മലയാളം ഇ മാഗസിൻ.കോം

ഇത്‌ ചരിത്രമാണ്; പുരാവസ്തുവകുപ്പ്‌ ചെയ്യേണ്ടത്‌ അഭിലാഷ്‌ എന്ന സഹസികനായ ചെറുപ്പക്കാരൻ ചെയ്യുന്നു

നെയ്യാറ്റിൻകരയിലാണ് ചരിത്ര മാളിക. അമരവിളയിലെ താന്നിമൂട്ടിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് വട്ടവിള പോകുന്ന വഴിയിൽ. അഭിലാഷ് എന്ന ചെറുപ്പക്കാരന്റെ സ്വപ്ന സാക്ഷാത്കാരം. നൂറ്റാണ്ടുകൾക്ക് മുൻപുള്ള കേരളത്തിലെ ഭവന നിർമ്മാണ സാങ്കേതിക വൈദഗ്ദ്ധ്യത്തിന്റെ ഉത്തമ മാതൃക. തക്കലയിലെ രാമസ്വാമി നാടാരുടെ മാളി കയെ അഭിലാഷ് വിലക്ക് വാങ്ങി പുനർനിർമ്മിച്ചതാണ്. പുറം കാഴ്ചയെക്കാളേറെ അകകാഴ്ചയാണ്. 27 പേർക്ക് ഒരുമിച്ച് പരിശീലനം നടത്താനാവുന്ന കളരിയും വാറ്റുപുരയും പ്രസവചികിത്സാ മുറിയും എല്ലാം ഭൂഗർഭ അറകളാണ്. നാല് മാളികകളുടെയും അടിയിലാണിത്. പരസ്പരം ബന്ധിപ്പിക്കുന്ന തുരങ്കങ്ങൾ. അങ്കത്തറയ്ക്കടുത്തായി ചെറിയ അറയുണ്ട്. അവിടെ തെളിഞ്ഞ് കത്തുന്ന കെടാവിളക്ക്. അവിടെ നിന്നും തുടങ്ങുന്ന തുരങ്ക മെത്തുന്നത് സൂതികാ ഗൃഹത്തിലാണ്. അടുക്കളയിലെ തുരങ്ക മെത്തുന്നത് വാറ്റുപുരയിലേക്കും അവിടെ നിന്നും കായകൽപ്പ ചികിത്സാ മുറിയിലേക്കും. രണ്ട് കിണറുകളുണ്ട്. 2500 ൽ അധികം പഴമ തുടിക്കുന്ന ഗൃഹോപകരണങ്ങൾ കാഴ്ചക്കായി ഒരുക്കിയിരിക്കുന്നു. പടിപ്പുര മാളികയിൽ ബുദ്ധിപരീക്ഷിക്കൂന്ന കളികൾ നമ്മെ കാത്തിരിക്കുന്നു. കാഴ്ചയുടെ വിസ്മയമാണ് ചരിത്രമാളിക. നാം തിരിച്ചറിയാതെ പോകുന്ന പൈതൃകം. നമ്മുടെ പുരാവസ്തു വകുപ്പ് ചെയ്യേണ്ടത് സാഹസികനായ ഒരു ചെറുപ്പക്കാരൻ ചെയ്യുന്നു.

ആധുനികരെന്ന് അഭിമാനിക്കുന്ന വർത്തമാനകാല മനുഷ്യനെ അതിശയിപ്പിക്കുന്ന ഉപകരണങ്ങളാണ് നൂറ്റാണ്ടുകൾക്ക് മുന്നെ മലയാളി ഉപയോഗിച്ചിരുന്നത്. പ്രവർത്തനക്ഷമമായ എണ്ണയാട്ടുന്ന ചക്കും കാമരാജ് നാടാർ പ്രസംഗിക്കുവാൻ ഉപയാഗിച്ച മൈക്കും കാളവണ്ടിയും ഇവിടെ ഉണ്ട്, ഗാന്ധിജി ഉപയോഗിച്ച മൈക്കും.

ചരിത്ര മാളിക മഴയിൽ കുളിച്ച് നിന്ന മദ്ധ്യാഹ്നത്തിൽ മഴയ്ക്കൊപ്പം ഞാനും.മാളികയിലെ മഴ മനോഹരമായ കാഴ്ചയാണ്. മങ്ങിയ വെളിച്ചത്തിൽ മാളിക.തിമർത്തു പെയ്യുന്ന മഴ. പടിപ്പുര മാളികയിൽ വീശിയടിക്കുന്ന കുളിരാർന്ന കാറ്റ്. കാണാതെ പോകരുത്, ധന്യമായ പൈതൃകത്തിന്റെ ധീരമായ അടയാളപ്പെടുത്തലിനെ .

മണ്ണിനടിയിലൂടെ ഒഴുകിപ്പരക്കുന്ന നിശബ്ദ കവിതയാണ് ചരിത്രം. അത് ആർഭാടങ്ങളിൽ, അങ്കലാപ്പുകളിൽ വിശ്വസിക്കുന്നില്ല. ചോരപ്പാടുകൾ പോലും ഭംഗിയുള്ള ഫോസിൽ ചിത്രങ്ങളാക്കി വരുകാ‍ലത്തിന്റെ കൌതുകക്കണ്ണുകൾക്കു മുന്നിൽ വരിയായ് നിരത്തിവയ്ക്കും. ചിലപ്പോൾ അത്തരം രേഖപ്പെടുത്തലുകൾ മനുഷ്യരൂപിയാവുകയും ചെയ്യും. അത്തരത്തിൽ ഹ്യദയം മണ്ണിനുമേൽ പറിച്ചുനട്ട് അതീവനിശബ്ദനായി ജീവിക്കുന്ന ഒരു മനുഷ്യകഥാനുഗായിയുണ്ട് നമുക്കിടയിൽ – ശ്രീ. അഭിലാഷ് ചരിത്രമാളിക.

ചെറുപ്പത്തിന്റെ എല്ലാ വസന്തങ്ങളും ഈ മനുഷ്യൻ കാലത്തിന്റെ കരുതലിനും വീണ്ടെടുപ്പിനുമായി മാറ്റിവച്ചിരിക്കുന്നു. സ്വയാർജ്ജിതമായ എല്ലാ നേട്ടങ്ങളും ഒരൊറ്റ സ്വപ്നത്തിന്റെ അതിജീവനത്തിനുവേണ്ടി നിരുപാധികം തീറെഴുതിക്കൊടുത്തിരിക്കുന്നു.. മണ്ണിനടിയിൽ മറഞ്ഞുപോയ വസന്തങ്ങളെക്കുറിച്ച് തീരാത്ത വ്യാധിയാണ്, ആകുലതകളാണ് ഈ മനസ്സ് നിറയെ! തമസ്കരിക്കപ്പെടുന്ന ചരിത്രത്തിന്റെ ഗോപ്യവിക്രീഢിതങ്ങളെക്കുറിച്ച് ഇടയ്ക്കിടെ രോഷം കൊള്ളുക കൂടെ ചെയ്യും. ഒരിടത്തുനിന്നും വായിച്ചറിയാനാവാത്ത പൈത്യക്ശേഖരം ഉള്ളിൽ ആണ് ഇദ്ദേഹം \"\"സൂക്ഷിച്ചിരിക്കുന്നത്. ഈ പ്രായത്തിൽ ഒരാൾ പൊന്നുപോലെ സൂക്ഷിക്കുന്ന ഒരു സ്വപ്നവും ഈ ശരീരത്തിനുള്ളിൽ നമുക്ക് കാണാൻ കഴിയുകയില്ല. ചിലപ്പോൾ ആവ്ര്ത്തനം കൊണ്ട് നമ്മളെ അലോരസപ്പെടുത്തുന്ന ആധികാരികത തോന്നിയേയ്ക്കാം. എന്നാൽ ബുദ്ധിയിൽ സൂക്ഷിക്കാനും വേണ്ടിടത്ത് പ്രയോഗിക്കാനുമായുള്ള വിലപ്പെട്ട റഫറൻസ് ഗ്രന്ഥങ്ങളുടെ പുനർവായനയായി ആ വാക്കുകൾ പരിണമിക്കപ്പെടുന്നതു കാണാം. കളരിയുടെ കരളുറപ്പിൽ വിശ്വസിക്കുകയും നമ്മുടേതു മാത്രമായ ആ ആയോധനകലയുടെ പ്രചരണാർഥം ഗുരുവായ പിതാവുമായിച്ചേർന്ന് ഒട്ടേറെ പ്രവർത്തനങ്ങൾക്കും ഇദ്ദേഹം രൂപം നൽകിയിട്ടുമുണ്ട്. \’സിക്സ് പായ്ക്കും\’ \’തം പായ്ക്കും\’ ലഹരിയായി കൊണ്ടുനടക്കുന്ന ഇന്നത്തെ അലങ്കോല യൌവങ്ങൾക്കുമുന്നിൽ ഈ സമർപ്പിതജീവിതം ഒരു ഉദാത്ത മാത്യക തന്നെ. ജീവിതതിന്റെ ഈ സുരഭില കാലത്തിൽ സ്വന്തമാക്കേണ്ടതായ പലവിധ സൌഭാഗ്യങ്ങളും വെടിഞ്ഞ് ഒരൊറ്റ സ്വപ്നത്തിന്റെ അതിജീവനത്തിനായി അനവരതം പരിശ്രമിക്കുന്ന ഈ ലളിതസാഹോദര്യത്തിനു മുന്നിൽ കാലത്തിന് കൂപ്പുകൈകളോടെ മാത്രമേ നിൽക്കാൻ കഴിയുകയുള്ളൂ.

ഹരി ചാരുത. Phone: 9846882019
കടപ്പാട്: അഡ്വ. വിനോദ് സെൻ സ്വദേശാഭിമാനി കൾച്ചറൽ സെന്റർ, തിരുവനന്തപുരം.

\"\"

Avatar

Staff Reporter