മലയാളം ഇ മാഗസിൻ.കോം

ഐഷയ്ക്കും ഉമ്മയ്ക്കും ഇനി ആരെയും പേടിക്കാതെ അന്തിയുറങ്ങാം, സഹായവുമായി ബിനീഷ് കോടിയേരി

ഐഷക്കും ഉമ്മ നബീസയ്ക്കും ഇനി ആരെയും പേടിക്കാതെ അന്തിയുറങ്ങാം. ഐഷക്കും നബീസയ്ക്കും വേണ്ടി വീടൊരുങ്ങുന്നു. പാലക്കാട് ജില്ലയിൽ അടച്ചുറപ്പും മേൽക്കൂരയുമില്ലാത്ത വീട്ടിൽ ഒറ്റക്ക് ജീവിക്കുന്ന ഐഷ എന്ന 18 കാരിയുടെയും 72 കാരിയായ \’അമ്മ നബീസയുടെയും കഥ മാധ്യമങ്ങളിൽ വന്നിരുന്നു. കാലങ്ങൾക്കു മുൻപേ ഭർത്താവുപേക്ഷിച്ച പോയ നബീസയും മകൾ അയിഷയും ശുചിമുറിപോലുമില്ലാത്ത വീട്ടിലാണ് ജീവിക്കുന്നത്. പണമില്ലാത്തതിനാൽ പത്താം ക്ലാസിനു ശേഷം പഠനം തുടരാൻ കഴിയാത്ത ഐഷ ഇപ്പോൾ ഒരു തുണിക്കടയിലാണ് ജോലി ചെയ്യുന്നത്.

അവരുടെ അവസ്ഥ കണ്ട് സഹായഹസ്തം നീട്ടിയവരുടെ കൂട്ടത്തിൽ സിനിമാ നടനും സാമൂഹിക പ്രവർത്തകനും സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ മകനുമായ ബിനീഷ് കോടിയേരിയും ഉണ്ട്. തന്റെ സുഹൃത്തുക്കളുമായി ചേർന്ന് ഐഷക്കും ഉമ്മക്കും വീട് വെച്ച് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ബിനീഷ് കോടിയേരി.

ഇതിന്റെ ആദ്യ പടി എന്ന നിലയിൽ ഈ മാസം 15ന് ആദ്യ ഗഡുവും തുടർന്ന് രണ്ട് ഗഡുക്കളായി വീട് വെയ്ക്കാനാവശ്യമായ തുകയും കൈമാറും. സിനിമയിൽ നിന്നും ലഭിക്കുന്ന വരുമാനവും തന്റെ സ്വന്തം ബിസിനസ്സിൽ നിന്നുള്ള ലാഭത്തില്‍ നിന്നും, മറ്റ് സുഹൃത്തുക്കളുടെ സഹായത്തോടെയുമാണ് ബിനീഷ് വീട് നിർമ്മിക്കാനുള്ള തുക കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതോടെ നിരവധി ആളുകളാണ് ഐഷക്കും ഉമ്മക്കും സഹായങ്ങളുമായി എത്തുന്നത്. സാമ്പത്തികമായിട്ടും, വീട്ടിലേക്കാവശ്യമുള്ള സാധനങ്ങളായിട്ടും, ഒരു കൈത്താങ്ങായിട്ടുമെല്ലാം കൂടെ ഉണ്ടാകും എന്നാണ് ഒരേ സ്വരത്തിൽ എല്ലാവരും പറയുന്നത്.

Staff Reporter