മലയാളം ഇ മാഗസിൻ.കോം

ജന്മനക്ഷത്രം ഏതെന്ന് പറയൂ, നിങ്ങളുടെ ശരിയായ സ്വഭാവവും മനസിന്റെ താൽപര്യങ്ങളും എന്തെന്ന് പറഞ്ഞു തരാം

അശ്വതി: അശ്വനികുമാരന്മാരുടെ പേരുമായി ബന്ധപ്പെട്ട് അശ്വതി എന്നാണ് യഥാർത്ഥ നാമം. ബുദ്ധിശക്തി, വിവേചനാധികാരം, മറ്റുള്ളവരിൽ നിന്നും അകലം പ്രാപിച്ച് ജീവിക്കുക, പെട്ടെന്ന് തീരുമാനമെടുക്കുക എന്നീ സ്വഭാവമുള്ളവരാണിവർ. എത്ര ശ്രമിച്ചാലും ഇവരെ നന്നാക്കാൻ കഴിയുകയില്ല. സ്വന്തം അഭിപ്രായത്തിൽ ഉറച്ചുനിന്നു അപകടങ്ങൾ ക്ഷണിച്ചുവരുത്തും.

ഭരണി: ക്രമത്തിൽ രണ്ടാമനാണെങ്കിലും ആരുടേയും മുന്നിൽ രണ്ടാമതാകാൻ ഇഷ്ടപ്പെടില്ല. തന്റെടി എന്ന പേരിനിടവരുത്തുന്നു. ലഹരിവസ്തുക്കൾക്കും സ്ത്രീക്കും അടിമയാണ്. ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ പ്രയാസമാണ്. ജീവിത വിജയത്തിന് ഇതിൽ നിന്നും പിന്തിരിയേണ്ടതാണ്.

കാർത്തിക: കാണാൻ ഭംഗിയുള്ള വസ്തുക്കളിൽ വലിയ ആകർഷണമാണിവർക്ക്. ഒരു കാര്യത്തിലും മുന്നോട്ട് ചാടിയിറങ്ങാറില്ല. ഭാവിയെക്കുറിച്ച് വലുതായി ചിന്തിക്കാനിവർക്കറിയുകയില്ല. വലുതായി കാണുന്ന തടസ്സങ്ങളും മംഗളമായി കലാശിക്കും. വിരോധികൾ മിത്രങ്ങളായി ഭവിക്കും.

രോഹിണി: വളരെ വികാരപരമായി പെരുമാറും. നേരെ പറയുന്ന കാര്യങ്ങൾ പോലും ഇവർ അൽപ്പം ഭാവന കലർത്തി മാത്രമേ മനസ്സിലാക്കുകയുള്ളൂ. വളരെ ആകർഷകമായ വ്യക്തിത്വം കാത്തുസൂക്ഷിക്കും. ഏതുതൊഴിലും ആത്മാർത്ഥമായി മനസ്സിരുത്തി ചെയ്യും. യന്ത്രംപോലെ പ്രവർത്തിക്കും.

മകയിരം: സൗമ്യമനസ്സും, യാത്രാ സ്വഭാവവും, ലഹരിപദാർത്ഥങ്ങളിലും സ്ത്രീവിഷയങ്ങളിലും താല്പര്യമുള്ളവരും, രോഗിയുമായിരിക്കും. ആഡംബരങ്ങൾ ഇഷ്ടപ്പെടുന്നവരും കാര്യങ്ങൾ തെറ്റുകൂടാതെ ചെയ്യാൻ കഴിയുന്നവരും, കുടുംബത്തിൽ അന്തഃച്ഛിദ്രം ഉള്ളവരും കണക്കിൽ കണിശക്കാരുമായിരിക്കും.

തിരുവാതിര: ആർദ്ര, ആതിര എന്നീ പേരുകളിലും അറിയപ്പെടുന്നു. ആകാശത്തിൽ നഗ്നനേത്രത്താൽ കാണാവുന്നതാണ്. ദേവത രുദ്ര ശിവനാണ്. ഏറ്റെടുക്കുന്ന പ്രവർത്തികൾ ഏതറ്റം വരെയും പോയി വിജയിക്കുന്ന സ്വഭാവമാണ്. ഇഷ്ടജനങ്ങളെ സഹായിക്കാനുള്ള അമിത താല്പര്യം കാരണം മറ്റുള്ളവർക്ക് ഇവരെ സഹായിക്കുവാൻ താല്പര്യമാണ്. ഇവരുടെ വിവാഹ ജീവിതം അത്ര മെച്ച്ചമായിരിക്കില്ല.

പുണർതം: വിനയം, സൗമ്യത, പെട്ടെന്ന് പിടികൊടുക്കാത്ത സ്വഭാവം. കല, സാഹിത്യാദികളിൽ കമ്പം കൂടുതൽ, ദാമ്പത്യജീവിത പരാജയം, ഉന്നതസ്ഥാനത്തിലെ ആഗ്രഹകൂടുതലും, നേടിയെടുക്കാനുള്ള കഴിവും, വാദപ്രതിവാദങ്ങളിൽ ഉരുളക്കുപ്പേരി എന്ന കണക്കിൽ മറുപടി കൊടുക്കൽ എന്നിവ ഇവരുടെ സ്വഭാവ സവിശേഷതകളാണ്.

പൂയ്യം: പുഷ്യം എന്നും നാമകരണമുണ്ട്. ഒരു പ്രതലത്തിൽ കുടഞ്ഞെറിഞ്ഞ വെള്ളത്തുള്ളികൾ പോലെ കർക്കിടകരാശിയിൽ വാൽക്കണ്ണാടി രൂപത്തിൽ ആകാശത്തിൽ നിലകൊള്ളുന്ന 8 നക്ഷത്രങ്ങൾ ചേർന്ന രൂപമാണ് പൂയ്യം. പരിശ്രമശാലികളും മികച്ച വ്യക്തിത്വത്തിനുടമകളുമായിരിക്കും. ആമയുടെയും ഞാണ്ടിന്റെയും സ്വഭാവത്തോടുകൂടിയതാണ്. ഏതു കാര്യത്തിലും അൽപ്പം മടിച്ചു നിന്നിട്ടേ മുന്നിലേക്ക് വരികയുള്ളൂ. കുലീന സ്വഭാവത്തിനുടമയായിരിക്കും. അന്ധവിശ്വാസത്തിനടിമപ്പെടാതെ യുക്തിസഹമായി പ്രവർത്തിച്ചു പോകും.

ആയില്യം: ആശലേഷ എന്നും പേരുണ്ട്. സ്വന്തം കാര്യം സിന്ദാബാദ് എന്ന പ്രകൃതക്കാരാണ്. കാര്യ സാധ്യത്തിന് ഏത് മാർഗ്ഗവും സ്വീകരിക്കും. ആരെയും വിശ്വസിക്കില്ല. താൻ ഇഷ്ടപ്പെടുന്നിടത്ത് അടുക്കും ചിട്ടയും പ്രതീക്ഷിക്കുന്നു. ഇഷ്ടജനങ്ങൾക്ക് എന്തും ചെയ്തുകൊടുക്കും.

മകം: ആത്മാഭിമാനവും, ദുരഭിമാനവും ഉള്ളവരാണ്. ഇവരെ വിശ്വസിക്കാൻ കഴിയില്ല. ക്ഷിപ്രകോപികളാണ്. ഏറ്റെടുക്കുന്ന ജോലികൾ എന്തു ത്യാഗം സഹിച്ചും ചെയ്തുതീർക്കും.

പൂരം: പൂർവ്വ ഫാൽഗുണമെന്നും പേരുണ്ട്. മുപ്പൂരം, ത്രിയത്തിലെ ഒന്നാമനും, കഴിവിനെ സൗന്ദര്യമാക്കി മാറ്റാനും കഴിവുള്ള വിജ്ഞാനികളാണ്. ആജ്ഞാശക്തി, പൗരുഷം, നേതൃഗുണം, ലളിതകലകൾ എന്നിവയിൽ കഴിവു തെളിയിക്കുന്നു. അഭിമാനം വ്രണപ്പെട്ടാൽ സഹിക്കുന്നവരല്ല ഇവർ. ഏറ്റെടുക്കുന്ന ജോലി ഏതായാലും കഠിനപ്രയത്നത്തിലൂടെ അങ്ങേയറ്റമെത്തിക്കാൻ ശ്രമിക്കും.

ഉത്രം: ഉത്തരഫാൽഗുനി എന്നാണ് മുഴുവൻ പേര്. പുരുഷ സ്വഭാവമാണ് മുന്നിട്ടു നിൽക്കുന്നത്. വലിയ അഭിമാനികളാണ്. കഠിന പ്രയത്നത്തിലൂടെ ഘട്ടം ഘട്ടമായി മുന്നേറും. നീതിവിട്ടൊരു കാര്യം ഇവരിൽ നിന്നും പ്രതീക്ഷിക്കേണ്ട. നേതൃപാടവവും, ഉദ്ദേശകാര്യം നടത്തിക്കുകയും ചെയ്യും. ആത്മീയത മുഖ മുദ്രയായിരിക്കും.

അത്തം: ഹസ്തയെന്നും അറിയപ്പെടുന്നു. ഏതു കാര്യത്തിലും സ്വന്തം അഭിപ്രായം പുലർത്തുന്നവരാണ്. മറ്റുള്ളവരെ ഉള്ളു തുറന്നു അംഗീകരിക്കുന്നതിൽ വിമുഖരായിരിക്കും. പുറമെ പൊട്ടിത്തെറിക്കുകയും എടുത്തുചാടുകയും ചെയ്യുമെങ്കിലും ഉള്ളിൽ വളരെ ശാന്തരായിരിക്കും. കബളിപ്പിക്കാൻ ശ്രമിക്കുന്നവരെ വിചിത്ര സ്വഭാവത്തോടെ നേരിടുന്നവരാണിവർ. മറ്റുള്ളവരുടെ വിമർശനം ഇവർ ഇഷ്ടപ്പെടില്ല. ലഹരിവസ്തുക്കളിലും, സ്ത്രീകളിലും അടിമയാകാതെ ശ്രദ്ധിക്കണം.

ചിത്തിര: ചിത്ര എന്നാണ് യഥാർത്ഥ നാമം. ഹിന്ദിയിൽ ചിട്ടയെന്നും പറയും. 27 നക്ഷത്രങ്ങളിൽ മധ്യത്തിൽ വരുന്ന താരമാണ് ചിത്തിര. ഇരുവശത്തുമായി 13 വീതം നക്ഷത്രങ്ങൾ കോർത്ത് ഒരു മാലയുണ്ടാക്കിയാൽ അതിലെ ലോക്കറ്റുപോലെ ശോഭിക്കുന്നതാണ് ചിത്തിര. ഏതറ്റം വരെ പോയും കാര്യങ്ങൾ സാധിക്കുവാൻ കഴിവുള്ളവരാണിവർ. കാണം വിറ്റും ഓണം ഉണ്ണുമെന്ന് നിർബന്ധം പിടിക്കുന്നവരാണിവർ. കടും പിടുത്തത്തിന്റെ ഭാഗമായി പലരും സ്വന്തം കിടപ്പാടം വരെ വിറ്റുതുലക്കും. ചിത്രഗുപ്തന്റെ നക്ഷത്രമാണ് ചിത്തിര. അദ്ദേഹത്തെ ഒരു കാര്യവും മറയ്ക്കാൻ ആർക്കും സാധ്യമല്ല. തെറ്റിന് ശിക്ഷ എന്ന നടപടിക്രമമുള്ളവരാണിവർ.

ചോതി: സ്വാതി എന്നാണിവരെ വിളിക്കുന്നത്. തുലാം രാശിയുടെ എല്ലാ സ്വഭാവവും ഉള്ളവരാണിവർ. നീതിക്കുവേണ്ടി നിലകൊള്ളുന്ന ഇവർ അനീതി എവിടെ കണ്ടാലും എതിർക്കും. ഏത് ഉത്തരവാദിത്വവും സന്തോഷത്തോടെ ഏറ്റെടുക്കും. സ്വപ്രയത്നത്താൽ ഉയർച്ചയുണ്ടാകും. ജീവിതത്തിൽ സുഗഭോഗങ്ങളും ഐശ്വര്യവും അനുഭവിക്കുന്നവരാണിവർ. ഇവർ അന്യരെ ആശ്രയിക്കുകയില്ല. മറ്റുള്ളവരുടെ ദുഃഖത്തിൽ മനസ്സലിയുകയില്ല.

വിശാഖം: വൈശാഖി, വൈശാഖ് എന്ന പേരുകളുമുണ്ട്. ആഴത്തിൽ ചിന്തിച്ച് പ്രവർത്തിക്കുന്നവരാണ്. മറ്റുള്ളവരെ കൈയ്യിലെടുക്കാൻ പ്രത്യേക കഴിവാണ്. സ്വഭാവത്തിലും. രൂപത്തിലും ആകർഷണശക്തിയുണ്ട്. വൈഷ്ണവ വിശ്വാസികളായ ഇവർ വളരെ തന്മയത്വപരമായി സംസാരിക്കും. ഏത് കുതന്ത്രവും കാണിക്കും. മാതാപിതാക്കൾ ഇവരുടെ ബദ്ധശത്രുക്കളാണ്. എത്ര ഉന്നത തലത്തിലെത്തിയാലും എളിമ നിലനിർത്തും.

അനിഴം: അനുരാധ എന്നും പേരുണ്ട്. കുടയുടെ ആകൃതിയിൽ 3 നക്ഷത്രം ചേർന്നതാണ് അനിഴം. അതികഠിന പ്രയത്നക്കാരാണ്. അതിബുദ്ധിശാലികളാണ്. മാനസിക പ്രയാസങ്ങൾ അലട്ടികൊണ്ടിരിക്കും. സൗമ്യമായി സംസാരിക്കും. സർക്കാർജോലി ലഭിക്കും. സ്വദേശം വെടിഞ്ഞ് താമസിക്കും. ദാമ്പത്യജീവിതം ക്ളേശം നിറഞ്ഞതാണ്.

കേട്ട: തൃക്കേട്ട എന്നും ജേഷ്ട എന്നും പേരുണ്ട്. ഒരു ദുരിതം നിറഞ്ഞ നക്ഷത്രമാണ്. ഈ നക്ഷത്രത്തിൽ സിസേറിയൻ ഒഴിവാക്കുക.

മൂലം: ഗൗരവക്കാരായിരിക്കെതന്നെ അന്യരെ പരിഹസിക്കുകയും, കഴിവും അസാമാന്യ സ്വതന്ത്ര ബുദ്ധി പ്രകടിപ്പിക്കുന്നവരാണിവർ. ധനികരായി മാറും. ലോകോപകാരികളാണെങ്കിലും ഇവരുടെ ജീവിതത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും. ഇവരെ വിശ്വസിക്കാൻ പാടില്ല.

പൂരാടം: ഇവർക്ക് പ്രത്യേക ആകർഷണശക്തിയുണ്ടായിരിക്കും. സംസാരിച്ച് ആൾക്കാരെ വശീകരിക്കാൻ അസാമാന്യ കഴിവുണ്ട്. മറ്റുള്ളവരെ സഹായിക്കുക ഇവരുടെ ഹരമാണ്. അമിതമായ അഭിമാനബോധം കാര്യങ്ങൾ നേടാൻ വിലങ്ങുതടിയാകുന്നു. ദാമ്പത്യം തൃപ്തികരമായിരിക്കില്ല.

ഉത്രാടം: ഉത്തര ആഷാഢം എന്നാണു മുഴുവൻ പേര്. വലിയ നിഷ്ടക്കാരായിരിക്കും. എടുത്ത തീരുമാനങ്ങൾ കടുകിട വ്യതിചലിക്കുകയില്ല. ഈ കടുംപിടുത്തം പലപ്പോഴും കുടുംബജീവിതത്തിലും സുഹൃദ് ബന്ധത്തിലും വിള്ളൽ സൃഷ്ടിക്കും. കാര്യങ്ങൾ നടത്തിയെടുക്കുന്നതിൽ ഒരു പ്രത്യേക കഴിവുണ്ട്. എളിയ നിലയിൽ നിന്നും പ്രവർത്തനം ആരംഭിച്ച് ഉയരത്തിലേക്ക് പോകുന്ന ശൈലിയാണിവർക്ക്.

തിരുവോണം: ശ്രാവണമെന്നും പേരുണ്ട്. അസാധാരണ കുലീനത്വം ഉണ്ടായിരിക്കും. ദേഹത്ത് കറുത്ത മറുക്, ഈശ്വരഭക്തി, പൊതുവെ ഭാഗ്യദോഷികളാണ്. അന്ധമായി വിശ്വസിക്കുന്നതു കാരണം ധനനഷ്ടത്തിനിടവരും. ഒരാദർശത്തിൽ വിശ്വസിച്ചാൽ അതിൽ നിന്നും പിന്തിരിക്കാൻ ബുദ്ധിമുട്ടാണ്. ഉത്തമ ജീവിത പങ്കാളി, ഉറച്ച കുടുംബബന്ധം, പൊതുരംഗത്ത് ശോഭിക്കാൻ കഴിയും.

അവിട്ടം: ധനുഷ്ട എന്നാണ് ശരിയായ നാമം. തന്നിഷ്ടക്കാരായിരിക്കും. ആയതിനാൽ അബദ്ധത്തിൽ ചെന്നുചാടും. അതിൽ നിന്നും കരകയറാൻ സാധിക്കില്ല. ഇഷ്ടജനസഹായം ലഭിക്കും. ലൗകികസുഖത്തിനും, മദ്യത്തിനും അടിമപ്പെട്ടു കാര്യങ്ങൾ നീക്കാൻ സമർത്ഥരാണ്. ദക്ഷിണപ്രിയരായ ഇവർക്ക് ഭക്ഷണത്തിൽ നിന്നുള്ള രോഗദുരിതങ്ങൾ അലട്ടികൊണ്ടിരിക്കും.

ചതയം: ജീവിതത്തിലുയർച്ച കുറവാണ്. പഠനം കുറവെങ്കിൽ തന്നെയും അപാര ബുദ്ധിരാക്ഷസരായ ഇവർ തന്കാര്യം നേടിയെടുക്കാൻ സമർത്ഥരാണ്. ഇഷ്ടമുള്ള കാര്യം അന്യരോടുതന്നെ ആശയങ്ങളെ അടിച്ചേൽപ്പിച്ച് അനുസരിപ്പിക്കുന്നതാണ്. കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നവരായതിനാൽ അന്യരുടെ വെറുപ്പിന് പാത്രമാകും. വിവാഹജീവിതം മോശമായിരിക്കും. ജീവിതപങ്കാളിയേയും മക്കളേയും വരച്ച വരയിൽ നിർത്തും. കുലീനത്വം പുലർത്തുന്ന സ്വഭാവമായിരിക്കും.

പുരൂരുട്ടാതി: മോശമായാൽ അങ്ങേയറ്റം മോശം. കാര്യങ്ങൾ നന്നായി ചിന്തിച്ചിട്ടേ പ്രവർത്തിക്കൂ. ഏത് തൊഴിലിലേർപപെട്ടാലും വ്യക്തിമുദ്ര പതിപ്പിക്കും. നിയമങ്ങളനുസരിക്കാനും അത് പാലിക്കാനും തികഞ്ഞ നിഷ്ഠ പാലിക്കുന്നവരാണിവർ. സഹപ്രവർത്തകരുടെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് മുതലെടുക്കുന്നവരാണിവർ.

ഉത്രട്ടാതി: ഈശ്വരവിശ്വാസികളായിരിക്കും. കാര്യസാധ്യത്തിന് മുൻതൂക്കം നൽകുന്ന ഇവർ മികച്ച ഭരണാധികാരികളായിത്തീരും. സ്വന്തം കാര്യസാധ്യത്തിനായി കള്ളങ്ങളും, കളവുകളും പ്രയോഗിക്കും. അനീതി എവിടെയും കാട്ടും. ജീവിതപങ്കാളിയോട് അങ്ങേയറ്റം ആത്മാർത്തത പുലർത്തുന്ന ഇവർ സന്താനത്തെയും മറ്റുള്ളവരെയും വരച്ചവരയിൽ നിർത്തും.

രേവതി: വിചാരത്തേക്കാൾ വികാരത്തിന് വിലകൊടുക്കുന്നവരാണിവർ. അതിനാൽതന്നെ നിസ്സാരകാര്യങ്ങളിൽ പോലും സ്വജനങ്ങളുമായി പിണങ്ങാനും അവരുടെ പിന്തുണ നഷ്ടപ്പെടാനുമിടവരും. സ്വന്തം കാര്യം സിന്ദാബാദ് എന്ന ഇവർക്ക് മറ്റുള്ളവരെ ദുഷിക്കുന്ന സ്വഭാവമുണ്ടായിരിക്കും. ജീവിതത്തിൽ വഴി വിട്ടാൽ തിരിച്ചുവരാൻ പ്രയാസമാണ്. പെട്ടെന്നുള്ള സ്വഭാവമാറ്റത്താൽ ഇവരുടെ പെരുമാറ്റം മനസ്സിലാക്കാൻ സാധ്യമല്ല.

കടപ്പാട്: കളഭച്ചാർത്ത്

Avatar

Staff Reporter