മലയാളം ഇ മാഗസിൻ.കോം

കുട്ടികളിലെ കൊവിഡ്‌ ഇപ്പോൾ അത്ര നിസാരമല്ല, ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്‌

കുട്ടികളിൽ കൊവിഡ് ലക്ഷണങ്ങൾ പ്രകടമായാൽ വീടുകളിൽ ചികിൽസ നടത്താതെ ശിശുരോഗ വിദഗ്ധന്റെ സേവനം തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ.

തൊണ്ടവേദന, തൊണ്ട കുത്തിയുള്ള ചുമ, ശരീരോഷ്മാവ് 104 ഡിഗ്രി വരെയുള്ള പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെത്തിയാൽ അവഗണിക്കരുതെന്ന് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ജമുന വർഗീസ്.

ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായ അളവിലും ഇടവേളകളിലും നൽകണം. ആറു മണിക്കൂറിൽ ഒരു തവണയെങ്കിലും മൂത്രം നന്നായി പോയില്ലെങ്കിൽ നിർജ്ജലീകരണത്തിന്റെ സൂചന തിരിച്ചറിഞ്ഞ് ആശുപത്രിയിൽ കൊണ്ടുപോകണം. എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കൊടുക്കണം. മുലകുടിക്കുന്ന കുട്ടികൾക്ക് മുലയൂട്ടൽ തുടരണം.

ചൂട് കുറഞ്ഞിരിക്കുമ്പോഴും കുഞ്ഞിന് ക്ഷീണം അനുഭവപ്പെടുക, മുലപ്പാൽ കുടിക്കാതിരിക്കുക, മൂത്രം പോകുന്നത് കുറയുക, കൈകാലുകളിൽ തണുപ്പ്, ചുണ്ടിന് നീല നിറം, ശ്വാസം എടുക്കുന്നതിന് ബുദ്ധിമുട്ട്, ശ്വാസം എടുക്കുമ്പോൾ തൊണ്ടയും നെഞ്ചും കുഴിഞ്ഞുവരിക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെത്തിയാലും ആശുപത്രിയിൽ ചികിൽസ തേടണം.

കൊവിഡ് മുക്തരായതിനു ശേഷവും കുഞ്ഞുങ്ങൾക്ക് അവയവ വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന മൾട്ടി സിസ്റ്റം ഇൻഫൽമേറ്ററി സിൻഡ്രത്തിന് സാധ്യതയുണ്ട്. കൊവിഡ് മുക്തമായതിനുശേഷം രണ്ടു മാസത്തിനുള്ളിൽ പനിയോടൊപ്പം ദേഹത്ത് ചുവന്ന പാട്, ഛർദ്ദിൽ അല്ലെങ്കിൽ വയറിളക്കം, കണ്ണും ചുണ്ടും ചുവക്കുക, അസഹനീമായ വയറുവേദന എന്നിവയുണ്ടെങ്കിൽ ശിശുരോഗ വിദഗ്ധനെ കാണിക്കണം. വീട്ടിൽ കൊവിഡ് ബാധിതർ ഉണ്ടെങ്കിൽ കുഞ്ഞുങ്ങളുടെ പനി കൊവിഡ് ആകാനുള്ള സാധ്യത പരിഗണിച്ച്‌ ജാഗ്രത കാണിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter