ഒരു നഗരത്തിന്റെ രാത്രി ഫോട്ടോ കണ്ടാൽ ഏതെങ്കിലും ദമ്പതിമാർ വിവാഹമോചിതരാവുമോ? ആദ്യം അമ്പരപ്പും പിന്നീട് ഞെട്ടലും ഉളവാക്കുന്ന കാര്യമാണിത്. സംഗതി അങ്ങ് റഷ്യയിലാണ് സംഭവിച്ചത്. ഈ ഫോട്ടോ കണ്ട ശേഷം ഒരു സ്ത്രീ തന്റെ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടുകയായിരുന്നു. ഒറ്റനോട്ടത്തിൽ ഈ ചിത്രത്തിൽ കാര്യമായി ഒന്നുമില്ല. രാത്രിയിൽ റോഡിലൂടെ സഞ്ചരിക്കുന്ന കുറച്ച് കാറുകളെ മാത്രം കാണാം. അതിനപ്പുറം അതിൽ നിന്നും ഒന്നും മനസിലാക്കാനില്ല.
എന്നാൽ സംഗതി അൽപ്പം സീരിയസാണ്. ഇൻസ്റ്റഗ്രാമിൽ വെറുതെ സ്ക്രോൾ ചെയ്തു പോകുമ്പോഴായിരുന്നു യൂലിയ അഗ്രനോവിച്ച് എന്ന റഷ്യൻ യുവതി തന്റെ ബെഡ്‌റൂമിൽ നിന്നു മാത്രം ലഭിക്കുന്ന നഗരത്തിന്റെ കാഴ്ച മറ്റൊരു സ്ത്രീയുടെ ഇൻസ്റ്റഗ്രാമിൽ കണ്ടത്. ഉടനെ തന്നെ ആ സ്ത്രീയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് എല്ലാം അവർ പരിശോധിച്ചു.
തന്റെ ബെഡ്‌റും വിൻഡോയിൽ നിന്നു മാത്രം എടുക്കാൻ കഴിയുന്ന തരത്തിൽ നിരവധി ഫോട്ടോകൾ ഇവർ കണ്ടു. അതോടെ തന്റെ ഭർത്താവു തന്നെ വഞ്ചിക്കുകയാണ് എന്ന് ഇവർ തിരിച്ചറിയുകയായിരുന്നു. ഭർത്താവിന്റെ കാമുകിയുടെ ഇൻസ്റ്റഗ്രാം ഫോട്ടോയ്ക്കു താഴെ യൂലിയ കമന്റ് ഇട്ടു. അതാണ് രസകരം. ബ്യൂട്ടിഫുൾ വ്യൂ ഫ്രം മൈ ഹസ്ബൻഡ്‌സ് ബെഡ്‌റും എന്നായിരുന്നു ഇവരുടെ കമന്റ്. ഇതോടെ കാര്യങ്ങൾ തകിടം മറഞ്ഞു. തുടർന്നു യൂലിയ നടത്തിയ അന്വേഷണത്തിൽ ഭർത്താവിനു നിരവധി സ്ത്രീ സുഹൃത്തുക്കൾ ഉണ്ട് എന്നു മനസിലാകുകയായിരുന്നു.
ഈ സ്ത്രീ സുഹൃത്തുക്കൾക്കൊന്നും ഇയാൾ വിവാഹിതനാണ് എന്ന വിവരം അറിയില്ലായിരുന്നു. തുടർന്നു യൂലിയ ഇയാളിൽ നിന്നു വിവാഹമോചിതയാകുകയായിരുന്നു. ഇതോടെ യൂലിയയുടെ വിവാഹ ജീവിതം തകർത്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി. യുവതി ഒരു റഷ്യൻ ചാനലിനോട് തന്റെ അനുഭവം പങ്കുവെക്കുകയായിരുന്നു. ഇങ്ങനെ ഭാര്യമാരെ ചതിക്കുന്ന ഭർത്താക്കന്മാരെ എല്ലാവരും ഒഴിവാക്കുകയാണ് ചെയ്യേണ്ടതെന്ന് യൂലിയ ലോകത്തോട് പറഞ്ഞു. സംഗതി 2018ലാണ് നടന്നതെങ്കിലും ഇപ്പോഴും സോഷ്യൽ മീഡിയയിലെ ചൂടേറിയ വിഷയമാണ് ഈ ചിത്രവും യൂലിയയും.