മലയാളം ഇ മാഗസിൻ.കോം

ബ്ലാക്ക്‌ ഫംഗസിനേക്കാൾ വില്ലനാണോ വൈറ്റ്‌ ഫംഗസ്‌? ലക്ഷണങ്ങൾ ഇങ്ങനെ! ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച 50 പേരിൽ 10 പേരുടെ കാഴ്ച പൂർണമായും നഷ്ടമായി

ബ്ലാക്ക് ഫംഗസ് (മ്യൂക്കർമൈക്കോസിസ്) ബാധ ആശങ്ക ഉയർത്തുന്നതിനിടെ ഒറ്റപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന വെെറ്റ് ഫംഗസിനെചൊല്ലി വിദഗ്ധർക്കിടയിൽ വ്യത്യസ്താഭിപ്രായം. നിലവിൽ വെറ്റ് ഫംഗസ് ബിഹാറിലും യുപിയിലും മാത്രമെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ബ്ലാക്ക് ഫംഗസിനെക്കാൾ കൂടുതൽ അപകടകാരിയാണെന്ന മുന്നറിയിപ്പുകൾക്കിടെ ഈ വാദം തള്ളുകയാണ് ഒരു വിഭാഗം വിദഗ്ധർ. സാധാരണനിലയിൽ കാണാറുള്ള കാൻഡിഡിയാസിസ് (കാൻഡിഡ ഫംഗസ് വഴി വരുന്നത്) മാത്രമാണിതെന്ന വാദമാണ് ഒരു വിഭാഗം ഉയർത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗിക പ്രതികരണത്തിനു തയാറായിട്ടില്ല.

ഒരു വിഭാഗം വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നതനുസരിച്ച്, ബ്ലാക്ക് ഫംഗസിനെ പോലെ മ്യൂക്കർമൈസൈറ്റ്സ് വിഭാഗത്തിൽ പെടുന്നതാണ് വൈറ്റ് ഫംഗസും. ആളുകളിൽ പ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന അവസ്ഥയെയാണ് രണ്ടും മുതലെടുക്കുന്നത്. ബ്ലാക്ക് ഫംഗസ് പ്രധാനമായും മുഖത്തെയും ശ്വാസകോശത്തെയുമാണ് ബാധിക്കുന്നതെങ്കിൽ വൈറ്റ് ഫംഗസ് വ്യത്യസ്തനാണ്. ശ്വാസകോശ ഭാഗങ്ങളിൽ ബാധയ്ക്കു പുറമേ, ത്വക്ക്, ഉദരഭാഗങ്ങൾ, വൃക്ക, തലച്ചോർ തുടങ്ങി സ്വകാര്യ ഭാഗങ്ങളെ വരെ ഇതു ബാധിക്കാം. ഇതു തന്നെയാണ് വൈറ്റ് ഫംഗസിനെ കൂടുതൽ അപകടകാരിയാക്കുന്നതും.

ഉള്ളിലെത്തിക്കഴിഞ്ഞാൽ ഇതു നിർണായക ശരീരഭാഗങ്ങളെ ബാധിക്കും. ഹൈ റെസല്യൂഷൻ സിടി (എച്ച്ആർസിടി) സ്കാൻ വഴിയാണ് ഇതു തിരിച്ചറിയാനാകുക. പ്രതിരോധശേഷി നിലനിർത്തുന്നതിനൊപ്പം ശുചിത്വവും ഇരു ഫംഗസുകളുടെയും കാര്യത്തിൽ അതിപ്രധാനമാണ്. ശുചിയല്ലാത്ത ജലസ്രോതസ്സുകളിൽ നിന്നും വൈറ്റ് ഫംഗസ് ബാധയ്ക്കുള്ള സാധ്യതയേറെ. ആവി പിടിക്കാനും മറ്റും ഉപയോഗിക്കുന്ന വെള്ളം പഴയതാണെങ്കിൽ പോലും പ്രശ്നമാകാം. പ്രമേഹരോഗികൾ, കാൻസർ രോഗികൾ, അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവർ, ദീർഘകാലമായി സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവർ തുടങ്ങി കുറഞ്ഞ പ്രതിരോധ ശേഷിയുള്ളവർ ഇരു ഫംഗസുകളുടെയും കാര്യത്തിൽ കൂടുതൽ കരുതലെടുക്കണം.

കോവിഡ് രോഗികളിലെ സ്റ്റിറോയ്ഡ്, വെന്റിലേറ്റർ, ഓക്സിജൻ സഹായി എന്നിവയുടെ തുടർച്ചയായ ഉപയോഗത്തിനും വൈറ്റ് ഫംഗസ് ബാധയുമായി ബന്ധമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും കൂടുതൽ പഠനങ്ങൾ നടക്കുന്നതേയുള്ളൂ. കോവിഡിനു സമാനമായ ചില ലക്ഷണങ്ങൾ കാട്ടുകയും പരിശോധനയിൽ നെഗറ്റീവായി കാണിക്കുകയും ചെയ്യുന്ന ചിലരിൽ വൈറ്റ് ഫംഗസ് ബാധയ്ക്കുള്ള സാധ്യതയാണ് ആശങ്കയായി ചൂണ്ടിക്കാട്ടുന്നത്. പട്നയിൽ സ്ഥിരീകരിച്ച 4 പേർക്കും ലക്ഷണങ്ങളുണ്ടായിരുന്നെങ്കിലും കോവിഡ് ഫലം നെഗറ്റീവായിരുന്നു. ഫംഗസ് ബാധ കൂടുതൽ വ്യാപകമാകുമ്പോൾ മാത്രമേ മറ്റു ലക്ഷണങ്ങളും പ്രകടമാകൂ.

അതേസമയം രാജ്യത്ത് ബ്ലാക്ക് ഫംഗസ് ആശങ്ക തുടരുകയാണ്. ബ്ലാക്ക് ഫംഗസിനെത്തുടർന്ന് ഋഷികേഷ് എയിംസിൽ പ്രവേശിപ്പിച്ച 50 രോഗികളിൽ 10 പേരുടെ കാഴ്ച ശക്തി പൂർണമായും നഷ്ടപ്പെട്ടതായി ഇവിടുത്തെ നേത്ര രോഗ വിദഗ്ധൻ ഡോ. അതുൽ എസ് ുപുത്തലത്ത്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള കേരളത്തിൽ ബ്ലാക്ക് ഫംഗസിനെ സൂക്ഷിക്കേണ്ടതുണ്ടെന്നും കോവിഡ് വന്ന രോഗ പ്രതിരോധ ശേഷി കുറഞ്ഞവർ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്നും ഡോക്ടർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡ‍് എയിംസിൽ ബ്ലാക്ക് ഫംഗസ് ബാധിച്ചവർക്കായി പ്രത്യേക വാർഡ് തുടങ്ങിയത്. ഇതിൽ ചികിൽസ വൈകിത്തുടങ്ങിയ 10 പേരുടെ കാഴ്ച ശക്തി പൂർണായി നഷ്ടമായി.

പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ 99 ശതമാനം പേരും പ്രമേഹ രോഗികളാണ്. ചെറിയ മൂക്കടപ്പും കണ്ണ് വേദനയുമായാണ് പ്രാഥമിക രോഗ ലക്ഷണം. കണ്ണ് വേദനയും കണ്ണിൽ നിന്ന് വെള്ളം വരുന്നതും കണ്ണ് തള്ളി നിൽക്കുന്നത് പോലെ തോന്നുന്നതും ഉടൻ ചികിൽസിക്കണമെന്നാണ് ഡോക്ടറുടെ നിർദേശം. ചികിൽസ വൈകിയാൽ കണ്ണ് ചലിക്കാതെ ആവുകയും കാഴ്ച പെട്ടെന്ന് ഇല്ലാതാവുകാണ് ചെയ്യുക. മൂക്ക് ചീറ്റുമ്പോൾ കറുത്ത നിറത്തിലുള്ളത് വരുന്നു എങ്കിൽ അതും ബ്ലാക്ക് ഫംഗസിൻറെ ലക്ഷണമായാണ് വിദഗ്ധർ പറയുന്നത്.

Avatar

Staff Reporter