ലോക്സഭാ തിരഞ്ഞെടുപ്പിൽ മോശമില്ലാത്ത സാധ്യതയാണ് ബി.ജെ.പിക്ക് തൃശ്ശൂരിൽ ഉള്ളത്. അതിനാൽ തന്നെ പാർട്ടിയുടെ മുതിർന്ന നേതാവും ജനകീയനുമായ കെ.സുരേന്ദ്രൻ മൽസരിക്കും എന്ന പ്രതീക്ഷയിലാണ് മണ്ഡലത്തിലെ പ്രവർത്തകർ. ഔദ്യോകികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത്തരം ഒരു സന്ദേശം ബി.ജെ.പി അണികൾക്കിടയിൽ പ്രചരിക്കുന്നുണ്ട്. മണ്ഡലത്തിൽ സുരേന്ദ്രന്റെ സാന്നിധ്യവും ഇതിനു അടിവരയിടുന്നു.
എന്നാൽ തൃശ്ശൂരിൽ സുരേന്ദ്രനെ ഒഴിവാക്കി കേന്ദ്രമന്ത്രി കണ്ണന്താനത്തെ മൽസരിപ്പിക്കും എന്ന സ്ഥിതീകരിക്കാത്ത വാർത്തകൾ വന്നതോടെ പ്രവർത്തകരുടെ ഇടയിൽ നിരാശ പടരുകയാണ്. സാധാരണക്കാർക്ക് പോലും പരിചിതനും ക്രൗഡ് പുള്ളറുമായ കെ.സുരേന്ദൻ മൽസരിച്ചാൽ ജില്ലയിൽ ശക്തമായ ത്രികോണ മൽസരം നടത്തി വിജയിക്കാനാകും എന്നാണ് അവരുടെ പ്രതീക്ഷ.
ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ കെ.സുരേന്ദ്രന്റെ ജയിൽ വാസം ഉൾപ്പെടെ ഉള്ള കാര്യങ്ങൾ വിശ്വാസികൾക്കിടയിൽ അദ്ദേഹത്തിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട്. അവിശ്വാസികളായ യുവതികളെ ആചാരങ്ങൾ പാലിക്കാതെയും നേരായ ദർശനത്തിന്റെ രീതിയിലൂടെ അല്ലാതെയും ശബരിമലയിലെത്തിച്ച് അത് ആഘോഷിച്ച ഇടതു പക്ഷത്തോടുള്ള അമർഷം പ്രയോജനപ്പെടുത്തുവാൻ സാധിച്ചാൽ ഈഴവ, അരയ വിഭാഗങ്ങൾ കൂടുതൽ ഉള്ള ഈ മണ്ഡലത്തിൽ നിന്നും വോട്ടുകൾ നേടാനാകും.
എസ്.എൻ.ഡി.പി ക്ക് മണ്ഡലത്തിൽ സ്വാധീനമുണ്ടെങ്കിലും വെള്ളാപ്പള്ളി നടേശന്റെ ശിങ്കിടികളായ ചില നേതാക്കൾക്കൊഴികെ സാധാരണ അനുഭാവികൾക്ക് ശബരിമല വിഷയത്തിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ “പലതവണ മറുകണ്ടം“ ചാടിയ നിലപാടുകളോട് ശക്തമായ എതിർപ്പാണുള്ളത്. അതിനാൽ സിപിഎം അനുഭാവികൾക്കിടയിൽ പോലും ശബരിമല വിഷയത്തിൽ പുകയുന്ന അമർഷത്തെ സുരേന്ദ്രന്റെ വരവോടെ ആളിക്കത്തിക്കുവാനുമാകും. മികച്ച പ്രാസംഗികനോ സംഘാടകനോ അല്ലാത്തതു കൂടെ കണക്കിലെടുത്താൽ വലിയ സാധ്യതയാണ് കണ്ണന്താനം വന്നാൽ ഇല്ലാതാകുക.
ക്രിസ്ത്യൻ വിഭാങ്ങളുടെ പിന്തുണ ഉറപ്പിക്കുവാനും അവർക്കിടയിൽ സ്വാധീനം ഉറപ്പിക്കുവാനും ബി.ജെ.പി കേന്ദ്ര നേതൃത്വം കണ്ടെത്തിയ ഒരു നേതാവായിരുന്നു ഇടതു പക്ഷത്തിന്റെ ഭാഗമായിരുന്ന മുൻ ഐ.എ.എസ് ഓഫീസർ അൽഫോൺസ് കണ്ണന്താനം. അദ്ദേഹത്തെ രാജ്യസഭയിലെത്തിച്ചു കേന്ദ്ര മന്ത്രിയുമാക്കി. എന്നാൽ പ്രതീക്ഷിച്ച രീതിയിൽ അദ്ദേഹത്തിനു ക്രിസ്ത്യൻ വിഭാഗങ്ങളെ ബി.ജെ.പിയുമായി അടുപ്പിക്കുവാനോ പൊതു സമൂഹത്തിൽ സ്വീകാര്യത വർദ്ധിപ്പിക്കുവാനോ സാധിച്ചില്ല എന്നതാണ് വസ്തുത. ജനകീയനല്ലാത്ത കണ്ണന്താനം ഏതു മണ്ഡലത്തിൽ മൽസരിച്ചാലും ബി.ജെ.പി പ്രവർത്തകർക്ക് അദ്ദേഹം ഒരു ബാധ്യതയായി മാറുന്ന അവസ്ഥയാണുള്ളത്.
2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ രണ്ടു സീറ്റുകൾ നഷ്ടപ്പെടുത്തിയതിന്റെ കാരണമായി പഴികേട്ട കോൺഗ്രസ് നേതാവാണ് പി.സി.ചാക്കോ.തൃശ്ശൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചു ലോക്സഭയിലെത്തി മണ്ഡലത്തോട് കനത്ത അവഗണന കാണിച്ചതിന്റെ ഫലമായി പി.സി.ചാക്കോക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് അദ്ദെഹം കെ.പി.ധനപാലൻ മികച്ച പ്രകടനം കാഴ്ചവെച്ച് ശക്തമായ ജനസ്വാധീനം വളർത്തിയെടുത്ത ചാലക്കുടിമണ്ഡലം ഹൈക്കമാന്റിൽ സമ്മർദ്ദം ചെലുത്തി മൽസരിക്കുവാനായി ഒപ്പിച്ചെടുത്തു. ധനപാലനെ തൃശ്ശൂരിൽ സ്ഥാനാർഥിയുമാക്കി. ഫലം തൃശ്ശൂരും ചാലക്കുടിയും കോൺഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെട്ടു. സുരേന്ദ്രനെ മാറ്റിക്കൊണ്ട് കണ്ണന്താനത്തിനു തൃശ്ശൂർ മണ്ഡലത്തിൽ മൽസരിക്കുവാൻ അവസരം നൽകിയാൽ ഇതേ അവസ്ഥയാണ് ഉണ്ടാകുക എന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
കണ്ണന്താനം മൽസരിച്ചാൽ തൃശ്ശൂർ ടൗൺ കുന്ദംകുളം പാവറട്ടി തുടങ്ങി ചില പ്രദേശങ്ങളിലെ ക്രിസ്ത്യൻ വോട്ടുകൾ അനുകൂലമാക്കാം എന്നാകാം പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നത്. എന്നാൽ പ്രായോഗിക രാഷ്ടീയത്തിന്റെ സാധ്യതകൾക്കൊപ്പം നിൽക്കുന്നവരാണ് തൃശ്ശൂരിലെ ക്രിസ്ത്യാനികൾ. കെ.കരുണാകരൻ വളർന്ന് കേന്ദ്ര മന്ത്രിയായതും ഒടുവിൽ അടിപതറിയതും തൃശ്ശൂരിൽ ആയിരുന്നു. ഗ്രൂപ്പ് വഴക്കും ഒപ്പം സഭയുമായുള്ള പിണക്കമാണ് കരുണാകരനു തിരിച്ചടിയായത് എന്നായിരുന്നു കാരണമായി പറയപ്പെട്ടിരുന്നത്.
ഇന്ത്യയിലെ ഒരേ ഒരു സി.പി.ഐ എം.പി. യാണ് തൃശ്ശൂരിൽ നിന്നും വിജയച്ച സി.എൻ.ജയദേവൻ. ജില്ലയിലെ പലയിടത്തും നിലനിൽക്കുന്ന സി.പി.എം – സി.പി.ഐ പോരും വരുന്ന തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മണ്ഡലത്തിൽ നിർണ്ണായക സ്വാധീനമുള്ള മുൻ എം.എൽ.എയും ഇപ്പോൾ ജില്ലാ പ്രസിഡണ്ടുമായ ടി.എൻ.പ്രതാപൻ ആയേക്കാനും സാധ്യതയുണ്ട്. പൊതു സമ്മതനും വിശിഷ്യ അരയ-മുസ്ലിം വിഭാഗങ്ങളിൽ പ്രതാപനു സ്വാധീനം ഉണ്ടെങ്കിലും പാർട്ടിക്കകത്തെ ഗ്രൂപ്പ് പോരു പ്രതാപനു അതിജീവിക്കുവാൻ പ്രയാസമാകും. അതേ സമയം ക്രിസ്ത്യൻ സമുദായാംഗമാകും കോൺഗ്രസ് സ്ഥാനാർഥി എന്ന സൂചനകളും ഉണ്ട്.
ഇടതു പക്ഷത്താകട്ടെ ജയദേവൻ വീണ്ടും മൽസരിച്ചാൽ പരാജയം ഉറപ്പാണെന്ന അവസ്ഥയുള്ളതിനാൽ പൊതു സമ്മതനായ മറ്റാരെയെങ്കിലും കണ്ടെത്തേണ്ടിവരും. കെ.പി.രാജേന്ദ്രൻ ഒഴികെ സി.പി.ഐയിൽ നിന്നും പ്രമുഖരായ നേതാക്കൾ ആരും ഇല്ലെന്നതാണ് വസ്തുത. വി.എസ് സുനിൽകുമാർ കൃഷി മന്ത്രിയാണ്. യുവനേതാവായ കെ.രാജൻ എം.എൽ.എയുമാണ്. ഈ സാഹചര്യത്തിൽ മണ്ഡലം സി.പി.എം ഏറ്റെടുക്കും എന്നൊരു സൂചനയും വരുന്നുണ്ട്. അങ്ങിനെയെങ്കിൽ ജില്ലക്കകത്തു നിന്നുള്ള പ്രമുഖരെയാകും പരിഗണിക്കുക. സി.പി.എം തൃശ്ശൂർ സീറ്റ് പിടിച്ചെടുത്താൽ സി.പി.ഐ വോട്ടുകളിൽ വിള്ളൽ വീഴും. ഇത് പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നവർ വിജയ സാധ്യത കൂടും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അഡ്വ.ഗോപാലകൃഷ്ണൻ, അഡ്വ.നിവേദിത, ജില്ലാ പ്രസിഡണ്ട് എൽ.നഗേഷ് തുടങ്ങിയവർ ശക്തമായ പോരാട്ടം കാഴ്ച വെച്ചിരുന്നു. വലിയ തോതിൽ വോട്ട് വർദ്ധനവും ഒപ്പം ജന പങ്കാളിത്തവും ബി.ജെ.പി നേടാനായി. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ സുരേന്ദ്രനെ പോലെ ഒരു കരുത്തനെ വടക്കുംനാഥന്റെ തട്ടകത്തിൽ ഇറക്കിയാൽ അൽഭുതം സംഭവിച്ചുകൂടായ്കയില്ല എന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. വിവിധ സമുദായ നേതൃത്വങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കുന്ന തന്ത്രഞ്ജനായ രാഷ്ടീയക്കാരൻ കൂടെയായ കെ.സുരേന്ദ്രനു കൃസ്ത്യൻ സഭയെ കൂടെ നിർത്തുവാൻ സാധിക്കും എന്നാണ് വിലയിരുത്തൽ.
ഗുരുവായൂർ മണ്ഡലത്തിലെ ബി.ജെ.പിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയാൽ അവിടെ നിന്നും കൂടുതൽ വോട്ടുകൾ സമാഹരിക്കുവാനും ആകും. കെ.വി.അബ്ദുൾഖാദർ എം.എൽ.എയുടെ പരാജയങ്ങൾ ഒന്നൊന്നായി എടുത്തു കാണിച്ചുകൊണ്ടും പാർഥ സാരഥി ക്ഷേത്രത്തിൽ രാത്രി നടന്ന പോലീസ് കടന്നു കയറ്റവുമെല്ലാം പ്രചാരണം കൊഴുപ്പിക്കുവാനുമാകും. കണ്ണന്താനം ബി.ജെ.പിക്ക് മറ്റൊരു പി.സി. ചാക്കോ ആകും മുമ്പെ ഇപ്പോൾ പ്രവർത്തകർക്കിടയിൽ നിറഞ്ഞിരിക്കുന്ന ആവേശത്തെ കൂടുതൽ ഉത്തേജിപ്പിച്ച് സുരേന്ദ്രന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് മുന്നോട്ട് കൊണ്ടു പോകുവാൻ ശ്രമിച്ചാൽ അൽഭുതം തന്നെ സൃഷ്ടിക്കാനാകും.
ഏത് വിധേനയും ഈ മണ്ഡലങ്ങളിൽ വിജയിച്ച് കയറാനുള്ള തന്ത്രങ്ങളാണ് ബിജെപി കേന്ദ്രങ്ങൾ ആലോചിക്കുന്നത്. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ശബരിമല വിഷയം ഉയർത്തിക്കാട്ടി സാധ്യത വർദ്ധിപ്പിക്കുക എന്നതാണ് ബിജെപി ലക്ഷ്യം.