മലയാളം ഇ മാഗസിൻ.കോം

അടുത്ത രണ്ടര വർഷം ഈ നാളുകാർക്ക്‌ സുവർണ്ണകാലം: അറിയാം ശനിമാറ്റ ഫലങ്ങൾ

മകം, പൂരം, ഉത്രം കാൽ, വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട, പൂരൂരുട്ടാതി അവസാനപാദം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രക്കാർക്ക്‌ നല്ല കാലം തുടങ്ങുന്നു. ശനിയുടെ മകരം രാശിയിലേക്കുള്ള പകർച്ച ഈ നക്ഷത്രക്കാർക്ക്‌ ഏറ്റവും അനുകൂലമാണ്‌. അടുത്ത രണ്ടരക്കൊല്ലം ചിങ്ങം, വൃശ്ചികം, മീനം രാശിക്കാർക്ക്‌ വച്ചിടി കയറ്റമായിരിക്കും. 2020 ജനുവരി 24 വെള്ളിയാഴ്ച രാവിലെ 9 മണി 56 മിനിട്ടിന്‌ നടക്കുന്ന ധനുരാശിയിൽ നിന്നും മകരം രാശിയിലേക്കുള്ള ശനിയുടെ പകർച്ച ഫലം എല്ലാവരെയും ബാധിക്കും. ഇത്തവണ ഉത്രാടം നക്ഷത്രം രണ്ടാം പാദത്തിൽ അമാവാസി തിഥിയിലാണ്‌ ശനി പകർച്ച. മേടം, മിഥുനം, കർക്കടകം, കന്നി, തുലാം, ധനു, മകരം, കുംഭം കൂറുകാർക്ക്‌ ശനി രാശി മാറ്റം ഗുണകരമല്ല. ധനു, മകരം, കുംഭം രാശിക്കാർക്ക്‌ ഏഴര ശനിയാണ്‌. മേടം, കർക്കടകം, തുലാം രാശിക്കാർക്ക്‌ കണ്ടക ശനിയും മിഥുനം രാശിക്കാർക്ക്‌ അഷ്ടമശനിയും തുടങ്ങും. ഇടവക്കൂറിന്‌ ദോഷാനുഭവങ്ങൾ കുറയും. ഒരോ കൂറുകാരുടെയും ശനി മാറ്റ ഫലം:

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ശനി കർമ്മസ്ഥാനത്തേക്കു മാറുന്നു. കണ്ടകരാശിയായ പത്താം ഭാവത്തിലേക്ക് മാറുന്നതിനാൽ അടുത്ത രണ്ടര വർഷക്കാലം കണ്ടകശനി ആയിരിക്കും എന്നർത്ഥം. തൊഴിൽപരമായി ഒട്ടും നല്ല സമയമല്ല. ഭയപ്പെടാൻ ഒന്നുമില്ല. എന്നാൽ തൊഴിൽ മാറാൻ ശ്രമിക്കുന്നുവെങ്കിൽ വളരെ ആലോചനയുടെ വേണം. വരുമാന ലാഭത്തേക്കാൾ തൊഴിൽ സ്ഥിരതയ്ക്ക് മുൻ‌തൂക്കം നൽകുക. ഉത്തരവാദിത്വവും അദ്ധ്വാനഭാരവും വർധിക്കും. തൊഴിൽ രംഗത്ത് നിർബന്ധമായും ക്ഷമയും സഹനവും പ്രകടമാക്കുക. അധികാരികളോട് ഇടപെടുമ്പോഴും പ്രധാന കർത്തവ്യങ്ങൾ നിർവഹിക്കുമ്പോഴും കൂടുതൽ ജാഗ്രത പുലർത്തണം. വ്യാഴം ഭാഗ്യത്തിലുള്ളതിനാൽ 2020 വർഷത്തിൽ പല ദുരിതങ്ങളും അകന്നുപോകും. അപകടങ്ങളും ദുരിതങ്ങളും വന്നാലും നിവൃത്തി ഉണ്ടാകുന്നതാണ്. കുടുംബജീവിതത്തിലെ വൈഷമ്യങ്ങൾ ക്ഷമയോടെ നേരിടുക. കാര്യങ്ങൾ മറച്ചുവയ്ക്കുന്ന സ്വഭാവം ഗുണം ചെയ്യുകയില്ല. സാമ്പത്തികമായി വലിയ ദോഷം വരികയില്ല. സൗഹൃദം ഭാവിച്ചു വരുന്നവർ എല്ലാം നല്ലവരാണ് എന്ന് മനസ്സിലാക്കിയാൽ നന്ന്.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ഇടവക്കൂറുകാർക്ക് ശനി ഭാഗ്യത്തിലേക്ക് വരുന്നു. സവിശേഷമായി പറയേണ്ടത് വ്യാഴം അഷ്ടമത്തിലും വരും വർഷം നിലനിൽക്കുന്നു എന്നുള്ളതാണ്. സമയം അത്ര അനുകൂലമല്ല എന്നുതന്നെ ചിന്തിക്കണം. പ്രതീക്ഷകൾ തടസ്സപ്പെടും എന്ന് മനസ്സിലാക്കുക. വലിയ സംരംഭങ്ങൾ. മുതൽ മുടക്കുകൾ എന്നിവ വേണ്ട വിധം വിജയിക്കാൻ പ്രയാസമാകും. നല്ലതിനായി ചെയ്യുന്ന കാര്യങ്ങൾ പോലും തെറ്റായി ധരിക്കപ്പെടാം. കുടുംബത്തിൽ വലിയ അലോസരങ്ങൾ വരികയില്ല എന്നത് ആശ്വാസകരമാണ്. ഭാഗ്യം വന്നാലും അത് അനുഭവത്തിൽ വരാൻ പ്രായോഗിക തടസ്സം നേരിടുവാൻ സാധ്യതയുണ്ട്. എന്നാൽ സ്വന്തം ആരോഗ്യ കാര്യങ്ങളിൽ വരും വർഷത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. മറ്റുള്ളവർക്ക് ആവശ്യമില്ലാത്ത വാഗ്ദാനങ്ങൾ നൽകുന്നത് ബാധ്യതയാകും. ജാമ്യം നിൽക്കുന്നതും മറ്റും ഒഴിവാക്കുക. 2020 അവസാനത്തോടെ രോഗ ദുരിതാദികൾക്കും ഭാഗ്യക്കുറവിനും വലിയ അളവിൽ ശമനം ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മിഥുനക്കൂറുകാർക്ക് അഷ്ടമശ്ശനി വരികയാണ്. ഏറ്റവും ശ്രദ്ധിക്കേണ്ടത് ആരോഗ്യകാര്യങ്ങളിൽ തന്നെയാണ്. ചെറിയ രോഗലക്ഷണങ്ങൾ പോലും അവഗണിക്കരുത്. അനാവശ്യ മനസമ്മർദം വരാൻ ഇടയുണ്ട്. ഉത്കണ്ഠകൾ ബുദ്ധിപൂർവമായ ജാഗ്രതയാക്കി മാറ്റിയാൽ തൊഴിൽനേട്ടം ഉണ്ടാക്കാൻ കഴിയും. ചെറിയ കാര്യങ്ങളിൽ പോലും മനസ്സ് കലുഷമായാൽ വലിയ വില നൽകേണ്ടി വരും. ജീവിതപങ്കാളിയുമായി പ്രശ്നങ്ങൾ ഉള്ളവർ ഉമാമഹേശ്വരനെ വരുന്ന രണ്ടര വർഷക്കാലം ഭജിക്കുക തന്നെ വേണം. വ്യാപാരം ചെയ്യുന്നവർ പ്രയോജനകരമായ ഇടപാടുകാരെ വെറുപ്പിക്കാതെ ശ്രദ്ധിക്കണം. കാലതാമസം നേരിട്ടാലും സാമ്പത്തിക ക്ലേശങ്ങൾ പരിഹരിക്കാൻ കഴിയും. അഷ്ടമശ്ശനിയാണെങ്കിലും ആത്മവിശ്വാസം ഉള്ളവർക്ക് വരും വർഷങ്ങൾ നല്ലതു പ്രതീക്ഷിക്കാം. ഭൂമി, സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ നല്ല അനുഭവങ്ങൾ ഉണ്ടാകാം. പ്രധാന കാര്യങ്ങളിൽ വിദഗ്ധരുടെ അഭിപ്രായം സ്വീകരിക്കുക.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കർക്കിടകക്കൂറുകാർക്ക് ഏഴാം ഭാവത്തിലേക്ക് ശനി പകരുന്നതിനാൽ കണ്ടകശനി ആരംഭിക്കുന്നു. ഏറ്റവും ശ്രദ്ധിക്കേണ്ടത് കുടുംബകാര്യങ്ങളിലും ബന്ധങ്ങളിലും ആണ്. അടുത്തു നിൽക്കണം എന്ന് ആഗ്രഹിക്കുന്നവർ പോലും അകന്നു മാറുന്ന പ്രതീതി ഉണ്ടാകും. ജോലിസ്ഥലത്തും സഹപ്രവർത്തകരുമായി തെറ്റിദ്ധാരണകൾ വരാതെ ശ്രദ്ധിച്ചാൽ വിഷമതകൾ ഉണ്ടാകുകയില്ല. ചിലവുകൾ ബോധപൂർവം നിയന്ത്രിക്കണം. സാമ്പത്തികമായി ശരാശരി അനുഭവങ്ങൾ പ്രതീക്ഷിച്ചയാൾ മതി. വ്യാപാരത്തിൽ കഷ്ടപ്പാടുകൾ കൂടുമെങ്കിലും ലാഭത്തിൽ കുറവ് വരികയില്ല. മനസ്ഥിരതയോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ടു പോയാൽ വൈകിയാലും കാര്യ നേട്ടങ്ങൾ ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങക്കൂറുകാര്‍ക്ക് ശനിപകര്‍ച്ച അനുകൂലമാണ്. മറ്റുള്ളവർ അസൂയയോടെ നോക്കുന്ന ചില നല്ല അനുഭവങ്ങൾ വരുന്ന രണ്ടു വർഷങ്ങളിൽ ഉണ്ടാകും. പ്രതീക്ഷിക്കാത്ത ചില സഹായങ്ങളും നേട്ടങ്ങളും ജീവിതത്തെ സ്വാധീനിക്കും. കുടുംബ ക്ലേശങ്ങൾക്ക് ശുഭകരമായ സമാധാനം ലഭിക്കും. തൊഴിൽ രംഗത്ത് അധികാരികളും സഹ പ്രവർത്തകരും ഒരുപോലെ അനുകൂലരാകും. വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് നിശ്ചയമായും ആഗ്രഹസാദ്ധ്യം ഉണ്ടാകും. വിവാഹം വൈകിയിട്ടും നടക്കാത്ത മകം, പൂരം, ഉത്രം നക്ഷത്രക്കാർക്ക് വരുന്ന രണ്ടു വർഷങ്ങളിൽ വിവാഹ ഭാഗ്യവും കുടുംബ സുഖവും ഉണ്ടാകും. ശത്രുക്കളും സഹ മത്സരാർത്ഥികാലും നിഷ്പ്രഭരാകും. സന്താനങ്ങളെ കൊണ്ട് അഭിമാനിക്കുവാൻ അവസരം ഉണ്ടാകും. വളരെ കുറെ വർഷ ങ്ങളായി അനുഭവിച്ചു വന്നിരുന്ന വിഷമതകൾ പലതും പൂർണ്ണമായും ഇല്ലാതാക്കുവാൻ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കന്നിക്കൂറുകാര്‍ക്ക് ശനി പകര്‍ച്ച അഞ്ചിലേക്കാണ്. കണ്ടകശനിയുടെ ദോഷം കുറയും. സന്താനപരമായ കാര്യങ്ങളിൽ വിഷമകരമായ സാഹചര്യങ്ങൾ വരാം. വളരെ അടുത്തു പെരുമാറിയിരുന്ന ചിലർ അകന്നു മാനസിക പ്രയാസം ഉണ്ടായെന്നു വരാം. തൊഴിലിൽ ആനുകൂല്യങ്ങൾക്ക് കുറവ് വരികയില്ലെങ്കിലും ജോലി സ്ഥലത്തിലും സ്വഭാവത്തിലും ഒന്നിലധികം മാറ്റങ്ങൾ വരാൻ ഇടയുണ്ട്. അപ്രതീക്ഷിത വ്യക്തികളിൽ നിന്നും സഹായങ്ങൾ ലഭിക്കുന്നതിൽ അത്ഭുതപ്പെടുത്തും. ആരോഗ്യപരമായി വലിയ ക്ലേശങ്ങൾ വരികയില്ല. എന്നാൽ സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ ആകാംക്ഷ വരാവുന്നതാണ്. സ്വന്തം കഴിവുകൾ പൂർണ്ണമായും പ്രകടിപ്പിക്കുവാൻ പലപ്പോഴും അവസരം ലഭിച്ചെന്നു വരില്ല. കച്ചവടത്തിലും വ്യാപാരത്തിലും ഏർപ്പെട്ടിരിക്കുന്നവർക്ക് ശരാശരി അനുഭവങ്ങൾ പ്രതീക്ഷിക്കാം. വലിയ ധനനേട്ടം ഉണ്ടായില്ലെങ്കിലും നഷ്ടസാധ്യതയില്ല. ഊഹ കച്ചവടവും ഭാഗ്യ പരീക്ഷണവും വായ്പകളും എന്തായാലും ഗുണം ചെയ്യില്ല എന്ന് മനസ്സിലാക്കി പെരുമാറിയാൽ വരുന്ന രണ്ടര വർഷക്കാലം ശുഭ ജീവിതം പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
തുലാക്കൂറുകാര്‍ക്ക് ശനി പകര്‍ച്ച നന്നല്ല. കാരണം ശനി പകര്‍ച്ച നാലിലേക്കാണ്. ഇതോടെ കണ്ടകശനി ആരംഭിക്കും. എന്നാല്‍ ദോഷകാഠിന്യം കുറയും. തൊഴിൽ പരമായും സാമ്പത്തികമായും വലിയ ദോഷമില്ലാത്ത അവസ്ഥ പ്രതീക്ഷിക്കാം. 2020 വർഷാവസാനത്തോടെ കൂടുതൽ മെച്ചമായ സാഹചര്യങ്ങൾ തുലാക്കൂറുകാർക്ക് ഉണ്ടാകും. എന്നാൽ ബന്ധങ്ങളിലും വ്യക്തി ബന്ധങ്ങളിലും പ്രണയ കാര്യങ്ങളിലും കയ്‌പ്പേറിയ അനുഭവങ്ങൾ ഉണ്ടായെന്നു വരാം. മാതാവിനോ മാതൃ തുല്യർക്കോ ആരോഗ്യ ക്ലേശങ്ങൾ വരാനും തന്മൂലം മനപ്രയാസം ഉണ്ടാകാനും സാധ്യത കാണുന്നു. വലിയ മുതല്മുടക്കുകൾക്ക് വരുന്ന രണ്ടു വർഷം അനുകൂലമല്ല. വേണ്ടത്ര ബോധ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നത് നഷ്ടസാധ്യത ഉണ്ടാക്കും. കരുതലോടെയും ജാഗ്രതയോടെയും ഈശ്വര വിശ്വാസത്തോടെയും കാര്യങ്ങളെ സമീപിച്ചയാൾ ഒരു ദോഷവും വരികയില്ല. വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർ വേണ്ടത്ര കരുതലോടെ ആലോചനകളെ സമീപിക്കണം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ശനി പകര്‍ച്ച അനുകൂലമാണ്. ഇവര്‍ക്ക് ഏഴരശനി ദോഷം ഇതോടെ അവസാനിക്കും. കഴിഞ്ഞ അഞ്ചാറു വര്ഷങ്ങളായി അനുഭവിച്ചു വന്നിരുന്ന മാനസിക പ്രയാസങ്ങൾക്കും മന സമ്മർദത്തിനും അയവുണ്ടാകും. ശനിയുടെ മാറ്റം കൊണ്ട് ഏറ്റവും നല്ല അനുഭവങ്ങൾ ഉണ്ടാകാനുണ്ടായകാൻ പോകുന്നത് ഈ കൂറുകാർക്കാണെന്ന് പറയുന്നതിൽ തെറ്റില്ല. വൃശ്ചികക്കൂറുകാർക്ക് നല്ല അനുഭവങ്ങൾ വരുന്ന വർഷങ്ങളാണ് വരാൻ പോകുന്നത്. ആത്മ വിശ്വാസവും പ്രായോഗിക ബുദ്ധിയും ഉപയോഗിച്ചയാൾ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. അപ്രതീക്ഷിത അവസരങ്ങൾ നിങ്ങളെ തേടിയെത്തും. ധൈര്യപൂർവ്വം അവയെ സ്വീകരിക്കുക. അഹങ്കാരവും അമിത ആത്മവിശ്വാസവും മാത്രമേ നിങ്ങൾക്ക് ദോഷമായി ഭവിക്കൂ. തൊഴിലിൽ തടസ്സപ്പെട്ടിരുന്നു സ്ഥാനക്കയറ്റം, ആനുകൂല്യം മുതലായവ അനുഭവത്തിൽ വരും. വാർഷാദ്യം അത്ര സുഖകരമായി തോന്നുകയില്ലെങ്കിലും തുടർന്ന് നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം. സഹോദരങ്ങൾ. മുതിർന്നവർ എന്നിവരുമായി നല്ല ബന്ധത്തിൽ തുടരാൻ ബോധപൂർവം ശ്രമിക്കുക. ഭൂമിലാഭം, ഗൃഹ നിർമ്മാണം എന്നിവയിൽ അനുകൂല അനുഭവങ്ങൾ ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനുക്കൂറുകാര്‍ക്ക് ജന്മരാശിയില്‍ നിന്ന് രണ്ടിലേക്കാണ് ശനി സഞ്ചരിക്കുന്നത്; കൂടാതെ സ്വക്ഷേത്രത്തിലേക്കും. ഏഴരശനിയുടെ ദുസ്സഹമായ സമയം കഴിഞ്ഞു കിട്ടിയെന്ന് ആശ്വസിക്കാം. തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അത് വരുമാനത്തിൽ പ്രതിഫലിക്കാൻ പ്രയാസമാണ്. ഒന്നിലധികം വരുമാന മാർഗങ്ങൾ ഉണ്ടായിരുന്നവർക്ക് ഏതെങ്കിലും ഒന്നിൽ തടസ്സം നേരിട്ടെന്നു വരാം. ചെറിയ കാര്യങ്ങൾക്കു പോലും കുടുംബത്തിൽ അസ്വസ്ഥതകൾ ഉടലെടുക്കാവുന്ന സാഹചര്യം ആകയാൽ വാക്കുകളിലും പെരുമാറ്റത്തിലും മിതത്വം പാലിക്കണം. ദാമ്പത്യത്തിൽ വിഷമതകൾ വരാവുന്നതാണ്. ക്ഷമാസ്വഭാവം വളരെ ഗുണം ചെയ്യും. ജന്മ വ്യാഴവും ഏഴര ശനിയും ചേർന്നു വരികയാൽ 2020 വര്ഷം ധനുക്കൂറുകാർ വളരെ ശ്രദ്ധിക്കണം. എടുത്തുചാട്ടം മൂലം നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. വിശേഷ ബുദ്ധിയും നയപരമായ പെരുമാറ്റവും കാത്തു സൂക്ഷിച്ചാൽ നേട്ടങ്ങൾ സ്വന്തമാക്കാനും കഴിയും. എന്ത് കാര്യങ്ങളും സമയം എടുത്ത് ആലോചനയോടെ ചെയ്യുക. വലിയ ദോഷങ്ങൾ ഒഴിവാക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരക്കൂറുകാർക്ക് ജന്മ ശനി ആരംഭിക്കുകയാണ്. ഇത് സാധാരണ ഗതിയില്‍ നന്നല്ല. എന്നാല്‍ മകരം രാശി ശനിയുടെ സ്വക്ഷേത്രമായതിനാല്‍ ദോഷതീവ്രത കുറയും. ഗുരുതരമായ പ്രതിസന്ധികൾക്കും സാധ്യതയില്ലെങ്കിലും പൊതുവിൽ ഒരു അസംതൃപ്തി ജീവിതത്തിൽ അനുഭവപ്പെടും. ശാസ്താവിനെ സ്ഥിരമായി ഉപാസിക്കുക. നല്ല അനുഭവങ്ങൾ ഉണ്ടാകും. പല അവസരങ്ങളിലും സഹായങ്ങളും കൈത്താങ്ങും വേണ്ടവിധത്തിൽ ലഭിക്കുന്നില്ല എന്ന തോന്നൽ വരാം. എന്തായാലും ജീവിതപങ്കാളിയും സന്താനങ്ങളും നിങ്ങൾക്ക് സഹായമായി ഉണ്ടാകും. അവരുടെ സമീപനം ആശ്വാസകരമാകും. ചില അവസരങ്ങളിൽ അപ്രതീക്ഷിത സഹായങ്ങളും ലഭ്യമാകും. കൂട്ടു സംരംഭങ്ങൾക്ക് സമയം അനുകൂലമല്ല. മകരം ശനിയുടെ സ്വക്ഷേത്രമാകയാൽ നിങ്ങൾക്ക് ജന്മശ്ശനി മൂലം ആരോഗ്യ ക്ലേശങ്ങൾ വന്നാലും വലിയ രോഗ കാഠിന്യത്തിലേക്ക് പോകാൻ ഇടയില്ല. എന്നാൽ വിദേശത്തു പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. കുടുംബത്തെ വിദേശത്തു വരുത്താൻ ആഗ്രഹിക്കുന്നവർക്കും സമയം നല്ലതു തന്നെ.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭക്കൂറുകാര്‍ക്ക് ശനി പന്ത്രണ്ടിലേക്ക് പകരും. ഇത് ഏഴരശനിയുടെ ആരംഭമാണ്. സാമ്പത്തികമായും തൊഴില്പരമായും നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം. ഏഴരശ്ശനി ആരംഭമാണെങ്കിലും കുംഭക്കൂറിനു മറ്റു ഗ്രഹസ്ഥിതികൾ മൂലം വലിയ ദോഷമില്ല. എല്ലാ കാര്യങ്ങളിലും അറിവുള്ളവരുടെ ഉപദേശം തേടുന്നത് നന്നായിരിക്കും. ദാമ്പത്യത്തിൽ അല്പം വിഷമതകൾ വരാവുന്നതാണ്. കോപവും ധാർഷ്ട്യവും ഉപേക്ഷിക്കാൻ തയാറായാൽ വലിയ ദോഷങ്ങൾ വരികയില്ല. ഗൃഹം, വാഹനം മുതലായവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സമയം അനുകൂലമാണ്. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് തൊഴിൽ ക്ലേശങ്ങൾ മാറും. വരുമാനവും വർധിക്കും. എന്നാൽ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ജന്മരാശിയില്‍ നിന്ന് പതിനൊന്നാം ഇടത്തിലേക്കാണ് ശനി പകരുന്നത്. ഇത് അനുകൂലമാണ്. ഭാഗ്യവും അനുഭവഗുണവും വരാവുന്ന സമയമാണ്. പൊതുവിൽ ഏർപ്പെടുന്ന കാര്യങ്ങൾ പലതും വിജയകരമാകും. കർമ്മ വ്യാഴം കൂടെ നടക്കുന്ന സമയമാകയാൽ 2020 നവംബർ വരെ തൊഴിൽ മാറാൻ ശ്രമിക്കരുത്. പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള ശ്രമങ്ങളും അതിനു ശേഷം ആകുന്നതാണ് നല്ലത്. അവിവാഹിതർക്ക് വിവാഹ കാര്യങ്ങൾ അനുകൂലമാകും. ദൈവാധീനം വർധിക്കുന്നതായി അനുഭവപ്പെന്ന സാഹചര്യങ്ങൾ സംജാതമാകും. പല വലിയ ഉത്തര വാദിത്വങ്ങളും ചെയ്തു തീർക്കും. മന സ്വസ്ഥത നഷ്ടപ്പെടുത്തിയിരുന്ന പല കാര്യങ്ങൾക്കും സമാധാനം ഉണ്ടാകും. കുടുംബ കാര്യങ്ങള്‍ സന്തോഷകരമാകും. സമൂഹത്തിലും അംഗീകാരം വര്‍ധിക്കും. തനിക്കും കുടുംബാംഗങ്ങൾക്കും ഉണ്ടായിരുന്ന ആരോഗ്യ ക്ലേശങ്ങൾക്കും ശമനം ഉണ്ടാകും. പൊതുവിൽ ഇത്തവണത്തെ ശനി മാറ്റം ഗുണം ചെയ്യുന്ന കൂറാണ് മീനക്കൂർ.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter