മലയാളം ഇ മാഗസിൻ.കോം

ബ്ലാക്ക് മാനു പുറകെ ബ്ലാക്ക് സ്റ്റിക്കർ: നാട്ടിലെ കുടുമ്പത്തെ ഓർത്ത് ആശങ്കയോടെ പ്രവാസികൾ

മലയാളികൾ ബ്ലാക്ക് സ്റ്റിക്കർ ഭീതിയിലാണ്. വീടുകളുടെ ജനലുകളിൽ പ്രത്യക്ഷപ്പെടുന്ന ഒരിഞ്ചു മുതൽ രണ്ടര ഇഞ്ചുവരെ വലിപ്പമുള്ള ബ്ലാക്ക് സ്റ്റിക്കറിന്റെ പുറകിലെ രഹസ്യം കണ്ടെത്തുവാൻ ആകാതെ പോലീസും ഭരണകൂടവും ഇരുട്ടിൽ തപ്പുകയാണ്. വീടുകൾ കൊള്ളയടിക്കുന്നതിനായോ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിനായോ ഉള്ള അടയാളമാണ് ഈ ബ്ലാക്ക് സ്റ്റിക്കർ പതിക്കൽ എന്നാണ് പരക്കെ പ്രചരിക്കുന്ന അഭ്യൂഹം. അതേ സമയം കേരളത്തിൽ വങ്കിട മോഷണങ്ങൾ വ്യാപകമാകുന്നുണ്ടെങ്കിലും ഇത്തരം സ്റ്റികർ പതിച്ച വീടുകളിൽ മോഷണം നടന്നതായി റിപ്പോർട്ടുകൾ ഇല്ലതാനും. സംസ്ഥാനത്തുടനീളം പടരുന്ന ഈ ബ്ലാക്ക് സ്റ്റിക്കർ പതിക്കലിൽ പലർക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു.

\"\"

നാട്ടിലുള്ളവർക്ക് മാത്രമല്ല കുടുമ്പം പോറ്റുവാൻ കടൽ കടന്ന് കഷ്ടപ്പാടുകൾ സഹിച്ചു ജീവിക്കുന്ന പ്രവാസികളും കടുത്ത ആശാങ്കയിലാണ്. അവിടെ ജോലിചെയ്യുമ്പോഴും ഉറങ്ങുമ്പോളും വരെ നാട്ടിലെ കുടുമ്പത്തെ കുറിച്ചുള്ള ആധിയാണെപ്പോഴും അവരുടെ മനസ്സിൽ. രാഷ്ടീയ സംഘർഷങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ മുതൽ മോഷണങ്ങൾ വരെ അവിടെ ഉണ്ടാകുന്ന ചെറിയ സംഭവങ്ങൾ പോലും അവർക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ബ്ലാക്ക് സ്റ്റിക്കറും കുട്ടികളെ തട്ടിക്കൊണ്ടു പോകണ വാർത്തകളും പ്രവാസികൾക്ക് ഇടയിൽ പ്രത്യക്ഷപ്പെട്ടത് വാട്സാപ്പിലായിരുന്നു. കാട്ടുതീ പോലെ അത് നിമിഷ നേരം കൊണ്ട് ഗ്രൂപ്പുകളിലൂടെയും വ്യക്തികളിലൂടെയും പടർന്നു. പ്രാവസികളുടെ മനസ്സിൽ ഭീതിയുടെ തീപൊരി വീണു നാട്ടിലേക്ക് വിളിച്ചന്വേഷിച്ചപ്പോൾ പലയിടങ്ങളിൽ നിന്നും സ്ഥിതീകരണം വന്നതോടെ ആ തീപൊരി വളരെ പെട്ടെന്ന് ഭീതിയുടെ അഗ്നിയായി മാറി.

കേരള പോലീസിന്റെ ഭാഗത്തുനിന്നും പെട്ടെന്നുള്ള ഇടപെടൽ ഉണ്ടാകാതിരുന്നതും ഒപ്പം ചില മെസ്സേജുകൾ വന്നതും അവരുടെ ആശങ്കയെ വർദ്ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ വാർത്താ ചാനലുകളിൽ ചർച്ചകളും മറ്റുമായി ബ്ലാക്ക് സ്റ്റിക്കർ നിറഞ്ഞപ്പോൾ മുഖ്യമന്ത്രി ഇതേ പറ്റി നിയമ സഭയിൽ പരാമർശവും നടത്തി. ഇന്നിപ്പോൾ വരുന്ന വാർത്ത ഡി.ജി.പി ലോക് നാഥ് ബെഹറയുടെ അടുത്തുള്ള വീട്ടിൽ വരെ സ്റ്റിക്കർ പ്രത്യക്ഷപ്പെട്ടു എന്നാണ്.

ബ്ലാക്ക് സ്റ്റിക്കറിനു പിന്നിൽ ജനങ്ങളെ ഭീതിയിലാഴ്ത്തുവാനായി സാമൂഹ്യവിരുദ്ധർ നടത്തുന്നതാണെന്നു ഒരു വാദമുണ്ട്. ബ്ലൂവെയിൽ പോലെ ഏതെങ്കിലും സൈബർ ഗെയിമുകളുടെ ഭാഗമായാകാം എന്ന് പോലീസിലെ ചിലർ അഭിപ്രായപ്പെടുന്നു. മറ്റൊരു കാരണമായി പറയുന്നത് സി.സി. ക്യാമറകളുടെ വിപണനം വർദ്ധിപ്പിക്കുന്നതിനായി കൃത്രിമമായി ആളുകളിൽ ഭയം സൃഷ്ടിക്കുന്നതാണെന്ന വാദവും ഉണ്ട്. വീടുകൾക്ക് ജനൽ ചില്ലുകൾ സ്ഥാപിക്കുമ്പോൾ അത് കൈകാര്യം ചെയ്യുന്നതിനിടെ ഉടയാതിരിക്കുവാനായി ഗ്ലാസ് കടക്കാരൊ ആശാരിമാരോ ഒട്ടിച്ച സ്റ്റിക്കർ ഇളക്കിമാറ്റതെ ഇരിക്കുന്നതാകും എന്നും ചിലർ പറയുന്നുണ്ട്. ഇത് കണ്ടെത്തുവാനായി സ്റ്റിക്കർ ഇളക്കിയെടുത്ത് പരിശോധന നടത്തിയാ‍ാൽ മതി എന്നാൽ അതിനു അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല. എന്തു തന്നെയായാലും ബ്ലാക്ക് സ്റ്റിക്കർ ഭീതി കേരളത്തിൽ മാത്രമല്ല പ്രവാസ ലോകത്തും ആളുകളുടെ ഉറക്കംകെടുത്തുന്നു.

\"\"

കനത്ത സുരക്ഷിതത്വത്തിലാണ് ഗൾഫിൽ ഓരോ പ്രവാസിയും ജീവിക്കുന്നത്. സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ തങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ സുരക്ഷിതമാക്കുവാൻ യു.എ.ഇ പോലുള്ള രാജ്യങ്ങളിലെ ഭരണാധിപന്മാർ പ്രത്യേകശ്രദ്ധ പുലർത്തുന്നു. ഏതു പാതിരാത്രിയിലും സ്ത്രീകൾക്കും കുട്ടികൾക്കും വരെ ഇവിടെ ഭീതിയില്ലാതെ സഞ്ചരിക്കാം ഒറ്റക്ക് വീട്ടിൽ കിടന്നുറങ്ങാം. സദാ റോന്തു ചുറ്റുന്ന പോലീസ് വാഹനങ്ങൾ. എന്തെങ്കിലും അത്യാവശ്യത്തിനു വിളിച്ചാൽ നിമിഷങ്ങൾക്കകം എത്തി സുരക്ഷയും സഹായവും നൽകും. സ്ത്രീകൾക്കെതിരെ ഉള്ള അതിക്രമങ്ങളിൽ കടുത്ത നടപടിയാണ് ഗൾഫ് രാജ്യങ്ങളിൽ നിലനിൽക്കുന്നത്.

അതേ സമയം കേരളത്തിലെ സ്ഥിതി അതല്ല. രാഷ്ടീയ ഇടപെടലുകളും ലോക്കപ്പ് മർദ്ധനനങ്ങളും നീതിനിഷേധങ്ങളും പതിവാണ്. പരാതി നൽകിയാലും പാതിയിൽ വഴിമുട്ടുന്ന അന്വേഷണങ്ങൾ. സഹോദരന്റെ ലൊക്കപ്പ് മർദ്ദനത്തെ തുടർന്നുള്ള മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഒരു യുവാവ് 763 ദിവസമാണ് സെക്രട്ടേറിയേറ്റിനു മുമ്പിൽ സമരം നടത്തിയത്. ഒടുവിൽ സൊഷ്യൽ മീഡിയയുടെ കൂടെ പിന്തുണയിൽ ആ സമരം വൻ വിജയമായി. ഇപ്പോൾ സുനിത ചരുവിൽ എന്ന ഒരു വീട്ടമ്മ താൻ അനുഭവിക്കുന്ന കൊടിയ ഗാർഹികപീഡനത്തെ പറ്റി മുഖ്യമന്ത്രിക്ക് തുറന്ന കത്ത് ഫേസ്ബുക്കിൽ ഇട്ടത് ഇന്ന് വൈറലാണ്. ആരോപണ വിധേയർ ഭരണ കക്ഷിയുടെ സംസ്ഥന കമ്മറ്റി ഓഫീസിലും പാർട്ടി വാരികയിലും ജോലി ചെയ്യുന്നവരാണ്. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന രാഷ്ടീയ കൊലപാതകങ്ങളും മോഷണങ്ങളും വേറെ. ഈ സാഹചര്യത്തിൽ നാട്ടിലെ കുടുംബങ്ങളെ ഓർത്ത് പ്രവാസികൾ അനുഭവിക്കുന്നത് കടുത്ത മാനസിക സംഘർഷങ്ങളാണ്. അതവരുടെ ആരോഗ്യത്തെയും ജോലിയിലെ മികവിനേയും വരെ ബാധിക്കുന്നുണ്ട്.

Avatar

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor