മിന്നുന്ന വിജയത്തോടെ കോൺഗ്രസ് 20 ൽ 19 സീറ്റും കരസ്ഥമാക്കിയ പാർളമെന്റ് തെരഞ്ഞെടുപ്പിന്റെ അലയൊലികൾക്കിടയിലും വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലേക്ക് വിവിധ രാഷ്ടീയ കക്ഷികളുടെ ശ്രദ്ധ തിരിഞ്ഞു തുടങ്ങി. കനത്ത പരാജയം ഏറ്റുവാങ്ങിയ സിപിഎമ്മിനെ സംബന്ധിച്ച് ഉപതെരഞ്ഞെടുപ്പുകൾ ഏറെ പ്രാധാന്യം ഉള്ളതാണ്. കെ.മുരളീധരൻ, ഹൈബി ഈഡൻ, ആരിഫ്, അടൂർ പ്രകാശ് എന്നി എം.എൽ.എ മാർ വിജയിച്ചു എം. പി മാരായതോടെയും കെ എം മാണി, അബ്ദുൽ റസാക് എന്നിവരുടെ മരണത്തോടെ ഒഴിവു വന്ന പാലാ, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലും ഉൾപ്പടെ ആറ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.

അതിൽ തന്നെ കെ.മുരളീധരൻ തീപാറുന്ന പോരാട്ടം നടത്തി കുമ്മനത്തെ തോല്പിച്ച് വിജയം വരിച്ച വട്ടിയൂർകാവിലേക്കാണ് ഇപ്പോൾ എല്ലാവരുടേയും കണ്ണ്. ഇതിനോടൊപ്പം ഹൈബിയുടേയും, ആരിഫിന്റെയും മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമെങ്കിലും വട്ടിയൂർ കാവ് ശ്രദ്ധേയമാകുന്നത് അവിടെ ബി.ജെ.പിയുടെ ശക്തമായ സാന്നിധ്യം ഒന്നുകൊണ്ട് മാത്രമാണ്. സിപിഎം സ്ഥാനാർഥിയെ മൂനാം സ്ഥാനത്തേക്ക് ത്ള്ളിക്കൊണ്ട് ജയത്തോടടുക്കും വിധം മുന്നേറ്റം നടത്തിയ ആ മണ്ഡലം ഇത്തവണ ആഞ്ഞുപിടിച്ചാൽ വിജയിക്കാം എന്നാണ് ബിജെപി കേന്ദ്രങ്ങൾ ഉറച്ച് വിശ്വസിക്കുന്നത്.
ബി.ജെ.പിക്ക് ശക്തമായ വേരോട്ടം ഉള്ള വട്ടിയൂർ കാവിൽ ആരാകും ബിജെപി സ്ഥാനാർഥി എന്നതു സംബന്ധിച്ച ഊഹാപോഹങ്ങൾ ഇതിനോടകം സജീവമായിട്ടുണ്ട്. കുമ്മനം രാജശേഖരന്റെ പേരാണ് ഇതിൽ മുന്നിട്ട് നിൽക്കുന്നത്. എന്നാൽ കുമ്മനത്തെ കേന്ദ്ര നേതൃത്വം മന്ത്രിസഭയിൽ എടുക്കും എന്ന അഭ്യൂഹങ്ങൾക്കാണ് മുൻഗണന. അല്ഫോൺസ് കണ്ണന്താനത്തെ മന്ത്രിയാക്കിയെങ്കിലും അദ്ദേഹത്തിനും ട്രോളന്മാർക്കും അല്ലാതെ പാർട്ടിക്ക് പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടായില്ല എന്നതാണ് സത്യം.

അതിനാൽ അല്ഫോൺസിനു വീണ്ടും ഒരു അവസരം നൽകുന്നതിൽ പാർട്ടികകത്തു നിന്നു മാത്രമല്ല അനുഭാവികളിൽ നിന്നും ശക്തമായ എതിർപ്പുണ്ട്. കുമ്മനം കേന്ദ്രത്തിലേക്ക് പോകുകയാണെങ്കിൽ മൽസരത്തിനു സാധ്യത ഉള്ളവരിൽ ഒന്നം സ്ഥാനം തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് എസ് സുരേഷിനാണ്. മികച്ച സംഘാടകൻ വാഗ്മി എന്ന നിലയിലും നായർ സമുദായത്തിന്റെ പിന്തുണ ഉറപ്പുള്ളതിനാലും അദ്ദേഹത്തെ തന്നെ ആക്കാൻ ആണ് സാധ്യത.
കെ.മുരളീധരനു പകരം വെക്കുവാൻ കോൺഗ്രസിൽ തൽക്കാലം തലയെടുപ്പുള്ള മറ്റൊരു സ്ഥാനാർഥി വട്ടിയൂർക്കാവിന് ഇല്ല എന്നതാണ് സത്യം. എസ് സുരേഷിനെ മാറ്റി നിർത്തിയാൽ ബിജെപിയിൽ നിന്നും മറ്റൊരു സാധ്യത ഉള്ളത് പി.കെ.കൃഷ്ണദാസിനാണ്. മുൻ സംസ്ഥാന അധ്യക്ഷൻ കൂടെയായ കൃഷ്ണദാസ് പ്രവർത്തകർക്കിടയിലും സമ്മതനാണ്. ഗ്രൂപ്പിസത്തിന്റെ ഭാഗമായി പരസ്പരം പാരവെച്ച് ഒതുക്കിയില്ലെങ്കിൽ കൃഷ്ണദാസിനു നറുക്കുവീണേക്കാം. തിരുവനന്തപുരത്തിനു പുറത്തുനിന്നൊരു സ്ഥാനാർഥിയെ നിർത്തുവാൻ ഉള്ള സാധ്യത കുറവാണ്.

എങ്കിലും കേന്ദ്ര നേതൃത്വം ഇടപെട്ട് പേരു നിർദ്ദേശിച്ചാൽ സാധ്യത ഉള്ള ഒരാൾ എം.ടി.രമേശാണ്. പാർളമെന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം നിഷേധിക്കപെട്ട എം.ടി.രമേഷ് മികച്ച പോരാളിയാണെന്ന് പല തവണ തെളിയിച്ചിട്ടുള്ളതാണ്. യുവ നേതാക്കളിലേക്ക് തിരിഞ്ഞാൽ സാധ്യത വി.വി.രാജേഷിനായിരുന്നു. എന്നാൽ കോഴവിവാദവുമായി ബന്ധപ്പെട്ട് അച്ചടക്കനടപടിക്ക് വിധേയനായതിനാൽ തൽക്കാലം രാജേഷിന്റെ പേരു നിർദേശിക്കപ്പെടുവാൻ സാധ്യത ഇല്ലെന്നാണ് സൂചന. ഒന്നരവർഷത്തെ മാറ്റി നിർത്തലിനു ശേഷം ശബരിമല സമരവുമായി ബന്ധപ്പെട്ടാണ് രാജേഷ് പാർട്ടി വേദികളിൽ സജീവമായത്.
വടകരയിൽ സിപിഎമ്മിലെ മലബാറിലെ കരുത്തനായ പി.ജയരാജൻ അങ്കത്തിനിറങ്ങിയപ്പോൾ നിലവിലെ എം.പി ആയ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കം പലരും മൽസരിക്കാൻ വിമുഖത കാണിച്ചു. എന്നാൽ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് കെ.മുരളീധൻ വടകരയിലേക്ക് വണ്ടി കയറി. ഇതോടെ തീപാറുന്ന പോരാട്ടത്തിനാണ് സംസ്ഥാന രാഷ്ടീയം സാക്ഷ്യം വഹിച്ചത്. അക്രമ രാഷ്ടീയത്തിനെതിരെ ഉള്ള പോരാട്ടമായി ചിത്രീകരിച്ചു മുസ്ലിം ലീഗിന്റെയും ആർ.എം.പിയുടെയും ശക്തമായ പിന്തുണയോടെ മുരളീധരൻ വിജയിച്ചു കയറി.

കൊലക്കേസ് പ്രതിയായ ജയരാജൻ വിജയിച്ചാൽ അത് തെറ്റായ സന്ദേശമാകും നൽകുക എന്ന പ്രചാരണം വിജയം കാണുകയായിരുന്നു. കെ.മുരളീധരൻ ദില്ലിക്ക് പോകുന്നതോടെ വട്ടിയൂർകാവ് നിലനിർത്തുന്ന കാര്യത്തിൽ കോൺഗ്രസ് ഏറെ വിയർക്കേണ്ടിവരും. സിപിഎമ്മിൽ നിന്നും ഒരു പക്ഷെ ആനത്തലവട്ടം ആനന്ദൻ തന്നെ രംഗത്തിറങ്ങുവാനും സാധ്യത ഉണ്ട്. എന്തായാലും കേരളം ഉറ്റുനോക്കുന്ന മറ്റൊരു തെരഞ്ഞെടുപ്പാകും വട്ടിയൂർക്കാവിൽ വരാനിരിക്കുന്നത്.