മലയാളം ഇ മാഗസിൻ.കോം

സ്ത്രീത്വത്തെ അപമാനിച്ച \’പ്രമുഖ മാധ്യമ പ്രവർത്തകർ\’ അറസ്റ്റിലാകുമോ? കാര്യങ്ങളുടെ പോക്ക്‌ ഇപ്പോൾ ഇങ്ങനെ!

നടൻ ദിലീപിന്റെ അറസ്റ്റും ജയിൽ വാസവും തുടരുന്നതിനിടയിൽ പ്രമുഖ വാർത്ത അവതാരകരും ഓൺലൈനിലെ ഇടതു പക്ഷത്തിന്റെ സജീവ ജിഹ്വകളുമായ ഇ. സനീഷ്, ലല്ലു ശശിധരൻ പിള്ള തുടങ്ങിയവർ അറസ്റ്റിലാകുമൊ എന്ന അഭ്യൂഹങ്ങൾ സജീവമാകുന്നു. സഹപ്രവർത്തകയായ മാധ്യമപ്രവർത്തകയെ മാനസികമായി പീഡിപ്പിച്ചെന്നതാണ്‌ ആരോപണം. പ്രമുഖ മാധ്യമങ്ങൾ ഇതു സംബന്ധിച്ച് കാര്യമായ വാർത്തകൾ പുറത്തു വിടുന്നില്ലെങ്കിലും ചില ഓൺലൈൻ മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വാർത്തകൾ വരുന്നുണ്ട്. ഒപ്പം പ്രമുഖ ദളിത് ആക്ടിവിസ്റ്റായ ധന്യാ രാമൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും ഈ വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുന്നു.

പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം ലല്ലു ഉൾപ്പെടെ ഉള്ളവർക്കെതിരെ ഉയർന്ന ആരോപണം അതീവ ഗൗരവമുള്ളതാണ്‌. ദളിതയായ സഹപ്രവർത്തകയെ സ്ത്രീത്വത്തെ അപമാനിക്കും വിധം വാക്കുകൾകൊണ്ട് മാനസികമായി പീഡിപ്പിച്ചു എന്നാണ്‌ അത്. തുടർന്ന് ഇവർ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കുവാൻ സാധിച്ചു. ന്യൂസ് 18 ചാനലിലെ പ്രമുഖർക്കെതിരെ ആണ്‌ പരാതി. യുവതി പരാതിയിൽ ഉറച്ചു നില്ക്കുകയും ആഭ്യന്തവകുപ്പ് നിയമത്തിന്റെ വഴിയിൽ മുന്നോട്ട് പോകുകയും ചെയ്താൽ പ്രമുഖർ അറസ്റ്റിലാകും.

അതേ സമയം ആരോപണ വിധേയരായിരിക്കുന്നവരിൽ ഇ.സനീഷ്, എസ്. ലല്ലു എന്നിവർ സൈബർ ഇടങ്ങളിലെ സജീവമായ ഇടത് മുഖങ്ങളാണ്‌. കേന്ദ്രസർക്കാരിനേയും സംഘപരിവാറിനേയും നിരന്തരം കടന്നാക്രമിക്കുന്ന ഇവർക്ക് ഒരു വിഭാഗം മാധ്യമ പ്രവർത്തകരുടേയും ഒപ്പം ഇടതു പക്ഷക്കാരുടേയും ന്യൂനപക്ഷങ്ങളുടേയും വലിയ വിഭാഗത്തിന്റെയും പിന്തുണയുണ്ട്. സ്ത്രീ-ദളിത് പക്ഷത്തു നിന്നുകൊണ്ടുള്ള സനീഷിന്റെ പല ഫേസ്ബുക്ക് പോസ്റ്റുകളും വലിയ തോതിൽ ചർച്ചചെയ്യപ്പെടാറുമുള്ളതാണ്‌. പരാതിയുണ്ടായിട്ടും കൃത്യമായ ഇടതു രാഷ്ടീയം വച്ചു പുലർത്തുന്ന ഇവരെ ഇനിയും അറസ്റ്റു ചെയ്യാത്തതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് ഒരു വിഭാഗം കരുതുന്നു. ഇവരെ സംരക്ഷിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഒരു പ്രമുഖ ഓൺലൈൻ പത്രവും പറയുന്നു.

മംഗളം ചാനലിനെതിരെ ആരോപണം ഉയർന്നപ്പോൾ അതിന്റെ സി.ഇ.ഒ ആയിരുന്ന അജിത് കുമാർ അടക്കം ഉള്ള മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തു ജയിലിൽ ഇട്ടിരുന്നു സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ്. സഹപ്രവർത്തകയെ പീഡിപ്പിച്ചു എന്ന പരാതിയെ തുടർന്ന് മാതൃഭൂമി ചാനലിലെ മുതിർന്ന മാധ്യമ പ്രവർത്തകനെയും ഇത്തരത്തിൽ പരിഗണന നല്കാതെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്തിരുന്നു. മലയാള മാധ്യമങ്ങളും ന്യൂസ് 18 കേരളയിൽ ഉയർന്ന ആരോപണങ്ങളെ വിവാദമാക്കാതെ പ്രത്യേകം പരിഗണന നല്കുന്നു എന്നതും ശ്രദ്ധേയമാണ്‌. മംഗളം ഗ്രൂപ്പ് പുതിയ ഒരു ചാനൽ ആരംഭിച്ച ഉടനെ ഒരു ബ്രേക്കിംഗ് ന്യൂസ് നല്കുകയും തല്ഫലമായി മന്ത്രിക്ക് രാജിവെക്കേണ്ടിവരികയും ചെയ്ത സംഭവത്തിൽ മറ്റുള്ള മാധ്യമങ്ങളിൽ വലിയ ഒരു വിഭാഗം അവർക്കെതിരെ ധാരാളം വാർത്തകൾ നല്കിയിരുന്നു. ഒരു വലിയ വിഭാഗം മാധ്യമ പ്രവർത്തകരും അവരെ ടാർഗറ്റ് ചെയ്തു പ്രതികരിച്ചിരുന്നു. എന്നാൽ ന്യൂസ് 18 മലയാളം അംബാനിയുടെ ഉടമസ്ഥതയിലാണെന്നതും ആരോപണ വിധേയരായ മാധ്യമപ്രവർത്തകരുടെ വിപുലമായ സൗഹൃദവുമാണോ ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവരാത്തതിനു പിന്നിൽ എന്ന സംശയം ഉയരുന്നുണ്ട്.

യുവതി കേസ് പിൻവലിക്കാതിരിക്കുകയാണെങ്കിൽ ദിലീപിന്റെ കേസ് ഉൾപ്പെടെ സമാനമായ മറ്റു സംഭവങ്ങളിൽ എന്ന പോലെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കേണ്ടിവരും. ദിലീപിനെതിരെ ശക്തമായ മാധ്യമ വാർത്തകൾ വന്നത് കൊണ്ട് സമൂഹത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. മാധ്യമങ്ങളിലെ സൂപ്പർ സ്റ്റാറുകളെന്ന് വിശേഷിപ്പിക്കാവുന്നവർ ഉൾപ്പെട്ടിട്ടും പ്രമുഖ മാധ്യമങ്ങളും ഒരു വിഭാഗം ഓൺലൈൻ പത്രങ്ങളും വാർത്തകൾ നല്കാത്തതിനാൽ ഈ സംഭവത്തിനു വേണ്ടത്ര പൊതുജന ശ്രദ്ധ ലഭിക്കുന്നില്ല എന്നതാണ്‌ വസ്തുത.

Avatar

Staff Reporter