കേന്ദ്ര സർക്കാരിന്റെ നോട്ടുമരവിപ്പിക്കൽ നടപടിയിൽ കേരളത്തിലെ നികതി വെട്ടിപ്പുകാർക്കും കുഴൽ പണക്കാർക്കും കോടികളുടെ നഷ്ടം. തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ കള്ളപ്പണം തിരികെകൊണ്ടുവരും എന്നതായിരുന്നു എന്‍.ഡി.എ സഖ്യത്തിന്റെ പ്രധാന പ്രഖ്യാപനം. അധികാരത്തിലേറി രണ്ടര വര്‍ഷം പിന്നിട്ടിട്ടും ഇതു സംബന്ധിച്ച് വ്യക്തത വരുത്തുവാന്‍ നരേന്ദ്രമോദി സര്‍ക്കാരിനായില്ല. ഇതേ തുടര്‍ന്ന് നിരവധി പരിഹാസങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിധേയരാകുകയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിത നീക്കത്തിലൂടെ വിമര്‍ശകരുടെ പോലും വായടപ്പിച്ചിരിക്കുകയാണ് നരേന്ദ്രമോദി. കേവലം നാലു മണിക്കൂറ് മാത്രം ബാക്കി നിര്‍ത്തി 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതായി ഇന്നലെ രാത്രി എട്ടുമണിയോടെ പ്രഖ്യാപനം. പിറ്റേന്ന് ബാങ്കുകള്‍ക്ക് അവധിയും നല്‍കി. ധനകാര്യ വിദഗ്ദനായ കേരള ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക് പ്രായോഗികമല്ലെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നുമാണ് ഈ നടപടിയെ കുറിച്ച് പ്രതികരിച്ചത്. കള്ളപ്പണക്കാര്‍ റിയല്‍ എസ്റ്റേറ്റിലും, സ്വര്‍ണ്ണത്തിലും വിദേശ ബാങ്കുകളിലും നിക്ഷേപിക്കും എന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ എല്ലാ കള്ളപ്പണക്കാര്‍ക്കും ഇത് സാധ്യമാണൊ എന്ന മറുചോദ്യം ഉയരുന്നുണ്ട്. വളരെ സാധാരണ മട്ടില്‍ തന്നെ നോക്കിയാല്‍ മനസ്സിലാകും ഈ നടപടി കള്ളപ്പണത്തിനെതിരെ ഉള്ള നല്ല ഒരു നീക്കമാണെന്ന്.
ഒറ്റ രാത്രികൊണ്ട് റിയല്‍ എസ്റ്റേറ്റ് മേഘല ഏതാണ്ട് സ്തംഭനാവസ്ഥയിലേക്ക് നീങ്ങിയിരിക്കുന്നു. മുന്‍ നിശ്ചയിച്ച പ്രകാരം ഉള്ള പല ഇടപാടുകളും നടക്കുവാന്‍ സാധ്യത ഇല്ല. കള്ളപ്പണത്തിന്റെ ഒരു വിഹിതം പലരും റിയല്‍ എസ്റ്റേറ്റിലും സ്വര്‍ണ്ണത്തിലും നിക്ഷേപിക്കുകയാണ് പതിവ്. എന്നാല്‍ അപ്രതീക്ഷിതമായ ഈ നടപടിയുടെ പിന്നാലെ വളരെ കൃത്യമായ നിരീക്ഷണവും ഉണ്ടാകും. വാങ്ങുന്നവനും വില്‍ക്കുന്നവനും പണത്തിന്റെ സോഴ്സ് കാണിക്കേണ്ടിവരും അതിനാല്‍ പെട്ടെന്ന് കള്ളപ്പണം എടുത്ത് ഭൂമിയിടപാട് നടത്തുന്നതും സുരക്ഷിതമല്ലെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിയുന്നു.
ഇടപാടുകള്‍ക്ക് ഒറിജിനല്‍ ബില്ല് നല്‍കാത്ത സ്വര്‍ണ്ണക്കടകള്‍ക്കും വലിയ അടിയാണ് അപ്രതീക്ഷിതമായ ഈ നടപടി. സ്വര്‍ണ്ണവ്യാപാരം ഇന്നു രാവിലെ കുത്തനെ ഇടിഞ്ഞു. മിക്ക ഇടപാടുകാരും 500, 1000 നോട്ടുകളാണ് കൊണ്ടുവരുന്നത് എന്നത് മാത്രമല്ല കണക്കില്‍ പെടാത്ത പണം സ്വീകരിച്ചാല്‍ പിന്നീട് അതിനു കണക്ക് പറയേണ്ടിവരും എന്നത് വ്യാപാരികളേയും കുഴക്കുന്നു. വരും ദിവസങ്ങളില്‍ ഈ മേഘലയിലെ ബ്ലാക്ക് മണി ട്രാന്‍സാക്ഷനുകളില്‍ വലിയ കുറവ് ഉണ്ടാകും.
റിയല്‍ എസ്റ്റേറ്റ് സ്വര്‍ണ്ണ ബിസിനസ്സു പോലെ തന്നെ സിനിമാ മേഘലയെയും വലിയ \’പ്രതിസന്ധിയിലേക്ക്\’ തള്ളിവിട്ടിട്ടുണ്ട് കേന്ദ്ര സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം. ധാരാളം കള്ളപ്പണം മറിയുന്ന സിനിമാ മേഘലയില്‍ പലരും നിക്ഷേപം ഇറക്കുന്നത് പോലും കള്ളപ്പണം വെളുപ്പിച്ചെടുക്കുവാനാണെന്ന ആക്ഷേപം പണ്ടു തൊട്ടേ ഉണ്ട്. വന്‍ താരങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫല തുക മുതല്‍ താഴെ കിടയിലുള്ള തൊഴിലാളികള്‍ക്ക് നല്‍കുന്ന കൂലി വരെ ഈ ബ്ലാക്ക് മണി ട്രാന്‍സാക്ഷന്‍ നടക്കുന്നതായി പറയപ്പെടുന്നു. പുതിയ സാഹചര്യത്തില്‍ വൈറ്റ് മണിയുമായി അധികം ആളുകള്‍ ഈ രംഗത്ത് കടന്നുവരില്ല എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പല പ്രോജക്ടുകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കപ്പെടുവാനും സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു.
ഹവാല പണമിടപാട് നടത്തുന്നവര്‍ക്കും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ കറന്‍സി വാങ്ങി നാട്ടില്‍ ഇന്ത്യന്‍ രൂപ വിതരണം ചെയ്യുന്നതിന്റെ വന്‍ സൃംഘലയാണ് മലബാറിലും മറ്റും ഉള്ളത്. രാജ്യത്തെ സാമ്പത്തികമായി തകര്‍ക്കുന്ന ഈ പ്രവര്‍ത്തനത്തിലൂടെ കോടികളുടെ ഇടപാടാണ് ഓരോ ദിവസവും നടക്കുന്നത്. ബാങ്കുകളില്‍ അല്ലാതെ ഇത്തരം ഏര്‍പ്പാടിനായി മാറ്റിവച്ചിരിക്കുന്ന തുക പുറത്തെടുക്കുവാനോ വിതരണം നടത്തുവാനോ സാധിക്കാതെ വരും. ഹവാല ഇടപാടിലൂടെ വരുന്ന പണത്തിന്റെ പങ്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കപ്പെടുന്നതായുള്ള ആരോപണം ഉയര്‍ന്നിരുന്നു. മോദിയുടെ നടപടിയിലൂടെ തീവ്രവാദത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെ തകര്‍ക്കുക എന്ന ലക്ഷ്യവും ഉണ്ട്.
മറ്റൊരു വിഭാഗം പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന പലിശക്കാരും കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരും മുതല്‍ വമ്പന്‍ സ്രാവുകള്‍ വരെ ഉള്ളവരാണ്. അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ ഇക്കൂട്ടര്‍ അടിപതറിയിരിക്കുകയാണ്. ചെറുകിട രാഷ്ടീയക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പലിശക്കാരാണ് നഗരങ്ങളിലും ഗ്രാമീണ മേഘലയിലുമായി അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ മിക്ക പലിശക്കാരും ബാങ്ക് വഴിയല്ല സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത്. സ്വാഭാവികമായും പലിശവഴി വന്നു ചേരുന്ന പണത്തിനും “സോഴ്സ്” കാണിക്കല്‍ പ്രശ്നമാകും.
വമ്പന്മാര്‍ക്ക് മാത്രമല്ല ഏറ്റവും താഴെ കിടയിലുള്ളവര്‍ക്കും വലിയ പ്രഹരമാണ് അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ പിന്‍ വലിക്കുവാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിലൂടെ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. കള്ളപ്പണക്കാര്‍ ഭാവിയില്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുമെങ്കിലും താല്‍ക്കാലികമായിട്ടെങ്കിലും അവര്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പണം സര്‍ക്കാരില്‍ സറണ്ടര്‍ ചെയ്ത് നിശ്ചിത തുക അടക്കുകയോ കത്തിച്ചു കളയുകയോ അല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ല. വടക്കേ ഇന്ത്യയിൽ ഇതിനോടകം തന്നെ നോട്ടു കെട്ടുകൾ ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയും കത്തിച്ചു കളയുകയും ചെയ്യുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.