മലയാളം ഇ മാഗസിൻ.കോം

അതിരു കടക്കുന്ന സ്മാർട്ട്‌ ഫോൺ പ്രണയം: സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ ലോകം ലൈവായി കാണും

ജീവിതപങ്കാളിയേക്കാൾ അടുപ്പം സ്മാർട്ഫോണിനോട് കാണിക്കുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല. കാരണം സ്മാർട്ഫോണുകൾ ഇന്ന് നമ്മുടെ ജീവിതത്തിൽ നിന്നും പറിച്ചുമാറ്റാൻ പറ്റാത്ത വിധം ബന്ധം സ്ഥാപിച്ചിരിക്കുന്നു.

\"\"

രാവിലെ ഉണരുമ്പോൾ മുതൽ രാത്രി ഉറങ്ങുന്നതു വരെ മാത്രമല്ല പലരും ഉറക്കത്തിൽ നിന്നും അലാറം വച്ച് ഉണർന്നു വരെ സ്മാർട്ഫോണിൽ മെസ്സേജുകളോ മറ്റോ പരിശോധിക്കാറുണ്ട് എന്നതാണ് സത്യം. അമിതമായ സ്മാർട്ഫോൺ ഉപയോഗം പലരിലും മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വ്യക്തിത്വത്തിൽ മാറ്റം വരുക കുടുമ്പ-സൗഹൃദ ബന്ധങ്ങളിൽ അകൽച്ച ഉണ്ടാകുക തുടങ്ങിയവ സർവ്വസാധാരണമായിരിക്കുന്നു. സ്മാർട്ഫോണുകൾ സൃഷ്ടിക്കുന്ന അപകടങ്ങളും അതിന്റെ ഉപയോഗം മൂലം ഉണ്ടാകുന്ന കൊലപാതകങ്ങളും എല്ലാം ഇന്ന് പതിവായിരിക്കുന്നു.

സാങ്കേതികവിദ്യയെ കരുതലോടെയും ഒപ്പം നിയന്ത്രിച്ചും ഉപയോഗിച്ചില്ലെങ്കിൽ അത് വ്യക്തിജീവിതത്തെ മാത്രമല്ല സമൂഹത്തിനു തന്നെ വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ് എന്നതാണ് വസ്തുത. സദാ ഒപ്പം കൊണ്ടു നടക്കുന്ന ഇവ നാമറിയാതെ ചാരന്മാരായും ചതിയന്മാരായും മാറുവാനും വലിയ സാധ്യത ഉണ്ട്. പ്രത്യേകിച്ച് കിടപ്പുമുറിയിലും കുളിമുറിയിലുമെല്ലാം ഒപ്പം കൂട്ടുന്ന സ്മാർട് ഫോൺ അവിടെ നിന്നുള്ള ദൃശ്യങ്ങളും ശബ്ദങ്ങളുമെല്ലാം പകർത്തി മറ്റുള്ളവരിൽ എത്തിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതോടൊപ്പം വ്യക്തിപരമായവിവരങ്ങളും ചോർത്തുവാൻ സാധിക്കും.

\"\"

മിക്ക സ്മാർട്ഫോണുകളിലും വിവിധങ്ങളായ നിരവധി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകും. ഇവ വഴിയോ അതല്ലെങ്കിൽ സെക്യൂരിറ്റി സിസ്റ്റത്തെ മറികടന്നുകൊണ്ട് കടന്നുകൂടുന്ന ട്രോജൻ സോഫ്റ്റ്വെയറുകൾ വഴിയോ എല്ലാം നിങ്ങളുടെ സ്വകാര്യതയോ ബാങ്കിംഗ് ഉൾപ്പെടെ ഉള്ളവയുടെ പാസ്‌വേഡുകളൊ പകർത്തിയെടുത്ത് വിദൂരതയിലിരുന്നു കൊണ്ട് കാണുന്നതിനോ ദുരുപയോഗം ചെയ്യുന്നതിനോ ഹാക്കർമാർക്ക് സാധിക്കും. മൊബൈൽ സൈലന്റിൽ ആയാലും രണ്ടുവശത്തെ ക്യാമറകൾ പ്രവർത്തിപ്പിക്കുവാൻ അവർക്കാകും.

ഫേസ്ബുക്ക് സ്ഥാപകനായ മാർക്ക് സുക്കർബർഗിന്റെ ലാപ്ടോപ് ക്യാമറയിലും മൈക്കിലും ടേപ്പ് ഒട്ടിച്ച് വച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങൾ അടുത്തിടെ പ്രചരിച്ചിരുന്നു. അതൊരു മുൻ കരുതലാണ്. ഒപ്പം മികച്ച ആന്റിവൈറസ് സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുവൻ ശ്രദ്ധിക്കണം. ആവശ്യമില്ലാത്ത സമയത്ത് നെറ്റ് ഓഫ് ചെയ്തിടുകയുമാകാം. പ്രത്യേകിച്ച് ഉറങ്ങുമ്പോളും മറ്റും. കിടപ്പറയിലും കുളിമുറിയിലും വസ്ത്രം മാറുന്നിടത്തുമെല്ലാം ഫോൺ വളരെ ശ്രദ്ധയോടെ ഉപയോഗിക്കുക.

\"\"

ഓൺലൈനിലൂടെ സെക്സ് ചാറ്റിംഗും, ഫോട്ടോ/വീഡിയോ എന്നിവ ഷെയർ ചെയ്യുന്നതും പരമാവധി ഒഴിവാക്കുക. സ്വകര്യ നിമിഷങ്ങൾ ഫോണിൽ പകർത്തി സൂക്ഷിക്കുന്ന പ്രവണത ഒട്ടും നന്നല്ല. ഇത്തരത്തിൽ സൂക്ഷിക്കുന്ന പലതും പിന്നീട് പുറത്ത് വരുന്നത് പതിവായിരിക്കുന്നു. അടുത്തിടെ മലയാളം സിനിമ- സീരിയൽ നടിമാരുടെ സ്വകാര്യ നിമിഷങ്ങൾ പുറത്ത് വന്നതും അവരിൽ ഒരാൾ ലൈവിൽ വന്ന് കരഞ്ഞതുമെല്ലാം ഓർക്കുക.

ആപ്പുകളാണ് പ്രധാന കെണി. ഇൻസ്റ്റാൾ ചെയ്യൂമ്പോൾ ക്യാമറയുടേയും മൈക്കിന്റെയുമെല്ലാം ആക്സസ് അനുവാദം ചോദിക്കും. അതിനു അനുവാദം നൽകുന്നത് നമ്മുടെ സ്വകാര്യതയിലേക്ക് എപ്പോൾ വേണമെങ്കിലും കടന്നുവരുവാൻ ഉള്ള സാധ്യതയാണ് തുറന്നു കൊടുക്കുന്നത്. അനാവശ്യമായി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. പിന്നീട് അവ ഡിലീറ്റ് ചെയ്താലും ഏതെങ്കിലും വിധത്തിലുള്ള ട്രോജനുകൾ അവർ നമ്മുടെ ഫോണിൽ കയറ്റിവിട്ടിട്ടുണ്ടോ എന്നത് പലപോഴും കണ്ടെത്തുവാൻ സാധിക്കില്ല.

Avatar

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor