മലയാളം ഇ മാഗസിൻ.കോം

കോവിഡിനു ശേഷം ഈ രോഗങ്ങൾ പിടിമുറുക്കാൻ സാധ്യത, ഇപ്പോഴേ ശ്രദ്ധിച്ചാൽ, ഈ മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ അവയെ പ്രതിരോധിക്കാം

കോവിഡിനു ശേഷം നാം അഭിമുഖീകരിക്കാന്‍ പോവുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്താണ്? ജീവിത ശൈലീ രോഗങ്ങളുടെ വര്‍ധനവും നിയന്ത്രണമില്ലായ്മയുമായിരിക്കും. അത് ഓരോരുത്തരുടെയും ആരോഗ്യത്തെ മാത്രമല്ല, ആകെ തളര്‍ന്നിരിക്കുന്ന ആരോഗ്യമേഖലയെ തന്നെ തളര്‍ത്തും. ഇതിന്റെ കൂടെ സാമ്പത്തിക തളര്‍ച്ച കൂടി വരുന്നതോടെ വലിയ ആഘാതമായിരിക്കും അതുണ്ടാക്കുക.

ഇപ്പോള്‍ ആശുപത്രികളില്‍ തിരക്കില്ലാത്തത് രോഗങ്ങളില്ലാത്തതു കൊണ്ടല്ല, പകരം അവരെല്ലാം ആശുപത്രി സന്ദര്‍ശനം നീട്ടി വക്കുന്നത് കൊണ്ടാണ്. പ്രമേഹത്തിനും ഹൈപ്പര്‍ടെന്‍ഷനും കൊളസ്‌ട്രോള്‍ കൂടുന്നതിനുമൊന്നും പ്രത്യേക ലക്ഷണങ്ങള്‍ വേണമെന്നില്ലല്ലോ. ദീര്‍ഘനാള്‍ ജീവിതശൈലി രോഗങ്ങള്‍ക്ക് കൃത്യമായി മരുന്നു കഴിക്കാതിരിക്കുകയും കൃത്യമായി ഫോളോ അപ് ചെയ്യാതിരിക്കുകയും പരിശോധനകള്‍ക്ക് വിധേയരാകാതിരിക്കുകയും ചെയ്യുന്നത് ചിലപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. അങ്ങനെയുള്ളവര്‍ ടെലിമെഡിസിന്‍ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക. വീട്ടില്‍ ബിപി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റര്‍ ഒക്കെ ഉള്ളവര്‍ ഇടയ്‌ക്കൊന്ന് ചെക്ക് ചെയ്യണം. കൂടുതലെങ്കില്‍ ഡോക്ടറുടെ സഹായം തേടുക.

ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തണം. വീട്ടില്‍ തന്നെ ചെയ്യാനാവുന്ന വ്യായാമങ്ങള്‍ ഒക്കെ ചെയ്യണം. ഇതുവരെയും പ്രമേഹമോ സമ്മര്‍ദമോ ഇല്ലാത്ത ചെറുപ്പക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ലോക്ഡൗണ്‍ കഴിയുമ്പോഴേക്കും ഇതൊക്കെ ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ ലക്ഷണങ്ങളെ ചികിത്സിക്കുന്നത്.

മറ്റൊന്ന് കാന്‍സറുകളാണ്. നിലവില്‍ കാന്‍സര്‍ കണ്ടെത്തിയവര്‍ അതിന്റെ ചികിത്സ തുടരുന്നുണ്ടാവണം. പക്ഷേ നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് മാറ്റാന്‍ സാധിക്കുന്ന കാന്‍സറുകള്‍ ലോക്ഡൗണ്‍ കാരണം ചിലപ്പോള്‍ കണ്ടെത്താന്‍ വൈകുകയും പിന്നെ ചികിത്സിക്കാന്‍ പ്രയാസമാവുകയും ചെയ്യാം. അതുകൊണ്ട് മാറിലെ മുഴകള്‍, മലത്തിലൂടെയുള്ള രക്തം പോക്ക്, മലം കറുത്തു പോകല്‍ തുടങ്ങിയവയൊക്കെ കണ്ടെത്തിയാല്‍ അടുത്ത ദിവസം തന്നെ ആശുപത്രിയില്‍ പോണം. ലോക്ഡൗണ്‍ തീരാന്‍ കാത്തിരിക്കണ്ട.

അസാധാരണവും അപ്രതീക്ഷിതമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഏതൊരു മനുഷ്യനും മാനസികമായി തളരാനുള്ള സാധ്യത ഉണ്ട്. ഇപ്പോഴുള്ള ഈ സാഹചര്യങ്ങള്‍ ഭാവിയില്‍ ഏത് രീതിയില്‍ ആയിരിക്കും മനുഷ്യന്റെ മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിഫലിക്കുക എന്ന് നമുക്ക് പറയാനാവില്ല. മാനസികാരോഗ്യം നിലനിര്‍ത്താന്‍ വേണ്ടിയുള്ള പോംവഴികള്‍ ഇപ്പോഴേ കണ്ടെത്തിയില്ലെങ്കില്‍ ഭാവിയില്‍ നമ്മുടെ മനുഷ്യവിഭവശേഷിയുടെ കാര്യക്ഷമതയെയും കാര്യമായി ബാധിക്കുകയും ആത്മഹത്യകളും വിഷാദരോഗങ്ങളും കൂടാനുള്ള സാധ്യതയും വളരെയധികമാണ്.

നമ്മുടെ നാട്ടില്‍ അടുത്തുണ്ടാകാന്‍ പോകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ കോവിഡിന്റെ വ്യാപനത്തെ എത്രത്തോളം സ്വാധീനിക്കുമെന്നത് കണ്ടറിയേണ്ടതാണ്. വേനല്‍ക്കാലത്തെ ഉഷ്ണം രോഗവ്യാപനത്തിനെ സ്വാധീനിക്കുന്നുണ്ടോ എന്നത് വ്യക്തമല്ല. വരാന്‍പോകുന്ന ഇടവപ്പാതി ചിലപ്പോള്‍ കാര്യങ്ങളെ കീഴ്‌മേല്‍ മറിക്കാന്‍ സാധ്യതയുണ്ട്.

അത് കോവിഡിന്റെ രോഗവ്യാപനത്തെ നേരിട്ട് സ്വാധീനിച്ചില്ലെങ്കില്‍ പോലും, നിലവില്‍ തളര്‍ന്ന ആരോഗ്യമേഖലയെ ഡെങ്കിപ്പനിയും ചിക്കന്‍ ഗുനിയയും എലിപ്പനിയും പോലുള്ള രോഗങ്ങള്‍ കൂടി വരുമ്പോള്‍ കൂടുതല്‍ തളര്‍ത്താന്‍ തന്നെയാണ് സാധ്യത. അതുകൊണ്ട് ഇപ്പോഴേ ആവശ്യം വേണ്ട കൊതുകുനിവാരണ പരിപാടികളും പരിസര ശുചീകരണ മാര്‍ഗങ്ങളും നമ്മള്‍ സ്വീകരിക്കണം.

Staff Reporter