കോവിഡ് മഹാമാരിക്ക് പിന്നാലെ രാജ്യത്ത് ആശങ്ക സൃഷ്ടിച്ച് ബ്ലാക്ക് ഫംഗസ് ബാധ. കോവിഡ് രോഗികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ബ്ലാക്ക് ഫംഗസ് ബാധ വർധിച്ചുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് ഇതുവരെ 7250 പേര്‍ക്ക് രോഗം ബാധിക്കുകയും 219 പേർ മരിക്കുകയും ചെയ്തു.
അടുത്തകാലത്തായി വട്ടച്ചൊറിയുൾപ്പടെയുള്ള പൂപ്പൽ (ഫംഗസ്) രോഗങ്ങൾ രാജ്യത്താകമാനം പ്രത്യക്ഷപ്പെട്ടിരുന്നു എന്നാൽ ഇന്ന് കോവിഡ് രോഗമുക്തരായ പ്രതിരോധശേഷി കുറഞ്ഞവരിൽ ബ്ലാക്ക് ഫംഗസ് (മ്യൂകോർമൈക്കോസിസ്) പടരുന്നതായാണ് കണ്ടുവരുന്നത്.
രോഗം ബാധിച്ചവരിൽ 50 മുതൽ 85 ശതമാനം വരെ ചെറിയ കാലയളവിൽ മരണത്തിന് കീഴടങ്ങുന്നു.രോഗമുക്തരായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നവരിൽ പലരും കടുത്ത വൈകല്യവുമായാണ് ശിഷ്ടകാലം കഴിയേണ്ടിവരുന്നത്.
സൂക്ഷ്മ ദർശിനിയിലൂടെ നോക്കുമ്പോൾ കറുത്ത നിറത്തിൽ കാണുന്നതിനാലാണ് ബ്ലാക്ക് ഫംഗസ് എന്ന പേര് ലഭിച്ചത്.വൈറസ് ബാധമൂലം കൃത്യമായ രീതിയിൽ പ്രവർത്തിക്കാത്ത വെളുത്ത രക്ത കോശങ്ങളെയാണ് ബ്ലാക്ക് ഫംഗസ് ബാധിക്കുന്നത് കോവിഡിൽ നിന്ന് രക്ഷ പെടുന്നതിന് അമിതമായി സ്റ്റിറോയിഡ് ഉപയോഗിക്കേണ്ടി വരുന്നവർക്കും ആശുപത്രി വാസത്തിനിടയിൽ മികച്ച പോഷകമൂല്യമുള്ള ഭക്ഷണം ലഭിക്കാത്തവർക്കും രോഗ സാധ്യത കൂടുതലാണ്.
അടിയന്തര പ്രാധാന്യത്തോടെയുള്ള ചികിത്സയാണ് രോഗിക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്നത് അതുകൊണ്ട് രോഗം സംശയിക്കപ്പെടുമ്പോൾ തന്നെ സ്ഥിരീകരണത്തിന് കാത്തു നിൽക്കാതെ ചികിത്സ തുടങ്ങുകയാണ് പതിവ്. ചികിത്സ 6 മാസം വരെ തുടരേണ്ടി വരും.
ശരീരത്തിൽ പൂപ്പൽ ഉണ്ടാക്കിയ ആഘാതത്തെ മരുന്നുകൊണ്ട് മാറ്റിയെടുക്കാനാകില്ല. രോഗം രക്തക്കുഴലുകളെ നശിപ്പിക്കുന്നത് കൊണ്ടാണിത്. രോഗം ബാധിച്ച കോശവും ഞരമ്പുകളും എല്ലും ശസ്ത്രക്രിയയിലൂടെ നീക്കലും തുടർ ചികിത്സയും മാത്രമാണ് രോഗിയെ രക്ഷിക്കാനുള്ള വഴി
ശരീരത്തിൽ പൂപ്പൽ ഉണ്ടാക്കിയ ആഘാതത്തെ മരുന്നുകൊണ്ട് മാറ്റിയെടുക്കാനാകില്ല. പൂപ്പൽ ബാധയെ തുടർന്ന് നശിച്ച ത്വക്ക് കറുത്താണ് കാണുന്നത് .കണ്ണുമായി ബന്ധപ്പെട്ടുള്ള ഞരമ്പുകളെയാണ് പൂപ്പൽ ബാധിക്കുന്നതെങ്കിലും കാഴ്ച നശിക്കും. പിന്നീട് രോഗം ബാധിക്കുന്നത് മൂക്കിന് ചുറ്റുമുള്ള സൈനസിനെയാണ്.അതു കഴിഞ്ഞു തലയോട്ടിയുടെ മുൻഭാഗം നശിപ്പിച്ചു പൂപ്പൽ തലച്ചോറിലേക്ക് പ്രവേശിക്കുന്നതോടെയാണ് മരണം സംഭവിക്കുന്നത്.
മണ്ണിലാണ് സാധാരണഗതിയിൽ ബ്ലാക്ക് ഫംഗസ് കഴിയുന്നത്. അത് കൊണ്ട് കോവിഡ് മുക്തരായ കർഷകർക്കും കാർഷിക ജോലികളിൽ ഏർപ്പെടുന്നവർക്കുമാണ് രോഗ സാധ്യത ഏറെയുള്ളത്. ശുദ്ധമായ സാഹചര്യത്തിൽ വീട്ടിൽ കഴിയുന്നതാണ് ബ്ലാക്ക് ഫംഗസ് നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല വഴി
കോവിഡ് സുഖം പ്രാപിക്കുന്നവർ, പ്രമേഹരോഗികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരിൽ ഈ ഫംഗസ് എളുപ്പം പ്രവേശിക്കും. പ്രമേഹം നിയന്ത്രണവിധേയമാകാത്തവർ ,സ്റ്റിറോയിഡ് ഉപയോഗം മൂലം പ്രതിരോധ ശേഷി കുറഞ്ഞവർ,ഡയാലിസിസിന് വിധേയരാകുന്നവർ ,അർബുദത്തിന്നെതിരെയുള്ള മരുന്ന് കഴിക്കുന്നവർ ,കൂടുതൽ കാലം അത്യാഹിത വിഭാഗത്തിലും ആശുപത്രിയിലും കഴിഞ്ഞവർ ,മറ്റു രോഗങ്ങളുള്ളവർ,ഗുരുതരമായ പൂപ്പൽ ബാധയ്ക്കു ചികിത്സ തേടുന്നവർ തുടങ്ങിവർക്ക് ബ്ലാക്ക് ഫംഗസ് പടരാൻ സാധ്യതയേറെയാണ് .
നെറ്റി, മൂക്ക്, കവിൾ, കണ്ണുകൾ, പല്ല്, അണ്ണാക്ക് എന്നിവിടങ്ങളിൽ കറുത്ത പൊട്ടുപോലെയാണ് പൂപ്പൽബാധ ആദ്യം കാണുക. ചിലരിൽ ചെങ്കണ്ണ് പോലെയും കൺപോളകളിൽ നീർക്കെട്ടു പോലെയും പ്രത്യക്ഷപ്പെടാം.കടുത്ത വേദനയോടെ കണ്ണ് ചലിപ്പിക്കാനാകാത്തതും പെട്ടെന്ന് കാഴ്ച മങ്ങുന്നതും ലക്ഷണങ്ങളിൽ ചിലതാണ്. റെറ്റിനയിൽ ചുവന്ന തട്ടിപ്പുകളും തുടക്കത്തിൽ കാണാറുണ്ട് .കടുത്ത ദുർഗന്ധത്തോടെ രക്തത്തിന്റെ സാന്നിധ്യത്തോടെയുമുള്ള മൂക്കൊലിപ്പിനും സാധ്യതയുണ്ട്. പല്ല് കൊഴിയാനും ഇടയുണ്ട്. മൂക്കിനുചുറ്റും നിറവ്യത്യാസം സംഭവിക്കുകയോ കാഴ്ച മങ്ങുകയോ ചെയ്യിതൽ ഉടൻ വൈദ്യസഹായം തേടണം. നെഞ്ചുവേദന, ശാസതടസ്സം, ചുമച്ച് ചോര തുപ്പൽ എന്നിവയും ലക്ഷണങ്ങളാണ്.
കേരളത്തില്‍ പതിനാറ് കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തു. ഈ രോഗം മൂലം രണ്ട് പേരാണ് ഇതുവരെ കേരളത്തിൽ മരിച്ചത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി അനീഷ കഴിഞ്ഞ ദിവസമാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പന്തളത്ത് ഒരാളും ബ്ളാക്ക് ഫംഗസ് മൂലം മരിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം 10 പേരില്‍ രോഗം സ്ഥിരീകരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇവിടെ ബ്ലാക്ക് ഫംഗസ് ബാധിച്ചവരില്‍ രണ്ട് പേര്‍ക്ക് കൊവിഡില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫംഗ്സ് മൂലം നാല് പേര്‍ക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം എത്തിയവരടക്കം ആറുപേരെ വരുംദിവസങ്ങളില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയാല്‍ മാത്രമേ കണ്ണിന്റെ ഞരമ്പുകളെ എത്രമാത്രം രോഗം ബാധിച്ചുവെന്ന് പറയാനാകൂ. ഇതനുസരിച്ചാണ് കണ്ണ് നീക്കംചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതും.
കൃത്യ സമയത്തു കണ്ടെത്തി ചികിത്സിച്ചാൽ പരിഹരിക്കാവുന്നതാണ് ബ്ലാക്ക് ഫംഗസ് ബാധയെന്നു ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ബ്ലാക്ക്ഫംഗസിന് പിന്നാലെ രാജ്യത്ത് ചിലയിടങ്ങളില്‍ വൈറ്റ് ഫംഗസ് രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്. ബിഹാറില്‍ അഞ്ച് പേരിലാണ് രോഗം കണ്ടെത്തിയത്. ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയാണ് വൈറ്റ് ഫംഗസ്.