മലയാളം ഇ മാഗസിൻ.കോം

നിങ്ങളുടെ മൊബൈലിലേക്ക്‌ ഈ നമ്പരിൽ നിന്ന് മിസ്സ്ഡ്‌ കോൾ വന്നോ? എങ്കിൽ പണി പാളിയേക്കും

ഈ അടുത്തെപ്പോഴെങ്കിലും അപരിചിതമായ വിദേശ നമ്പറുകളിൽനിന്ന് തുടർച്ചയായി മിസ്‍ഡ് കോൾ വന്നാരുന്നോ? എങ്കിൽ ഉറപ്പിച്ചോളൂ, ഇത് ‘വൺ റിങ് ഫോൺ സ്കാം’ അഥവാ വാൻഗിറി തട്ടിപ്പാണ്. വർഷങ്ങളായി ടെലികോം രംഗത്തു നടന്നുവരുന്ന തട്ടിപ്പാണ് വീണ്ടും കേരളത്തിൽ വ്യാപകമാകുന്നത്. കഴിഞ്ഞ കുറേ നാളുകളായി മലയാളികളായ ഒട്ടേറെപ്പേർക്ക് വിദേശനമ്പറുകളിൽനിന്ന് കോൾ വന്നുകൊണ്ടിരിക്കുകയാണ്.

ഒറ്റ ബെല്ലിൽ അവസാനിക്കുന്ന മിസ്ഡ് കോളുകളെന്നാണു വാൻഗിറിയുടെ അർഥം. ജാപ്പനീസ്‌ വാക്കാണിത്‌. +372, +43, +44, +591 അങ്ങനെ തുടങ്ങുന്ന ഒട്ടേറെ വിചിത്രമായ നമ്പറുകളിൽനിന്നാണ് ഈ മിസ്ഡ് കോളുകൾ എത്തുന്നത്. വിദേശത്തുള്ള ബന്ധുക്കൾ ആരെങ്കിലും ആണെന്നു കരുതി തിരിച്ചുവിളിച്ചാൽ പണി പാളാനിടയുണ്ട്. സംഭവിക്കുക വൻ ധന നഷ്ടം.

തട്ടിപ്പുകാരൻ ചില രാജ്യങ്ങളിലെ പ്രീമിയം നിരക്കുകൾ ഈടാക്കാവുന്ന നമ്പറുകൾ (ഉയർന്ന നിരക്ക് ഈടാക്കുന്ന മാർക്കറ്റിങ് കോളുകൾക്കു സമാനം) സ്വന്തമാക്കും. ഇവ കണ്ടെത്തുക അസാധ്യമാണ്. കംപ്യൂട്ടറിലെ പ്രത്യേക സോഫ്റ്റ്‍വെയറിലൂടെ അസംഖ്യം ഫോൺ നമ്പറുകളിലേക്ക് ഈ നമ്പറിൽനിന്നു വിളിയെത്തും. ഒറ്റ ബെല്ലിൽ കോൾ അവസാനിക്കും. മിസ്ഡ് കോൾ ലഭിക്കുന്നവരിൽ ചിലരെങ്കിലും തിരികെ വിളിക്കും.

എന്നാൽ കോളെത്തുന്നതു പ്രീമിയം നമ്പറിലേക്കാണ്. സാധാരണ ഐഎസ്ഡി നിരക്കുകളേക്കാൾ വളരെ കൂടുതലാണ് ഇതിലേക്ക് വിളിക്കുമ്പോൾ ഈടാക്കുന്നത്. കോൾ സ്വീകരിക്കുന്നതു തട്ടിപ്പുകാരന്റെ കംപ്യൂട്ടറായിരിക്കും. റിക്കോർഡ് ചെയ്തുവച്ച പാട്ടുകൾ, വോയിസ് മെസേജുകൾ എന്നിവയാകും കേൾക്കുക. പരമാവധി സമയം കോൾ നീട്ടിയാൽ തട്ടിപ്പുകാരനു കൂടുതൽ ലാഭം. ഫോണിൽ ഐഎസ്ഡി സേവനം ഉപയോഗിക്കുന്നവരാണെങ്കിലേ പണം നഷ്ടമാകൂ.

പ്രീമിയം റേറ്റ് നമ്പർ ആയതിനാൽ ടെലികോം സേവനദാതാവ് ഒരു വിഹിതം ലാഭമായി നമ്പറിന്റെ ഉടമയ്ക്കു നൽകും. കൂടുതൽ ലാഭത്തിനായി നമ്പർ ഡയൽ ചെയ്യുമ്പോൾ മുതൽ കോളായി പരിഗണിക്കുന്ന സംഭവങ്ങളുമുണ്ട്. ഡയൽ ചെയ്യുമ്പോൾ കേൾക്കുന്ന റിങ് ശബ്ദം പോലും നേരത്തേ റിക്കോർഡ് ചെയ്തു വച്ചതാകാം. ബെല്ലടിക്കുന്നതേയുള്ളൂവെന്നു കരുതി നമ്മൾ കാത്തിരിക്കും. പോസ്റ്റ്‍പെയ്ഡ് കണക്‌ഷനാണെങ്കിൽ ബിൽ വരുമ്പോൾ മാത്രമെ നഷ്ടമായ പണത്തിന്റെ കണക്കറിയൂ.

ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാനുള്ള ഏക വഴി പരിചയമില്ലാത്ത രാജ്യാന്തര നമ്പറുകളിലേക്കു തിരിച്ചു വിളിക്കാതിരിക്കുകഎന്നതു തന്നെയാണ്‌. ഇന്ത്യയുടെ രാജ്യാന്തര കോഡ് ആയ +91 ഒഴികെ മറ്റു കോഡുകളിലുള്ള കോളുകളിൽനിന്നു മിസ്ഡ് കോളുകൾ, എസ്എംഎസുകൾ കണ്ടാൽ ജാഗ്രത പാലിക്കുക. അറിയാതെ തിരികെ വിളിച്ചാൽ ഉടൻ കോൾ കട്ട് ചെയ്യുക. അപരിചിതർ വിളിച്ചാൽ വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കരുത്. ഐഎസ്ഡി സൗകര്യമുള്ള ഫോണുകളിലേ അപകടസാധ്യതയുള്ളൂ.

Avatar

Staff Reporter