ജിഎസ്ടി കൗണ്‍സില്‍ കാറുകളുടെ നികുതി പുതുക്കി നിശ്ചയിച്ചു. ഇതനുസരിച്ച് കാര്‍ നിര്‍മ്മാതാക്കള്‍ എസ് യുവികളുടെയും ആഡംബര കാറുകളുടെയും വിലകള്‍ വര്‍ദ്ധിപ്പിച്ചു.
ജിഎസ്ടി കൗണ്‍സിലിന്റെ നികുതി വര്‍ദ്ധനവ് ചെറുകാറുകള്‍ക്ക് ബാധകമല്ല. അവ പഴയ വില തന്നെ തുടരും. ചെറു കാറുകള്‍, ഹൈബ്രിഡ് കാറുകള്‍ എന്നിവ വാങ്ങാനൊരുങ്ങുന്നവര്‍ക്ക് ആശ്വസിക്കാനുള്ള വകയുണ്ട്. ഈ വാഹനങ്ങള്‍ക്ക് സെസില്‍ മാറ്റമില്ലെന്നാണ് ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനം. 13 സീറ്റുള്ള വാഹനങ്ങള്‍ക്കും നിരക്കില്‍ മാറ്റമില്ല.
എന്നാല്‍, വലിയ കാറുകള്‍ക്കും ആഡംബര കാറുകള്‍ക്കും രണ്ട് മുതല്‍ ഏഴ് ശതമാനം വരെ നികുതി വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇതിനാനുപാതികമായി പതിനയ്യായിരം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് കാറുകളുടെ വിലയിലുണ്ടായിട്ടുള്ള വര്‍ദ്ധനവ്.
മാരുതി എര്ട്ടികക്ക് 43000 രുപയുടെ വര്‍ദ്ധനവാണ്. മാരുതിയുടെ സെഡാനായ സിയാസിന് പതിനയ്യായിരം രൂപയുടെ വര്‍ദ്ധനവ് വരുന്നു. ഹ്യൂണ്ടായ് ക്രാറ്റയുടെ വിലയില്‍ 63000 രൂപയുടെയും വെര്‍ണക്ക് 16000 രൂപയുടെയും വര്‍ദ്ധനവുണ്ട്. ടാറ്റ ഹെക്സ വാങ്ങണമെങ്കില്‍ ഇന്ന് മുതല്‍ 76000 രൂപ കൂടുതല്‍ നല്‍കണം. ഏറ്റവും പുതിയതായി വിപണിയിലെത്തിയ ജീപ്പ് കോമ്പസിന് ഒരു ലക്ഷം രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്.
കാര്‍ നിര്‍മ്മാതാക്കള്‍ വില വര്‍ദ്ധനവിന്റെ കൃത്യമായ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍, മിഡ്സൈസ് കാറുകള്‍ക്ക് രണ്ട് ശതമാനം നികുതി വര്‍ദ്ധനവാണ് കൗണ്‍സില്‍ തീരുമാനപ്രകാരമുള്ളത്. എസ് യുവി കാറുകള്‍ക്ക് ഏഴ് ശതമാനം വര്‍ദ്ധനവും ആഡംബര കാറുകള്‍ക്ക് അഞ്ച് ശതമാനം വര്‍ദ്ധനവുമാണ്.
എന്നാല്‍, ഇലക്ട്രിക് കാറുകള്‍ക്ക് നിലവിലുള്ള പന്ത്രണ്ട് ശതമാനം ജിഎസ്ടി തന്നെ തുടരും എന്നത് ശ്രദ്ധേയമാണ്. ഏറ്റവും കുറച്ച് നികുതിയുള്ളതും ഇലക്ട്രിക് കാറുകള്‍ക്കാണ്. കേന്ദ്ര സര്‍ക്കാര്‍, ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്നും ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയണമെന്നും ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും.