പൊറോട്ടയും ബീഫും എന്നത് ഒരുവിധം മലയാളികളുടെ ഇഷ്ട കോമ്പിനേഷനാണ്. എങ്കിലും മലയാളിക്ക് ഭക്ഷണത്തിന് ആവശ്യമായ കന്നുകാലികളൊക്കെയും അന്യ സംസ്ഥാനത്തു നിന്ന് വരുന്നവ ആയിരുന്നു. ഒരു പോത്തിനെ വളർത്തി ഇറച്ചിപ്പരുവമാകുമ്പോൾ വിറ്റാൽ കിട്ടുന്ന വലിയ ലാഭത്തെപ്പറ്റി കുറച്ചു നാൾ മുൻപു വരെ അധികമാരും ചിന്തിച്ചിരുന്നില്ല. എന്നതാണ് സത്യം. എന്നാൽ കാലം മറി കോവിഡ് എന്ന മഹാമാരി പലരെയും അഭിമാനം മാറ്റി വച്ച് എന്തും ചെയ്ത് അതിജീവിക്കണം എന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചപ്പോൾ പോത്തു വളർത്തലിലേക്ക് ഇറങ്ങിയവർ നേടിയത് തരക്കേടില്ലാത്ത ലാഭമായിരുന്നു.
മുടക്കുന്ന പണം അധികം അധ്വാനമോ നഷ്ടസാധ്യതയോ ഇല്ലാതെ മൂന്നും നാലും ഇരട്ടി ആദായമാക്കി മടക്കി നൽകുന്ന ഒരു കൃഷി സംരംഭമാണ് പോത്തുകുട്ടി വളർത്തൽ. വളർന്ന് ശരീരതൂക്കം കൂടും തോറും കിട്ടുന്ന ആദായവും വളരുമെന്നതാണ് പോത്തുവളർത്തലിന്റെ ഏറ്റവും വലിയ മേന്മ. പോത്തുകളെ വളര്‍ത്തി തുടങ്ങിയ ഉടന്‍ തന്നെ വരുമാനം പോക്കറ്റിലെത്തില്ലെങ്കിലും അവയെ ക്ഷമയോടെ പരിപാലിച്ച് വളര്‍ത്തിയാല്‍ ഒന്ന് – ഒന്നര വര്‍ഷത്തിനകം നല്ലൊരു തുക തന്നെ ആദായമായി ലഭിക്കും. പരിമിത സൗകര്യങ്ങളില്‍ വളര്‍ത്താമെന്നതും തീറ്റച്ചെലവ് ഉള്‍പ്പെടെ കുറവാണെന്നതും പോത്ത് വളര്‍ത്തലിന്റെ അനുകൂല ഘടകമാണ്.

ജനസംഖ്യയുടെ വലിയൊരു ശതമാനം മാംസാഹാരപ്രിയരായ നമ്മുടെ സംസ്ഥാനത്ത് മാംസോത്പാദനത്തിനായി വാണിജ്യാടിസ്ഥാനത്തിലുള്ള പോത്ത് വളർത്തൽ സംരംഭങ്ങൾക്ക് ഇപ്പോൾ മികച്ച സാധ്യതയാണ്. മാംസാവശ്യത്തിനുള്ള കന്നുകാലികളിൽ ഏറിയ പങ്കുമെത്തുന്നത് അയൽ സംസ്ഥാനങ്ങളിൽ നിന്നുമായിരുന്നു. എന്നാൽ മഹാമാരി സൃഷ്ടിച്ച അതിർത്തികൾ കാരണം അവയുടെ വരവും നിലച്ചു പോവുകയായിരുന്നു. അതു തന്നെയാണ് തദ്ദേശീയമായി പോത്തുകുട്ടി വളർത്തൽ പലരും തുടങ്ങിയതും ആവശ്യക്കാർ ഏറിയതും.
ഇതു കേട്ട് ഒറ്റയടിക്ക് പത്ത് പോത്തിനെ വാങ്ങി വളാർത്തി വിറ്റുകളയാം എന്ന് കരുതി ചാടി പുറപ്പെടും മുൻപ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. വലിയ സാങ്കേതിക പരിജ്ഞാനമോ വൈദഗ്ധ്യമോ വേണ്ട സംരംഭവമല്ല പോത്തുവളർത്തൽ എങ്കിലും പോത്തുകളുടെ തെരഞ്ഞെടുപ്പ്, തീറ്റക്രമം, ആരോഗ്യപരിപാലനം എന്നിവയുമായി ബന്ധപ്പെട്ട അറിവുകൾ പോത്തു വളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന സംരംഭകരുടെ അടുത്തു നിന്നും നേടേണ്ടത് അത്യാവശ്യമാണ്. തെക്കൻ കേരളത്തിൽ കുളത്തൂപ്പുഴ ഭാരതീപുരത്ത് രാജീവ് എന്ന കർഷകൻ പോത്തു വളർത്തലിൽ വിജയം നേടിയ ഒരു സംരംഭകനാണ്. പോത്തുവളർത്തൽ ഏറ്റവും ലാഭകരമായ ഒരു കൃഷി സംരംഭം തന്നെയാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ചുരുങ്ങിയത് 8-9 മാസമെങ്കിലും പ്രായമെത്തിയ മികച്ച ആരോഗ്യമുള്ള നല്ല ഇനത്തില്‍പ്പെട്ട പോത്തിന് കിടാക്കളെ വളര്‍ത്തുന്നതിനായി വാങ്ങുന്നതാണ് ഉത്തമം. മുറായിനത്തില്പ്പെട്ട പോത്തിന് കിടാക്കളെയോ, മുറ പോത്തുകളുമായി ക്രോസ് ചെയ്ത് ഉണ്ടായ നല്ല ശരീരവളര്‍ച്ചയുള്ള സങ്കരയിനം പോത്തിന് കുട്ടികളെയോ വളര്‍ത്താനായി തെരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. നല്ല വളര്‍ച്ചനിരക്കും തീറ്റപരിവര്‍ത്തന ശേഷിയും ഏത് പരിസ്ഥിതിക്കും ഇണങ്ങുകയും ചെയ്യുന്നതിനാല്‍ മാംസോത്പാദനത്തിന് വേണ്ടി വളര്‍ത്താവുന്ന ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച പോത്തിനമാണ് മുറകള്‍.

വിപണി സാധ്യതയും ഇറച്ചിയുടെ സ്വാദും മേന്മയുമൊക്കെ പരിഗണിച്ച് രണ്ടര- മൂന്ന് വയസ് പ്രായമെത്തുമ്പോള്‍ പോത്തുകളെ മാംസവിപണിയില്‍ എത്തിക്കുന്നതാണ് അഭികാമ്യം. പെരുന്നാള്‍, ക്രിസ്മസ്, മറ്റു വിശേഷ ഉത്സവങ്ങള്‍ തുടങ്ങി പോത്തിന് മോഹവില ലഭിക്കുന്ന അവസരങ്ങള്‍ മുന്‍കൂട്ടി കണ്ട് ഇടനിലക്കാരെ ഒഴിവാക്കി പോത്തിനെ വിപണിയിലെത്തിക്കുന്നതിലാണ് സംരംഭകന്റെ മിടുക്കും നേട്ടവും. ഇതു കൂടാതെ ചാണക വിൽപനയിലൂടെയും അധിക വരുമാനം നേടാം.
പരിമിത സൗകര്യം, കുറഞ്ഞ തീറ്റച്ചെലവ്, രോഗസാദ്ധ്യത കുറവ് എന്നിവയാണ് കൂടുതൽ ആളുകളെ പോത്ത് കൃഷിയിലേക്ക് ആകർഷിച്ചത്. അതുകൊണ്ടു തന്നെ ചെറുപ്പക്കാർ ഉൾപ്പടെ നിരവധിപേരാണ് ഇപ്പോൾ പോത്തു വളർത്തലിലേക്ക് കടന്നു വരുന്നത്. പോത്തു വളർത്തൽ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട പരിശീലങ്ങളും ഉപദേശങ്ങളുമൊക്കെ കൊടുക്കാൻ സന്നദ്ധനാണ് ഭാരതീപുരത്തെ രാജീവ് ചേട്ടൻ.
വീടിന്റെ പരിസരത്തും പറമ്പിലുമൊക്കെയായി വിവിധ കൃഷികൾ ചെയ്യുന്ന ഒട്ടുമിക്ക കർഷകരും ഇപ്പോൾ ഒന്നോ രണ്ടോ പോത്തുകളെക്കൂടി വളർത്തുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. രണ്ടു ഗുണങ്ങളാണ് ഇതിലൂടെ കർഷകർക്ക് ലഭിക്കുന്നത്. പറമ്പിലെയും മറ്റും പുല്ലും കാടും വൃത്തിയാക്കും ഒപ്പം ചാണകം കൃഷിയാവിശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യാം. ഒരു വർഷം വരെ വളർത്തി വിറ്റാൽ മൂന്നിരട്ടി വിലയും കിട്ടും.
മികച്ച വരുമാനമുള്ള സംരംഭം ആണ് തുടങ്ങാൻ ആഗ്രഹിക്കുന്നതെങ്കിൽ പോത്തു വളർത്തലിൽ ഒരു കൈ നോക്കാവുന്നതാണ്. കാരണം മാംസ വിപണിയിൽ ഒരുകാലത്തും ഇടിവുണ്ടാവുകയില്ല. നല്ലയിനം പോത്തിറച്ചിക്ക് എക്കാലത്തും ഡിമാൻഡ് ഉണ്ട് എന്നതും വസ്തുതയാണ്. അതുകൊണ്ടു തന്നെ കേരളത്തിൽ പോത്ത് വളർത്തലിനും വിപണനത്തിനും നിരവധി സാധ്യതകളാണ് ഉള്ളത്. അത് പ്രയേജനപ്പെടുത്തുന്നിടത്താണ് ഒരു സംരംഭകന്റെ വിജയം. Watch Video