മലയാളം ഇ മാഗസിൻ.കോം

ജനിച്ച ദിവസം പറയും നിങ്ങളുടെ ഭാഗ്യ നിർഭാഗ്യങ്ങളെക്കുറിച്ചും സ്വഭാവ രീതികളെക്കുറിച്ചും

ഒരാൾ ജനിച്ച ദിവസത്തെ ആശ്രയിച്ചാണ്‌ അവരുടെ ഭാഗ്യ – നിർഭാഗ്യമെന്ന് പൊതുവെ ഒരു വിശ്വാസമുണ്ട്‌. ചിലപ്പോഴൊക്കെ അത്‌ ശരിയാകാറുമുണ്ട്‌. ആഴ്ചയിലേ ഓരോ ദിവസത്തിനും ഓരോ തരത്തിലുള്ള പ്രത്യേകതകൾ ഉണ്ട്‌. ജന്മനക്ഷത്രം, തിഥി തുടങ്ങിയവ പോലെ പ്രധാനമാണ്‌ ജന്മദിവസവും. ജന്മദിനത്തിന്റെ വ്യത്യാസത്തെ ആശ്രയിച്ചാണ്‌ ഭാഗ്യനിർഭാഗ്യങ്ങളും സ്വഭാവവും കുടികൊള്ളുന്നത്‌. ഓരോ ദിവസവും ജനിച്ചവരുടെ പ്രത്യേകതകൾ അറിയാം.

ഞായർ: ജനിക്കുന്നെങ്കിൽ ഞായറാഴ്ച ജനിക്കണം. ഏറ്റവും നല്ല ദിവസമാണ്‌ ഞായറാഴ്ച. ഈ ദിവസം ജനിക്കുന്നവർ ധനികരും സൗന്ദര്യമുള്ളവരും ഭാഗ്യമുള്ളവരുമായിരിക്കും. ശുഭാപ്തിവിശ്വാസം ഇവരുടെ കൂടെപ്പിറപ്പാണ്‌. സദാ സന്തുഷ്ടരായിരിക്കും. എല്ലാക്കാര്യങ്ങളെയും ഗൗരവപൂർവ്വം സമീപിക്കും.

തിങ്കൾ: തിങ്കളാഴ്ച ജനിച്ചവർ കോടീശ്വരന്മാരാകില്ല. എങ്കിലും ഇവർക്ക്‌ ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടിവരില്ല. സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതമായിരിക്കും. ഈ ദിവസം ജനിച്ചവരെ പെട്ടെന്ന്‌ വശീകരിക്കാനാവില്ല. സാമാന്യ ബുദ്ധിയുള്ളവരും ഭാവനാസമ്പന്നരും ആയിരിക്കും. ഇവരെ സ്വാധീനിക്കാൻ പ്രയാസമാണ്‌. പ്രലോഭനങ്ങൾക്ക്‌ വഴിപ്പെടില്ല.

ചൊവ്വ: ചൊവ്വാഴ്ച ദിവസം ജനിക്കുന്നവർക്ക്‌ ജീവിതം ക്ലേശകരമായിരിക്കും. എല്ലാം സ്വയം കഷ്ടപ്പെട്ട്‌ നേടിയെടുക്കണം. നല്ല ജീവിതത്തിനുവേണ്ടി ഇവർ ഏറെ കഷ്ടപ്പെട്ടാലേ മതിയാകൂ. പ്രാരാബ്ധം ജീവിതാന്ത്യം വരെ പിൻ തുടരും. എന്നാലും കഷ്ടപ്പെട്ട്‌ നേടാനുള്ള മനസ്‌ ഇവർക്കുണ്ടാകും.

ബുധൻ: ബുധനാഴ്ച ജനിച്ചവരിൽ കൂടുതലും കലാകാരന്മാരായിരിക്കും. എന്നാൽ കഴിവ്‌ പ്രകടിപ്പിക്കാൻ ഇവർക്ക്‌ അവസരം ലഭിക്കാറില്ല. അവസരം ലഭിച്ചാൽ അതുപയോഗിക്കാൻ അവർ അങ്ങേയറ്റം ശ്രമിക്കും. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇവർ സമർത്ഥരായിരിക്കും. അതിനാൽ ഈ മേഖലയിൽ ജോലി നേടുന്നതായിരിക്കും നല്ലത്‌. എന്നാൽ ആഢംബരങ്ങൾക്കു വേണ്ടി ധാരാളം പണം ധൂർത്തടിക്കുന്ന ഇവർ പണമുണ്ടാക്കുന്ന കാര്യത്തിലും സമർത്ഥരായിരിക്കും.

വ്യാഴം: കഠിനാദ്ധ്വാനത്തിലൂടെയായിരിക്കും ഇവർ ജീവിതവിജയം നേടുന്നത്‌. ധൂർത്തിലും ആർഭാടത്തിലും താത്പര്യമുണ്ടായാലും ആ രീതി ജീവിതത്തിൽ അവലംബിച്ചാൽ തിരിച്ചടികൾഉണ്ടാകും. കാർക്കശ്യം ഇവർക്ക്‌ ചേർന്നതല്ല. അതുപോലെ എന്തിനോടും അലസത കാണിക്കുന്ന സ്വഭാവവും ഉപേക്ഷിക്കണം. ഇവരുടെ കുടുംബജീവിതം സന്തോഷകരമായിരിക്കും.

വെള്ളി: ഈ ദിവസം ജനിക്കുന്നവർക്ക്‌ നല്ല സൗന്ദര്യമുണ്ടായിരിക്കും. പക്ഷെ ഇത്‌ അവരുടെ ജീവിതത്തെ തന്നെ പരാജയപ്പെടുത്തും. അങ്ങനെ സംഭവിക്കാതിരിക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിക്കണം. ആർഭാട ജീവിതംഇവർക്കു ചേർന്നതല്ല. ലളിത ജീവിതമാണ്‌ ഇവർ നയിക്കേണ്ടത്‌. കഠിനമായി അദ്ധ്വാനിച്ചാൽ ജീവിത വിജയം ഉറപ്പാണ്‌. അല്ലാത്തപക്ഷം ജീവിതം പാഴായിപ്പോകും.

ശനി: ഈ ദിവസം ജനിക്കുന്നയാൾ ജീവിതത്തിൽ തിരിച്ചടികൾക്കു മുന്നിൽ അചഞ്ചല ചിത്തനായി നിൽക്കും. ആർക്കും വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഇവരെ തോൽപ്പിക്കാനാവില്ല. ജീവിതത്തിൽ സന്തോഷത്തിനും വിജയത്തിനുമായി അശ്രാന്തം പരിശ്രമിക്കും. മാനസിക പ്രശ്‌നങ്ങൾ ഇവരെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും. ആരോടും ആവശ്യമില്ലാത്ത അടുപ്പത്തിനു പോകരുത്‌. അത്‌ അപകടം ചെയ്യും. മഹാപിശുക്കരായിരിക്കും. പക്ഷെ ദയയുള്ളവരാണ്‌.

Staff Reporter