമ്പോൾ ഒരുപക്ഷേ താൽകാലിക ആശ്വാസം ലഭിച്ചേക്കാം. എന്നാൽ ജീവിതത്തിൽ ഇത് വിള്ളല്‍ വീഴ്ത്തുക തന്നെ ചെയ്യും. തന്റെ ഫോൺ പരിശോധിക്കുകയും പിന്തുടരുകയും സംശയത്തോടെ നോക്കുകയും ചെയ്യുന്ന ഒരാൾക്കൊപ്പമുള്ള ജീവിതം ഏതൊരു പങ്കാളിക്കും ദുസ്സഹമായിരിക്കും.

പലപ്പോഴും പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്നതാണ്‌ ഇതിന്റെ മറ്റൊരു വസ്തുത. ഒരു പക്ഷെ സേവ്‌ ചെയ്ത്‌ വച്ചിരിക്കുന്ന ഫോൺ നമ്പറുകൾ പോലും സംശയകരമായി തോന്നിയേക്കാം. സന്ദേശങ്ങളും ചിത്രങ്ങളും വരെ സൂഷ്മമായി പരിശോധിക്കുന്നതിലൂടെ പങ്കാളിയ്ക്ക്‌ കരുതൽ നൽകുന്നതിനേക്കാളുപരി സംശയ ദൃഷ്ടിയോടെ പിന്നീടുള്ള ജീവിത കാലമത്രയും പങ്കാളിയെ നോക്കി കാണുകയും ചെയ്യും. അത്‌ ബന്ധത്തിനെ തന്നെ ബാധിച്ചേക്കുന്ന അവസ്ഥയിൽ എത്തുകയും ചെയ്യും. നിസ്സാരമെന്ന് തോന്നിയേക്കാമെങ്കിലും പല കുടുംബങ്ങളിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഫോൺ പരിശോധനാ പ്രവണത ന്യായീകരിക്കാവുന്ന ഒരു ശീലമല്ല.

Avatar

Staff Reporter