മലയാളം ഇ മാഗസിൻ.കോം

സ്ത്രീകൾ പാതിരാത്രിവരെ ചാനലിൽ ജോലിയെടുക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ കിട്ടിയ മറുപടി \’അതിന് വേറെ കാരണങ്ങൾ ഉണ്ടെന്ന്\’

ലോകം വളരെ പുരോഗമിച്ചിട്ടും ഒരേ തൊഴിൽ ചെയ്യുന്ന സ്ത്രീയും പുരുഷനും വേതനത്തിന്റെ കാര്യത്തിൽ ഇന്നും രണ്ട്‌ തട്ടിൽ തന്നെ. പുരുഷൻമാർ തൊഴിൽ വിപണിയിൽ ഏറെ വരുമാനമുളള തൊഴിൽ ചെയ്യുമ്പോൾ സ്ത്രീയ്ക്ക്‌ സമൂഹം ഇന്നും കൽപ്പിച്ച്‌ നൽകിയിരിക്കുന്നത്‌ ചില പ്രത്യേക ജോലികൾ മാത്രമാണ്‌.

\"\"

മാധ്യമരംഗത്ത്‌ ചില അനുഭവങ്ങൾ നേരിട്ടും കണ്ടും അനുഭവിച്ചിട്ടുണ്ട്‌. ഗർഭകാലത്തെ അവധിയുടെ പേരിൽ സ്ത്രീ ജീവനക്കാർക്ക്‌ പ്രൊബേഷൻ കാലാവധി കഴിഞ്ഞും ട്രെയിനിയുടെ വേതനത്തിൽ ജോലി ചെയ്യേണ്ടി വരുന്നു. ഒപ്പം കയറിയ പുരുഷസുഹൃത്തുക്കൾ രണ്ട്‌ തവണ പ്രൊമോഷനും ശമ്പള വർദ്ധനയും നേടുമ്പോഴും മൂന്ന്‌ വർഷത്തിന്‌ മുമ്പ്‌ ജോലിയിൽ കയറിയ അതേ ശമ്പളത്തിൽ ജോലി ചെയ്യേണ്ടി വന്നതിനെക്കുറിച്ച്‌ അടുത്ത കാലത്താണ്‌ ഒരു മാധ്യമസുഹൃത്ത്‌ പങ്ക്‌ വച്ചത്‌. ഒടുവിൽ അവഹേളനം സഹിക്ക വയ്യാതെ ജോലി നിർത്തി സ്ഥാപനത്തോട്‌ പകരം വീട്ടി.

\"\"

ആദ്യകാലങ്ങളിൽ സ്ത്രീകളെ പത്ര മാധ്യമ തൊഴിലിൽ നിന്ന്‌ അകറ്റി നിർത്തിയിരുന്നു. രാവേറെ ചെല്ലുന്ന ജോലിയ്ക്ക്‌ സ്ത്രീ അനുയോജ്യയല്ലെന്ന കാരണമായിരുന്നു ചൂണ്ടിക്കാട്ടിയിരുന്നത്‌. സ്ത്രീ ജീവനക്കാരുണ്ടെങ്കിൽ പുരുഷൻമാരുടെ കാര്യക്ഷമത കൂടുമെന്ന്‌ കണ്ടെത്തി ഒരു പ്രമുഖ മാധ്യമസ്ഥാപനം ആദ്യമായി സ്‌ത്രീയുടെ കച്ചവട സാധ്യത തിരിച്ചറിഞ്ഞ്‌ വനിതാ പത്രപ്രവർത്തകരെ നിയമിച്ചു.

വർഷങ്ങൾക്കിപ്പുറം, നമ്മുടെ നാട്ടിലെ അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിൽ ഏതാണ്ട്‌ അറുപത്‌ ശതമാനത്തിനും മീതേ സ്ത്രീ ജീവനക്കാരായ ഈ കാലഘട്ടത്തിൽ ഇതേ സ്ഥാപനത്തിൽ ആളെ തേടി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്ത അറിയിപ്പിൽ സ്ത്രീകൾ വേണ്ടെന്ന്‌ വ്യക്തമായി പറഞ്ഞിരുന്നു.

\"\"

അത്‌ ചോദ്യം ചെയ്തപ്പോൾ വർക്കുകൾക്കായി ദിവസങ്ങളോളം യാത്ര ചെയ്യേണ്ടി വരും അത്‌ കുടുംബവും കുട്ടികളുമുളള സ്ത്രീകൾക്ക്‌ ബുദ്ധിമുട്ടാകും എന്നായിരുന്നു മറുപടി. പ്രിയ സുഹൃത്തെ ഇതെല്ലാമുളള സ്ത്രീകളാണ്‌ ടെലിവിഷനിൽ പാതിരാത്രി വരെ ഇരുന്ന്‌ വാർത്തകൾ അവതരിപ്പിക്കുകയും റിപ്പോർട്ട്‌ ചെയ്യുകയും ചെയ്യുന്നത്‌ എന്ന മറുപടിയ്ക്ക്‌ അതിന്‌ വേറെ കാരണങ്ങളുണ്ട്‌ എന്ന്‌ അൽപ്പം വഷളത്തം നിറഞ്ഞ മറുപടിയും കിട്ടി.

എന്നിട്ട്‌ അൽപ്പം സ്വകാര്യം എന്ന നിലയിൽ പറഞ്ഞത്‌ വല്യ പ്രതിബദ്ധങ്ങളൊക്കെ താണ്ടിയെത്തിയാൽ പെൺപിള്ളാർക്ക്‌ വലിയ പൈസ ഒന്നും കിട്ടൂല്ല, ആൺപിള്ളാരാകുമ്പോ അവൻമാർ എന്ത്‌ ബുദ്ധിമുട്ടും സഹിച്ചോളം, ഇട്ടെറിച്ചേച്ച്‌ പോകില്ല, അത്‌ കൊണ്ട്‌ എത്ര ശമ്പളവും നൽകും എന്ന കാര്യം വ്യക്തമാക്കി.

\"\"

പണ്ട്‌ പണ്ടേ സ്ത്രീകളെ പൊതു ഇടങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും മാറ്റി നിർത്താൻ പുരുഷാധിപത്യ സമൂഹം കണ്ടെത്തിയ പ്രധാന മാർഗങ്ങളിലൊന്ന്‌ ആർത്തവമായിരുന്നു. ഇതിനെ പടവെട്ടി തോൽപ്പിച്ച്‌ പല സ്ത്രീകളും തീണ്ടാരി പുരകളിൽ നിന്ന്‌ പുറത്ത്‌ കടന്നു. എന്നാൽ ഇന്ന്‌ ഇതേ അസ്പർശ്ശ്യത പുതിയ രൂപത്തിൽ തിരിച്ച്‌ വരുന്നൊരു കാഴ്ചയ്ക്കാണ്‌ നാം സാക്ഷിയാകുന്നത്‌. സ്വാതന്ത്ര്യ സമര പാരമ്പര്യം അവകാശപ്പെടുന്ന നമ്മുടെ പ്രധാന മാധ്യമസ്ഥാപനത്തിൽ പുതിയൊരു കീഴ്‌ വഴക്കം സൃഷ്ടിച്ചിരിക്കുന്നു.

ആർത്തവത്തിന്റെ ആദ്യ നാളിൽ അവധി നൽകാൻ തീരുമാനം. ഇതിനെ അനുകൂലിച്ചും എതിർത്തും പല വാദങ്ങൾ വന്നത്‌ നാം കണ്ടു കഴിഞ്ഞു. ആർത്തവ കാലത്തെ ശാരീരിക പ്രശ്നങ്ങൾ മൂലം അവധിയെടുത്ത്‌ ശമ്പള രഹിത അവധി കൂടി പരിധി കടന്നെന്ന കാരണത്താൽ ശമ്പള വർദ്ധനയിൽ പരിഗണിക്കാതെ പോയൊരു മാധ്യമ പ്രവർത്തക കൂടി തന്റെ ആവലാതികൾ ഈ ചർച്ചയ്ക്കിടയിൽ ഉയർത്തിയിരുന്നു.

മായാദേവി

Avatar

Staff Reporter