മലയാളം ഇ മാഗസിൻ.കോം

മാസ്ക്‌ ഉപയോഗം നിർബന്ധമാക്കി, പക്ഷെ മാസ്ക്‌ ധരിക്കുമ്പോൾ ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ പണികിട്ടും

കൊറോണ വൈറസ്‌ വ്യാപനത്തെ പ്രതിരോധിക്കാൻ സഹായകമായ മാസ്‌ ക്‌ ഉപയോഗം വിവേകത്തോടെ ആയിരിക്കണമെന്നും ഇതിൻറെ അമിത ഉപയോഗം പാടില്ലെന്നും എച്ച്‌1എൻ1-കൊറോണ സംസ്ഥാന നോഡൽ ഓഫീസർ ഡോ.അമർ ഫെറ്റിൽ പറഞ്ഞു. അടച്ചുപൂട്ടിയ സാഹചര്യങ്ങളിലും പലചരക്കുകട, ലിഫ്റ്റ്‌, തിരക്കേറിയ കെട്ടിടം തുടങ്ങി നിരവധി ആളുകളുള്ള പരിമിതമായ സ്ഥലത്തും മാസ്‌ക്‌ ഉപയോഗിക്കാം. വിശാലമായ സ്ഥലത്ത്‌ ഇതിൻറെ ആവശ്യമില്ല. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മതിയായ മുൻകരുതലുകൾ സ്വീകരിക്കാത്തവരാണ്‌ ചുറ്റിലുമുള്ളതെങ്കിൽ മാസ്‌ക്‌ ഉപയോഗിക്കണമെന്നും ഡോക്ടർ വ്യക്തമാക്കി.

പനി, ശ്വാസതടസം എന്നിവയുള്ളവരും കൊവിഡ്‌ ബാധിതരും സർജിക്കൽ മാസ്‌ ക്‌ ഉപയോഗിക്കണം. കൊവിഡ്‌ പരിശോധനയ്ക്കായി പോകുമ്പോഴും മാസ്ക്‌ ധരിക്കാനാകാത്ത രോഗബാധിതരെ പരിചരിക്കുമ്പോഴും ഇത്‌ ഉപയോഗിക്കാം. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന സർജിക്കൽ മാസ്‌ ക്‌ കേടുപറ്റിയാൽ വീണ്ടും മാറ്റി പുതിയത്‌ ഉപയോഗിക്കണമെന്നും ഡോക്ടർ നിർദേശിച്ചു. രണ്ട്‌, മൂന്ന്‌ അടുക്കുകളുള്ള ഇത്തരം മാസ്‌കുകൾ സ്പ്രേ, സ്പ്ലാഷസ്‌, സ്രവങ്ങൾ എന്നിവയിൽ നിന്നും പ്രതിരോധിക്കുന്നു. ധരിക്കുന്ന വ്യക്തിയിൽ നിന്നും അണുബാധ മറ്റുള്ളവരിലേക്കെത്തുന്നതിനേയും ഇത്‌ തടയുന്നു.

തുണിയിലെ മാസ്‌കു കൾ വീട്ടിൽ തയ്യാറാക്കാവുന്നതാണ്‌. രോഗലക്ഷണങ്ങൾ പ്രകടമാക്കാത്തവർ സംസാരിക്കുമ്പോഴോ, ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ വ്യാപിക്കുന്ന രോഗാണുവിനെ പ്രതിരോധിക്കുന്നതിന്‌ ഇവ സഹായകമാണ്‌. മറ്റു മാസ്‌കുകൾ ഉപയോഗിക്കാത്ത സാഹചര്യത്തിൽ ഇവ നല്ലതാണ്‌. സാമൂഹ്യ അകലം പാലിക്കാൻ പ്രയാസമുള്ള സന്ദർഭങ്ങളിൽ സുരക്ഷിതത്വം നൽകുന്നു. പ്രശ്ന ബാധിത പ്രദേശങ്ങളിലുള്ളവർക്ക്‌ പലചരക്കുകട, മെഡിക്കൽ സ്റ്റോർ പോലുള്ള പൊതുയിടങ്ങളിൽ പോകേണ്ടിവരുന്ന സാഹചര്യത്തിൽ തുണി മാസ്‌ കുകൾ സഹായകമാണ്‌.

രണ്ടു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾ, ശ്വാസംമുട്ടുളളവർ, അബോധാവസ്ഥയിലുള്ളവർ, സ്വന്തമായി മാസ്ക്‌ അഴിച്ചെടുക്കാൻ കഴിയാത്തവർ എന്നിവർ തുണി മാസ്‌ ക്‌ ഉപയോഗിക്കരുതെന്ന്‌ ഡോ. അമർ വ്യക്തമാക്കി. സ്പ്രേ, സ്പ്ലാഷസ്‌, സ്രവങ്ങൾ തുടങ്ങിയവ പ്രതിരോധിക്കുന്നതിനു പുറമേ വൈറസ്‌, ബാക്ടീരിയ പോലുള്ള 95 ശതമാനം സൂക്ഷ്മ പദാർത്ഥങ്ങളേയും തടയുവാൻ സഹായകമാണ്‌ എൻ95 മാസ്‌കുകൾ. വളരെ ഇറുകിയ ഇത്തരം മാസ്‌ കുകൾ പൊതുജനങ്ങളുടെ ഉപയോഗത്തിനു വേണ്ടിയുള്ളതല്ല. എന്നിരുന്നാലും അപൂർവ്വം ചിലർ ഇത്‌ ഉപയോഗിക്കുന്നതായി കണ്ടുവരുന്നുണ്ട്‌. ഇത്‌ ആരോഗ്യപരിരക്ഷാ പ്രവർത്തകരും രോഗികളുമായി നേരിട്ട്‌ സമ്പർക്കത്തിലുള്ളവരുമാണ്‌ ഉപയോഗിക്കേണ്ടത്‌. ഇത്‌ ചിലവേറിയതാണെന്നും ഡോക്ടർ വ്യക്തമാക്കി.

ആരോഗ്യ പരിരക്ഷാ മേഖലയിലുള്ളവർ മാനദണ്ഡങ്ങൾ പ്രകാരം തങ്ങളുടെ പ്രവർത്തനങ്ങൾക്കനുസൃതമായ മൂന്നു ലെയർ മാസ്‌ കുകൾ അല്ലെങ്കിൽ എൻ95 മാസ്‌ ക്‌ ഉപയോഗിക്കണം.മാസ്‌ ക്‌ ഉപയോഗത്തിൽ ചെയ്യേണ്ടതും അല്ലാത്തതുമായ നിർദേശങ്ങൾ കേരള ഹെൽത്ത്‌ സർവ്വീസസ്‌ ഡയറക്ടറേറ്റ്‌, കേന്ദ്ര സർക്കാരിൻറെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, നാഷണൽ സെന്റർ ഫോർ ഡിസീസ്‌ കൺട്രോൾ എന്നീ വെബ്‌ സൈറ്റുകളിൽ ലഭ്യമാണ്‌.

Staff Reporter