കേരളത്തിൽ തിരുവനന്തപുരം ഉൾപ്പെടെ രണ്ടു സീറ്റെങ്കിലും വിജയിക്കുകയും അഞ്ചിടത്ത് രണ്ടാം സ്ഥാനത്തെത്തുകയും എന്ന ലക്ഷ്യത്തോടെയായിരുന്നു ബിജെപി നേതൃത്വം. എന്നാൽ ഒരു സീറ്റു പോലും വിജയിക്കുവാൻ ആയില്ലെന്ന് മാത്രമല്ല ഒരിടത്ത് മാത്രമാണ് രണ്ടാം സ്ഥാനത്ത് എത്തുവാൻ സാധിച്ചതും. സിപിഎമ്മിനെ പോലെ ബിജെപിക്കും അപ്രതീക്ഷിതമായ പരാജയമാണ് കേരളത്തിൽ സംഭവിച്ചിരിക്കുന്നത്. ശബരിമല പോലെ ഏറെ വൈകാരികമായ ഒരു വിഷയം കൈവന്നിട്ടും അത് വോട്ടാക്കി മാറ്റുന്നതിൽ വൻ പരാജയമാണ് ബിജെപി കേരള ഘടകത്തിനു ഉണ്ടായിരിക്കുന്നത്. സ്വാഭവികമായും ഇതിന്റെ പഴി കേൾക്കേണ്ടിവരിക സംസ്ഥാന പ്രസിഡണ്ട് അഡ്വ.ശ്രീധരൻ പിള്ളക്ക് തന്നെയാണ്.
മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് സ്ഥനാർഥിയായത് ഏറെ വിജയ പ്രതീക്ഷയോടെ ആയിരുന്നു. ശ്രീധരൻ പിള്ള നോട്ടമിട്ട മണ്ഡലത്തെ കേന്ദ്ര നേതൃത്വമാണ് കുമ്മനത്തിന്റെ കൈകളിൽ ഏല്പിച്ചത്. പ്രതീക്ഷ വച്ച മറ്റൊരു മണ്ഡലം പത്തനംതിട്ടയായിരുന്നു. അവിടെ ശബരിമല സമരത്തിലെ നായകനായി അറിയപ്പെട്ട കെ.സുരേന്ദ്രൻ ഇരു മുന്നണികൾക്കും കനത്ത വെല്ലുവിളി ഉയർത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക താല്പര്യത്തൊടെ സിറ്റിംഗ് എം.എൽ.എ ആയ വീണ ജോർജ്ജിനെ ഇടത് സ്ഥനാർഥിയായി രംഗത്തിറക്കിയതോടെ അവിടെ ത്രികോണ മൽസരത്തിനു കളമൊരുങ്ങി. പാർട്ടി വോട്ടുകളും ഒപ്പം വീണാ ജോർജ്ജിനും കുടുമ്പത്തിനും പള്ളിയിൽ ഉള്ള സ്വാധീനം വച്ച് ലഭിക്കാവുന്ന കൃസ്ത്യൻ വോട്ടുകളും ചേരുമ്പോൾ വിജയം ഉറപ്പിക്കാമെന്നായിരുന്നു കണക്കു കൂട്ടൽ.
മറ്റൊരു മണ്ഡലത്തിലും ഇല്ലാത്ത വിധം ആളും അർഥവും ഇറക്കിക്കൊണ്ടായിരുന്നു സുരേന്ദ്രന്റെ പ്രചാരണം. ഇതര മണ്ഡലങ്ങളിൽ നിന്നു പോലും സംഘപരിവാർ പ്രവർത്തകരെ എത്തിച്ചു അരയും തലയും മുറുക്കി മണ്ഡലത്തിൽ പ്രചാരണം നടത്തി. ദേശീയ മാധ്യമങ്ങൾ നടത്തിയ പ്രീ-എക്സിറ്റ് പോളുകളിലും വിജയ സാധ്യത ഉള്ള മണ്ഡലമായി പത്തനംതിട്ടയും കരുതപ്പെട്ടു. അമ്മമാരും സ്ത്രീകളും സുരേന്ദ്രനു ഉജ്ജ്വല സ്വീകരണം നൽകുകയും പലയിടത്തും വീണ ജോർജ്ജിനെതിരെ ശരണം വിളികൾ ഉയർന്നതും വൻ വാർത്താ പ്രാധാന്യവും ഉണ്ടാക്കി. എന്നാൽ പ്രതീക്ഷകളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു സുരേന്ദ്രന്റെ മൂന്നാസ്ഥാനത്തേക്കുള്ള വീഴ്ച.
സുവർണ്ണാവസരം എന്ന് ശ്രീധരൻ പിള്ള വിശേഷിപ്പിച്ച ശബരിമല വിഷയത്തെ ഏറെ വൈകാരികമായി കൊണ്ടാടിയിട്ടും പ്രതീക്ഷിച്ച വിജയമോ മുന്നേറ്റമോ ഉണ്ടാക്കാനാവാതെ ബി.ജെ.പി. കേരളത്തിൽ പൊതുവെ മോദി വിരുദ്ധ തരംഗം ഉണ്ടായി എന്ന് പറയുന്നുണ്ടെങ്കിലും പാർട്ടിക്കകത്തെ ഗ്രൂപ്പ് വഴക്കും ഒപ്പം തൃശ്ശൂർ മണ്ഡലത്തിൽ സ്ഥാനാർഥി നിർണ്ണയത്തിൽ ബി.ജെ.ഡി.എസുമായി സമവായത്തിൽ എത്താൻ വൈകിയതും പരാജയത്തിനു കാരണമായി കരുതപ്പെടുന്നു. പരസ്പരം പഴിചാരലിലേക്കും ഒരു പൊട്ടിത്തെറിയിലേക്കും വരും ദിവസങ്ങളിൽ ഇത് കൊണ്ടെത്തിക്കുവാൻ ഇടയുണ്ട്.
ശബരിമല വിഷയത്തിൽ പലതവണ നിലപാട് മാറ്റം വരുത്തിയ ശ്രീധരൻ പിള്ളയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇത് ഇനി വർദ്ധിക്കുവാനാണ് സാധ്യത. അങ്ങിനെ വന്നാൽ സുരേന്ദ്രനോ എം.ടി.രമേഷോ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് എത്താൻ ഇടയുണ്ട്. ഗ്രൂപ്പ് വഴക്ക് തീർത്ത് സമയവായത്തിൽ എത്തുവാൻ സാധിക്കാത്തതിനെ തുടർന്നായിരുന്നു ശ്രീധരൻ പിള്ളക്ക് നറുക്ക് വീണത്. നിലവിലെ സാഹചര്യത്തിൽ പുതിയ ചേരികളും സഖ്യങ്ങളും ഉണ്ടാകുവാനും പിള്ളക്കെതിരെ ഒറ്റക്കെട്ടായി നീങ്ങുവാനും ഉള്ള സാധ്യത തള്ളിക്കളയാനാകില്ല.
കേന്ദ്രത്തിൽ വീണ്ടും നരേന്ദ്ര മോദി സർക്കാർ സാധ്യത വന്നതോടെ കുമ്മനത്തെ രാജ്യസഭയിൽ എത്തിച്ച് മന്ത്രി സ്ഥാനം നൽകുവാൻ ഉള്ള സാധ്യത വർദ്ധിച്ചു. നിലവിൽ വി മുരളീധരനും, സുരേഷ് ഗോപിയും കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിമാരാണ്. ഇതിൽ വി മുരളീധരനും കേന്ദ്രമന്ത്രിസഭയിലേക്ക് ക്ഷണം വരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യസഭാ എംപി ആയ അല്ഫോൺസ് കണ്ണന്താനത്തെ കേന്ദ്ര മന്ത്രിയാക്കിയെങ്കിലും മികച്ച പ്രവർത്തനം കാഴ്ചവെച്ച് ജനകീയനാകുവാൻ അദ്ദേഹത്തിനായില്ല.
യുവാക്കളും സ്ത്രീകളും ഉൾപ്പെടെ അനുഭാവം പ്രകടിപ്പിച്ചു കൊണ്ടു മുന്നോട്ട് വന്നിട്ടും കേരളത്തിൽ സംഘപരിവാർ ലക്ഷ്യം വെക്കുന്ന വളർച്ച കൈവരിക്കാൻ സാധിക്കാത്തതിൽ പാർട്ടിക്കത്തെ യോജിപ്പില്ലായ്മയാണെന്നത് കേന്ദ്ര നേതൃത്വം കരുതുന്നു. ഇതിൽ മാറ്റം വരുത്തി പാർട്ടിയെ കൂടുതൽ കരുത്തോടെ മുന്നോട്ട് കോണ്ടുപോകുവാൻ കർശനമായ നടപടികളിലേക്ക് നീങ്ങുവാനും സാധ്യത ഉണ്ട്.