മലയാളം ഇ മാഗസിൻ.കോം

ടാപ്പ്‌ തുറന്നപ്പോൾ വെള്ളത്തിനു പകരം വന്നത്‌ ‘മദ്യം’, ആശങ്കയോടെ ചാലക്കുടിക്കാർ. ഒടുവിൽ മനസിലായി മദ്യം വന്നത്‌ എങ്ങനെയെന്ന്

മദ്യം ലഭിക്കാതായിട്ട്‌ ആഴ്ചകൾ പിന്നിട്ടു കഴിഞ്ഞു. മലയാളികൾ ഏതാണ്ട്‌ മദ്യത്തെ മറന്നു തുടങ്ങിയിരിക്കുന്നു. ഇതിനിടെ മദ്യത്തിന്റെ രുചിയും മണവുമുള്ള വെള്ളം കിട്ടിയാലോ? അമ്പരപ്പ്‌ അല്ലാതെ എന്ത്‌ ഉണ്ടാകാൻ അല്ലേ? എന്നാൽ സംഗതി സത്യമാണ്‌. തൃശൂരിലാണ്‌ വീട്ടിലെ ടാപ്പിലൂടെ മദ്യത്തിന്റെ ഗന്ധമുള്ള വെള്ളം ലഭിച്ചത്‌.

തൃശൂർ ചാലക്കുടിയിലായിരുന്നു സംഭവം. കെഎസ്‌ആർടിസി ബസ്‌ സ്റ്റാൻഡിനടുത്തുള്ള സോളമൻസ്‌ അവന്യു അപ്പാർട്ട്മെന്റിലെ താമസക്കാരാണ്‌ പരാതിയുമായി രംഗത്തെത്തിയത്‌. ഞായറാഴ്ച വൈകിട്ട്‌ മുതൽ തന്നെ ഫളാറ്റിലും പരിസരത്തും മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന്‌ താമസക്കാർ പറയുന്നു, തുടർന്നാണ്‌ ടാപ്പിലൂടെയും മദ്യം കലർന്ന വെള്ളം വരാൻ തുടങ്ങിയത്‌.

വെള്ളത്തിലെ മദ്യം കലർന്നതിനെ കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത്‌ എക്സൈസ്‌ വകുപ്പിലായിരുന്നു. അനധികൃതമായി സൂക്ഷിച്ചതിന്‌ ഒരു ബാറിൽ നിന്ന്‌ പിടിച്ചെടുത്ത മദ്യം തെറ്റായ രീതിയിൽ നശിപ്പിച്ചതാണ്‌ സംഭവത്തിന്‌ കാരണമായത്‌. 6000 ലിറ്റർ മദ്യമായിരുന്നു സോളമൻ അവന്യു അപ്പാർട്ട്മെന്റിനടുത്തായി എക്സൈസ്‌ സംഘം ഒഴിച്ചു കളഞ്ഞത്‌.

ആറ്‌ വർഷം മുമ്പ്‌ പിടിച്ചെടുത്ത മദ്യം നശിപ്പിക്കാൻ കോടതി ഉത്തരവിട്ടു. ഇതോടെ ഇത്രയും വലിയ അളവിലുള്ള മദ്യം എങ്ങനെ നശിപ്പിക്കുമെന്ന ആലോചനയിലായി എക്സൈസ്‌ സംഘം. ഒടുവിൽ ബാറിനടുത്ത്‌ വലിയ കുഴി എടുത്ത്‌ മദ്യം അതിൽ ഒഴിക്കാൻ തീരുമാനിക്കുകയായിരുന്നു. മണിക്കൂറുകളെടുത്താണ്‌ മദ്യം നശിപ്പിച്ചതെന്ന്‌ ദ ന്യൂസ്‌ മിനിറ്റ്‌ റിപ്പോർട്ട്‌ ചെയ്യുന്നു.

എക്സൈസ്‌ സംഘം കുഴിയെടുത്തതിന്‌ സമീപത്തായിരുന്നു സോളമൻസ്‌ അവന്യു അപ്പാർട്ട്മെന്റിലെ കുടുംബങ്ങൾ വെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണറുണ്ടായിരുന്നത്‌. മണ്ണിലേക്ക്‌ കലർന്ന മദ്യം കിണറിലെ വെള്ളത്തിൽ കലർന്നു. കുടിക്കാനുൾപ്പടെ വെള്ളമില്ലാതായതോടെ 18 കുടുംബങ്ങളാണ്‌ ദുരിതത്തിലായത്‌.

താമസക്കാർ ചാലക്കുടി മുനിസിപ്പാലിറ്റിയിലും പോലീസിലും പരാതി നൽകിയിരുന്നു. തുടർന്ന്‌ എക്സൈസ്‌ ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടത്തിൽ കിണറിലെ വെള്ളം വറ്റിക്കുകയും ശുദ്ധിയാക്കുകയും ചെയ്തെന്നും റിപ്പോർട്ടുണ്ട്‌. കിണറിലെ വെള്ളം സാധാരണ രീതിയിലാകുന്നതുവരെ ടാങ്കറിൽ കുടിവെള്ളമെത്തിച്ച്‌ നൽകുമെന്നും അറിയിച്ചിട്ടുണ്ട്‌.

Staff Reporter