കോവിഡ്–19നെ തുടർന്ന് മാർച്ച് 26 മുതൽ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.ആളുകൾ വരാതായതോടെ ജീവിതം വഴിമുട്ടി. ഭക്ഷണത്തിനോ മറ്റ് അവശ്യസാധനങ്ങൾക്കോ കയ്യിൽ പണമില്ല.ഇത്തരത്തിൽ അനൗദ്യോഗിക മേഖലകളിൽ ജീവിക്കുന്നവരെ ലോക്ഡൗൺ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
പാവപ്പെട്ടവർക്കും മറ്റും സർക്കാർ ദുരിതാശ്വാസ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും ലൈംഗിക തൊഴിലാളികൾ ഇതിൽ നിന്നെല്ലാം പുറത്താണ്. ലൈംഗിക തൊഴിൽ ഇന്ത്യയിൽ നിയമവിരുദ്ധമല്ലെങ്കിലും അതിൽ ഏർപ്പെടുന്നവർക്ക് ദുരിതമയമായ ജീവിതമായിരിക്കും കാത്തിരിക്കുന്നത്. യുഎൻ എയ്ഡ്സ് 2016ൽ നടത്തിയ സർവെ പ്രകാരം ഇന്ത്യയിൽ 6,57,800 ലൈംഗിക തൊഴിലാളികളുണ്ടെന്നായിരുന്നു കണക്ക്. നാലുവർഷങ്ങൾക്കിപ്പുറം ഈ കണക്ക് ഉയർന്നിരിക്കാനാണ് സാധ്യത.
200 മില്യൺ ജനങ്ങൾക്കായി പ്രതിമാസം 500 രൂപ ബാങ്ക് വഴി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. എന്നാൽ, ലൈംഗിക തൊഴിലാളികൾക്ക് ഇതിന്റെ ഗുണഫലം ലഭ്യമാകുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. കാരണം മിക്കവർക്കും സർക്കാർ ഹാജരാക്കാൻ പറയുന്ന രേഖകളൊന്നും ഇല്ല. 200–300 രൂപവരെയാണ് ഇവർ ഒരാളിൽ നിന്നും പ്രതിദിനം വാങ്ങിയിരുന്നത്.
മൂന്നോ നാലോ പേർ അവരെ തേടി എത്താറുണ്ട്. ഇങ്ങനെ ലഭിക്കുന്ന തുകകൊണ്ടാണ് ആശ്രിതരുടെ ചിലവും വാടകയും അവർ നൽകുന്നത്.കൊൽക്കത്ത, ഡൽഹി, മുംബൈ എന്നീ നഗരങ്ങളിൽ സമൂഹിക അകലം പാലിക്കൽ പ്രായോഗികമല്ല. ഡൽഹിയിലെ ജിബി റോഡിൽ 80 ചെറിയ ലൈംഗികതൊഴിൽകേന്ദ്രങ്ങളിലായി 3000ൽ അധികംപേർ ജീവിക്കുന്നുണ്ട്. കൊൽക്കത്തയിലെ സോനാഗച്ചിയിൽ പതിനായിരത്തോളം ലൈംഗിക തൊഴിലാളികളുണ്ട്.
ശുചിത്വമാണ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 20 പേർക്ക് ഒരു കുളിമുറി. അടുക്കള സൗകര്യവും ഉണ്ടാകില്ല. നടത്തിപ്പുകാരനാണ് ഇവർക്ക് വേണ്ട ഭക്ഷണം എത്തിച്ചു നൽകുന്നത്. ലോക്ഡൗൺ സമയത്ത് ഈ സ്ത്രീകളുടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിയിരിക്കുകയാണ്. സാമ്പത്തിക ലാഭം ഇല്ലാതാകുമ്പോൾ ഇവർക്കു ഗാർഹിക പീഡനങ്ങളും നേരിടേണ്ടി വരുന്നുണ്ട്.രാജ്യത്ത് മൊത്തമുള്ള ലൈംഗിക തൊഴിലാളികളും അവരെ ആശ്രയിച്ചു ജീവിക്കുന്നവരുടെയും അവസ്ഥ ഇതാണ്. ഈ സ്ത്രീകൾക്ക് ജീവിക്കാൻ വേറെ മാർഗമില്ല. പണവുമില്ല. ദിവസങ്ങളോളം ഭക്ഷണം കഴിക്കുന്നില്ല. പൊലീസ് അവരെ പുറത്തിറങ്ങാൻ അനുവദിക്കുകയുമില്ല.
കൊൽക്കത്തയിൽ മാത്രം 1500 കുടുംബങ്ങളാണ് ഒറ്റപ്പെട്ട അവസ്ഥയിലുള്ളത്. ഇവർക്ക് താത്കാലികമായി സന്നദ്ധ സംഘടനകൾ അവശ്യവസ്തുക്കൾ എത്തിക്കുന്നുണ്ടെങ്കിലും അതൊന്നും ശാശ്വത പരിഹാരമല്ല. പക്ഷേ, സർക്കാരിന്റെ ഭാഗത്തു നിന്നും ഇവർക്കായി ഭക്ഷ്യവസ്തുക്കൾ എത്തുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു. ഇവർക്കായി സന്നദ്ധസംഘടനകളെല്ലാം ഉണ്ടെങ്കിലും ഇന്ത്യയിൽ ഇപ്പോഴും ലൈംഗിക തൊഴിലാളികൾ അരികുവത്കരിക്കപ്പെടുന്നവരാണ്. മറ്റൊരുമാർഗവുമില്ലാതെ വന്നപ്പോൾ ഈ തൊഴിൽ തിരഞ്ഞെടുത്തവരാണ് അവർ. അതുകൊണ്ടുതന്നെ സർക്കാർ ഇവർക്കുവേണ്ട സഹായം നൽകണമെന്നാണ് സന്നദ്ധ സംഘടനകളെല്ലാം ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നത്.