സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ ഒരി പാനീയമാണ് ഫുള്‍ ജാര്‍ സോഡ. ഫുള്‍ ജാര്‍ സോഡയെ ആളുകള്‍ അത്ര വേഗത്തിലാണ് ഏറ്റെടുത്തത്. വൈറലായ ഈ പാനീയം വയറിലെത്തിയപ്പോള്‍ പല പ്രശ്‌നങ്ങളും തുടങ്ങി. ഇന്ന് വഴിയോരത്തുള്ള കടകളിലും ഹോട്ടലുകളിലുമെല്ലാം ഈ സോഡ ലഭ്യമാണ്.

ഫുള്‍ ജാര്‍ സോഡയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അടുത്തിടെ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വൃത്തിഹീനമായ സാഹചര്യത്തിലാണ് ഈ സോഡയുണ്ടാക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്. പരാതിയും സംശയവും ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി. വയനാട്ടിലെ കല്‍പ്പറ്റ ടൗണില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സോഡ നിര്‍മിക്കുന്നതെന്ന് കണ്ടെത്തി.

തുരഞ്ഞ് പൊങ്ങുന്ന ഈ പാനീയം നിറയ്ക്കുന്നത് വൃത്തിഹീനമായ ഗ്ലാസുകളിലെന്നത് മറ്റൊരു സവിശേഷത. സോഡ തയ്യാറാക്കുന്ന വലുതും ചെറുതുമായ ഗ്ലാസുകള്‍ കഴുകുന്ന വെള്ളം മാറ്റാതെയും സോഡയിലേക്ക് ഇറക്കുന്ന ചെറിയ ഗ്ലാസിന്റെ അടിഭാഗം വൃത്തിയില്ലാത്ത രീതിയിലുമാണ് കൈകാര്യം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരത്തില്‍ സംശയം തോന്നിയാല്‍ ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഫുള്‍ ജാര്‍ സോഡ വില്‍പന നടത്തുന്ന തെരുവോര ഭക്ഷ്യ വില്‍പന സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണര്‍ പി.ജെ. വര്‍ഗീസ് അറിയിച്ചു. കച്ചവടക്കാര്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/റജിസ്‌ട്രേഷന്‍ എടുക്കണം. അതു ഉപഭോക്താക്കള്‍ കാണുന്ന വിധം പ്രദര്‍ശിപ്പിക്കണം.
വ്യവസ്ഥകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നിരത്തുകള്‍ ഇനിയും കീഴടക്കും ഈ ശീതളപാനീയങ്ങള്‍. ഇന്നത് നുരഞ്ഞു പൊങ്ങുന്ന ഫുള്‍ ജാര്‍ സോഡയാണെങ്കില്‍ നാളെയത് മറ്റൊരു രൂപത്തിലും ഭാവത്തിലുമെന്നു മാത്രം.
Comments
Comments
Powered by Facebook Comments